ലൈബ്രറിയുടെ വരാന്തയിൽ
മസ്കാരിറ്റ* കണ്ണാടി നോക്കി
മുഖത്തെ കലകൾ ഇളക്കിയെടുക്കാൻ
വൃഥാ ശ്രമിക്കുന്നു.
ജീവിതാസക്തിയിൽ നിന്നും
ഇറങ്ങിവന്ന വാൻഗോഗ്
മുറിച്ചു മാറ്റിയ
ചെവിയുടെ ശൂന്യതയിൽ
ഒച്ചകേൾക്കാൻ കൈകൾ
വട്ടം പിടിക്കുന്നു.
ചാരുകസേരയിലിരുന്ന് ഒഥല്ലോ
മുഖത്തെ കറുത്തപാടുകൾ
ആരൊക്കെയോ തന്റേതാക്കിയ
കളിയാട്ടങ്ങൾ കാണുന്നു.
കടലിൽ നിന്നും രക്ഷപെട്ടിട്ടും,
ലൈബ്രറി അലമാരയിലിരുന്ന്
അടുത്ത സാഹസികത തേടുന്ന
വെലാസ്ക്കോ*
ഇനി നടാനൊരു പാടവും
ബാക്കിയില്ലല്ലോ എന്ന്,
ഒറ്റ വൈക്കോൽ പിടിച്ചു
വിലപിക്കുന്ന ഫുക്കുവോക്ക*.
സ്വപ്നങ്ങൾ നെയ്തെടുത്തത്
തീരാതെ ആത്മകഥയിൽ
കിടന്നു പിടയുന്ന കുറസോവ*
തന്നിൽ നിന്നും വേറിട്ടുപോയ
കിഴവനെ തേടി
കടൽ കരയിലേക്ക്
പോകാനൊരുങ്ങി
ഹെമിങ്വേ.
വെടിയേറ്റ പാടിൽ തടവി,
സത്യാന്വേഷണ
പരീക്ഷണങ്ങളിൽ മുഴുകി
ഗാന്ധിജി.
ഗൗരി ലങ്കേഷ്,
കൽബുർഗി,
പൻസാരെ.
അക്ഷരങ്ങളാൽ വെടിയേറ്റ
മൂന്നുപേരുടെ സംഗമം,
ഇടത്തെ മൂലയിലെ
അലമാരയിൽ.
കഥ പറഞ്ഞവരും
കഥയുണ്ടാക്കിയവരും
ലൈബ്രറിയിലെ രാത്രികളിൽ
പലതരം ഒച്ചയിൽ
സംവാദങ്ങളിൽ മുഴുകുന്നു.
ലൈബ്രറിയിൽ
ഒരു രാത്രി കൂടി
സാധ്യമല്ലാത്ത വിധം
പലതരം ഒച്ചകൾ.
ഒച്ചപ്പാടുകളാൽ
ലൈബ്രെറിയന്
ഉറക്കം നഷ്ടപ്പെടുന്നു.
ശ്രദ്ധിച്ചു കേട്ടപ്പോഴാണ്
അവരുടെ സംവാദ വിഷയം
മനസിലായത്.
ഇന്നിന്റെ വ്യഥകൾ
അവരെ അലട്ടുന്നു,
ഇന്നലെയുടെ
വേദനയുടെ ചരിത്രം
തിരിച്ചറിയാത്ത
നമ്മളെ നോക്കിയാണ്
അവരുടെ ഒച്ചകളത്രയും.
ആത്മാക്കളുടെ ഒച്ചകൾ
കേൾക്കില്ലെന്ന പോലെ
നമ്മളവരെ
ഷെൽഫിൽ അടക്കിവെച്ച്
പോരുന്നു.
അവർക്കുണ്ടോ
ഇരിപ്പുറക്കുന്നു!
പല കെടുതികൾ
പലവട്ടം കണ്ടവർ,
അനുഭവിച്ചവർ
ഒച്ചയോടെയുള്ള
അവരുടെ സംവാദം
ലൈബ്രറിയിയിലെ
രാത്രികളിൽ എന്നും
മുഴങ്ങുന്നു.
ലൈബ്രറിയിൽ
ഒരു രാത്രി കൂടി
കഴിയാനാകാത്തതിനാൽ
ഇരുട്ട് പരക്കും മുന്നേ
വാതിലുകൾ
അടക്കുകയാണ്.
മസ്കാരിറ്റ*:- മരിയോ വര്ഗ്ഗാസ് യോസയുടെ കഥ പറച്ചിലുകാരന് (The Storyteller) എന്ന നോവലിലെ കഥാപാത്രം
വെലാസ്ക്കോ*:- ഗബ്രിയേൽ ഗാർസ്യ മാർകേസിന്റെ കപ്പൽച്ചേതം വന്ന നാവികന്റെ കഥ എന്നത്തിലെ കഥാപാത്രം
ഫുക്കുവോക്ക* :- ഒറ്റവൈക്കോൽ വിപ്ലവം എന്ന പ്രശസ്തമായ ഗ്രന്ഥം എഴുതിയ മസനോബു ഫുക്കുവോക്ക, ജപ്പാനിലെ പ്രകൃതി കൃഷിയുടെ ആചാര്യൻ