ലിഖിതം മാറ്റികൊത്തുന്നവർ

പച്ചയ്ക്ക് നിന്നുകത്തുമ്പോൾ
ഒരുനാഴി വെള്ളമൊഴിച്ചു കെടുത്തുവാൻ
ഒരു ഇസവും വരികയില്ലെന്നറിവിൽ
ഞാൻ നദികളെ കുടിച്ചുതീർക്കുകയും
തീ പുതയ്ക്കുകയും ചെയ്യുന്നു.

ശവഭോഗികളുടെ
കാവൽപ്പുരയ്ക്ക് ചുറ്റും
വെളുത്ത മാലാഖമാർ
വരണ്ട വെഞ്ചാമരം വീശുന്ന കാലം

അനന്തതയിൽ
ഒരു മഴക്കാലം കൂടുവെച്ച്
മഴത്തുമ്പികളെ പെറ്റുകൂട്ടുമ്പോൾ
കണ്ണിമചിമ്മാതെ
കാവൽ നിന്നിരുന്ന
ബാല്യസ്വപ്നങ്ങൾ

കറുത്ത ഉത്തരങ്ങൾകൊണ്ട്
നേത്രതിരശ്ശീലയിൽ
ജനായത്തത്തിന്റെ
മൃതഫലകങ്ങളിൽ
പുതിയ ലിഖിതം കൊത്തുന്നവർ

കൊടിമരങ്ങളിൽ
മനുസ്മൃതിയുടെ ഉത്തരങ്ങൾ
ഉയർത്തി പറപ്പിക്കാൻ
ജ്വലിപ്പിയ്ക്കും
ജാതിചിന്തകൾ

വഴിവിളക്കിന്റെ നേരിയ
വെളിച്ചം നേരു നേരുന്ന
നേർകാഴ്ച്ചാകണ്ണാടിയിൽ
മിന്നാമിന്നിവെട്ടമാകുന്നു

പകൽ തെരുത്തു കൂട്ടുന്ന
കപടവർഗ്ഗസൈദ്ധാന്തികർ
ഇരുട്ടിന്റെ മറവിൽ
വാൾത്തലപ്പു മിനുക്കുന്നു

എതോ ഒരജ്ഞാതവാസത്തിൻ
മറവിയിലാണു ലോകം
മധുരോന്മാദമദാലസമയക്കത്തിൽ
വിലയം പ്രാപിക്കുന്ന
കപട ഇരുകാലികളാകുന്നു നാം.

തൃശൂർ ജില്ലയിലെ താഴെക്കാട് സ്വദേശി. കേരള പോലീസിൽ നിന്ന് സബ് ഇൻസ്‌പെക്ടറായി വിരമിച്ചു. ആനുക്കാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതുന്നു. അഭിനയം, കഥ, തിരക്കഥ എന്നിവയിലും താൽപര്യം. പത്തോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. ഷോർട്ട്ഫിംലിമുകളിലും 2023ലെ ഇറ്റ്ഫോക്കിന്റെ ഇൻറർനാഷണൽ നാടകോൽസവത്തിലും അഭിനയിച്ചു. രണ്ട് സിനിമയ്ക്ക് വേണ്ടി പാട്ടെഴുതി . ആദ്യ കവിതാസമാഹാരം "ബോധിവൃക്ഷച്ചുവട്ടിൽ വീണ പഴുത്തരണ്ടിലകൾ".