മനസ്സിന്റെ ജാലകപ്പഴുതിലൂടെ
മിന്നിമറയും
നക്ഷത്രക്കുഞ്ഞുങ്ങൾ,
കണ്ണേറുമായെത്തും
കറുപ്പിനെയാട്ടാൻ
തീപ്പന്തങ്ങളെടുത്തുറഞ്ഞും
തിരക്കേറീടും
വേവലാതിക്കുന്നേറി
വെളുപ്പിന്റെ കുടിയിലേക്ക്
ഇറങ്ങി നടക്കുന്നുണ്ട്..
മൺകൂനകൾ
പതപ്പിച്ച തീച്ചുളകൾ
ശാന്തിക്കായ് യാത്രികൻ
തളിച്ച വിയർപ്പുതുള്ളികളിൽ
മുത്തമിട്ട് തേങ്ങുന്നു..
അസുര
താളത്തിരയിളക്കത്തിലകം നീറി
ഞെട്ടറ്റയിലകൾക്കു മീതെ
കണ്ണീർ പൊഴിച്ച്
ഉറുമ്പിൻ കൂട്ടങ്ങൾ
ഞെരുങ്ങലിൽ
മുദ്രാവാക്യമുയർത്തി
സത്യാഗ്രഹപ്പന്തൽ
തീർക്കുന്നുണ്ട്..
മറ്റൊരു –
മഹാ സ്ഫോടനത്തിന്റെ മഷിയെഴുത്തുകൾ
വായിച്ചാകാശം മൗനിയായ്..
വെള്ളാരങ്കല്ലുകൾക്കിടയിൽ
മുറിവേറ്റ ലാവകൾ
പത്തി വിടർത്തി മറഞ്ഞിരുന്ന്
പച്ച വേരിനെ പ്രണയിക്കുന്നു..