എത്രയെത്ര കവിതകൾ
അത്രതന്നെ കഥകളും
കുഞ്ഞുനാൾ മുതൽക്ക്, നമ്മൾ-
കേട്ടറിഞ്ഞു വന്നവർ…
ഇവിടെ വേണ്ട നാഗസാക്കി
ഇനിയുമീ ഹിരോഷിമ
യുദ്ധ കാഹളം വെടിഞ്ഞു
ബുദ്ധനെ തെരഞ്ഞു നാം…
അകലെയല്ല ലിബിയയി-
ങ്ങരികിൽ ഗാന്ധാരവും
രുധിരമാർന്ന വീഥികൾ
അധികമേകുമോർമ്മകൾ…
ഗാന്ധി ഗാഥകൾ പിറന്ന
സിന്ധു കേദാരമെത്ര-
കാലമായി, ‘ചോരവാർന്ന
കൈകൾ’ ഭൂപടങ്ങളിൽ..?
ഭൂമികയിലതിരുതീർത്ത്
ഭൂപതികളായവർ
മറന്നുവോ, കലിംഗയിൽ
പിറന്ന മൗര്യ ഭിക്ഷുവേ..?
ആയുധങ്ങളല്ല നമ്മ-
ളക്ഷരാഗ്നിയാവണം
കാവലായുയർന്നിടേണം
തൂലികകളെവിടെയും…