യന്ത്രക്കാളകൾ

കാളകൾക്കുപകരം
യന്ത്രക്കാളകൾ വന്നപ്പോഴാണ്
നുകങ്ങൾക്ക്
മൂർച്ചയും വേഗതയും കൂടിയത്.

പാകമായ പാടങ്ങളോരോന്നും
പട്ടണത്തിലെ
ആഡംബരമാളികകളിലേക്ക്
കെട്ടിയയക്കപ്പെട്ടപ്പോൾ  
മെലിഞ്ഞുണങ്ങിയ
വരമ്പുകളിൽ തെറിച്ചുവീണത് –
സ്ത്രീധനബാക്കിയുടെ
കണ്ണീർക്കഥകൾ.

വളർത്തിയൊരുക്കാൻ
കൂടെനിന്നവരൊക്കെ
പലിശയും കൂട്ടുപലിശയും ചേർത്ത്
കഴുക്കോലുകളിൽ
തൂക്കുകയറുകളൊരുക്കി.

കാളകൾക്കുപകരം
യന്ത്രക്കാളകളെത്തിയപ്പോഴാണ്
നുകങ്ങൾക്ക്
മൂർച്ചയും വേഗതയും കൂടിയത്;
പറമ്പുകളിൽ
തലയോട്ടികൾ കണ്ടെത്താനായത്!

കണ്ണൂർ സ്വദേശി. ദുബായിൽ ജോലി ചെയ്യുന്നു. ആനുകാലിക മാഗസിനുകളിലും സോഷ്യൽ മീഡിയകളിലും എഴുതുന്നു. 'ഗുൽമോഹർ ഇത് നിനക്കായ്', 'നീക്കിയിരുപ്പ്', 'നിന്നോർമ്മയിൽ', 'ചില നേരങ്ങളിൽ' തുടങ്ങിയ ആൽബങ്ങൾക്ക് വരികൾ എഴുതി. 'ലേബർ ക്യാമ്പുകളിലെ തലയിണകൾ' എന്ന കവിത സമീപകാലത്തു വളരെ ശ്രദ്ധ നേടുകയുണ്ടായി.