മോഹം

വെളിച്ചം കുറഞ്ഞതും ഇടുങ്ങിയതുമായ ജീവിതവഴികളിലൂടെ അല്പം കഷ്ടപ്പെട്ടാണെങ്കിലും ഞാൻ നടന്നു. സ്വപ്‌നങ്ങങ്ങളുടെ ചെറുവെളിച്ചങ്ങളേക്കാൾ പതിന്മടങ്ങു ശക്തിയുണ്ടായിരുന്നു ദുഃഖങ്ങളുടെ കൂരിരുട്ടിന്. അതുകൊണ്ടുതന്നെ ഇരുട്ടിന്റെ കട്ടി കുറക്കാൻ മോഹങ്ങളെ ഞാൻ പാടേ ഉപേക്ഷിച്ചിരുന്നു.
കുത്തിയൊഴുകുന്ന നദിയിലെന്ന പോലെ ആടിയും ഉലഞ്ഞും ഒരു ചെറുവള്ളം കണക്കേ ജീവിതമങ്ങനെ നീങ്ങുമ്പോഴാണ്…

അപ്പോഴാണ് പിന്നിൽ ഒരു നിഴലനക്കം.
ആരോ പിറകിലുള്ളത് പോലെ..
ഞാൻ തിരിഞ്ഞു നോക്കി.
ആരെയും കണ്ടില്ല. നാല് വാര പിന്നിട്ടപ്പോൾ പിന്നെയും എന്തോ ഒരു ചലനം.

ഉണ്ട്, ആരോ എന്റെ പിറകിലുണ്ട്.
എനിക്കുറപ്പായി. അല്പം പേടിയോടെ ഞാൻ തിരിഞ്ഞു നോക്കി. പിന്നിൽ നിരനിരയായി ഒരു കൂട്ടം.
“ആരാണ് നിങ്ങൾ?”
എന്തിനെന്റെ പിറകെ വരുന്നു?
എന്റെ ചോദ്യം കേട്ടഭാവം നടിക്കാതെ അവരെന്റെയടുത്തേക്ക് കൂടുതൽ അടുത്തു.
“നിൽക്കൂ, ചോദിച്ചത് കേട്ടില്ലേ… ആരാണ് നിങ്ങൾ.”
ഞാൻ ശബ്ദമുയർത്തി.
അതുകേട്ട് തെല്ലൊരു കലിപ്പോടെ അവർ പറഞ്ഞു.
“ഞങ്ങൾ മോഹങ്ങൾ.
നീ ഇന്നും മോക്ഷം തരാത്ത പാവങ്ങൾ.” ഞാൻ ഞെട്ടിപ്പോയി.
ഇത്രയുംകാലം ആരെയാണോ വേണ്ടെന്നുവച്ചത്, ആരെയാണോ അകറ്റി നിർത്തിയത് അവരെല്ലാം കൂട്ടമായി പിറകെ കൂടിയിരിക്കുന്നു.
ഇനി എന്തു ചെയ്യും.
“വേണ്ട, എനിക്ക് നിങ്ങളെ ആവശ്യമില്ല.”എന്റെ പിറകെ കൂടിയിട്ട് കാര്യവുമില്ല. നിങ്ങളെ ഞാൻ പണ്ടേ ഉപേക്ഷിച്ചതാണ്… നിങ്ങൾ തിരികെപ്പോവൂ.”ഞാൻ പറഞ്ഞു.
“ഇല്ല, ഇന്നുമുതൽ നിന്റെ ഉള്ളിലായിരിക്കും ഞങ്ങളുടെ വാസം.”
പറഞ്ഞുകൊണ്ടവർ എന്റെ ഉള്ളിലേക്ക് ഇടിച്ചു കയറാൻ ശ്രമം തുടങ്ങി. പലരെയും ഞാൻ വലിച്ചു പുറത്തിട്ടു. പക്ഷേ എന്നിട്ടും, ഒരേ ഒന്ന്… പാമ്പിഴയുംപോലെ അതെന്റെ ഉള്ളിലേക്ക് ഇഴഞ്ഞു കയറി.
എത്ര ശ്രമിച്ചിട്ടും അതിനെ മാത്രം തുരത്തിയോടിക്കാൻ എനിക്ക് കഴിഞ്ഞില്ല.
“ഇറങ്ങിപ്പോ…” ഒടുവിൽ സർവശക്തിയുമെടുത്ത് ഞാൻ ആജ്ഞാപിച്ചു.
പക്ഷേ, അത് ഇറങ്ങിയില്ലെന്ന് മാത്രമല്ല ഫണമുയർത്തി ചീറ്റിക്കൊണ്ട് എന്നെ നോക്കി. അതിന്റെ കണ്ണിലപ്പോൾ വല്ലാത്തൊരു തിളക്കം ഞാൻ കണ്ടു.
“നിന്നെ ഞാൻ മെരുക്കും, മയക്കും. നിന്റെ സിരകളിൽ ഞാൻ അഗ്നി പടർത്തും.” അതെന്നെ നോക്കിപ്പറഞ്ഞു.
എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന എന്നെ ഒരു ശീൽക്കാര ശബ്ദത്തോടെ അത് ആഞ്ഞു കൊത്തി. ആ ഒറ്റ നിമിഷം കൊണ്ടുതന്നെ ഞാൻ മറ്റേതോ ലോകത്തിലേക്ക് എടുത്തെറിയപ്പെട്ടതുപോലെ എനിക്കനുഭവപ്പെട്ടു. ഞാനൊന്ന് മയങ്ങി.

കണ്ണുതുറന്നപ്പോൾ നിശബ്ദതയാണ്. ഞാനെന്റെ ഉള്ളിൽ നോക്കി. അവിടെ കൂണ് പോലെ എന്തൊക്കെയോ മുളച്ചിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ടുതന്നെ പെറ്റുപെരുകിയ ചെറുതും വലുതുമായ മോഹങ്ങൾ.
ഞാൻ ഉള്ളിലേക്കിടിച്ചു കയറിയ ആ വലിയ മോഹത്തെ നോക്കി. അതും നല്ല മയക്കത്തിലാണ്.
ഉണർത്തണ്ട.

പെട്ടെന്ന് ഫോണടിച്ചു.
ഞാൻ ഞെട്ടി.
ഫോണെടുത്തു നോക്കിയപ്പോൾ.. അവൾ., പ്രണയത്തിന്റെ കൈലാസം കേറാനൊരുങ്ങുന്നവൾ.
“ഹലോ..”
“ഹലോ, എവിടെയാ മാഷേ.. എത്ര ദിവസമായി ഒന്ന് കണ്ടിട്ട്.”
അവളുടെ ശബ്ദം ചെവി തുളച്ചുചെന്ന് തലച്ചോറിൽ ഒരിളക്കം സൃഷ്ടിച്ചു. അതുവരെ ഞാനനുഭവിച്ചിട്ടില്ലാത്ത ഏതോ ഒരു വികാരം എന്റെ സിരകളിൽ പടരുന്നതുപോലെ. രക്തം പതിയെ ചൂട് പിടിക്കുന്നു. ഏതോ മായിക ശക്തിയാൽ ശരീരം കുളിരണിയുന്ന പോലെ.

ഇതെന്താണ്. എനിക്കത്ഭുതമായി. ഞാൻ ചെവി കൂർപ്പിച്ചു. അവളുടെ ശബ്ദത്തിന് അക്കാലമത്രയും ഇല്ലാതിരുന്ന എന്തോ ഒരു പ്രത്യേകത എനിക്കനുഭവപ്പെട്ടു. അതറിഞ്ഞിട്ടാവണം എന്റെ ഉള്ളിൽ മയങ്ങിയ മോഹം പെട്ടന്നുണർന്ന് തല പൊക്കാൻ തുടങ്ങി. അതുകണ്ടതും ഞാൻ വളരെ വേഗം മാന്യതയുടെ മുഖംമൂടിയെടുത്തണിഞ്ഞു. അതോടെ അതിന്റെ മുഖം മുറുകുകയും ഒരുതരം പരിഹാസം നിറഞ്ഞ ചിരി മുഖത്ത് പ്രകടമാവുകയും ചെയ്തു. സംസാരം അധികം നീട്ടാതെ പെട്ടെന്ന് ഞാൻ ഫോൺ വച്ചു.

പക്ഷേ, പിന്നെയും എന്തോ മറന്നു വച്ചതുപോലെ മനസ്സ് തേടിക്കൊണ്ടിരുന്നു. എന്താണെന്നറിയാത്തൊരു ദാഹം. തൊണ്ട വരളുന്നു. മനസ്സ് അവളിലേക്ക് മാത്രം പാഞ്ഞു പോവുന്നു. ഫോണിൽ ഞാൻ പകർത്തിയ അവളുടെ ഫോട്ടോ നോക്കി. ഒരുപാട് പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പൂന്തോട്ടത്തിന് നടുവിൽ കസവുടുത്ത മറ്റൊരു പൂ പോലെ അവളുടെ ആ നിൽപ്പ്.. ഒരു ശലഭമായി പറന്നു ചെന്ന് അവളുടെ ചുണ്ടിൽ വിരിഞ്ഞ പനിനീർപൂവിൽ നിന്നും തേൻ നുകരാൻ എന്റെ ഉള്ളം കൊതിച്ചു.

പൂർണചന്ദ്രന്റെ ശോഭ പോലെ അവളുടെ ചിരി. ആ ചൊടിയിൽ ഞാൻ വെറുതെ വിരലോടിച്ചു. അപ്പോഴും അവൾ ചിരിക്കുന്നു. എന്റെ മനസ്സിൽ ദുർചിന്തകളുടെ കാടിളകി. അതിലൊരു സർപ്പം തല പൊക്കി.

എനിക്കവളുടെ ശബ്ദം കേൾക്കണമെന്ന് തോന്നി. ഞാൻ ഫോണെടുത്ത് വീണ്ടും അവളെ വിളിച്ചു.
“ഹലോ..”
“ഹലോ.. എന്താ വീണ്ടും വിളിച്ചേ..”
“ഒരു കാര്യം പറയാൻ മറന്നുപോയി..”
“എന്താ പറയ്‌..”
“അതുപിന്നെ………”
“പിന്നെ…. “
വിളി തുടർന്നുകൊണ്ടിരുന്നു. .. സംസാരം നീണ്ടു….ഓരോ തവണയും അവളെ വിളിക്കാൻ ഇല്ലാത്ത കാരണങ്ങളെ തേടി എന്റെ മനസ്സ് അലഞ്ഞു.

അവളുടെ ഓരോ വിളിയും കാത്തിരുന്ന് ആ സംസാരമെല്ലാം ഞാൻ ദീർഘനേരം കൊണ്ടെത്തിച്ചു. ആ നേരത്തെല്ലാം എന്തോ ഒരു സുഖം ഞാനനുഭവിച്ചിരുന്നു. രാത്രികളിൽ മനഃപൂർവം ഓരോ കാരണങ്ങളുണ്ടാക്കി ഞാനവളെ വിളിച്ചു. ആ സംസാരവും രാവിനറ്റം വരെ കൊണ്ടെത്തിക്കാൻ ഞാനാഗ്രഹിച്ചു.
“ഇതൊന്നും പോരാ.”
എന്റെ ഉള്ളിൽ കിടന്ന് ആ മോഹം മുരണ്ടു. ഞാൻ അനിഷ്ടത്തോടെ അതിനെ നോക്കി. പക്ഷേ അതെന്തോ തീരുമാനിച്ചുറപ്പിച്ച പോലെയായിരുന്നു.
എന്റെ തീരുമാനങ്ങൾക്ക് ഇളക്കം തട്ടിക്കാനെന്ന പോലെ ഇടക്കിടെ അതോർമ്മപ്പെടുത്തി.
“എനിക്കത് വേണം.”
“ഇല്ല.” ഞാൻ തറപ്പിച്ചു പറഞ്ഞു.
“വേണം. ഒരു തവണ, ഒരേയൊരു തവണയെങ്കിലും എനിക്കത് വേണം.” ചില സമയം കുഞ്ഞുങ്ങളെപ്പോലെ അത് വാശി പിടിച്ചു.

“വേണം… എനിക്കും വേണമെന്നുണ്ട്. പക്ഷേ…”

നിസ്സഹായതയുടെ വരമ്പത്തു കെട്ടിയ മാടിനെപ്പോലെ ഞാൻ വട്ടം കറങ്ങി. എന്തുവേണമെങ്കിലും ആവാമായിരുന്നു. എന്നിട്ടും….

ബന്ധങ്ങൾ ബന്ധനങ്ങളാവുന്നത് അപ്പോൾ ഞാനറിഞ്ഞു. എന്നിട്ടും മനസ്സ് മോഹങ്ങൾക്ക് പിറകിൽ പോയൊളിച്ചു. ഇത്രയും കാലം എന്റെ മാത്രം നിയന്ത്രണത്തിലായിരുന്ന മനസ്സ് മറ്റാരുടെയോ നിർദേശങ്ങൾക്കൊത്ത് ചലിക്കുന്ന പോലെ.. രാത്രികളിൽ ഉറക്കത്തിൽ നിന്നും അതെന്നെ തട്ടിയുണർത്തി. ഇരുട്ട് നേരിയ വെട്ടത്തിനായി എന്നെ ഓർമപ്പെടുത്തുന്നു, നേരിയ വെട്ടം. ഇരുട്ടും വെളിച്ചവും ലയിച്ചു ചേരുന്നിടത്ത് ആരോ വരച്ചിട്ട ചിത്രങ്ങൾ പോലെ രണ്ടു രൂപങ്ങൾ ഞാൻ സങ്കല്പിച്ചു നോക്കി. അതെന്നെ വല്ലാത്തൊരനുഭൂതിയിൽ കൊണ്ടെത്തിച്ചു.

കാരണമില്ലാത്ത കാരണങ്ങളെ തേടാനുള്ള മോഹത്തിന്റെ കല്പന ശിരസ്സിലേറ്റിയതുപോലെ അവളിലേക്കെത്താൻ മനസ്സ് ഉപായങ്ങൾ മെനഞ്ഞു. ഒരു ചാറ്റൽമഴ നനഞ്ഞ് അവളുടെ വീട്ടിൽ ചെന്ന് കയറിയതും അങ്ങനെയാണ്. നനഞ്ഞൊട്ടിയ വസ്ത്രത്തിനുള്ളിൽ ശരീരം ചൂട് കൊതിച്ചു.വാതിൽ തുറന്നു വന്ന അവളിൽ നിന്നും കിട്ടിയ ആദ്യ പുഞ്ചിരിയിൽ എന്റെ ശരീരം തളർന്നു. പക്ഷേ എന്നെ ഉണർത്താൻ പോന്ന എന്തോ ഒന്ന് അവളിലുണ്ടായിരുന്നു. വല്ലാത്തൊരു ഗന്ധം എന്റെ മൂക്കിലടിച്ചു കയറുന്നു. എന്റെ സിരകളിൽ രക്തം തിളക്കുന്നത് ഞാനറിഞ്ഞു. ഹൃദയം ചടുല താളത്തിൽ നൃത്തം വെക്കുന്നു. അതിനനുസരിച്ച് ശ്വാസം ക്രമാതീതമായി ഉയർന്നു. അതുവരെയില്ലാത്ത എന്തൊക്കെയോ എന്നിലൂടെ അരിച്ചു കയറുംപോലെ. ശരീരവും മനസ്സും എന്തോ കൊതിക്കുന്നുണ്ട്.

മോഹം. അതുണർന്നിരിക്കുന്നു. വിജയത്തിന്റെ കൊല്ലുന്ന ചിരി അതിന്റെ കണ്ണുകളിൽ ഞാൻ കണ്ടു.
പെട്ടെന്ന് ഞാൻ നിയന്ത്രണം വീണ്ടെടുത്തു.’പാടില്ല. ചിന്തകളെ ആ വഴിക്ക് വിട്ടുകൂടാ.’
എന്റെ ആത്മനിയന്ത്രണം കണ്ടിട്ടാവണം അതിന്റെ മുഖത്ത് പുച്ഛം നിറഞ്ഞൊരു ഭാവം. അത് കാര്യമാക്കാതെ അവളോടൊപ്പം മുന്നോട്ടു നടക്കാനാഞ്ഞ എന്റെ കാലുകളിൽ അദൃശ്യമായൊരു ചങ്ങല മുറുക്കം..
‘അരുത്… വിട്ടുകളയരുത്. ഒരിക്കൽ ഈ അവസരത്തെയോർത്ത് നീ ദുഃഖിക്കും. നഷ്ടബോധം തോന്നും’
ഉള്ളിലിരുന്ന് ആരോ പറയുന്നു.
ഞാൻ അവളെ നോക്കി.
ഇതുവരെ മനഃപൂർവം ഞാൻ ശ്രദ്ധിക്കാത്ത അവളുടെ ഉടലിന്റെ ഉയർച്ച താഴ്ചകളിലൂടെ എന്റെ കണ്ണുകൾ പാഞ്ഞു നടന്നു. കാഴ്ചയുടെ സുന്ദര ഗോപുരംപോലെ അവൾ. കണ്ണുകൾ ആനന്ദത്തിന്റെ ലഹരി കോരിക്കുടിച്ചു. ഉള്ളിൽ വേലിയേറ്റത്തിന്റെ കടലിരമ്പം. കൈകാലുകളിൽ അരിച്ചു കയറുന്ന തരിപ്പ്.

മനസ്സ് കാറ്റ് കയറുന്ന ബലൂൺ പോലെ വീർപ്പുമുട്ടി ഇപ്പോൾ പൊട്ടുമെന്ന അവസ്ഥയിലെത്തി. ഉയർന്നു നിൽക്കുന്ന അവളുടെ മാറിടത്തിലേക്ക് അറിയാതെ എന്റെ കണ്ണുകൾ പാഞ്ഞു. എന്റെ ചുണ്ടുകൾ ദാഹം കൊണ്ട് പിടഞ്ഞു. ഞൊറിഞ്ഞുടുത്ത സാരിക്കിടയിലൂടെ കാണുന്ന അവളുടെ തുടുത്ത വയറിൽ എഴുന്നു നിൽക്കുന്ന നനുത്ത രോമങ്ങളോട് എനിക്ക് വല്ലാത്ത അസൂയ തോന്നി.
വേഗം.
എന്റെ മനസ്സ് മന്ത്രിച്ചു. എന്റെ കൈ വിരലുകൾ എന്തിനോ വിറകൊള്ളുന്നുണ്ടായിരുന്നു. രക്തം കട്ടപിടിച്ചതുപോലെ ഹൃദയം നിമിഷങ്ങളോളം നിശ്ചലമായി. എന്റെ ലോകം അവളിലേക്ക് മാത്രം ചുരുങ്ങുന്നതും മനസ്സ് ശാന്തത വിട്ട് പ്രകമ്പനം കൊള്ളുന്നതും ഞാനറിഞ്ഞു. സ്വയംമറന്നതുപോലെ, അല്ലെങ്കിൽ ആരുടെയോ പ്രേരണ പോലെ ഞാനവളുടെ കൈയിൽ പിടിച്ചു. ഞെട്ടലോടെ തിരിഞ്ഞ അവൾ എന്റെ കണ്ണിൽ പൂത്തുനിൽക്കുന്ന കാമത്തിന്റെ തിരയിളക്കം കണ്ട് പേടിയോടെ മുഖം തിരിച്ചു.

“വിട്.”അവൾ കുതറി.
പക്ഷേ, ഞാൻ അവളുടെ കയ്യിലെ പിടി ഒന്നുകൂടി മുറുക്കി.
അവളുടെ കൈകൾക്ക് വല്ലാത്ത ചൂടുണ്ടായിരുന്നു. അതിനേക്കാൾ പൊള്ളുന്ന മനസ്സുമായി ഞാനവളെ എന്നോട് ചേർത്തു പിടിച്ചു.
“ശ്ശോ! എന്താ കാട്ടുന്നത്.”
അവളെന്നെ ബലമായി പിടിച്ചു തള്ളി. ഒരുവേള ഞാനവളിൽ നിന്ന് അകന്നു പോയെങ്കിലും എന്റെ ഉള്ളിലെ മോഹത്തിന്റെ നിർബന്ധം വീണ്ടും അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു. ഒഴിഞ്ഞു മാറാനും ചെറുത്തുനിൽക്കാനുമുള്ള അവളുടെ ശ്രമങ്ങളെല്ലാം എന്റെ ആ’ സക്തിയുടെ മുന്നിൽ വിഫലമായി. പതിയെ അവളുടെ എതിർപ്പിന്റെ മഞ്ഞുരുകി.

ഞാനവളെ നെഞ്ചോടു ചേർത്തു പിടിച്ച് നെറുകിൽ ചുംബിച്ചു. പട്ടിൽ പൊതിഞ്ഞ ആനന്ദം. എന്റെ മനസ്സ് മന്ത്രിച്ചു. ആദ്യമായി കാണുന്നത് പോലെ ഞാനവളെ നോക്കി. എന്റെ കണ്ണുകളിൽ വന്യവും ആസക്തി പൂണ്ടതുമായ ഒരു തിളക്കമുണ്ടായിരുന്നു. എന്റെ നോട്ടത്തെ നേരിടാനാവാത്ത പോലെ അവൾ ചൂളി.
വെണ്ണക്കല്ല് പോലുള്ള അവളുടെ ഉടലിന്റെ പൊള്ളുന്ന ചൂടും ചൂരും എന്നെ ഉന്മാദനാക്കി. നിധിയൊളിപ്പിച്ച അവളിലെ രഹസ്യവഴികളിലൂടെ ഭ്രാന്തനെപ്പോലെ ഞാൻ പാഞ്ഞു നടന്നു. കുന്നും മലയും പിന്നിട്ട് ആകാശവും ഭൂമിയും കടന്ന് ഞാൻ ആ കിണറിന്റെ ആഴങ്ങൾ തിരഞ്ഞു.

അവളെ തീ പോലെ പൊള്ളുന്നുണ്ടായിരുന്നു. ആ ചൂടിൽ വെന്തുരുകാൻ ഞാൻ വെമ്പൽ കൊണ്ടു.

അശ്വമേറിയ യോദ്ധാവിനെപ്പോലെ ആനന്ദത്തിന്റെ പരകോടിയിലെത്തി ഞാൻ ഉയർന്നു താഴ്ന്നു. ലോകം മുഴുവൻ കീഴടക്കാനെന്ന പോലെ ഞാൻ ആവേശം പൂണ്ടു. ആദ്യാനുഭവത്തിന്റെ ലഹരിയിൽ എന്റെ ഞരമ്പുകൾ ത്രസിച്ച് നൂൽക്കമ്പിപോലെ വലിഞ്ഞു മുറുകി അതിന്റെ ഉച്ചസ്ഥായിയിലെത്തി പൊട്ടിത്തെറിക്കാൻ വെമ്പി. അതുവരെ ഞാനനുഭവിച്ചിട്ടില്ലാത്ത സുഖത്തിന്റെ സ്വർഗ കവാടം ഇതാ എനിക്ക് മുന്നിൽ തുറന്നിരിക്കുന്നു. ശരീരത്തിനും മനസ്സിനും ഒട്ടും ഭാരമില്ലാതെ ഞാൻ വാനിലൂടെ പറന്നു നടന്നു.

എന്റെ എല്ലാ ശൗര്യവും അവസാനിച്ചിരിക്കുന്നു. യുദ്ധം ജയിച്ച ജേതാവിപ്പോലെ കിതപ്പടക്കി തളർച്ചയോടെ വല്ലാത്തൊരാലസ്യത്തിൽ അവളെ ദേഹത്തോട് ചേർത്തു പിടിച്ചു കിടക്കുമ്പോൾ കടമകളും കടപ്പാടുകളും ഞാൻ പാടേ മറന്നു പോയിരുന്നു. പകരം ഏതൊക്കെയോ നഷ്ടബോധങ്ങൾ മാത്രം തലപൊക്കി.

ഞാൻ അവളെ നോക്കി.
വെറുപ്പോ പകയോ അവളുടെ മുഖത്ത് ഞാൻ കണ്ടില്ല. എന്തോ ആ സമയം എനിക്കവളോട് കൂടുതൽ സ്നേഹം തോന്നി. ഞാനവളെ ഒന്നുകൂടി ദേഹത്തോട് ചേർത്തുപിടിച്ചു ചുംബനങ്ങൾകൊണ്ട് മൂടി.

എത്രയൊക്കെ എതിർത്തിട്ടും എന്റെ ഉള്ളിൽ ഇഴഞ്ഞു കയറിയ മോഹത്തെ ഞാനൊന്ന് നോക്കി. വിജയത്തിന്റെ ലഹരി പൂത്ത കണ്ണുകളുമായി അതെന്നെ നോക്കി ചിരിച്ചു. എനിക്ക് അതിനോട് വല്ലാത്തൊരിഷ്ടം തോന്നി.
“നീയൊരു സംഭവം തന്നെ. നീ കാണിച്ചു തന്ന ഈ വഴി ഇത്രയും സുഖകരവും ആനന്ദകരവുമായിരുന്നെന്ന് ഞാനറിഞ്ഞില്ല. നിനക്ക് നന്ദി, ഒത്തിരിയൊത്തിരി നന്ദി.”

ഒരു കള്ളച്ചിരിയോടെ മോഹം ചോദിച്ചു.
“ഇനി ഞാൻ നിൽക്കണോ അതോ പോവണോ?”
“നിൽക്ക്. ഇനി നീ എങ്ങും പോവരുത്.”
ഞാൻ അറിയാതെ പറഞ്ഞുപോയി.

സുബ്രഹ്മണ്യൻ വിപി ചെല്ലൂർ എന്ന് മുഴുവൻ പേര്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ചെല്ലൂർ സ്വദേശി. ഇപ്പോൾ കോട്ടക്കൽ ആയുർവേദ കോളേജിൽ ജോലി ചെയ്യുന്നു."ആട്ടിൻതലകൾ, ചലിക്കാത്ത പാവകൾ" എന്നിങ്ങനെ രണ്ടു ചെറുകഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതാറുണ്ട്.