മൃതസഞ്ജീവനി

അണക്കരയിൽ ധ്യാനം കൂടാൻ പോയി വന്ന അപ്പച്ചൻ നേരെ നടന്നത് അമ്മച്ചി പഴയ നായരസ്ഥിത്വത്തിന്റെ നേർ സാക്ഷ്യം പോലെ തിരുമുറ്റത്തു നട്ടു നനച്ചു പരിപാലിച്ചിരുന്ന രാമതുളസിത്തറയുടെ അടുത്തേയ്ക്കാണ്. പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറഞ്ഞു വന്നിരിക്കുന്ന പുത്രന്റെ പ്രവർത്തി ജനാലപ്പടിയിലൂടെ സാകൂതം വീക്ഷിച്ചിരുന്ന കത്രിത്തള്ള വായിൽ കിടന്നിരുന്ന പൊകല കഷണം ഉമിനീരും ചേർത്തു അന്നനാളത്തിന്റെ ഇടനാഴിയിലൂടെ ആമാശയത്തിലേയ്ക്കു ഇറക്കിവിട്ടു. ചുവടെ പിഴുതെടുത്ത രാമതുളസിയുമായി നിൽക്കുന്ന അപ്പനെ കണ്ടതും എന്റമ്മച്ചി ആന്ത്രാവായു ഇളകിയവളെപ്പോലെ പുറത്തേയ്ക്കിറങ്ങി വന്നു. മാർഗ്ഗം കൂടി ക്രിസ്ത്യാനികളായ തന്റെ നായർ മാതാപിതാക്കളുടെ തിരുശേഷിപ്പു സൂക്ഷിച്ചിരുന്ന തറയിൽ ആർത്തലച്ചു വളർന്നിരുന്ന തുളസിച്ചെടിയെ മുന്നറിയിപ്പുകളില്ലാതെ പിഴുതെറിഞ്ഞ നല്ലപാതിയോടുള്ള അമർഷം അന്നേവരെ അമ്മച്ചി ഉപയോഗിക്കാത്ത സ്വരസ്വതീ കടാക്ഷത്തിലൂടെ അപ്പനു നേരെ പ്രവഹിച്ചു. അരൂപിയാൽ നിറഞ്ഞിരുന്ന അപ്പൻ അമ്മച്ചിയുടെ വാക്കുകളുടെ വയറിളക്കത്തിനു ചെവി കൊടുക്കാതെ മടിശീല തുറന്നെന്തോ തുളസി നിന്നിരുന്ന കലശി മണ്ണിലേയ്ക്കു വിതറി. തട്ടായിൽ അച്ചൻ വെഞ്ചരിച്ചു കൊടുത്ത വെണ്ടകുരുവോ വഴുതന വിത്തോ ആയിരിക്കാം അതെന്നു കത്രിത്തള്ള ജനലിൽ കൂടി വിളിച്ചു പറഞ്ഞു .

നമ്പൂതിരി മാർഗം കൂടിച്ച കഥപറയുമെങ്കിലും കത്രിത്തള്ളയ്ക്കു എന്റമ്മേട നായരു വാലിൽ അരിശമാണ്. ഒളിഞ്ഞും തെളിഞ്ഞുമതു പലപ്പോഴായി വഴക്കോളാം പോന്ന ലഹളയിലെത്തിയിട്ടുമുണ്ട്. വല്ല പറയനും പെലയനെയും മാമ്മോദീസാ മുക്കിയുണ്ടാക്കിയതാണ് കത്രിത്തള്ളയെയെന്നമ്മച്ചി പറയുമ്പോൾ കത്രിത്തള്ള താണ്ഡവം തുടങ്ങും ചട്ടി, കലം, പൊട്ടുന്ന പ്ളേറ്റ് എന്തെങ്കിലുമൊക്കെ അപ്പച്ചൻ എറിഞ്ഞു പൊട്ടിക്കും വരെ ആ യുദ്ധം തുടരും. അപ്പച്ചൻ അണക്കരയിൽ ധ്യാനം കൂടാൻ പോയത് സ്വയം നന്നാകാനല്ല. അല്ലെങ്കിൽ തന്നെ അവലൂക്കുന്നിൽ അപ്പച്ചനെപ്പോലൊരു സന്മാർഗ്ഗി വേറെ ഉണ്ടായിരുന്നില്ല. പണ്ടേ ദുർബല, ഇപ്പോൾ ഗർഭിണിയും കൂടെ ആയപോലത്തെ  അവസ്ഥയിലാണ് അപ്പച്ചനെന്നു അയലോക്കത്തെ മറിയക്കുട്ടി അമ്മായി മൂക്കത്തു വിരൽ വെച്ചു വേലിക്കപ്പുറം നിന്നു  പറഞ്ഞു.

എഴുപതു കഴിഞ്ഞ കത്രിതള്ളയുടെ സമപ്രായക്കാരിയും കുശുമ്പിലും കുന്നായ്മയിലും കൂട്ടും മറിയകുട്ടിഅമ്മായിയാണ് . എന്നാൽ മറിയക്കുട്ടി അമ്മായി എഴുന്നേറ്റു പത്തു ചുവടു മുന്നോട്ടു വെച്ചു കഴിയുമ്പോൾ കത്രി തള്ള പള്ളു പറഞ്ഞു തുടങ്ങും .

മക്കൾ അമേരിക്കയിൽ ഒണ്ടായിട്ടെന്നാ.. വയസാം കാലത്തു പച്ച വെള്ളം ഇറ്റിച്ചു കൊടുക്കാൻ ആളുണ്ടോ?

കത്രിത്തള്ളയെപ്പോലൊരു കുശുമ്പിയെ ഞാൻ ഈ ലോകത്തു കണ്ടിട്ടില്ല. കാര്യം എന്റെ അച്ഛമ്മയൊക്കെയാണ്, എന്നാലും എനിക്കൊട്ടും ഇഷ്ട്ടമല്ല ആയമ്മയെ. എന്റമ്മച്ചിയോടു വഴക്കൊണ്ടാക്കുന്നതു മാത്രമല്ല കാര്യം കൊന്തേം ജപിച്ചിരിന്നിട്ടു മനസ്സ് മുഴുവൻ കൊള്ളരുതായ്മകളാ. കഴിഞ്ഞ കൊല്ലം വരെ മുറിയിൽ ഇരിക്കില്ലായിരുന്നു. ലോകമായ ലോകം മുഴുവൻ കറങ്ങി നടക്കും. വഴിയറിയാത്ത ദേശം മുഴുവൻ കറങ്ങി നടന്നു കഴിയുമ്പോൾ ആരെങ്കിലും വിളിച്ചു കയറ്റി വിടുന്ന വണ്ടിയിൽ വീടെത്തും. അപ്പച്ചൻ പള്ളീൽ കൂടെ വിടാതെ റൂമിൽ പിടിച്ചു പൂട്ടിയിട്ടതാ. പെറ്റ തള്ളയോടു  ക്രൂരത കാണിക്കുന്നവനെന്നു നാട്ടുകാരു പറയുമെന്നു അമ്മച്ചി പറഞ്ഞപ്പോഴാ മുറി തുറന്നത്. കണിച്ചു കൊളങ്ങരേ കെട്ടിച്ചുവിട്ട മൂത്തമോൾ (എന്റെ അമ്മായി) വന്നു കത്രിതള്ളയെ ശരിക്കും പേടിപ്പിച്ചു. അതു  കൊണ്ടെന്നാ ഇപ്പോൾ എങ്ങോട്ടും ഇറങ്ങില്ല. റൂമിൽ തന്നെ പള്ളിയിൽ പോയാൽ തന്നെ മറിയക്കുട്ടി അമ്മായി കൂട്ടു വേണം.

അപ്പച്ചന്റെ ഭക്തി പിരാന്തു പിടിപ്പിക്കും വിധം കൂടിയതാണ് എന്നെ പേടിപ്പെടുത്തുന്നത്. ഐ പി എൽ മാച്ചിന്റെ ഫൈനൽ പോലും കാണിക്കാതെ ശാലോം ടീവിയും വെച്ചോണ്ടിരിക്കുവാരുന്നു. എന്നും രാവിലെ പള്ളിയിൽ നിന്നും മടങ്ങിയെത്തിയാലുടൻ അപ്പച്ചൻ തട്ടായിൽ അച്ചൻ കൊടുത്ത വിത്തു വളരുന്നുണ്ടോ എന്നു തുളസിത്തറയുടെ പരിസരം മുഴുവൻ നടന്നു സൂക്ഷ്മ ദർശിനി ഉപയോഗിച്ചു ഗവേഷണം നടത്തും. വട്ടായിൽ അച്ചൻ വെഞ്ചരിച്ചു കൊടുത്ത വിത്തുകളാണ് മുപ്പതു വെളിയിൽ കൃഷി ചെയ്യുന്ന ലോനപ്പേട്ടൻ ഉപയോഗിക്കുന്നതെന്നും ആ പാടം മുഴുവൻ നൂറും അറുപതും മേനിയാണ് കൊയ്യുന്നതെന്നും ഇടവകയിലെ ചില മാന്യ വ്യക്തികൾ പറഞ്ഞു കേട്ടതിന്റെ അടിസ്ഥാനത്തിലാണ് അപ്പച്ചൻ അണക്കരയിൽ പോയി വിത്ത് വെഞ്ചെരിച്ചു വാങ്ങിയതെന്നു തോന്നുന്നു.

ഒരു ദിവസം പള്ളിയിൽ പോയി വന്ന അപ്പച്ചൻ ഉച്ചത്തിൽ കൈയ്യടിച്ചു പാടി…

അത്യുന്നതനെ സ്തുതിക്കുവിൻ
മഹോന്നതനെ സ്തുതിക്കുവിൻ
അവന്റെ നാമം സ്തുതിക്കുവിൻ

നേർത്ത ചരടുപോലെ അവശേഷിച്ചിരുന്ന അപ്പച്ചന്റെ അവസാന ബോധവും പോയെന്നാണ്‌ ഞാൻ കരുതിയത്. പക്ഷെ, സംഗതി മറ്റൊന്നായിരുന്നു. അപ്പച്ചനിട്ട തട്ടായിൽ അച്ചന്റെ വിത്തുകളിൽ മുളപൊട്ടിയിരിക്കുന്നു. അപ്പച്ചനെ കുറ്റം പറയാൻ കഴിയില്ല അതുമാതിരി പ്രതീക്ഷയിലായിരുന്നു ആ പാവം. ആ പ്രതീക്ഷ പൂവണിഞ്ഞു കാണുമ്പോൾ ആരും ഉച്ചത്തിൽ കർത്താവിനെ സ്തുതിച്ചു പോകും. അമ്മച്ചി ഓമനിച്ചു വളർത്തിയ രാമതുളസി പോയെങ്കിലും അമ്മച്ചി എപ്പോഴും അപ്പച്ചന്റെ ആളായിരുന്നു. ഉടനുടൻ  തെറിക്കുന്ന മറുപടി പറയുമെങ്കിലും അപ്പച്ചൻ പറയുന്നതായിരുന്നു അമ്മച്ചിയുടെ വേദവാക്യം. മുളപൊട്ടിയ നാമ്പുകളുടെ നെറുകം തലയിലേയ്ക്കു അമ്മച്ചി വെള്ളമൊഴിച്ചു, ചെടി വളർന്നു തുടങ്ങുന്നു.

കത്രിത്തള്ള പെട്ടന്നൊരു ദിവസം വെട്ടിയിട്ട വാഴപോലെ കക്കൂസിൽ മലർന്നടിച്ചു വീണു. കാഞ്ഞു പോയെന്നാണ്‌  ഞാൻ കരുതിയത് പക്ഷെ, ജീവൻ പോയില്ല. ആരെയും തിരിച്ചറിയാതെ ആശുപത്രിയിൽ ഇരുപതു ദിവസം കിടന്നു. കണിച്ചു കുളങ്ങരയിലുള്ള അമ്മായി വീട്ടിൽ നിത്യ സന്ദർശകയായി. ഇന്നോ നാളെയോ എന്ന കണക്കിനു കത്രിത്തള്ള ഉത്തരം നോക്കി കിടന്നു. മറിയക്കുട്ടി അമ്മായി എന്നും വന്നു. ഈശോ മറിയം ഔസേപ്പേ ചൊല്ലാൻ ഭാഗ്യമുണ്ടോ എന്നന്വേഷിക്കും. പ്രിയപ്പെട്ട കൂട്ടുകാരി പെട്ടിയിൽ ഒരുങ്ങി കിടക്കുമ്പോൾ പാടാനുള്ള ചെറിയ ഒപ്പീസ് ഈണത്തിൽ മൂളി നടന്നു.

അവലൂക്കുന്നു വാർഡിലാകെ പരിമണം പരത്തി പൊറ്റക്കാട്ടിൽ ദേവസ്യ എന്ന അപ്പന്റെ വീട്ടിൽ അതായതു എന്റെ വീടിൻറെ തുളസിത്തറയിൽ നിന്ന ചെടി പൂവിട്ടിരിക്കുന്നു. തട്ടായിൽ അച്ഛൻ വെഞ്ചരിച്ച വിത്തിന്റെ മാഹാത്മ്യം സുഗന്ധം പരത്തി വീടിന്റെ പൂമുഖത്തു തെളിഞ്ഞു നിന്നു. ആദ്യ ഫലങ്ങൾ ദൈവത്തിനുള്ളതെന്ന അപ്പച്ചന്റെ നിയമം നടപ്പാക്കും മുൻപു ചെടിയിൽ നിന്നും ഇറുത്ത പൂവിലൊരെണ്ണം ജീവൻ മാത്രാവശേഷിച്ച കത്രിത്തള്ളയുടെ മൂക്കിലേയ്ക്ക് മണപ്പിക്കണമെന്നെനിക്കു തോന്നി. അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന വലിയവനായ ദൈവമേ, മണം മൂക്കിലേക്കിറങ്ങിയതും ഇഹലോക ബന്ധമില്ലാതെ കിടന്ന കത്രിത്തള്ള കട്ടിലിൽ എഴുന്നേറ്റിരുന്നു കഞ്ഞി വെള്ളം ചോദിച്ചു.

വെള്ളം വീഞ്ഞാക്കിയ ദൈവം, ലാസറിനെ ഉയർപ്പിച്ച ദൈവം പക്ഷെ എന്റെ അപ്പനെ ശിക്ഷിച്ചു. തട്ടായിൽ അച്ചന്റെ വെഞ്ചരിച്ച വിത്തല്ല പിന്നെയോ അപ്പച്ചൻ അണക്കരയിൽ ധ്യാനത്തിനെന്നു പറഞ്ഞു പോയിരുന്നത് ഇടുക്കിയിലെ നീലച്ചടയൻ വിരിയുന്ന കാടുകളിലേയ്ക്കായിരുന്നെന്നും, അവിടെ നിന്നും കൊണ്ടു വന്ന മുന്തിയ ഇനം വിത്താണ് വീട്ടുമുറ്റത്തു പൂത്തു തളിർത്തതെന്നും ജനസംസാരമുണ്ടായി. എന്റെമ്മച്ചി  തുളസിത്തറയിൽ വീണ്ടും നട്ട കൃഷ്ണ തുളസിയെപ്പോലും കത്രിത്തള്ള സംശയ ദൃഷ്ടിയോടെയാണിപ്പോൾ നോക്കുന്നത്.

അണക്കരയിലെ അത്ഭുതപ്രവർത്തകനെ….  സകല പുണ്യവാന്മാരെ….  അപ്പച്ചന്റെ ജയിൽ ജീവിതം നീ ശോഭനമാക്കണമേ.

ആലപ്പുഴ ജില്ലയിലെ കറുകയിൽ സ്വദേശി . കഴിഞ്ഞ ഇരുപതു വർഷമായി ഷാർജയിൽ പ്രവാസ ജീവിതം നയിക്കുന്നു. 2017 ലെ അക്ഷരതൂലികാ പുരസ്കാരം നേടിയിട്ടുണ്ട് .