ഭ്രാന്തി

അവൾക്കു മുന്നിൽ അന്ന് ആദ്യമായാണ്
ഘടികാരസൂചികൾ പിന്നിലേക്ക് ചലിച്ചത്

ഭൂമിയിലെ എല്ലാ നീരുറവകളും
മദം പൊട്ടി ആകാശത്തിലേക്ക് കുതിച്ച് ഒഴുകിയത്..

മരങ്ങൾ വേരുകളിൽ പൂക്കൾ വിരിയിച്ചു
മണ്ണിലേക്ക് തല കുത്തി നിന്ന് ചിരിച്ചത്

തീ പിടിച്ച ചക്രവാളത്തിൽ നിന്നും
ഉയർന്ന പുകയിൽ കാറ്റിനു ശ്വാസം മുട്ടിയത്.

അന്നാണൊരു ഭൂപടം അവൾക്കുള്ളിൽ പ്രവേശിച്ചൊരാൾ
അനുവാദം കൂടാതെ വലിച്ച് കീറി എറിഞ്ഞത്.

പിന്നെ അവ പെറുക്കി തുന്നിച്ചേർക്കാൻ
കീഴ്മേൽ മറിഞ്ഞ ആകാശത്തിലൂടെ
പരക്കം പാഞ്ഞപ്പോഴാണ് പിന്നിൽ നിന്നും
ആരോ അവളെ ഭ്രാന്തി എന്ന് വിളിച്ചത്.

പേ പിടിച്ച കാറ്റ് വന്ന് ഭൂമിയെ ആകാശത്തിലേക്കും..
ആകാശത്തെ ഭൂമിയിലേക്കും പിന്നെയും കുടഞ്ഞെറിഞ്ഞത്

അപ്പോഴാണ് അവൾക്കു മുന്നിൽ വഴികളേ ഇല്ലാതായത്.

ഭൂമിയിൽ വീണ് എരിഞ്ഞ നക്ഷത്രങ്ങളുടെ വെളിച്ചത്തിൽ
അവൾ മുന്നിൽ കുരയ്ക്കുന്ന വേട്ടനായ്ക്കളെ കണ്ടു.

അവർക്കൊക്കെയും അവൾക്കുള്ളിലെ
ഭൂപടം കീറിയ മനുഷ്യന്റെ മുഖമായിരുന്നു.

കോട്ടയം ജില്ലയിലെ മേവെള്ളുർ സ്വദേശിനി. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്. 'സംശയങ്ങളിൽ ആഞ്ചല മേരി ഇങ്ങനെ' എന്ന ചെറുകഥയ്ക്കു 2014 ലെ വനിത ചെറുകഥ അവാർഡ്, 2017 ലെ കേരള കലാകേന്ദ്രം കമല സുരയ്യ പുരസ്കാരം, 2018.ലെ ദേവകി വാര്യർ സ്മാരക പുരസ്കാരം ഇവ ലഭിച്ചു. വിവിധ പ്രസാധകർക്കായ് പരിഭാഷകൾ ചെയ്യുന്നു.