ഭ്രമാത്മകം

പഞ്ചസാര പൊതിഞ്ഞു കൊണ്ടുവന്ന പത്ര കടലാസ് കൊണ്ടുണ്ടാക്കിയ കവർ ചുരുട്ടി വേസ്റ്റ് ബിന്നിലേക്കിടാൻ ഒരുങ്ങിയപ്പോഴാണ് അതിലുള്ള ഒരു ചിത്രത്തിൽ കണ്ണുകളുടക്കിയത്. ആ ചിത്രം നോക്കവെ തലേന്ന്‌ രാത്രി കണ്ട ഒരു സ്വപ്നം പതുക്കെ ഓർമ്മയിൽ ചുരുളഴിഞ്ഞു. വർഷങ്ങൾക്കു ശേഷം ഒരു സ്വപ്നത്തിൽ വീണ്ടും കണ്ടുമുട്ടുകയെന്നാൽ എത്ര ആഴത്തിൽ അവളെന്നെ സ്വാധീനിച്ചിരിക്കണം.

വർഷങ്ങളെന്നാൽ ഒന്നോ രണ്ടോ അല്ല മുപ്പതുവർഷങ്ങൾക്ക് ശേഷം. ഓർമ്മകളിൽ പോലും അവൾ അവിചാരിതമായി കടന്നു വരാറുണ്ടായിരുന്നില്ല. എന്നിട്ടും ഇന്നലെ രാത്രിയിൽ അവളെന്റെ അരികിൽ വന്നു. ഞാനൊന്നോർത്തെടുക്കട്ടെ. ഏതായിരുന്നു ആ സ്ഥലം?. ഓർമകളിൽ ചിതറിയ പസിലുകൾ പോലെ ആ സ്വപ്നം.

അതെ; അതൊരു തിരക്കുള്ള ഒരു മീൻ ചന്തയായിരുന്നു. മീൻ വാങ്ങിക്കുവാനായിരിക്കണം ഞാനവിടെ എത്തിയത്. എന്തു ചെയ്യണമെന്നറിയാതെ മീൻവെള്ളം ഒഴുകിപ്പരന്നു കിടക്കുന്ന വഴുക്കലുള്ള തറയിലൂടെ ഞാൻ ഉഴറി നടന്നു. മീനിന്റെ ഉളുമ്പ് മണം അവിടമാകെ നിറഞ്ഞു നിന്നു. തട്ടുകളിൽ നിരത്തി വച്ചിരിക്കുന്ന ചത്ത മീനുകളുടെ കണ്ണുകൾ എന്നെ തുറിച്ചു നോക്കി. എനിക്ക് എന്തെന്നില്ലാത്ത ഭയം തോന്നി. പെട്ടെന്ന് പുറകിൽ നിന്നാരോ എന്നെ പിടിച്ചു വലിച്ചു. ചുവന്ന കുപ്പിവളയണിഞ്ഞ കൈകൾ എന്റെ കയ്യിൽ മുറുകെ പിടിച്ചു വലിക്കുകയാണ്. ഞെട്ടിത്തിരിഞ്ഞ ഞാൻ ആ വലിയുടെ ആഘാതത്തിൽ ഏതോ അഗാധ ഗർത്തത്തിലേക്ക് ആണ്ടു പോയി.

പിന്നെ ഞാൻ എന്നെ കാണുന്നത് ഒരു ചൈനീസ് റെസ്റ്റോറന്റ്നു മുന്നിൽ നിൽക്കുന്നതായിട്ടാണ്. എന്റെ മുന്നിൽ അതാ അവൾ ചിരിച്ചു കൊണ്ട് നിൽക്കുന്നു. ആകാശനീലയിൽ വെള്ളപ്പൂക്കളുള്ള ഷിഫോൺ സാരിയാണ് അവൾ ധരിച്ചിരുന്നത്. മുടി അലസമായി അഴിച്ചിട്ടിരിക്കുന്നു. കൈകളിൽ നിറയെ ചുവന്ന കുപ്പിവളകൾ. അവൾ അതീവ സുന്ദരിയായി കാണപ്പെട്ടു. മുപ്പതു വർഷങ്ങൾ അവളിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എന്ന് ഞാൻ ഓർത്തു. ഞാൻ എന്നെ ആകമാനം ഒന്ന് നോക്കി. ഭംഗിയായി ഞൊറിഞ്ഞുടുത്ത ചുവന്ന ജോർജെറ്റ് സാരിയിൽ ഞാനും സുന്ദരി തന്നെ എന്ന് കണ്ടു സമാധാനപ്പെട്ടു.

പെട്ടെന്നെവൾ എന്റെ കയ്യിൽ കടന്നു പിടിച്ചു കൊണ്ട് റെസ്റ്റോറന്റ് ലേക്ക് നടന്നു.

“ചേട്ടാ രണ്ട് പരിപ്പുവടേം, ചായേം “

ചൈനീസ് റെസ്റ്റോറന്റ്ൽ കയറി പരിപ്പുവട ചോദിച്ച അവളെ ഞാൻ അമ്പരപ്പോടെ നോക്കി.

“ഇതു ചൈനീസ് റെസ്റ്റോറന്റ് ആണ് മാഡം, ഇവിടെ പരിപ്പുവട കിട്ടില്ല ” അയാൾ ഭവ്യതയോടെ മൊഴിഞ്ഞു.

അത്രയും നേരം മിണ്ടാതിരുന്ന ഞാൻ പറഞ്ഞു.

“ടി നമുക്ക് ബർഗർ കഴിക്കാം “

പെട്ടെന്നവൾ എന്റെ കൈപിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.

“നോ നോ, ബർഗർ ഒക്കെ ഫാസ്റ്റ് ഫുഡാ, ശരീരത്തിന് കേടാ, മാത്രോല്ല എത്ര രൂപ കൊടുക്കണം, വാ നമുക്ക് വേറെ നോക്കാം “

കൈപിടിച്ചു വലിച്ചു കൊണ്ട് പോകുന്ന അവളുടെ പുറകെ നിസ്സഹായായി നടക്കുമ്പോൾ ഞാൻ കണ്ടു പഴയ മോഡൽ സൽവാർ ധരിച്ച രണ്ടു പെൺകുട്ടികൾ കൈകോർത്തു പിടിച്ചു റോഡരികിലൂടെ നടന്നു വരുന്നു. അവരുടെ തോളിൽ തൂങ്ങുന്ന കോളേജ് ബാഗ്, നെഞ്ചോടടുക്കി പിടിച്ച ഫയൽ. നല്ല പരിചയം തോന്നിയ അവരെ ഞാൻ സൂക്ഷിച്ചു നോക്കി. അത്ഭുതത്തോടെ ഞാൻ ഓർത്തു. അതു ഞങ്ങൾ തന്നെയല്ലേ, വർഷങ്ങൾക്കു മുൻപ് കോളേജ് വിട്ടുവരുന്ന ഞങ്ങൾ. അതാ അതിൽ എന്റെ രൂപമുള്ള പെൺകുട്ടി മറ്റേ കുട്ടിയോട് അടുത്തുള്ള കൂൾഡ്രിങ്ക്‌സ് കട ചൂണ്ടി എന്തോ പറയുന്നു.

എനിക്കിപ്പോ അവർ പറയുന്നത് കേൾക്കാം

“എടി നമുക്കൊരു ജ്യൂസ്‌ കുടിച്ചാലോ “

“ജ്യൂസോ, വേണേൽ ഓരോ ഉപ്പു സോഡാ കുടിക്കാം, ജ്യൂസിനൊക്കെ എത്ര രൂപ കൊടുക്കണം “
എന്റെ കൈപിടിച്ചു വലിച്ചു കൊണ്ട് നടക്കുന്ന അവളെ ഞാൻ അത്ഭുതത്തോടെ നോക്കി ചിന്തിച്ചു.

“ഇവൾക്കൊരു മറ്റൊമില്ലല്ലോ ദൈവമേ “

പിന്തിരിഞ്ഞു നോക്കുമ്പോൾ കണ്ടു ഉപ്പുസോഡ കുടിച്ചു കൊണ്ട് നിൽക്കുന്ന ആ പെൺകുട്ടികളെ. അതിൽ എന്റെ ഛായയുള്ള പെൺകുട്ടി ചില്ലു ഭരണിയിൽ അരിഞ്ഞു വച്ച പൈനാപ്പിൾ കഷ്ണങ്ങളിൽ നോക്കി നിരാശയോടെ ഉപ്പു സോഡാ കുടിക്കുന്നു.

“ടി, നമുക്കെന്നാ ബീച്ചിലോട്ട് പോകാം, കുറെ നാളെത്തി കാണുവല്ലേ നമ്മൾ, കുറേനേരം സംസാരിച്ചിരിക്കാം ” ഞാൻ പറഞ്ഞു. പെട്ടെന്നവൾ എന്റെ കൈവിട്ട് തിരിഞ്ഞു നിന്നു .

“നീയെന്താ ഈ പറയുന്നേ, ബീച്ചിലെക്കിവിടുന്നു എത്ര ദൂരമുണ്ട്, അരമണിക്കൂർ വണ്ടിയോടണം, പെട്രോൾ എത്ര ചെലവാവുന്നാ, അല്ല വിലക്കയറ്റം ഒന്നും നിന്നെ ബാധിക്കില്ലേ “

പെട്രോൾ തീരുമ്പോൾ തീരുമ്പോൾ ഫുൾ ടാങ്ക് അടിക്കുന്ന, ഇപ്പോഴും ഒരു ലിറ്റർ പെട്രോളിന്റെ വിലയെന്തെന്നറിയാത്ത എന്നെ ഞാൻ പുച്ഛത്തോടെ നോക്കി.

വീണ്ടും എന്നെയും വലിച്ചു കൊണ്ടവൾ നടന്നു. മെയിൻ റോഡിൽ നിന്നും കുറച്ച് ഉള്ളിലേക്ക് മാറി കാണപ്പെട്ട ഒരു കൊച്ചു ചായക്കടയിലേക്ക് അവൾ കയറി.

ഞാൻ ആ ചായക്കടയുടെ അകമാകെ വീക്ഷിച്ചു. പഴക്കം ചെന്ന ഡെസ്കുകളും ബഞ്ചുകളും, അതിൽ അവിടെവിടെയായി ഇരുന്നു എന്തൊക്കെയോ കഴിക്കുന്നവർ, സമോവറിൽ തിളച്ചുകൊണ്ടിരിക്കുന്ന ചായ. ഉത്തരത്തിൽ നിന്നു തൂക്കിയിട്ടിരിക്കുന്ന പഴക്കുല. അരികുകൾ പഴകി ദ്രവിച്ചു തുടങ്ങിയ ചില്ലലമാരിയിൽ നിരത്തി വച്ചിരിക്കുന്ന എണ്ണപ്പലഹാരങ്ങൾ.

ഞാൻ ചുറ്റും നോക്കി. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവർ കഴിപ്പ് നിർത്തി എന്നെ ഉറ്റു നോക്കാൻ തുടങ്ങി. ഭയം എന്റെ പെരുവിരലിലൂടെ അരിച്ചു കയറാൻ തുടങ്ങി. ഒരാശ്രയത്തിനായ് ഞാൻ അവളെ തിരഞ്ഞു. അവൾ അവിടെയെങ്ങും ഇല്ലായിരുന്നു. ഞാൻ ഭയപ്പാടോടെ തിരിഞ്ഞോടാൻ തുനിഞ്ഞു. കാലുകൾ അനങ്ങുന്നില്ല. ശില പോലെ ഞാനുറച്ചു പോയിരിക്കുന്നു. ഇതാ ഇപ്പോൾ തുറിച്ചു നോക്കിയിരുന്ന ആ മനുഷ്യ രൂപങ്ങൾ എന്റെ നേരെ നടന്നടുക്കുകയാണ്. ഞാൻ കാലുകൾ അതി ശക്തിയായി വലിച്ചു. ഇല്ല അനങ്ങുന്നില്ല. ഞാൻ ഭയപ്പാടോടെ അവരെ നോക്കി. ഇപ്പോൾ അവരുടെ കൈയിൽ ആയുധങ്ങൾ കാണാം. അവ എന്റെ നേരെ ആഞ്ഞുകൊണ്ട് അവർ പാഞ്ഞടുക്കുകയാണ്. അവരെല്ലാം വൃദ്ധന്മാരായിരുന്നു. എണ്ണമയമില്ലാതെ പാറിപ്പറന്നു കിടക്കുന്ന മുടി, ചുളിവ് വീണ മുഖവും കൈകാലുകളും, കുണ്ടിലാണ്ടതെങ്കിലും തീഷ്ണതയുള്ള കണ്ണുകൾ, വിണ്ടുകീറിയ ഉള്ളംകൈയും കാല്പാദങ്ങളും, നീട്ടിപിടിച്ചിരിക്കുന്ന കൈകളിൽ, കല്ലുളി, അരിവാൾ, ചാട്ടുളി, ചാട്ടവാർ….

അതാ അവരെന്റെ അടുത്തെത്താറായിരിക്കുന്നു. ഏറ്റവും മുന്നിൽ പാഞ്ഞു വരുന്ന വൃദ്ധൻ തന്റെ കയ്യിലിരുന്ന കൂർത്ത കല്ലുളി എന്റെ നേരെ വീശിയെറിഞ്ഞു. അതാ അതെന്റെ കണ്ണിനെ ലക്ഷ്യമാക്കി പാഞ്ഞു വരുന്നു. ഞാൻ ശക്തിയായി പിന്തിരിഞ്ഞോടാൻ നോക്കി, കൈകാലുകൾ അനങ്ങുന്നില്ല, ദേഹത്തിനു വല്ലാത്ത ഭാരം അനുഭവപ്പെടുന്നു. അതാ ആ ചാട്ടുളി എന്റെ കണ്ണുകളെ തുളച്ചിപ്പോൾ കയറും. ഒരലർച്ചയോടെ ഞാൻ കണ്ണുകൾ ശക്തിയായി വലിച്ചു തുറന്നു.

സ്ഥലകാലബോധത്തിലേക്ക് വരാൻ കുറച്ചു നിമിഷങ്ങളെടുത്തു. അരണ്ട നീല വെളിച്ചത്തിൽ അത് ഞങ്ങളുടെ ബെഡ്‌റൂമാണെന്നും, ഞാൻ കണ്ടത് ഒരു സ്വപ്നം ആയിരുന്നുവെന്നും തിരിച്ചറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ആശ്വാസത്തിൽ ഒന്ന് നെടുവീർപ്പിട്ടു. അടുത്തു കിടന്നുറങ്ങുന്ന മക്കളെ കണ്ടപ്പോൾ ഉള്ളിൽ ഒരു തണുപ്പ് പരന്നു. എഴുന്നേറ്റ് ജഗ്ഗിൽ നിന്നല്പം വെള്ളം പാർന്നു കുടിച്ച് വീണ്ടും കിടക്കയിൽ വന്നു കിടന്നു കണ്ണുകൾ അടച്ചു. അപ്പോഴും സ്വപ്നത്തിൽ കണ്ട ആ രൂപങ്ങൾ എന്തെന്നില്ലാതെ മനസ്സിനെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു.

ഇപ്പോഴും ഓർമകളിൽ ചിതറിക്കിടന്ന ആ സ്വപ്നത്തെ ഓർത്തടുക്കി എടുക്കുമ്പോഴും എന്തെന്നില്ലാത്ത ഒരു ഭയവും സ്വയം ഒരവഞ്തയും എന്നെ പിടികൂടുന്നു. കൈയിലിരിക്കുന്ന പേപ്പർ തുണ്ടിലേക്ക് ഞാൻ വീണ്ടും നോക്കി. തളർന്നിരിക്കുന്ന ഒരു വൃദ്ധൻ, അയാളുടെ കാലുകൾക്കിടയിലൂടെ ഞാന്നു കിടക്കുന്ന കുഴലിന്റെ അറ്റത്തു പിടിപ്പിച്ച യൂറിൻ ബാഗ്.

ആ ചിത്രം കാണും തോറും അസ്വസ്ഥത ഏറി വരുന്നു. 

എറണാകുളം ജില്ലയിലെ ചേന്ദമംഗലം പാലാത്തുരുത്തിൽ താമസിക്കുന്നു. സോഷ്യൽ മീഡിയയിലും ആനുകാലികങ്ങളിലും എഴുതുന്നു