ഭൂപടത്തിൽ ഇല്ലാത്ത ഇടങ്ങൾ

ഭൂപടത്തിൽ
ഇല്ലാത്ത ചില ഇടങ്ങളുണ്ട്.
ഭൂമിയിലെ വർണ്ണചിത്രങ്ങളിലോ
ചരിത്രത്തിൻറെ
സുവർണ്ണതാളുകളിലോ
പതിയാത്തവ..!

വംശീയതയുടെ
ബർമുഡ ട്രയാംഗിളുകൾ…
വയറുകളൊട്ടിയ നോക്കുകുത്തികളുടെ
എവറസ്റ്റുകൾ…
കറുപ്പുതിന്ന് തിമിരമാർന്നവരുടെ
കലാപ പീഠഭൂമികൾ..!

സഞ്ചാരികളും ശാസ്ത്രകുതുകികളും
ഈ ഇടങ്ങൾ അന്വേഷിക്കാറില്ല…
രാഷ്ട്ര നേതാക്കളാരും
അറിഞ്ഞിട്ടില്ല…
ഗവേഷണ വിദ്യാർത്ഥികൾക്ക്
പഠന വിഷയമേയല്ല…
മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകൾ
പതിയാറുമില്ല…

തിരിച്ചറിയാനാവാത്ത ശബ്ദങ്ങൾ…
അരോചക മുഖങ്ങൾ…
സാമ്യതകൾക്കിടയിലും
പരസ്പരം വെറുക്കുന്നവർ…
ആധുനികതയുടെ
ഉടലുകളിലൊതുങ്ങാത്ത
ചെറു രൂപങ്ങൾ…
‘ഒരിനത്തിലും ഉൾപ്പെടാത്തവർ!’

ചിലയിടങ്ങളിൽ ശാന്തതയുണ്ട്…
ഭയമാർന്ന
‘നിശബ്ദതയുടെ മാറ്റൊലികൾ!’

വിവിധ വർണ്ണക്കൂട്ടുകളുണ്ട്…
‘അറച്ചു കട്ടപിടിച്ചത്!’

ശ്വാസമെടുക്കാനാവാത്ത
പിടച്ചിലുകളും
പ്രയോജകരില്ലാത്ത
ചെറുത്തുനിൽപ്പുകളുമുണ്ട്;
‘ഭൂപട വ്യവഹാരികളുടെ
അലോസരങ്ങൾ!’

അധികാരങ്ങളുടെ
അതിരുകൾ ലംഘിക്കാത്ത
സൽപ്പേരുകൾക്കിടയിൽ
അർത്ഥമില്ലാത്ത നാമം പേറുന്ന
ആളറിഞ്ഞാൽ
നാണം കെട്ടുപോകുന്ന
ഇടങ്ങൾ…
ആർക്കും വേണ്ടാത്ത
ഇടങ്ങൾ..

കണ്ണൂർ സ്വദേശി. ദുബായിൽ ജോലി ചെയ്യുന്നു. ആനുകാലിക മാഗസിനുകളിലും സോഷ്യൽ മീഡിയകളിലും എഴുതുന്നു. 'ഗുൽമോഹർ ഇത് നിനക്കായ്', 'നീക്കിയിരുപ്പ്', 'നിന്നോർമ്മയിൽ', 'ചില നേരങ്ങളിൽ' തുടങ്ങിയ ആൽബങ്ങൾക്ക് വരികൾ എഴുതി. 'ലേബർ ക്യാമ്പുകളിലെ തലയിണകൾ' എന്ന കവിത സമീപകാലത്തു വളരെ ശ്രദ്ധ നേടുകയുണ്ടായി.