നമ്പി നാരായണൻ
കെമിക്കൽ റോക്കറ്റ് പ്രൊപൽഷനിൽ നാസ ഫെലോഷിപ്പോടെ അമേരിക്കൻ പ്രിസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റർ ഡിഗ്രി നേടി. ഇന്ത്യൻ റോക്കറ്റ് വിക്ഷേപണത്തിന് ചുക്കാൻ പിടിച്ച പ്രമുഖൻ
ഒരു ആത്മകഥ അതെഴുതിയ വ്യക്തിയുടെ ജീവിതവും പ്രവര്‍ത്തികളുമൊക്കെയാണ്. മികച്ച ആത്മകഥകളൊക്കെ ആ വ്യക്തികള്‍ ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ കഥ കൂടിയായിരുന്നു എന്നു കാണാം. അതോടൊപ്പം രാഷ്ട്രം, സമൂഹം, സംസ്കാരം തുടങ്ങിയവയുടെ പ്രതിഫലനവുമുണ്ടാകും. എന്നാല്‍ നമ്പി നാരായണന്റെ ‘ഓര്‍മ്മകളുടെ ഭ്രമണപഥം’ എന്ന ആത്മകഥ ഇതില്‍ നിന്നൊക്കെ വേറിട്ട് നില്‍ക്കുന്നത് അത് അദ്ദേഹത്തിന്റെ ജീവിതകഥ എന്നതിലുപരി ഒന്നുമില്ലായ്മയില്‍ നിന്ന് ‘മംഗളള്യാന്’ വരെ എത്തിനില്‍ക്കുന്ന ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തെ വളര്‍ച്ചയുടെയും അതോടൊപ്പം ഹോമി ഭാഭയിൽ തുടങ്ങി വിക്രം സാരാഭായ്, സതീഷ് ധവാന്, യു. ആര്. റാവു തുടങ്ങിയവരിലൂടെ വളർന്നു പന്തലിച്ച രാജ്യത്തിന്റെ ഏറ്റവും വലിയ അഭിമാന സ്ഥാപനമായ ഐ.എസ്.ആര്.ഒയുടെയും ചരിത്രം കൂടി ആയതിനാലാണ്.
ഐ.എസ്.ആര്.ഒ ചാരക്കേസിനെ മാത്രം കേന്ദ്രീകരിച്ചുള്ള ഒന്നല്ല ഈ പുസ്തകം. അതേസമയം1994ല്‍ ആരംഭിച്ചതും ചാരപ്പണിയും ലൈംഗികതയും റോക്കറ്റ് സയന്സുമെല്ലാം അടങ്ങിയ അന്താരാഷ്ട്രതലത്തിലുള്ള ഗൂഡാലോചനയും കേരള പോലീസിന്റെ സൃഷ്ടിയുമെന്ന് പിന്നീട് തെളിഞ്ഞതുമായ ചാരക്കേസ് ഈ പുസ്തകത്തിന്റെ പ്രധാന പ്രതിപാദ്യവിഷയം തന്നെയാണ്. അതോടൊപ്പം ചിന്തകള്പ്പുറത്തേക്ക് സ്വപ്നങ്ങളെ പറത്തിവിടാനുള്ള ദൌത്യം ഏറ്റെടുത്ത് ഇന്ത്യന്‍ ബഹിരകാശ പദ്ധതികള്‍ക്കുവേണ്ടി തങ്ങളുടെ സൌഭാഗ്യ ജീവിതം ബലികഴിച്ച ഒരുകൂട്ടം ആള്‍ക്കാരുടെ കണ്ണീരിന്റെയും വിയര്‍പ്പിന്റേയും കഥ കൂടിയാണ്.
സ്വന്തം നാടിനുവേണ്ടി ജീവിതം തന്നെ സമര്‍പ്പിച്ച, സ്വകാര്യ ജീവിതവും ഇഷ്ടങ്ങളും എല്ലാം മാറ്റിവെച്ച് ജീവിതത്തിലെ ഓരോ നിമിഷവും ഇന്ത്യയുടെ പതാകയേന്തി വാനാതിര്ത്തികള്പ്പുറത്തേക്ക് പറന്നുയരുന്ന റോക്കറ്റിനു ജീവന് കൊടുക്കാന്‍ മാറ്റിവെച്ച ഒരു മനുഷ്യനെ, ഒരു ശാസ്ത്രജ്ഞനെ ഭരണവര്‍ഗ്ഗവും അവരുടെ ഏറാന്മൂളികളായ ചില പോലീസുകാരും കൂലി എഴുത്തുകാരായ ചില മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്ന് ക്രൂരമായി വേട്ടയാടിയതിന്റെ, അദ്ദേഹം കുടിച്ച കണ്ണീരിന്റെ, ആ ജീവിതം ഹോമിച്ച് നേടിയെടുത്ത ടെക്നോളജികളുടെയൊക്കെ കഥകളാണ് ‘ഓര്‍മ്മകളുടെ ഭ്രമണപഥത്തില്‍’ ഉള്ളത്. നമ്പി നരായണന് പറയുന്നതുപോലെ ഈ പുസ്തകം ഒരു പ്രതികാരമല്ല. അതിനേക്കാള്‍ ശക്തമായ ഒരു സത്യാന്വേഷണ പരീക്ഷയാണ്.
1994 ഒക്ടോബർ15, ഇന്‍ഡ്യയുടെ ബഹിരാകാശ സ്വപ്നങ്ങളെ പൂവണിയിച്ചുകൊണ്ട് പിഎസ്എൽവി പൂർണ വിജയം. ഒരു മാസം കഴിഞ്ഞ് നവംബർ 30 ന് പിഎസ്എൽവി രണ്ടാമത്തെയും നാലാമത്തെയും സ്റ്റേജിന്റെ പ്രൊജക്ട് ഡയറക്ടറും ക്രയോജനിക്സിന്റെ പ്രൊജക്ട് ഡയറക്ടറും അമരക്കാരനുമായിരുന്ന ശാസ്ത്രജ്ഞൻ നമ്പി നാരായണൻ അറസ്റ്റിൽ. ഒക്ടോബർ 26 ന് പിഎസ്എൽവിയുടെ വിജയകരമായ വിക്ഷേപണത്തിന് ഐഎസ്ആർഒ ചെയർമാൻ കസ്തൂരിരംഗനോടൊപ്പം ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങിയ ശാസ്ത്രജ്ഞനാണ് നവംബർ 30 ന് അറസ്റ്റ് ചെയ്യപ്പെട്ടത്. ക്രയോജനിക് സാങ്കേതികവിദ്യ മറിയം റഷീദ എന്ന ചാരവനിതയിലൂടെ ശത്രുരാജ്യത്തിനു ചോര്‍ത്തിക്കൊടുത്തു എന്ന ആരോപണത്തിന്റെ പേരില്‍!
ഒരു മാലി യുവതിയോട് കേരള പോലീസിലെ ഒരു ഓഫീസര്‍ക്ക് തോന്നിയ ആസക്തി പ്രമാദമായ ഒരു ചാരക്കേസായി എങ്ങനെയാണ് മാറിയതെന്നും സര്‍ക്കാരിനെ വീഴ്ത്താനുള്ള തങ്ങളുടെ രാഷ്ട്രീയ താല്പര്യത്തിനായി കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം അതിനെ ഉപയോഗിച്ചതെന്നും എങ്ങനെയാണ് നമ്മുടെ ഇന്റലിജന്‍സ് ബ്യൂറോ ആഗോളതലത്തിലെ ചില ശക്തികളുമായി ചേര്‍ന്ന് ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ കുതിപ്പിനു തടയിടാന്‍ ഈ കേസിനെ ഉപയോഗിച്ചതെന്നും ‘ഓര്‍മ്മകളുടെ ഭ്രമണപഥം’ വ്യക്തമാക്കുന്നു.
ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട വാക്കായ ചാരന് എന്ന വിളി പോലീസ് കസ്റ്റഡിയില്‍ വെച്ച് ആദ്യമായി കേള്‍ക്കേണ്ടിവന്ന അവസ്ഥ അദ്ദേഹം വിവരിക്കുന്നു. ‘കണ്ണുകള്‍ നിറഞ്ഞില്ല. ശരീരം വിറച്ചില്ല. ഹൃദയം തകര്‍ന്നില്ല. പക്ഷേ, ഞാന്‍ തിരിച്ചറിഞ്ഞു; വിക്ഷേപണത്തറയില്‍ എന്റെ കൌണ്ട്ഡൌണ് തുടങ്ങിയെന്നത്! തീയില്ലാതെ, പുകയില്ലാതെ.. ഭാരമില്ലാത്തൊരാത്മാവ് പോലെ ഞാന്‍ അന്തരീക്ഷത്തിലേക്ക് അലിയുന്നതായി തോന്നി.’
‘പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ ഞാൻ ആലോചിച്ചു. ഇതിനുവേണ്ടിയാണോ ജീവിതം ഞാൻ മാറ്റിവച്ചത്. ഉന്നത ജോലികളും പദവികളും വലിച്ചെറിഞ്ഞ് ഐഎസ്ആർഒയുടെ ഉള്ളിലെ തൊഴുത്തിൽക്കുത്തുകൾ അനുഭവിച്ച് ഞാൻ നിന്നത് ഇതിനുവേണ്ടിയാണോ. പക്ഷേ, പെട്ടെന്ന് എന്റെ മനസ്സിൽ ഉത്തരം വന്നു. ത്രിവർണപതാക നെറ്റിയിൽ ഒട്ടിച്ചുവച്ച് ആകാശസീമകൾക്കപ്പുറത്തേക്കു പറന്ന് ഇന്ത്യൻ സ്വപ്നങ്ങൾക്കു കരുത്തു പകർന്ന പിഎസ്എൽവി എന്ന എക്കാലത്തെയും പടക്കുതിരയെ പോരിന് സജ്ജമാക്കൽ മാത്രമായിരുന്നു എന്റെ ദൗത്യം.’
ചാരന് എന്നു വിളിക്കപ്പെട്ട്, അപമാനിക്കപ്പെട്ട്, അവഹേളിക്കപ്പെട്ട് പൊതുജനത്തിന്റെ പരിഹാസവും കുത്തുവാക്കുകളും സഹിച്ച്, മാനസികവും ശരീരികവുമായ കൊടിയ പീഡനങ്ങള്‍ക്കൊടുവില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് 52 ദിവസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങി അദ്ദേഹം വീട്ടിലെത്തിയത് ജീവിതം അവസാനിപ്പിക്കുക എന്ന തീരുമാനവുമായിട്ടായിരുന്നു. മകൾ ഗീതക്ക് സംശയം തോന്നി. ‘മരിച്ചാൽ അച്ഛനു സമാധാനം കിട്ടുമോ. ചാരനായി മരിച്ചാൽ ലോകാവസാനം വരെ അച്ഛനൊരു ചാരനായിരിക്കും. ഞങ്ങൾ ചാരന്റെ സന്തതി പരമ്പരകളും… ആ കളങ്കം ഞങ്ങളെ വിട്ടു പോകില്ല; അച്ഛനെയും. മരിക്കണമെങ്കിൽ ആകാം. പക്ഷേ ചാരനല്ലെന്നു തെളിയിച്ചിട്ടു പോരേ?’
ഈ വാക്കുകള്‍ അദ്ദേഹത്തെ ചിന്തിപ്പിച്ചു. ‘സത്യം ജനങ്ങള്‍ അറിയണം. ഞാനൊരു ചാരനല്ല. പിന്നെയെന്തിനു പേടിച്ചു മരിക്കണം. ഐ.എസ്.ആര്. ഓയേയും എന്നേയും ഉള്‍പ്പടെ നിരവധി പേരേ നശിപ്പിച്ച ചാരക്കഥ കള്ളമാണന്ന് തെളിയിക്കാനുള്ള തീരുമാനം. ആ തീരുമാനത്തിന്റെ വിജയമാണ് 23 വര്‍ഷത്തെ നിയമപോരാട്ടത്തിന്റെ വിജയങ്ങള്‍. പിന്നെയീ പുസ്തകമെഴുതാനുള്ള കരുത്ത്.’
ഓർമയുടെ ഭ്രമണപഥത്തിൽനിന്നു നഷ്ടപ്പെടാത്ത കൃത്യമായ വിവരങ്ങളും സുക്ഷ്മമായ വിശദാംശങ്ങളും ആധികാരിക രേഖകളും സഹിതം ആത്മാവില്‍ തൊട്ട് നമ്പിനാരായണന് എഴുതി; ഇന്ത്യയുടെ അഭിമാനമായ ഒരു മഹാപ്രസ്ഥാനത്തെ നശിപ്പിക്കാന്‍, ജീവിതത്തിലെ ഓരോ നിമിഷവും ഇന്ത്യയുടെ റോക്കറ്റ് പര്യവേക്ഷണ പരീക്ഷണങ്ങള്‍ക്കായി മാറ്റിവെച്ച ഒരു ശാസ്ത്രഞ്ജന്റെ ജീവിതം നശിപ്പിക്കാന്‍ ഒരു ഗൂഡസംഘം നടത്തിയ കുത്സിതശ്രമങ്ങള്‍. നമ്പി നാരായണന് രാജ്യത്തിന്റെയും ജനങ്ങളുടെയും മനഃസാക്ഷിക്കു മുന്നിൽ സമർപ്പിക്കുന്ന സത്യവാങ്മൂലമാണ് ‘ഓർമകളുടെ ഭ്രമണപഥം’. ആ വാക്കുകള്‍ റോക്കറ്റുകളായി നമ്മുടെ ഉള്ളില്‍ തീമഴ പെയ്യിക്കുക തന്നെ ചെയ്യും. ചാരക്കേസിന്റെ ചാരം മാറ്റി സത്യത്തിന്റെ കനലുകള്‍ നമുക്ക് മുന്നില്‍ അദ്ദേഹം അനാവരണം ചെയ്യുമ്പോള്‍ അത് പലപ്പോഴും നമ്മളെ ഞെട്ടിക്കുകയും കണ്ണീരണിയിക്കുകയും ധാര്‍മ്മികരോഷത്താല്‍ തിളപ്പിക്കുകയും അതോടൊപ്പം സത്യത്തിന്റെ ആത്യന്തിക വിജയത്തില്‍ ആഹ് ളാദിപ്പിക്കുകയും ചെയ്യും. സത്യത്തിന്റെ കനല് വെളിച്ചത്തില്‍ പല വിഗ്രഹങ്ങളും ഉടഞ്ഞുവീഴുന്നതും നിയമത്തിന്റേയും നീതിയുടേയും കാവലാളുകള്‍ ആകേണ്ടവര്‍ അനീതിയുടേയും അധര്‍മ്മത്തിന്റേയും കൂട്ടാളികളാകുന്നതും നമുക്ക് കാണേണ്ടിവരുന്നു.
കാലം നമ്പി നാരായണനെ അഗ്നിശുദ്ധി വരുത്തി. ആത്മാഭിമാനം തിരിച്ചു നല്കി. ചാരന് എന്ന അപമാനത്തില്‍ നിന്നും അദ്ദേഹവും കുടുംബവും മോചിതരായി. രാജ്യത്തെ പരമോന്നത കോടതിയും സി.ബി.ഐയും അദ്ദേഹം നിരപരാധി ആണെന്നു മാത്രമല്ല ചാരക്കേസ് എന്നൊന്നുണ്ടായിരുന്നില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എങ്കിലും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ചാരക്കേസില്‍ ഇപ്പോഴും ബാക്കി നില്ക്കുന്നു. ചാരക്കേസിനു പിന്നിലെ യഥാര്‍ത്ഥ പ്രതികളെ നമ്പി നാരായണന് ചൂണ്ടിക്കാട്ടുന്നുണ്ട്. ചാരക്കേസ് കെട്ടിച്ചമച്ച ഐ ബി മേധാവി രത്തന്‍ സൈഗാളിന്റെ സി.ഐ.എ ബന്ധങ്ങള്‍, സി.ഐ.എ ചാരവനിത, കേരള പൊലീസിലെ സിബിഐ പേരെടുത്ത പറഞ്ഞ ഉദ്യോഗസ്ഥര്‍ ഒക്കെ ഇപ്പോഴും അന്വേഷണത്തില്‍ വരാതെ മാന്യരായി വിലസുന്നു. നീതി ഇപ്പോഴും നിലവിളിക്കുന്നു.
94–ലെ ആദ്യത്തെ വിജയകരമായ വിക്ഷേപണത്തിനുശേഷം 2017 ഓഗസ്റ്റ് വരെ 38 വിക്ഷേപണങ്ങൾ പിഎസ്എൽവി വിജയകരമായി നടത്തി. അവസാനം ലോകത്തെ ഏറ്റവും ചിലവു കുറഞ്ഞ ചൊവ്വാ പര്യവേക്ഷണ വാഹനമായ ‘മംഗള്‍യാന്റെ’ വിജയത്തിലും പങ്കാളിയായ പി.എസ്.എല്‍.വിയുടെ വിജയത്തിന്റെ അമരക്കാരന് നമ്പി നാരായണൻ ചാരക്കേസില്‍ ഉത്തരവാദികളെന്ന് സിബിഐ പരാമർശിച്ച കേരള പൊലീസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിൽ സുപ്രിംകോടതി വിധിക്കായി കാത്തിരിക്കുന്നു.
രണ്ടര മിനിറ്റ് ചാരക്കേസിനെ കുറിച്ച് നമ്പി നാരായണനൊട് സംസാരിക്കാന്‍ കൂട്ടാക്കാതിരുന്ന പ്രത്യേക അന്വേഷണ സംഘത്തലവന് പിന്നീട് ആദ്ദേഹത്തെ രണ്ടരമണിക്കൂര്‍ കാത്തിരുന്ന് മാപ്പിരന്നതും ഇക്കിളിക്കഥകള്‍ കൊണ്ട് ചാരക്കേസ് ആഘോഷിച്ച രണ്ട് ‘ജീര്‍ണലിസ്റ്റുകള്‍’എങ്കിലും ഹണീട്രാപ്പിന്റെ പേരില്‍ അഴിയെണ്ണിയതുമൊക്കെ കാലം അവര്‍ക്ക് കാത്തുവെച്ച കാവ്യനീതിയാകാം.
കാലം കാത്തുവെച്ചതും കാത്തിരുന്നതുമാണ് ഇങ്ങനെ ഒരു പുസ്തകം. ഒരു മുന്നറിയിപ്പും ഓര്മ്മപ്പെടുത്തലുമൊക്കെയായി ‘ഓര്‍മ്മകളുടെ ഭ്രമണപഥം’ ഏറെക്കാലം നമ്മെ വേട്ടയാടുക തന്നെ ചെയ്യും. നമ്മുടെ നാടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് അഗ്നിച്ചിറകുകള്‍ നല്കി ആകാശാതിര്ത്തികള്ക്കപ്പുറത്തേക്ക് പറത്താന്‍ ജീവിതം ഉഴിഞ്ഞുവെച്ച ഒരു ശാസ്ത്രജ്ഞനോട്, ഒരു മനുഷ്യനോട്, ഒരുകൂട്ടം പത്രപ്രവര്‍ത്തകരുടെ നുണക്കഥകള്‍ അറിയാതെ വിശ്വസിച്ച് നമ്മുടെ നാട് കാണിച്ച, നമ്മള് കാണിച്ച നെറികേടിന് മനസ്സാക്ഷിയുടെ മുമ്പിലെങ്കിലും നമ്മള് ഓരോരുത്തരും മാപ്പ് പറയേണ്ടതുണ്ട്. കറന്റ് ബുക്സ് പുറത്തിറക്കിയ ‘ഓര്‍മ്മകളുടെ ഭ്രമണപഥം’ എന്ന പുസ്തകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ജി.പ്രജേഷ് സെൻ ആണ്.