ബൈക്കുകൾ

മനീഷ്, അവൻ വാങ്ങിക്കാൻ പോകുന്ന സൂപ്പർ ബൈക്കുകളെ കുറിച്ച്, അച്ഛൻ മഹേന്ദ്രനോട് വർണ്ണിക്കുകയായിരുന്നു. മഹേന്ദ്രൻ മനീഷിന്റെ വർണ്ണന കേട്ടിരുന്നു. ഇനി മഹേന്ദ്രന്റെ ഊഴമാണ്. കാരണം, മനീഷിന് മഹേന്ദ്രൻ ഉപയോഗിച്ചിരുന്ന സൈക്കിൾ മുതൽ ഉള്ള ഇരുചക്ര വാഹനങ്ങളെ കുറിച്ച് അറിയണം. മനീഷ് ജനിക്കുന്നതിനു മുമ്പേ, മഹേന്ദ്രൻ ബൈക്കുകൾ ഉപേക്ഷിച്ചു കാറിൽ ചേക്കേറിയിരുന്നു. അതിനാൽ, മഹേന്ദ്രന്റെ ബൈക്ക് യാത്രകളൊന്നും മനീഷ് കണ്ടിരുന്നില്ല.

മഹേന്ദ്രൻ: എന്റെ സൈക്കിൾ പഠനം മുതൽ പറയാം. കണാരേട്ടന്റെ പീടികയിൽ എല്ലാ തരം സൈക്കിളുകളും ഉണ്ടായിരുന്നു. അതായത്, കാൽ, അര, മുക്കാൽ, ഒന്ന്.

മനീഷ്: സൈക്കിളിന്റെ ഉയരം അനുസരിച്ചല്ലേ, ഈ തരംതിരിക്കല്‍?

മഹേന്ദ്രൻ: അതെ. അവിടെ നിന്ന് സൈക്കിൾ വാടകയ്ക്ക് എടുക്കും.

മനീഷ്: അവിടെ നിന്നും സൈക്കിൾ പഠിപ്പിച്ചു കൊടുക്കുമോ?

മഹേന്ദ്രൻ: ഏയ്, ഇല്ല. മാത്രമല്ല, പഠിക്കാനാണെന്ന് പറഞ്ഞാൽ വാടകയ്ക്ക് കൊടുക്കുകയുമില്ല. മൂപ്പര് കാണാൻ സാധ്യതയില്ലാത്ത ഇടത്തിൽ നിന്നാണ് പഠിക്കുക.

മനീഷ്: അത് കൊള്ളാമല്ലോ.

മഹേന്ദ്രൻ: എന്റെ കൂട്ടുകാരൻ രമേശനായിരുന്നു എന്നെ സൈക്കിൾ പഠിപ്പിച്ചത്. കണാരേട്ടന്റെ പീടികയിൽ നിന്നും സൈക്കിൾ എടുക്കുന്നതും, തിരിച്ചു കൊടുക്കുന്നതും അവൻ തന്നെയാണ്. പഠിച്ചു കഴിഞ്ഞപ്പോൾ ലോകം മുഴുവനും നേടിയ സന്തോഷമായിരുന്നു. ഒരിക്കൽ ബസ് സമരം വന്നപ്പോൾ സ്കൂളിലേക്ക് 17 കിലോമീറ്റർ അങ്ങോട്ടുമിങ്ങോട്ടും ചവിട്ടാൻ ഒരു മടിയും ഇല്ലായിരുന്നു.

മനീഷ്: ഇനി മോട്ടോർസൈക്കിൾ പഠിച്ച കഥ പോരട്ടെ.

മഹേന്ദ്രൻ: അന്ന് ലൈസൻസ് കിട്ടാൻ 8 എടുക്കണ്ട. തലശ്ശേരി വീനസ് കോർണറിൽ കായലിന്റെ റോഡിലൂടെ, കാൽ നിലത്തു കുത്താതെ ബൈക്കിൽ തിരിച്ചു വന്നാൽ മതി. എന്റെ കൂട്ടുകാരൻ നാസറിന്റെ ഇൻഡ് സുസുക്കി എന്ന വണ്ടി എടുത്തു.

മനീഷ്: ഇൻഡ് സുസുക്കി? മുൻപ് കേട്ടിട്ടില്ലല്ലോ?

മഹേന്ദ്രൻ: ഇന്ത്യയിൽ ലോഞ്ച് ചെയ്ത ആദ്യത്തെ 100 സി സി മോട്ടോർസൈക്കിൾ ആണത്. വന്ന കാലത്തു വളരെ വിജയിച്ച ഒരു വണ്ടിയായിരുന്നു. പിന്നെ യമഹ ആർ എക്സ് 100 വന്നതോടെ ഡിമാൻഡ് കുറഞ്ഞു. എൺപതുകളുടെ അവസാനമാകുമ്പോളേക്കും പ്രൊഡക്ഷൻ നിലച്ചു. പക്ഷെ, എനിക്ക് ഈ വണ്ടിയിൽ ലൈസൻസ് എടുക്കാൻ പറ്റിയില്ല. ട്രയലിനു അവിടെ പോയി വണ്ടി ഓടിച്ചു. തിരിച്ചപ്പോൾ സ്പീഡ് നിയന്ത്രിക്കാൻ പറ്റിയില്ല. ബൈക്കോടെ കായലിലേക്ക്!

മനീഷിനു ചിരിയടക്കാൻ പറ്റിയില്ല. മഹേന്ദ്രനും ചിരിയിൽ പങ്കു ചേർന്നു.

മനീഷ്: പിന്നെ, ഏതു വണ്ടിയിൽ നിന്നാണ് ലൈസൻസ് എടുത്തത്?

മഹേന്ദ്രൻ: എന്റെ വേറൊരു കൂട്ടുകാരനായ സുധീഷിന് “ലാംബി” എന്നൊരു സ്കൂട്ടർ ഉണ്ടായിരുന്നു. സ്കൂട്ടറിന് ഗിയർ ഹാന്ഡിലിൽ തന്നെയായതിനാൽ മാറ്റാൻ എളുപ്പമായിരിക്കും എന്ന് എനിക്കു തോന്നി. അന്ന് ബജാജ് സ്കൂട്ടറുകളൊക്കെ ഉണ്ട്. സുധീഷ് തന്റെ ലാംബി കുറേ കാലം നിലനിർത്തിയിരുന്നു. ടി വി യിൽ “ഹമാരാ ബജാജ്, ഹമാരാ ബജാജ്” എന്ന പരസ്യഗാനം വരുമ്പോൾ, സുധീഷ് “ഹമാരാ ലാംബി, ഹമാരാ ലാംബി” എന്നു പാടുമായിരുന്നു.

മനീഷ് ഒന്നു മന്ദഹസിച്ചു. അച്ഛൻറെ ഭാവങ്ങൾ ശ്രദ്ധിച്ചു. അവർ ഒരു പാർക്കിൽ ആയിരുന്നു. അവിടെ ഒരു ബെഞ്ചിലിരുന്നു കൊണ്ട്, ഒരു കൈ അടുത്ത കൈയിന്റെ മുകളിൽ വെച്ച് കൊണ്ട് ശാന്തമായ ഭാവനിലയിലായിരുന്നു അച്ഛന്റെ മറുപടികൾ.

മനീഷ്: ലാംബി സ്കൂട്ടർ ഞാൻ കണ്ടിട്ടുണ്ട്. ലാംബ്രട്ട എന്ന ഇറ്റാലിയൻ കമ്പനിയുടേതല്ലെ? ഫെല്ലിനിയുടെയും മറ്റും ക്ലാസ്സിക് ഇറ്റാലിയൻ പടങ്ങൾ കാണുമ്പോൾ, ലാംബ്രട്ട സ്കൂട്ടറുകൾ, ഫിയറ്റ് കാറുകൾ – ഇവയൊക്കെ അവിടെയും കാണാം.

മഹേന്ദ്രൻ: ശരിയാണ്. ഇന്ത്യൻ മധ്യവർഗത്തിന് അന്ന് സഞ്ചാരത്തിന് ഉതുകുന്നത് സ്കൂട്ടറുകൾ ആണെന്ന തിരിച്ചറിവായിരുന്നു, ഇറ്റലിയിലെ ലാംബ്രട്ട കമ്പനിയുടെ സ്കൂട്ടറുകൾ ഇന്ത്യൻ റോഡുകൾ കീഴടക്കാൻ കാരണം. ഞാൻ ലൈസൻസ് എടുത്തത് ലാംബി സ്കൂട്ടറിൽ തന്നെയായിരുന്നു. പക്ഷെ, ആദ്യം സ്വയം വാങ്ങിയ സ്കൂട്ടർ, ഒരു സെക്കന്റ് ഹാൻഡ്, ബജാജ് ചേതക് ആയിരുന്നു.

മനീഷ്: ഒരു കാര്യം ചോദിക്കട്ടെ? അന്ന്, ഗിയർലെസ്, അഥവാ ഓട്ടോമാറ്റിക് സ്കൂട്ടറുകൾ ഉണ്ടായിരുന്നില്ലേ? ഹോണ്ട ആക്ടീവ പോലുള്ളത്?

മഹേന്ദ്രൻ: (പുഞ്ചിരിച്ചു കൊണ്ട് ) ഉണ്ടായിരുന്നു. “കൈനറ്റിക് ഹോണ്ട” യായിരുന്നു അന്ന് പ്രധാനി. പക്ഷേ, ആ വണ്ടികൾ പുരുഷോചിതമായവയല്ല എന്നായിരുന്നു പരക്കെയുള്ള കമെന്റുകൾ. ഗിയർ ഉള്ള സ്കൂട്ടർ പോലും അല്ല. എങ്കിലും, മോട്ടോർസൈക്കിളുകളെക്കാളും കുറഞ്ഞ വിലയ്‌ക്ക്‌ കിട്ടുന്നതിനാൽ, അത് തൃപ്‌തികരം.

മനീഷ്: അച്ഛൻ പിന്നെ, മോട്ടോർസൈക്കിൾ എടുത്തിരുന്നില്ലേ?

മഹേന്ദ്രൻ: ഉവ്വ്. “ഹീറോ ഹോണ്ടയുടെ സ്‌പ്ലെൻഡെർ”. കുറച്ചു കാലം സ്കൂട്ടർ ഓടിച്ചു ഒരു ആത്മവിശ്വാസം വന്നതിനു ശേഷമാണ് മോട്ടോർസൈക്കിളിലോട്ടു മാറാൻ തീരുമാനിച്ചത്. കായലിൽ ബൈക്കുമായി വീണ കാര്യം ഓർമയുണ്ടല്ലോ.

മനീഷ് വീണ്ടും ചിരിക്കാൻ തുടങ്ങി.

മഹേന്ദ്രൻ: ഷോ റൂമിൽ പോയി, ടെസ്റ്റ് റൈഡ് എടുത്തു. വണ്ടി ഇഷ്ടമായി. എങ്കിലും വാങ്ങാൻ ഒരു മടി. ഒടുവിൽ പ്രേരകമായത് ഹരിയായിരുന്നു.

മനീഷ്: അദ്ദേഹം അച്ഛനോട്, മടിയൊന്നും വേണ്ട, ധൈര്യമായി വാങ്ങിച്ചോ എന്നു പറഞ്ഞു അച്ഛനെ ഉത്സാഹിപ്പിച്ചോ?

മഹേന്ദ്രൻ: ഏയ്, അങ്ങനെയൊന്നുമല്ല. അതൊരു കഥയാണ്. ഹരി എന്റെ സഹപ്രവർത്തകനായിരുന്നു. പുള്ളി, കമ്പനിയിൽ നിന്നും അമ്പതിനായിരം രൂപ ലോൺ എടുത്തു. കുറച്ചു കഴിഞ്ഞു, വേറെ ഒരിടത്തു ജോലി കിട്ടിയപ്പോൾ ഇവിടെ നിന്നും രാജി വെച്ചു. ഒടുവിലത്തെ ദിവസം അമ്പതിനായിരം രൂപയും കൊണ്ട് ഓഫീസിൽ വന്നു. പക്ഷേ, ഒരു പ്രശ്നം. ഓഫീസിൽ ക്യാഷ് നേരിട്ടു വാങ്ങില്ല. ഓൺലൈൻ ആയി ട്രാൻസ്ഫർ ചെയ്തു കൊടുത്താൽ കുഴപ്പമില്ല. ഹരി എന്റെ സഹായം തേടി. ഭാഗ്യത്തിന് എന്റെ അക്കൗണ്ടിൽ അമ്പതിനായിരം രൂപ ഉണ്ടായിരുന്നു. ഞാൻ ട്രാൻസ്ഫർ ചെയ്തു കൊടുത്തു. ഹരിയുടെ അടുത്തു നിന്നും ക്യാഷ് വാങ്ങുകയും ചെയ്തു.

മനീഷ്: അമ്പതിനായിരം രൂപ അന്ന് ഒരു വലിയ തുകയല്ലേ? അച്ഛൻ അതും കൊണ്ട് അന്ന് വീട്ടിൽ സുരക്ഷിതമായി വെച്ചോ?

മഹേന്ദ്രൻ: അമ്പതിനായിരം രൂപ ഇന്നും അച്ഛന് വലിയ തുക തന്നെയാണ് മോനെ!

മനീഷ് തന്റെ അച്ഛനെ നോക്കി. രണ്ടു പേരും നിഷ്കളങ്കമായി പുഞ്ചിരിച്ചു.

മഹേന്ദ്രൻ തുടർന്നു: ഹീറോ ഹോണ്ട സ്‌പ്ലെൻഡറിന്, അന്ന് ഏതാണ്ട് അത്രയും വില ഉണ്ടായിരുന്നു. ഞാൻ ക്യാഷ് കൊടുത്തു ബൈക്ക് വാങ്ങി.

മനീഷ്: സംഭവം പൊളിയായിട്ടുണ്ട്! പക്ഷേ, നേരിട്ട് ക്യാഷ് കൊടുത്തു വാങ്ങുന്നത് അന്ന് സാധാരണയായിരുന്നോ?

മഹേന്ദ്രൻ: അല്ല. അതെ സമയം, അത്ര അസാധാരണവുമായിരുന്നില്ല.

മനീഷ്: ആ ബൈക്കിൽ വല്ല സാഹസികമായ കാര്യങ്ങളും നടത്തിയിരുന്നോ?

മഹേന്ദ്രൻ: അങ്ങനെയൊന്നുമില്ല മോനെ. ഞാനൊക്കെ ബൈക്ക് വാങ്ങിയത് ആവശ്യത്തിനാണ്. അല്ലാതെ, സാഹസികത കാണിക്കാനല്ല.

മനീഷ്: അത് അച്ഛൻ എനിക്കിട്ടു ഒന്ന് വെച്ചതാണല്ലോ. അച്ഛൻ ഓഫീസിൽ പോകാൻ മാത്രമേ ബൈക്ക് ഉപയോഗിച്ചുള്ളൂ? ഇടയ്ക്ക് എപ്പോഴെയെങ്കിലും സുഹൃത്തുക്കളുടെ കൂടെയോ മറ്റോ ഒരു ദീർഘ യാത്ര? ഒന്നും നടത്തിയിട്ടില്ലേ? അതിൽ എന്തെങ്കിലും ഒരു അനുഭവം?

മഹേന്ദ്രൻ: ഇപ്പോൾ ചിന്തിച്ചു നോക്കുമ്പോൾ ഒരു സംഭവം ഓർമ്മ വരുന്നു. നമ്മൾ നാലു പേരായിരുന്നു. സംഗീത്, നരേഷ്, സുമിത്, പിന്നെ ഞാനും. സംഗീതിന് “ഹോണ്ട യൂനികോൺ” എന്ന ഒരു ബൈക്ക് ഉണ്ടായിരുന്നു. സംഗീതും സുമിത്തും സംഗീതിന്റെ ബൈക്കിൽ. നരേഷും ഞാനും എന്റെ ബൈക്കിൽ.

മനീഷ്: അങ്ങനെ വരട്ടെ. എന്നിട്ട്?

മഹേന്ദ്രൻ: ഭക്ഷണത്തിന് നിർത്തി, വീണ്ടും യാത്ര തുടരുമ്പോൾ, സംഗീതിന് ഒരാശയം. ബൈക്കുകൾ പരസ്പരം ഒന്ന് മാറ്റി ഓടിച്ചല്ലോ എന്ന്.

മനീഷ്: അത് മോശമില്ലാത്ത ഒരു ആശയം തന്നെയാണ്. ഇരുത്തത്തിലും മറ്റും ഒരു വ്യത്യാസം ഉണ്ടാകും. ഒരു മടുപ്പ് തോന്നില്ല.

മഹേന്ദ്രൻ: ശരിയായിരിക്കാം. പക്ഷേ, അത് കുറച്ചു വലിയ വണ്ടിയായിരുന്നു. മാത്രമല്ല, എന്റെ വണ്ടി മാത്രം ഓടിച്ചു ശീലിച്ച എനിക്ക് ഒരു കൈവേഗം വരാൻ കുറച്ചു സമയം എടുത്തു. സംഗീതും സുമിത്തും മുന്നിലേക്ക് കുതിച്ചു. അവർക്കൊപ്പം എത്താൻ വേണ്ടി മുന്നിലെ ലോറിയെ കടത്താൻ വേണ്ടി ഞാൻ വണ്ടി വലത്തോട്ടേക്കെടുത്തു. പെട്ടെന്നതാ എതിർ ഭാഗത്തു നിന്നും, വൺവേ തെറ്റിച്ചു കൊണ്ട് വരുന്ന ഒരു ട്രക്ക്!

മനീഷ്: അച്ഛാ!

വിവരണത്തിൽ മുഴുകിയിരുന്ന മനീഷ് അലറുകയായിരുന്നു.

പെട്ടെന്നു തന്നെ, മനീഷ് തന്റെ അച്ഛന്റെ കൈയിൽ പിടിച്ചു.

മഹേന്ദ്രൻ മകന്റെ കൈ തലോടി കൊണ്ട് പറഞ്ഞു: ഇല്ല മോനെ, അച്ഛനൊന്നും പറ്റിയില്ല. അച്ഛൻ, ഏറ്റവും നല്ല ബൈക്ക് റൈഡർ ഒന്നുമായിരിക്കില്ല. പക്ഷെ, ദൈവം അച്ഛന് നല്ല റിഫ്ലക്സ്‌ തന്നിട്ടുണ്ട്. പെട്ടെന്നു തന്നെ, അച്ഛൻ ബൈക്ക് വെട്ടിച്ചു. അപകടം ഒഴിവാക്കി.

മനീഷ്: അല്ല, അച്ഛാ. ഏറ്റവും സേഫ് ഡ്രൈവർ ആയ അച്ഛൻ തന്നെയാണ് ഏറ്റവും നല്ല റൈഡർ. പിന്നെ, പഴയ വണ്ടികളോട് ഭ്രമമുള്ള ചില സുഹൃത്തുക്കൾ എനിക്കുണ്ട്. അച്ഛൻ ഓട്ടിയ ഇൻഡ് സുസുക്കി മുതൽ ഹോണ്ട യൂണികോൺ വരെ നമുക്ക് കണ്ടെത്താം. അതൊക്കെ ഒന്നു കൂടി ഓടിച്ചു നോക്കിയാലോ?

മഹേന്ദ്രൻ: (പുഞ്ചിരിച്ചു കൊണ്ട് ) വേണ്ട മോനെ. ബൈക്കുകൾ ഓടിക്കുന്നത് നിർത്തിയിട്ടു കുറച്ചായില്ലെ? അവയെ കുറിച്ച് ഇന്നു മോനോട് വർണിക്കുമ്പോൾ ഞാൻ കടന്നു പോയ ആ ഗൃഹാതുരത്വമില്ലേ? ആ നൊസ്റ്റാൾജിക് റൈഡുകൾ മതി ഇനി എനിക്ക്.

ബാംഗ്ലൂരിൽ ഐ ടി രംഗത്ത് ജോലി ചെയുന്നു. 2009-ൽ പ്രസിദ്ധീകരിച്ച "കൾച്ചർ ചെയ്ഞ്ച്" എന്ന ചെറുകഥാ സമാഹരണമാണ് ആദ്യത്തെ പുസ്തകം. പിന്നീട്,കുട്ടികളുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ കഥകൾ എഴുതുകയുണ്ടായി. 2020-ൽ പ്രസിദ്ധീകരിച്ച "ലോങ്ങ് സ്റ്റോറി ഷോർട്ട് - ടേർണിങ്ങ് ഫേമസ് ബുക്ക്സ് ഇൻടു കാർട്ടൂൺസ്" എന്ന പുസ്‌തകത്തിൽ ചിത്രകാരനായും രംഗത്തു വന്നു. മലയാളകഥകൾ ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.