ബുച്ചിബൂബൂ

അദ്ധ്യായം 1 

അങ്ങകലെ ഒരു കാടുണ്ട്‌. പകല്‍ പോലും ഇരുട്ടാണവിടെ. എപ്പോഴും ചീവീടുകളുടെ ഉറക്കെയുള്ള കരച്ചില്‍. കാടിന് നടുവിലൂടെ ഒരു പുഴ ഒഴുകുന്നുണ്ട്. പുഴ പോകുന്ന വഴിയിലൂടെ നടന്നാല്‍ ഒര ഗ്രാമത്തിലെത്താം. അവിടുത്തെ ജനങ്ങള്‍ക്ക് ഈ കാടിനെ ഭയമാണ്. ജീവിക്കാൻ ആവശ്യമുള്ളത് മാത്രമേ കാട്ടില്‍ നിന്നും അവരെടുക്കൂ. വേട്ടയും അതുപോലെതന്നെ. കാടിനെ നശിപ്പിക്കുന്ന ഒന്നും അവര്‍ ചെയ്യില്ല. കാടിനെക്കുറിച്ച് ചോദിച്ചാല്‍ അവരുടെ കണ്ണുകളില്‍ ഭയം തിളങ്ങുന്നത് കാണാം. ശബ്ദം താഴ്ത്തി അവര്‍ പറയും: ‘കാട്ടില്‍ നിന്നെടുത്തത് കാട് തന്നെ തിരിച്ചെടുക്കും. കാടിനോട്‌ അനീതി കാട്ടിയാല്‍ പകരം ചോദിക്കും. ഈ കാടിന് കണ്ണുണ്ട്. കാതുണ്ട്. ജീവനുണ്ട്..’

കിച്ചി നടത്തത്തിനു വേഗം കൂട്ടി. ഇരുട്ട് വീഴാറായിരിക്കുന്നു. തീറ്റിയന്വേഷിച്ചു നടന്നു കാടിന്റെ അറ്റം വരെ എത്തിയിരുന്നു. മാളത്തില്‍ കുഞ്ഞുങ്ങൾക്ക് വിശന്നു തുടങ്ങിയിട്ടുണ്ടാവും. തീരെ ചെറുതായത് കൊണ്ട് അവയ്ക്ക് പുറത്തിറങ്ങി തീറ്റ തേടാനാവില്ല. കുഞ്ഞുങ്ങളെ ഒറ്റക്കാക്കി കിച്ചി ഒരിടത്തേക്കും പോകാറുമില്ല. വിശപ്പ്‌ സഹിക്കാനാവാദി വരുമ്പോള്‍ മാത്രം പുറത്തിറങ്ങും. വേനലായത് കൊണ്ട് നല്ല പുല്ലു കിട്ടണമെങ്കില്‍ പുഴക്കരയിലേക്ക് പോകണം. അവിടെ നിന്നും തിരിച്ചു മാളത്തിലേക്ക് പുറപ്പെടുമ്പോഴേക്കും നേരമിരുട്ടി തുടങ്ങിയിരുന്നു. ഇരുട്ടാവുന്നതിനു മുന്‍പ് അവിടെ എത്തണം. വേട്ടയാടുന്ന മൃഗങ്ങളെ കിച്ചിക്ക് പേടിയില്ല. അവര്‍ കാട്ടുനിയമങ്ങള്‍ അനുസരിച്ചേ വേട്ട ചെയ്യുകയുള്ളൂ. വിശപ്പിനു വേണ്ടി മാത്രമേ മറ്റു മൃഗങ്ങളെ കൊല്ലുകയുള്ളൂ. ക്ഷമ ചോദിച്ചും തങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി സ്വന്തം ജീവന്‍ കളയേണ്ടി വന്ന മൃഗത്തിനോട് നന്ദി പറഞ്ഞും കൊണ്ടാണ് അവര്‍ വേട്ടയാടുക. ചത്തു പോയവരുടെ ശരീരം അവര്‍ക്ക് ജീവന്‍ കൊടുത്ത കാടിനുള്ളതാണ്. അവര്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണവും കാടിന് ജീവനുമാവുന്നു.

പക്ഷെ കാട്ടില്‍ മറ്റൊരു അപകടം പതിയിരിപ്പുണ്ട്. കാടിനു പുറത്തുനിന്നുള്ളത്. നിറം മാറുന്നവര്‍. കാടിന് പുറത്തു കൂട്ടമായാണ് ഇവര്‍ താമസിക്കുന്നത്. ചെന്നായ്ക്കളെ പോലെ, അത് മാത്രമാണ് അവർക്ക് മറ്റു മൃഗങ്ങളുമായുള്ള സാമ്യം. തലയില്‍ മാത്രം കുറച്ചു രോമം. പിൻകാലുകൊണ്ടാണ് നിൽക്കുന്നതും നടക്കുന്നതും. മുൻകാലുകള്‍ കൊണ്ട് അവർക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല എന്നുതന്നെ പറയാം. പക്ഷെ ഇതിലെല്ലാം വിചിത്രം അവരുടെ പുറംതോലാണ്. മറ്റു മൃഗങ്ങളുടെത് പോലെയല്ല, അവർക്കത്‌ ഊരി മാറ്റാം. അതിന്റെ നിറവും മാറ്റാം. കാട്ടിലേക്ക് കയറുമ്പോള്‍ അവരുടെ മുൻകാലുകളില്‍ ശബ്ദമുണ്ടാക്കുന്ന ഒരു വടിയുമുണ്ടാകും. അതു ഏത് മൃഗത്തിനു നേരെ പിടിച്ചാലും അത് ചത്ത്‌ വീഴും.

വിശപ്പില്ലാത്തപ്പോഴോ അപകടത്തിലാവുമ്പോഴോ അല്ലാതെയുള്ള സമയങ്ങളില്‍ പോലും മറ്റ് മൃഗങ്ങളെ ആക്രമിക്കുന്ന ഒരേയൊരു ജീവി ഒരു പക്ഷെ നിറം മാറുന്നവരായിരിക്കും. അവർക്ക് ഭയമില്ല. കാടിനോട്‌ സ്നേഹമില്ല. ആവശ്യമുള്ളതില്‍ കൂടുതല്‍ കാട്ടില്‍ നിന്നെടുക്കുന്നുണ്ട്. ചെടികള്‍ പോലും അവരുടെ ക്രൂരതയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ല. അവര്‍ പോയ വഴിയിലെല്ലാം ചതഞ്ഞരഞ്ഞതും കൊമ്പൊടിഞ്ഞതുമായ ചെടികള്‍ കാണാം. ശബ്ദമുണ്ടാക്കുന്ന വടി കൊണ്ട് പിടിക്കാന്‍ കഴിയാത്ത മൃഗങ്ങളെ അവര്‍ മാളത്തില്‍ നിന്നും പുകച്ചു ചാടിക്കും.

പിന്നെയും കിട്ടാത്തവരെ കാത്തു അവര്‍ പോകുന്ന വഴിയില്‍ വലിയ പല്ലുകള്‍ കിടപ്പുണ്ടാകും. അതില്‍ ചവിട്ടിയാല്‍ പല്ലടയും. പിന്നെ നിറം മാറുന്നവര്‍ വരുന്നവരെയുള്ള കിടപ്പാണ്. വിശപ്പും ദാഹവും സഹിച്ച്, മരണം കാത്ത്. പല്ലില്‍ നിന്നും ആകെ രക്ഷപ്പെട്ടിട്ടുള്ളത് കടുവക്കുറുക്കൻ  മാത്രമാണ്. കടുവ എന്ന് വിളിപ്പേരുള്ള കുറുക്കനാണ് കടുവക്കുറുക്കൻ. നിറംമാറുന്നവരെ അവന് പേടിയാണെങ്കിലും, തോൽപ്പിക്കാം എന്ന വിശ്വാസമുണ്ട്‌. കാട്ടിലെ മുതിർന്നവര്‍ പറയുന്നത് പല്ലിലെ വിഷം ചോരയില്‍ കയറി അവന് പേ പിടിച്ചതാണെന്നാണ്. അവനെപ്പോലുള്ളവരുടെ എണ്ണം വളരെ കുറവാണ്. അവനെപ്പോലെ ആകണം എന്ന് പലര്‍ക്കും ആഗ്രഹമുണ്ട്. പക്ഷെ, പേ പിടിച്ചവന്‍ എന്ന പേര് കിട്ടിയ മൃഗം പിന്നെ ഒറ്റക്കാണ്. ഒറ്റയ്ക്ക് ഇര തേടണം. അസുഖം വന്നാല്‍ പോലും സ്വയം ചികിത്സിക്കണം. ഒറ്റക്കാവുമെന്ന പേടിയില്‍ എല്ലാവരും ഭൂരിഭാഗത്തെപ്പോലെ നിറം മാറുന്നവരെ പേടിച്ചു കഴിയുന്നു. തന്നെയും കൊമ്പന്‍ പന്നിയെയും പോലെ ചിലര്‍ മാത്രമാണ് അവനോട് മിണ്ടാനെങ്കിലും ധൈര്യപ്പെടുന്നത്.

ഓരോന്ന് ആലോചിച്ച് ഓടുന്നതിനിടയില്‍ കുറ്റിക്കാട്ടില്‍ അവളെ നോക്കിയിരിക്കുന്ന നാല് കണ്ണുകള്‍ അവള്‍ കണ്ടില്ല. എതിരെ വന്ന കാറ്റില്‍ അവരുടെ മണം കിട്ടുമ്പോഴേക്കും നിറം മാറുന്നവന്റെ‍ വടി ശബ്ദിച്ചിരുന്നു. കാലിലൂടെ ഒരു വേദന. വേട്ടപ്പട്ടികളുടെ കുര കേട്ട് പേടിച്ച അവള്‍ക്ക് ഓടാന്‍ പോലുമായില്ല. നിറം മാറുന്നവന്‍ വന്ന് അവളെ കാലില്‍ തൂക്കിയെടുത്തു സഞ്ചിയിലേക്കിടുമ്പോള്‍ അവളുടെ ചൂട് മാറിയിരുന്നില്ല. വേട്ടപ്പട്ടികളെ കൂട്ടി അയാള്‍ അടുത്ത ഇരയെത്തേടി നടന്നു.

മരത്തിന്‍റെ ഇലകള്‍ക്കിടയിലൂടെ സികപ്പൻ അണ്ണാന്‍ നിറം മാറുന്നവരുടെ താവളങ്ങളില്‍ നിന്നും പുക ഉയരുന്നത് നോക്കിയിരുന്നു. പല തരങ്ങളിലുള്ള നിറം മാറുന്നവര്‍ പല കാര്യങ്ങള്‍ ചെയ്യുന്നു. അവടെ ഇപ്പോള്‍ കൂടുതലും പിടകളും കുട്ടികളും വയസ്സന്മാരുമാന് ഉള്ളത്. ആണുങ്ങൾ അവര്‍ വേട്ടയാടി കൊന്ന മൃഗങ്ങളെയും കൊണ്ട് പുഴക്കരികില്‍ ഇരിക്കുന്നുണ്ട്‌. അവര്‍ ആ മൃഗങ്ങളുടെ തോലുരിയും. കുടലും കരളുമെല്ലാം വെള്ളത്തിലേക്ക്‌ തന്നെ എറിയും. ഇറച്ചി മാത്രമെടുക്കും. എല്ലാം കഴുകിയാല്‍ പിന്നെ തോലും ഇറച്ചിയും പാറകളില്‍ വച്ചുണക്കും.

ഇവിടെനിന്നും നോക്കിയാല്‍ നിറം മാറുന്നവരുടെ താവളങ്ങള്‍ക്ക് അടുത്ത് ഇറച്ചി മരങ്ങള്‍ കാണാം. ഇറച്ചികഷണങ്ങള്‍ അതില്‍ തൂങ്ങി ആടുന്നു. ആ മരങ്ങളുടെ ചുവട്ടില്‍ പുകയിട്ടിരിക്കുന്നു. ആവശ്യത്തിനു മാത്രമേ കാട്ടില്‍ നിന്ന് എന്തും എടുക്കാവൂ. കൊന്നു തിന്നുന്ന മൃഗങ്ങള്‍ തങ്ങളുടെ ഇരയുടെ ഒരു ഭാഗവും കളയാന്‍ പാടില്ല. നിറം മാറുന്നവർക്ക് കാട്ടുനീതിയില്ല. അവര്‍ക്കിഷ്ടമുള്ളപ്പോള്‍ വെറുതെ കാട്ടില്‍ കയറി മൃഗങ്ങളെ കൊല്ലും. ചെടികളെ ചവിട്ടിയരക്കും. പുഴുക്കളെ പോലും വെറുതെ വിടില്ല. കാടില്ലാതാവുന്ന വരെ അവരുടെ ശല്യം തുടരും. കാട്ടില്‍ പേടിയില്‍ ജീവിക്കാത്ത മൃഗം ഒന്ന് പോലുമില്ല. പേടി കാരണം കാട്ടുബുദ്ധി പോലും പ്രയോഗിക്കാന്‍ പോലും പലരും മറക്കാറുണ്ട്. അങ്ങിനെയാണ് കൂടുതല്‍ മൃഗങ്ങളും  അപകടത്തില്പ്പെടുന്നത്. രക്ഷപ്പെടാനറിയാഞ്ഞിട്ടല്ല. രക്ഷപ്പെടാന്‍ മറന്നിട്ട്.

കാട്ടിലുള്ളവര്‍ക്ക് നിറം മാറുന്നവരെക്കാള്‍ കൂടുതല്‍ അറിവുണ്ട്. നിറം മാറുന്നവര്‍ക്ക് കാട്ടിലൂടെ ഒന്ന് ശബ്ദമില്ലാതെ നടക്കാന്‍ പോലുമറിയില്ല. എന്നിട്ടും കാട്ടിലുള്ളവര്‍ക്ക് അവരെ പേടിയാണ്‌. പേടി കാരണം ഇര തേടാനും അത് തിന്നാനും ഒളിച്ചിരിക്കാനുമല്ലാതെയുള്ള കാട്ടറിവുകളും കാട്ടുബുദ്ധിയും കൂടുതല്‍ പേര്‍ക്കും എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. കാട്ടുകൂട്ടത്തില്‍ തന്നെ ഇപ്പോള്‍ എല്ലാവരും തമ്മില്‍ തര്‍ക്കങ്ങളും വഴക്കും കൂടി വരികയാണ്. കാട്ടിലെ കൂടുതല്‍ പേരും ജീവിച്ചിരിക്കുവോളം, പേടിയില്‍, നിറംമാറുന്നവരില്‍ നിന്നും ഒളിച്ചു ജീവിക്കുകയാണ് ഒരേയൊരു വഴി എന്ന് കരുതുന്നവരാണ്.

വളരെ ചെറിയൊരു കൂട്ടം മാത്രം ശത്രുവിനെ നേരിടാനുള്ള മാര്‍ഗം തെളിഞ്ഞു വരും എന്നു പ്രതീക്ഷിക്കുന്നു. നിറം മാറുന്നവര്‍ കാട്ടിലേക്ക് കയറുന്നതിനു മുന്‍പ് സ്വയം രക്ഷിക്കാന്‍ വഴികള്‍ ആലോചിക്കുന്നവരുമാണ്. രണ്ടു കൂട്ടരും തമ്മില്‍ എല്ലാ കാട്ടുകൂട്ടത്തിലും വഴക്കാണ്. അതിരുകളിലുള്ള കാവലിനെച്ചൊല്ലിയും കാട് രണ്ടായിരുന്നു. ഇപ്പോഴുള്ളതില്‍ നിന്നും രക്ഷയില്ല എന്നതുകൊണ്ട്‌ എന്ത് ചെയ്തിട്ടും കാര്യമൊന്നുമില്ല എന്നുള്ളവര്‍ ഒരു വശത്ത്. ശത്രുവിനോടുള്ള ഭയമാണ് തങ്ങളുടെ ജീവന് നേരെയുള്ള ഏറ്റവും വലിയ ആപത്തെന്നു വിശ്വസിക്കുന്നവര്‍ വേറൊരു വശത്ത്.

അവസാനം കാവല്‍ വേണം എന്ന് പറഞ്ഞ കുറച്ചു പേര്‍ മാത്രം ഒറ്റപ്പെട്ടു. അവരാണ് ഉയിര് കൊടുത്തിട്ടാണെങ്കിലും കാടിന് ആപത്തു വരരുതെന്ന് കരുതി കാവല്‍ നിൽക്കുന്നത്. അവരാണ് കടുവയെ കാട്ടുകൂട്ടങ്ങളിലെക്ക് തിരിച്ചു കൊണ്ട് വരാന്‍ ശ്രമിക്കുന്നത്. നിറം മാറുന്നവരില്‍ നിന്നും രക്ഷപ്പെട്ടയാള്‍ക്ക് മറ്റു മൃഗങ്ങളെ രക്ഷിക്കാനായില്ലെങ്കിലും, പൊരുതാനുള്ള ധൈര്യമെങ്കിലും കൊടുക്കാനാവും. പേടിത്തൊണ്ടന്മാരായ ഒരുപാട് കടുവകളെക്കാളും ഭേദമാണ് പേടിയില്ലാത്ത, പേരില്‍ മാത്രം കടുവയുള്ള ആ കുറുക്കന്‍.

വേട്ടപ്പട്ടികളുടെ ഓരിയിടല്‍ സികപ്പന്റെ ചിന്തകളെ മുറിച്ചു. അപകടം! നിറം മാറുന്നവരുടെ വരവ് മറ്റു കാവൽക്കാരെ അറിയിക്കാന്‍ അവന്‍ മരങ്ങളിലൂടെ ഓടി. മഴ പെയ്തോഴിഞ്ഞിട്ടു രണ്ടു പകലുകളെ ആയിട്ടുള്ളൂ. കാട്ടിലെ മൃഗങ്ങളെല്ലാം മാളങ്ങളിലും പൊത്തുകളിലും ഗുഹകളിലും മരങ്ങള്‍ക്ക് മുകളിലും വിറച്ചിരുന്നു. അവിടിവിടെ കിളികള്‍ കരഞ്ഞു തുടങ്ങിയിട്ടുണ്ട്. ചീവീടുകളുടെ നിര്‍ത്താത്ത മൂളല്‍ മാത്രമാണ് കാട്ടില്‍ മുഴങ്ങി കേള്‍ക്കുന്നത്. വീണുനനഞ്ഞ ഇലകളുടെ മുകളിലൂടെ ഒരു കാട്ടെലിക്കുഞ്ഞ്‌ നടന്നു. അവനു തല്‍ക്കാലത്തേക്ക് മഴയില്‍ ഒലിച്ചു പോവാത ഒരു മാളം വേണം. കഴിഞ്ഞു പോയ വലിയ മഴയില്‍ പുഴക്കരയിലുണ്ടായിരുന്ന അവന്റെ മാളവും  അതിനുള്ളിലുണ്ടായിരുന്ന  എല്ലാവരും ഒലിച്ചു പോയിരുന്നു. ഒരു വേരില്‍ തടഞ്ഞ അവന്‍ മാത്രമാണ് രക്ഷപ്പെട്ടത്.

കുറേ നടന്നപ്പോള്‍ ഒരു ഉയര്‍ന്ന സ്ഥലത്ത് വലിയൊരു കാട്ടുമാവ്‌ നില്‍ക്കുനതു കണ്ടു. അവന് ആ മരം ഇഷ്ടമായി. മരത്തിനു ചുറ്റും അവന്‍ നടന്നു. കരിയിലകള്‍ക്കിടയില്‍ ഒരു മാളമുണ്ട്. മൃഗങ്ങള്‍ താമസിക്കുന്നിടമായിരുന്നെങ്കില്‍ ഇലകള്‍  നീങ്ങിയിരുന്നെനെ. അവന്‍ അകത്തേക്ക് കയറി. ഇറച്ചി ചീഞ്ഞു നാറുന്ന മണം മൂക്കിലേക്കടിച്ചു വന്നടിച്ചു. അവന്‍ മണത്തിനു നേരെ നടന്നു. മൂന്നു മുയല്‍ക്കുഞ്ഞുങ്ങളാണ്. ഇവരുടെ അമ്മ എവിടെപ്പോയ്?അവന്‍ മാളത്തിനു പുറത്ത് ഒരു  കുഴിയുണ്ടാക്കി. ഓരോ മുയല്‍ക്കുഞ്ഞിനെയും വലിച്ചു കുഴിയിലിടുമ്പോള്‍ അവന്‍ തന്റെ അമ്മ പഠിപ്പിച്ച പാട്ട് ഉരുവിട്ടു:

‘കാട്ടില്‍നിന്നുള്ളത് കാട്ടിലേക്ക്

കാട്ടില്‍ നിന്നെടുത്തതും കാട്ടിലേക്ക്.

കാട് തന്ന ജീവനും കാട്ടിലേക്ക്.’

അവസാനത്തെ മുയൽക്കുട്ടിയെ കടിച്ചെടുത്തതും അതൊന്നനങ്ങി. അവന്‍ അതിനെ താഴെയിട്ടു. ജീവനുണ്ട്. അവൻ അതിന്‍റെ ശരീരം നക്കി തുടച്ചു. തന്റെ ശരീരം കുടഞ്ഞ് അതിന്റെ ചുണ്ടിലേക്ക് വെള്ളം തെറിപ്പിച്ചു. ആഴം കുറഞ്ഞ ഒരു കുഴിയുണ്ടാക്കി അതിനെ കിടത്തി കരിയിലകള്‍ കൊണ്ടവന്‍റെ ശരീരം മൂടി. പെരുച്ചാഴിക്കുഞ്ഞ്‌ മുയല്‍ക്കുഞ്ഞിനു കാവലിരുന്നു. ബുച്ചിയെന്നായിരുന്നു അവന്റെ പേര്. തന്റെ പേരിനോട് ചേര്‍ന്ന ഒരു പേര് അവന്‍ മുയല്‍ക്കുഞ്ഞിനുമിട്ടു. എന്നിട്ടവന്‍ അത് പറഞ്ഞു നോക്കി. ബൂബൂ.. അവന്‍ തന്റെ പേരിനോട് ചേര്‍ത്ത് ആ പേര് ഉരുവിട്ടു. ബുച്ചിബൂബൂ.

പകലുകളും രാത്രികളും വന്നു പോയി. ബൂബുവിന്റെ ആരോഗ്യം മെച്ചപ്പെട്ടു തുടങ്ങി. ബുച്ചി ഇര തേടാനിറങ്ങുമ്പോള്‍ ബൂബുവിനുള്ള കാട്ടു പഴങ്ങളും കൊണ്ടു വന്നു. അവന്‍ കാട്ടിലുള്ള മറ്റു മൃഗങ്ങളുടെ  വര്‍ത്തമാനത്തില്‍ നിന്ന് നിറം മാറുന്നവര്‍ എന്ന ഭീകര ജീവിയെപ്പറ്റി കേട്ടിരുന്നു. ഏതു മൃഗത്തെയും കൊന്നു തിന്നുന്ന മൃഗങ്ങളാണ്. അവരെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന കഥകള്‍ കേട്ട് ബൂബുവിനെ അവന്‍ അധികം പുറത്തേക്ക് വിടില്ല.

നിറം മാറുന്നവര്‍ എന്ന ജീവികളെക്കുറിച്ച് ബൂബുവും പേടിപ്പിക്കുന്ന കഥകള്‍ കേട്ടിട്ടുണ്ട്. എല്ലാ മൃഗങ്ങള്‍ക്കും പേടി കാരണം പുറത്തിറങ്ങാന്‍ പോലും മടിയാണ്. പുല്ലും ഇലയും പഴങ്ങളും തിന്നുന്നവര്‍ക്ക് പിന്നെയും രക്ഷയുണ്ട്; എന്തെങ്കിലും കിട്ടും. വേട്ടയാടുന്നവരുടെ കാര്യമാണ് കഷ്ടം. പുറത്തിറങ്ങിയില്ലെങ്കില്‍ അവര്‍ക്ക് ഇരയെ കിട്ടില്ല. പുറത്തിറങ്ങിയാല്‍ ഒരു പക്ഷെ തിരിച്ചു വന്നെന്നും വരില്ല. അവര്‍ ഇര തേടിയില്ലെങ്കില്‍ കാട്ടില്‍ പുല്ലു തിന്നുന്നവര്‍ പെറ്റു പെരുകും. അവരില്ലാതാവുകയും ചെയ്യും. പുല്ലു തിന്നുന്നവര്‍ പെരുകിയാല്‍ കാടിനെ മൊത്തം അവര്‍ തിന്നു തീര്‍ക്കും . കാടില്ലാതായാല്‍ പിന്നെ ആരുണ്ടാവും?

വേട്ടക്കാര്‍ തന്നെ ഇരയാണിവിടെ. മറ്റെല്ലാ മൃഗങ്ങളെയും പോലെ ബുച്ചിബൂബുവും ആ കാട്ടില്‍ ഭയത്തില്‍ ജീവിക്കാന്‍ പഠിച്ചു.

(അടുത്ത വ്യാഴാഴ്ച അദ്ധ്യായം 2:   പെരിയോര്‍ വൈത്തിയര്‍ )

ഷെയർഅനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നിയമ ബിരുദധാരിയാണ്. ബുച്ചിബൂബൂ ആദ്യത്തെ നോവൽ. തൃശ്ശൂർ സ്വദേശി. ഇപ്പോൽ കൊച്ചിയിൽ താമസം.