പ്രാർത്ഥനകൾ

ഒരു മണ്ഡലക്കാലം
പ്രായം തികഞ്ഞ
ആയിരം ഇറച്ചിക്കോഴികൾ
കർത്താവിനോട്
മുട്ടിപ്പായി പ്രാർത്ഥിച്ചു
ഉടയവനേ ഞങ്ങളെ,
മുട്ടുകളറുത്ത്
കാത്തു കൊള്ളേണമേ!

ചിക്കൻ ഫാമിനടുത്ത്
ഇറച്ചിക്കട നടത്തുന്ന
ഇട്ടൂപ്പ് മാപ്പിള
തിരുഹൃദയത്തിനു മുന്നിൽ
മെഴുകുതിരി കൊളുത്തിക്കൊണ്ട്
ഇതേ പ്രാർത്ഥന നടത്തുകയും
കത്തി മൂർച്ച കൂട്ടുകയും ചെയ്യുമ്പോൾ….
ദൈവമേ ,
ഇതിലാരുടെ  പ്രാർത്ഥനയാവും
അങ്ങ് കൈക്കൊള്ളുന്നത് ?

കോഴിക്കോട് ജില്ലയിലെ മൊകേരി സ്വദേശി. ഇപ്പോള്‍ ചൊക്ലിയിൽ താമസിക്കുന്നു. നരിപ്പറ്റ, രാമർനമ്പ്യാർസ്മാരക ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ആനുകാലികങ്ങളിലും,നവമാധ്യമങ്ങളിലും എഴുതുന്നു. കന്യാസ്ത്രീകള്‍,ഓർമ്മമരം എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.