പ്രദീപൻ പാമ്പിരിക്കുന്നിൻ്റെ നോവൽ : എരി – ഒരു കീഴാള വായന

കീഴാളസ്വത്വത്തിലേക്ക് സ്വാതന്ത്ര്യബോധത്തിൻ്റെയും ജ്ഞാന തൃഷ്ണയുടെയും മന്ത്രപ്പൊടികൾ വാരി വിതറിക്കൊണ്ട് ദലിത് സംസ്കാരിക ഭൂമികയിൽ ഉണർവ്വും സ്വത്വവും കണ്ടെത്താനുള്ള അന്വേഷണത്തിൽ ഒടിവിദ്യയും അത്ഭുത സിദ്ധികളുമുള്ള പറയനായ എരിയെ നായകസ്ഥാനത്ത് പ്രതിഷ്ഠിച്ച പ്രദീപൻ: കടങ്കഥകളിൽ നിന്ന്, അമ്പലപ്പറമ്പുകളിൽ നിന്ന്, കൊട്ടിക്കയറുന്ന വാദ്യമേളങ്ങളിൽ നിന്ന്, ദൂരെ ദൂരെ വഴിമാറി നടന്നിരുന്ന പൂർവികരുടെ ഓർമ്മകളിൽ നിന്ന് കീഴാള സംസ്കൃതിയുടെ ചിന്തുകൾ ഒപ്പിയെടുത്ത് ജ്ഞാനത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ജാതിയില്ലായ്മയിലേക്കുമുള്ള പറയ കുലത്തിൻ്റെ വഴുക്കൽ നിറഞ്ഞ തീണ്ടൽവഴികളിൽ പ്രത്യാശയുടെ, ഭാവിയുടെ തിരിനാളമായി എരിഞ്ഞു നിൽക്കുന്നു പ്രദീപൻ്റെ എരി എന്ന നോവൽ.

ജയമോഹൻ്റെ നൂറു സിംഹാസനങ്ങൾ തേങ്ങലും കണ്ണീരുമൊഴുക്കി കടന്നു പോകുമ്പോൾ പ്രദീപൻ്റെ എരിയിൽ ചരിത്രത്തിലെ നീതികേടിനോടുള്ള പ്രതിഷേധവും നവലോകത്തിൻ്റെ പ്രത്യാശയും എരിഞ്ഞു കൊണ്ടിരിക്കുന്നു. പി.വത്സല കഴിഞ്ഞാൽ ദലിത് സാഹിത്യത്തിൽ പാദമുദ്ര പതിപ്പിച്ച എഴുത്തുകാരിൽ മുൻപന്തിയിലുള്ളവരാണ് ഇരുവരും.

തെറുത്തു കെട്ടിയ ചൂട്ടിലെരിയുന്ന തീ പോലെ പ്രദീപൻ്റെ ഭാഷ ആളിനിൽക്കുന്നു. അതിൻ്റെ സ്ഫുരണങ്ങൾ പറയരടങ്ങുന്ന കീഴാളരുടെ ആകാശത്തിൽ നക്ഷത്രമായി കാലങ്ങളിൽ തിളങ്ങി നിൽക്കുമെന്നും ആ തരി വെട്ടത്തിൽ നിന്ന് പുതിയ ലോകത്തിലേക്കുള്ള വഴി തെളിയുമെന്നും. ചൂട്ടിൻ്റെയും പന്തത്തിൻ്റെയും വെളിച്ചത്തിൽ, ചുവന്ന പട്ടിൽ വെട്ടിത്തിളങ്ങിനിന്ന ചാപ്പൻ കോമരവും, കോമരത്തിൻ്റെ മിന്നുന്ന വാൾത്തലയിൽ പ്രതിഫലിക്കുന്ന ദേവിയും, ദേവിയെ അതിശയിക്കുന്ന ജാനുവിൻ്റെ രൂപ സൗകുമാര്യവും ചേർന്ന് കീഴാള സൗന്ദര്യാസ്വാദനം ഉണർത്തി വിടുന്ന പ്രണയബോധ്യങ്ങളെ ഭാഷ അതിൻ്റെ എല്ലാ ചമയങ്ങളോടും കൂടി ഒരുക്കി നിർത്തുന്നു.

പ്രദീപന്‍ പമ്പിരിക്കുന്ന്


വഴിയുടെയും വെള്ളത്തിൻ്റെയും വെളിച്ചത്തിൻ്റെയും വസ്ത്രത്തിൻ്റെയും ആഹാരത്തിൻ്റെയും സ്വാതന്ത്ര്യത്തിലേക്ക് നടന്നടുക്കുവാൻ, ആരാലും പറയപ്പെടാത്തവരും കേൾക്കപ്പെടത്തവരും കാണപ്പെടാത്തവരുമായ പകൽ പുറത്തിറങ്ങാൻ ഭയപ്പെട്ടു നിന്നവരുമായ പറയകുലത്തെ ഉദയസൂര്യൻ്റെ ചെങ്കതിരണിയിച്ച് ഉച്ചസൂര്യൻ്റെ തീജ്വാലയൂട്ടി ഒറ്റപ്പെടുത്തലിൻ്റെ മലമുകളിൽ നിന്ന് കൂട്ടിച്ചേർക്കലിൻ്റെ സമതലങ്ങളിലേക്ക് ആയിരമായിരം തുടികൾ കൊട്ടിക്കയറ്റിയ ചുവടുകളുമായി മേൽജാതികളുടെ കാഴ്ചകളിലേക്ക് നടന്നു കയറുവാൻ, മരങ്ങളെയും മലകളെയും പുഴകളെയും കാറ്റിനെയും സാക്ഷിയാക്കി കീഴാള പരമ്പരകളെ തീണ്ടലിൻ്റെ കാടകങ്ങളിൽ നിന്ന് വർത്തമാനത്തിൻ്റെ സമതലങ്ങളിലേക്ക് നയിച്ചുകൊണ്ടു വരുന്ന മനീഷിയാകുന്നു നായരോടും തിയ്യരോടും ഏകനായി ചെന്നു യുദ്ധം ചെയ്ത, എരി.

പിന്നാമ്പുറങ്ങളിൽ നിന്ന് പിന്നാമ്പുറങ്ങളിലേക്ക് ഒളിഞ്ഞും തെളിഞ്ഞും ജന്മങ്ങളിൽ അലഞ്ഞ്, ജീവിത്തിൻ്റെ ചെളി പിടിച്ച രാവുകളെ വാരി കണ്ണുകളിൽ തേച്ച് ഇരകൾക്കുമിരകളായി, നാവ് കുഴിഞ്ഞ വയറിലേക്കിറക്കി നിന്നിരുന്ന കോലങ്ങളുടെ കണ്ണുകളിൽ മഷിയെഴുതി നീറ്റിയെരിച്ച് വെളിച്ചമിറ്റിയ എരി കത്തിച്ചു വച്ച തിരിവെട്ടം ചരിത്രത്തിൽ കീഴാളരുടെ മേൽ മനുഷ്യകുലം കാണിച്ച കൊടിയ അനീതികൾ തുടച്ചു നീക്കപ്പെടുന്ന കാലം വരെ എരിഞ്ഞുനിൽക്കും. ജാതീയതയുടെ, തീണ്ടലിൻ്റെ, അസമത്വത്തിൻ്റെ, അന്യതാവൽക്കരണത്തിൻ്റെ, വരേണ്യതയുടെ നെരിപ്പോടുകളിൽ സ്വാതന്ത്ര്യത്തിൻ്റെ ഉലയിലെ തീക്കാറ്റേറ്റു കീഴാളരുടെ ആത്മദ്വേഷം ഇപ്പോഴും എരിഞ്ഞു കൊണ്ടിരിക്കുന്നു എന്നതാണ്, എരിയിലെ ഗവേഷകൻ കണ്ടെത്തിയ എരിയോലയിലെ,

എരിയാതെ നിർത്തേണമെന്നുമെന്നും
എരിയെന്നിൽ വാഴുന്ന കാലത്തോളം

എന്ന വരികളിൽ നിറയുന്നത്.

നാട്ടുകഥകളിലൂടെ നടവഴികളിലൂടെ തനതു വായ്മൊഴികളിലൂടെ ഭാഷയുടെ ഉത്സവത്തിലൂടെ ഒരു വിപ്ലവം പോലെ വരികളിൽ പ്രകാശമായി നിൽക്കുന്നു, പ്രദീപൻ.

പ്രദീപൻ്റെ ആദ്യ നോവലാണ്, അവസാനത്തേതും.2016-ൽ ഒരു വാഹനാപകടത്തിൽ പ്രദീപൻ യാത്രയായി. ചില ജീവിതങ്ങൾക്ക് ചില നിയോഗങ്ങളുണ്ടെന്നും അവയെ സാഫല്യത്തിൽ വരുത്തേണ്ടത് അവരുടെ കർത്തവ്യമാണെന്നും നോവലിസ്റ്റ് പറയുന്നു. ചരിത്രം എഴുത്താണിയും ഓലയുമായി അവരെ പിൻപറ്റി ഭാവിക്ക് സുന്ദരമായ രോമാഞ്ചമണിയിക്കുന്ന നിറച്ചാർത്തുകൾ സമ്മാനിക്കുന്നു.

നോവൽ അവസാനിക്കുന്നത്, ഞാൻ എഴുതാൻ തുടങ്ങി എന്ന വാചകത്തിലൂടെയാണ്. തലമുറകളിലൂടെ പ്രദീപൻ എഴുതിക്കൊണ്ടേയിരിക്കും.

എസ്.പി, ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ, കേരള. പ്രസിദ്ധീകരിച്ച കൃതികൾ : സഖീ ഞാൻ മടങ്ങട്ടെ (കവിതകൾ), നാവു ദഹനം (കവിതകൾ), ഇവിടെയൊരാളുണ്ട് (കവിതകൾ), ജനിക്കാത്തവരുടെ ശ്മശാനം (കഥാസമാഹാരം ), മൈ സ്റ്റോറി - (യു എ ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ആത്മകഥയുടെ മലയാളം പരിഭാഷ).