പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! – 6

05/08/2022

ഇന്നത്തെ യാത്ര വളരെ ചെറിയ ദൂരത്തിൽ മാത്രം! പക്ഷെ വിലമതിക്കാനാവാത്ത അറിവും കാഴ്ചയും പകർന്നു തന്നൊരു യാത്ര. വെർണയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ പരിചയപ്പെടുത്താനായി മാർട്ടിനും ഞങ്ങളോടൊപ്പം വന്നു.

കേരളത്തേക്കാൾ വളരെ ചെറിയൊരു സ്ഥലമായ ഗോവയിൽ പുതിയ വ്യവസായികളെ കൈനീട്ടി സ്വീകരിക്കാനായി നീക്കി വച്ചിരിക്കുന്നത് 10000 ൽ അധികം ഏക്കർ സ്ഥലമാണ്. ലോകത്തിലെ വൻകിട കമ്പനികളുടെയെല്ലാം സാന്നിദ്ധ്യം ഇവിടെയുണ്ട്. സിപ്ള, സീമെൻസിന്റെ മൂന്നു കമ്പനികൾ, ബെൻസ്, ഔഡി, IFB, BMW, Finolex, ഫൈസർ, Chowgule and company Private Limited Shipping Company, ടാറ്റാ മോട്ടോഴ്സ്, ഭാരത് ബെൻസ്, CommScope തുടങ്ങിയ നിരവധി കമ്പനികൾ ഇവിടെ നന്നായിത്തന്നെ പ്രവർത്തിക്കുന്നുണ്ട്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ളയുടെ ഒരു കോളേജും ഇവിടെ പ്രവർത്തിക്കുന്നു. കോളേജിൽ ഉയർന്ന നിലവാരം പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് അവിടെത്തന്നെ നിയമനവും ലഭിക്കുന്നു. അമേരിക്കൻ കമ്പനിയായ Commscope ലേക്ക് ചില പ്രത്യേക തരത്തിലുള്ള ഐറ്റങ്ങൾ മാർട്ടിൻ സപ്ളൈ ചെയ്യുന്നുണ്ട്. എല്ലാം എണ്ണയിട്ട പോലെ പ്രവർത്തിക്കുന്ന അനുകരണീയമായ ഒരു ഭരണസംവിധാനം ഇവിടുണ്ട്.

കേരളത്തിൽ ആകെപ്പാടെ 10000 ഏക്കർ സ്ഥലമെങ്കിലും വ്യവസായികൾക്കായി നീക്കി വച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്.

കേരളത്തിൽ ഒരു എക ജാലക സംവിധാനം വഴി വ്യവസായങ്ങൾക്ക് അനുവാദം നൽകി അവർക്ക് വേണ്ടതെല്ലാം കൊടുക്കാൻ അതാത് കാലങ്ങളിലെ ഭരണകർത്താക്കൾ ശ്രമിച്ചിട്ടുണ്ടോ? ആദ്യം തന്നെ Gl പൈപ്പിലുയർത്തുന്ന പാർട്ടി കൊടികളായിരിക്കും ആ പാവം വ്യവസായിക്ക് കാണാൻ കഴിയുക. വലിയ താമസമില്ലാതെ അത് പൂട്ടുകയോ പൂട്ടിക്കുകയോ ചെയ്യുമെന്ന് ഉറപ്പ്! അയാൾ അന്യസംസ്ഥാനങ്ങളിലെവിടെയെങ്കിലും ചേക്കേറുന്നതോടുകൂടി അവന്റെ തൊഴിൽ പ്രശ്നങ്ങൾ അവസാനിക്കുകയും ചെയ്യും. സമരം ചെയ്ത് പൂട്ടിച്ച കമ്പനികളുടെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും നമ്മുടെ മുമ്പിലുണ്ടല്ലോ!

പിന്നെ പോയത്, ബിഗ് ഫുട്ട് എന്ന, ഗോവൻ തനിമ വിളിച്ചു പറയുന്ന കാഴ്ചകളിലേക്കാണ്. പഴയ ഗോവയുടെ ചരിത്രം മനസിലേക്ക് തറച്ചു കയറ്റുന്ന അതിമനോഹരമായ സൃഷ്ടികൾ നമ്മെ അത്ഭുതപരതന്ത്രരാക്കും. അത് കണ്ടു തീർക്കാൻ തന്നെ ഏറെ സമയം വേണ്ടി വന്നു. വാസ്തുശില്പകലയുടെ കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന ശില്പി മനേന്ദ്ര രൂപപ്പെടുത്തിയ സാന്റ് മീരാബായിയുടെ ഒറ്റപ്പീസ് വെട്ടുകല്ലിൽ 30 ദിവസം കൊണ്ട് പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും വലിയ ശില്പം (14 M X 5 M) നമ്മെ അതിശയിപ്പിക്കുക തന്നെ ചെയ്യും.

ഗോവയിലെ, ആളുകളെയും വാഹനങ്ങളെയും കയറ്റി അക്കരെയിക്കര കടത്തുന്ന ഫെറി സർവീസിലെ സൗജന്യ യാത്ര ആസ്വദിച്ചേ മതിയാവൂ. ബൈക്കും കയറ്റിയുള്ള ഫെറിയിലെ ആ അര മണിക്കൂർ യാത്ര ഒരിക്കലും മറക്കാൻ കഴിയില്ല.

ഫെറി യാത്ര കഴിഞ്ഞപ്പോൾ സമയം മൂന്നടുക്കാറായി. നേരെ പനാജിയിലേക്ക്! വിശപ്പ് മുറവിളി കൂട്ടിയപ്പോൾ അവസാന ദിവസം നല്ലൊരു ഫുഡ് കഴിക്കാമെന്ന ആഗ്രഹത്തോടെ ഒരു മലയാള ഹോട്ടൽ ഗൂഗിളിൽ തപ്പി നടന്നു, കണ്ടെത്തി! പത്തനംതിട്ടക്കാർ നടത്തുന്ന മല്ലു റിപ്പബ്ളിക്ക് എന്ന നല്ല വൃത്തിയും വെടിപ്പും പെരുമാറ്റവുമുള്ള ഹോട്ടൽ! വായിൽ തോന്നിയതെല്ലാം ഓർഡർ ചെയ്തു! പക്ഷെ, ഭക്ഷണത്തിൽ പ്രതീക്ഷിച്ച നിലവാരം ഉണ്ടാകാഞ്ഞത് നിരാശപ്പെടുത്തി.

പിന്നീട് മിറാമർ ബീച്ചുകൂടി കണ്ടതോടുകൂടി ഗോവ പ്രോഗ്രാം തത്ക്കാലം അവസാനിച്ചു. ബീച്ചിലെ ഒരു പ്രധാന കാഴ്ചയായി ഗ്രൂപ്പുകളായുള്ള കുട്ടികളുടെ ഫുഡ്ബോൾ പരിശീലനങ്ങൾ അങ്ങിങ്ങായി നടക്കുന്നുണ്ടായിരുന്നു. എന്തു കൊണ്ടാണ് ഗോവക്കാർ ഫുട്ബോൾ കളിയിൽ രാജ്യത്തെ മികച്ചവരാകുന്നതെന്ന ചോദ്യത്തിന് മറ്റൊരു മറുപടി ആവശ്യമുണ്ടായില്ല.

നാളെ രാവിലെ 6 മണിക്ക് പ്ലാൻ B യിലേക്കുള്ള യാത്ര ആരംഭിക്കണം. എവിടേക്കെന്നത് ഭാഗികമായി നാളെ വെളിപ്പെടുത്താം!

അപ്പോൾ എല്ലാം പറഞ്ഞത് പോലെ !!!!

എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം സ്വദേശിയെങ്കിലും ഇപ്പോൾ തിരുവനന്തപുരം പേരൂർക്കട വഴയിലയിൽ താമസിക്കുന്നു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് റാപ്പിഡ് റസ്പോണ്ട്സ് ആന്റ് റസ്ക്യൂ ഫോഴ്സിൽ (RRRF) നിന്നും അസിസ്റ്റന്റ് കമാണ്ടന്റ് (ഡി വൈ എസ് പി) ആയി 2017 ൽ വിരമിച്ചു. 2011- 16 ൽ തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റിന്റെ സെക്യൂരിറ്റി ഇൻസ്പെക്ടർ ആയിരുന്നു. ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച "സാർത്തോവിന്റെ സുവിശേഷം" എന്നൊരു ഓർമ്മക്കുറിപ്പ് എഴുതിയിട്ടുണ്ട്.