03/08/2022
മഴയുടെ ശല്യമില്ലാത്ത പ്രഭാതം!
ഇനി ഗോവ മുഴുവൻ കറങ്ങിക്കാണാൻ സൗകര്യപ്പെടുന്ന ഒരിടത്ത് മുറിയെടുക്കണം, അവിടെ രണ്ടോ മൂന്നോ ദിവസം താമസിച്ച് ഗോവയിൽ തലങ്ങും വിലങ്ങും സഞ്ചരിച്ച് സ്ഥലങ്ങൾ കാണുക. ഇതാണ് ഇനിയത്തെ പരിപാടി!
ഇന്ന് തത്ക്കാലം മഡ്ഗോവയിലെത്തുക എന്നല്ലാതെ വലിയ പരിപാടികളൊന്നും പ്ലാൻ ചെയ്തിട്ടില്ല. പക്ഷെ, ഞാൻ കണ്ടിട്ടു കൂടിയില്ലാത്ത സുഹൃത്ത് അവിടെ കാത്തിരിക്കുന്നു. ആള് കോട്ടയംകാരനാണ്, എന്റെ ആത്മ സുഹൃത്ത്, വിജു ജോണിന്റെ അടുത്ത സുഹൃത്താണ്. ഗോവയിൽ എത്തുമ്പോൾ കക്ഷിയെ ഒന്നു പരിചയപ്പെടണം എന്ന് വിജു പ്രത്യേകം പറഞ്ഞിരുന്നു. മാർട്ടിന്റെ ഗൂഗിൾ ലൊക്കേഷൻ കിട്ടിയതിനാൽ അത് സെറ്റ് ചെയ്ത് 12 കഴിഞ്ഞപ്പോൾ അവിടെത്തി. അദ്ദേഹവും മകനും മാത്രമായി നല്ലൊരു 2 മുറി ഫ്ളാറ്റിൽ കഴിയുന്നു. നിറയെ സംസാരിക്കുന്ന അസ്സലൊരു ടിപ്പിക്കൽ പാലാ അച്ചായൻ തന്നെ! പരിചയപ്പെടുന്നവരിലേക്ക് പതിഞ്ഞിറങ്ങുന്ന വ്യക്തിത്വം! മലയാളിക്ക് അപരിചിതതമായ, ബിസിനസ് ചെയ്യുന്നവർക്ക് സർവ്വ പിന്തുണയും നൽകുന്ന ഗോവയിൽ, മാർട്ടിനും മകനും നല്ലൊരു ബിസിനസ് ചെയ്ത് സന്തോഷത്തോടെ ജീവിക്കുന്നു.
എത്ര നിർബ്ബന്ധിച്ചിട്ടും പുറത്ത് മുറിയെടുക്കാൻ മാർട്ടിൻ അനുവദിച്ചില്ല. അവിടുള്ള ഒരു മുറി ഞങ്ങൾക്കായി ഒരുക്കിയിരുന്നു. എന്നെ ഞെട്ടിച്ചത് അതൊന്നുമായിരുന്നില്ല. മഴ നനഞ്ഞ് രണ്ടു മൂന്നു ദിവസം ഞങ്ങൾ ഉപയോഗിച്ച ഡ്രസുകൾ പുറത്ത് ലോണ്ടറിയിൽ കൊടുക്കാമെന്ന് കരുതി അവിടെ ഞങ്ങൾ മാറ്റിയിട്ടിരിക്കയായിരുന്നു. ഇടാനുള്ള ഡ്രസുകളുടെ സ്റ്റോക്ക് ഏകദേശം കഴിഞ്ഞതിനാൽ ഗോവയിൽ നിന്നും അത്യാവശ്യം വസ്ത്രങ്ങൾ വാങ്ങാമെന്നാണ് കരുതിയിരുന്നത്. ഞങ്ങളുടെ മനസ് മാർട്ടിൻ വായിച്ചു എന്ന് തോന്നുന്നു. ഞങ്ങളറിയാതെ തന്നെ, കഴുകാനായി മാറ്റി വച്ചിരുന്ന ഞങ്ങളുടെ വസ്ത്രങ്ങൾ, മാർട്ടിൻ തന്നെ, വാഷിംഗ് മെഷീനിലിട്ട് കഴുകി പുറത്ത് വിരിച്ചു കഴിഞ്ഞിരിക്കുന്നു.
ഉച്ചയ്ക്ക് ഏറ്റവും നല്ല ഭക്ഷണം കിട്ടുന്ന ജെസ് റസ്റ്റോറന്റിൽ കൊണ്ടുപോയി. നല്ല ഒന്നാം തരം ഊണ് കഴിച്ചു. റവയിൽ മുക്കിയെടുത്ത ഒരു കുട്ടിപ്പാത്രത്തിന്റെ വലിപ്പമുള്ള മോത ഫ്രൈ, മുളകിട്ട മീൻ കറി, പിന്നെ തേങ്ങ അരച്ച മറ്റൊരു മീൻ കറി, ഒരു പായസം, കൂടാതെ കുടംപുളി സത്ത് പോലൊരു പാനീയവും! അത് ദഹനത്തിന് നല്ലതാണത്രെ! ഈ ഡിഷിന് അവിടെ ഫിഷ് താലിയെന്നാണ് പറയുന്നത്.
ഇവിടെ കാണുന്ന ആശ്ചര്യകരമായ ഒരു കാര്യം മദ്യങ്ങളുടെ ലഭ്യതയാണ്. എവിടെയും അത് യഥേഷ്ടം കേരളത്തിലെ നാലിലൊന്നു വിലയിൽ ലഭ്യമാണ്. പക്ഷെ ബിയറിന് മാത്രം വിലയിൽ കാര്യമായ വ്യത്യാസമില്ലെന്ന് തോന്നുന്നു. കുടിയൻമാരുടെയും സ്വർഗ്ഗരാജ്യം എന്ന് വിശേഷിപ്പിച്ചാലും അത് തെറ്റാവില്ല. പക്ഷെ നാട്ടിലേപ്പോലെ ബിവറേജസ് തുറക്കാൻ അക്ഷമയോടെ കാത്തിരിക്കുന്ന അമിതാസക്തിയുള്ളതോ അല്ലെങ്കിൽ മദ്യപിച്ച് വഴിയിൽ കിടക്കുന്നതോ ആയ ഒരു മദ്യപാനിയെപ്പോലും അവിടെങ്ങും കാണാൻ കഴിഞ്ഞില്ല. നാട്ടിലേപ്പോലെ കുടിച്ച് വഴിയിൽ കിടന്നുള്ള വഴക്കുകളോ വാഹനാപകടങ്ങളോ ഒന്നുമില്ല എന്നു തന്നെ പറയാം. പട്ടണത്തിലെങ്ങും അത്യാവശ്യത്തിനുള്ള പോലീസ് മാത്രം!
സ്ത്രീകൾക്ക് രാത്രിയും പകലും സമം തന്നെ! മിക്ക കടകളുടെയും നടത്തിപ്പിലും സ്ത്രീകൾക്ക് സ്ഥാനമുണ്ട്. നല്ല പാകതയും പക്വതയുമുളള ഇരുത്തം വന്ന സ്ത്രീകൾ!
പ്രായവ്യത്യാസമില്ലാതെയുള്ള സ്ത്രീകളുടെ വേറിട്ടൊരു വസ്ത്ര ധാരണാ രീതി കൗതുകമുണർത്തും. പുരുഷൻമാരിൽ നിന്നും വ്യത്യസ്തമായി സ്ത്രീകൾക്ക് മാത്രമായൊരു ശൈലിയാണ് കാണാൻ കഴിഞ്ഞത്. മുട്ടിന് താഴെ വരെ മാത്രം ഇറക്കമുള്ള നൈറ്റി പോലൊരു ഉടുപ്പാണ് പൊതുവെ മിക്ക സ്ത്രീകളം ഉപയോഗിക്കുന്നത്. ഭാര്യ അതിടാൻ വഴിയില്ലെങ്കിലും ഒരു കൗതുകത്തിന് അത്തരത്തിലൊന്ന് ഞാനും വാങ്ങി. ഗോവയുടെ ഓർമ്മയ്ക്ക് അതൊന്നിരിക്കട്ടെ!
കാണേണ്ട സ്ഥലങ്ങളുടെ വിവരങ്ങൾ മാർട്ടിൻ തന്നത് പ്രകാരം, കാഴ്ചകൾക്കായി ഉച്ചകഴിഞ്ഞ് വളരെ ഫ്രീയായി ഇറങ്ങി. പോർട്ടുഗീസുകാർ പണിതുപേക്ഷിച്ച ഇപ്പോൾ ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള അത്ഭുതങ്ങളുടെ കലവറയിലേക്കാണ് പോയത്. സീസണല്ലെങ്കിലും വിനോദ സഞ്ചാരികൾ അതിലേയൊക്കെ നിറഞ്ഞൊഴുകുന്നു. മലയാളികളാണ് കൂടുതലും. നാട്ടിൽ നിന്ന് വിവിധ മാർഗങ്ങളിലൂടെ ഇവിടെത്താം. നമ്മുടെ ഒരു തിരിച്ചറിയൽ കാർഡിന്റെ പിൻബലത്തിൽ ഏതു തരം വാഹനവും വാടകക്ക് കിട്ടും. ആക്ടിവ പോലുള്ള സ്ക്കൂട്ടറുകളാണ് കൂടുതലും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കൂട്ടമായി എത്തി അത്തരം സ്കൂട്ടറുകളും മറ്റും വാടകക്കെടുത്ത് നാടുകാണാൻ കറങ്ങുന്ന ചെറുപ്പക്കാർ ഇവിടെയൊരു വലിയ കാഴ്ചയാണ്. വിദേശികൾ ഈ സൗകര്യങ്ങൾ ഉപയോഗിക്കുന്നതും സർവ്വസാധാരണമാണ്.
ചരിത്രമുറങ്ങുന്ന Basilica of Bom Jesus, Se’ Cathedral, Chapel of St. Cajetan, Church and Convent of St. Francis Assissi, Chapel St. Catherine, Church of our Lady Rosery, Church of St. Augustine എല്ലാം നടന്നു കണ്ടു. എത്ര അമൂല്യമായാണ് ഗോവക്കാർ തങ്ങളുടെ സ്മാരകങ്ങൾ സൂക്ഷിക്കുന്നത് എന്നോർത്തു പോയി.
ഇനിയും കാണാൻ കാഴ്കളേറെ!
മടക്കത്തിൽ മഴ വീണ്ടും വില്ലനായി. 30 കിലോമീറ്റർ മഴ നനഞ്ഞു കുതിർന്ന്, ഗൂഗിൾ മദാമ്മയുടെ സഹായത്താൽ വീട്ടിലെത്തി.
ബീഫും ചപ്പാത്തിയും അത്താഴമൊരുക്കി മാർട്ടിനും മകനും!
പിന്നെ സുഖ നിദ്ര!
നാളെ ??