10/08/2022
ഇന്ന് ഒരാശ്വാസ ദിനമാണ്. കാരണം ബൈക്ക് യാത്രയോ, അതിന്റെ പാർക്കിങ്ങോ, സ്ഥലം തപ്പിപ്പിടിക്കാനുള്ള ഓട്ടമോ, ട്രാഫിക്കോ ഒന്നുമില്ല. ഓൺലൈനിൽ പരതിക്കിട്ടിയ ടൂറിസം പാക്കേജുകളുടെ ഭാഗമായി ബസിലാണ് ഇന്ന് മൈസൂർ കാണാനിറങ്ങിയത്. ഒരാൾക്ക് 1000 രൂപയിൽ താഴെ മാത്രം! ഈ ബുദ്ധി നേരത്തെ തോന്നിയിരുന്നെങ്കിൽ!
ഇന്ന് ബൈക്കിൽ തൊട്ടതേയില്ല. രാവിലെ 7.30 ആയപ്പോഴേക്കും വഴിയിലേക്കിറങ്ങി ഒരോട്ടോ പിടിച്ച് A 2 B റസ്റ്റോറന്റിലെത്തി പ്രഭാത ഭക്ഷണം കഴിച്ചു. ഗീ റോസ്റ്റ്, ഊത്തപ്പം, റവ ഒനിയൻ ദോശ എല്ലാം ഷെയർ ചെയ്ത് ആസ്വദിച്ച് കഴിച്ചു.
പുറത്തിറങ്ങിയപ്പോൾ ഞണ്ടക്ഷരരൂപങ്ങളുമായി ഒരു കന്നട പത്രക്കാരൻ! എന്നെക്കണ്ട് കാര്യം മനസിലായപോലെ കക്ഷി ഇംഗ്ലീഷ് പത്രം എടുത്തു കാട്ടി. വേണ്ട എന്നായിപ്പോയി മറുപടി! ഉടൻ ദാ വരുന്നു ഇന്നത്തെ മലയാള മനോരമ! ദൈവമേ! എന്റമ്മയെ കണ്ടപോലെ ഒരു സന്തോഷം തിളച്ചുപൊന്തി! ഒന്നു വാങ്ങി. സൗകര്യം പോലെ വായിക്കാം! അമ്മ മലയാളം കൂടെയുണ്ടെന്ന ഒരു ധൈര്യം ഉള്ളിൽ ഉറപൊട്ടി.
8.45 നാണ് ബസ്. A 2 B യുടെ നേരെ മുമ്പിലാണ് ബോർഡിംഗ്. ഇനിയും 45 മിനിറ്റ് സമയമുണ്ട്. വയറിനെന്തോ ചെറിയ പ്രശ്നം തോന്നുന്നു. ഇന്നലത്തെ ഭക്ഷണം വല്ലതും പണി തന്നോ? ഇന്നത്തെ ബസ് യാത്ര കുളമാവുമോ?
ആധി പിടിച്ച് ഒരു മെഡിക്കൽ സ്റ്റോർ തപ്പാൻ ഹോട്ടലിൽ നിന്ന് പതിയെ പുറത്തേക്കിറങ്ങി. കാലിന് സ്വാധീനമില്ലാത്ത ഒരാൾ ഒരു ചക്രനിരക്കു പലകയിൽ റോഡിലിരുന്നു ചായയും വെള്ളവുമൊക്കെ കുടിക്കുന്നു. എന്റെ പോലീസ് കണ്ണ് ഉടക്കിയത് അവന്റെ പാദങ്ങളിലാണ്. ഭൂമിയെ ഏറെ തൊട്ടറിഞ്ഞിട്ടുളള പാദങ്ങളെന്ന് വ്യക്തം. 100% വും അവൻ വികലാംഗനല്ല എന്നുറപ്പ്. ആ പലകയിലിരുന്ന് തിരക്കേറിയ ട്രാഫിക്കിലൂടെ അവൻ ശരീരം മുഴുവൻ ഉപയോഗിച്ച് ചെറിയ സർക്കസ് തന്നെ നടത്തുന്നു. കാലുകളിലോ ശരീരത്തെവിടെയോ ഒരു തകരാറും കാണാനില്ല. ഫോട്ടോ ശ്രദ്ധിക്കുമല്ലോ!
15 മിനിറ്റ് താമസിച്ചാണ് ബസ് എത്തിയത്. സന്ദേശ്, അതാണ് ബസിന്റെ പേര്. ഷക്കീൽ അഹമ്മദാണ് ഗൈഡ്! സഹായി മഹാദേവിന് മലയാളം നന്നായി അറിയാം.
30 പേരോളം ബസിലുണ്ട്. സഞ്ചാരികളെ സ്ഥലങ്ങളുടെ വിവരങ്ങൾ യഥാസമയം ഹിന്ദിയിലും മുറി ഇംഗ്ലീഷിലുമായി ഷക്കീൽ അറിയിക്കുന്നുണ്ട്.
ആദ്യം പോയത് ജഗ്മോഹൻ പാലസിലേക്കാണ്. നമ്മുടെ സ്വകാര്യ അഹങ്കാരമായ രാജാ രവിവർമ്മയുടെ നിരവധി ചിത്രങ്ങൾ കൂടി അടങ്ങിയ ആർട്ട് ഗ്യാലറിയാണ്. ചിത്രകാരനായ നമ്മുടെ സ്വന്തം രാജാവിന്റെ ചിത്രങ്ങളുടെ വശ്യഭംഗി നമ്മെ അമ്പരപ്പിക്കുക തന്നെ ചെയ്യും! നമുക്ക് ലേശം അഹങ്കാരം തന്നെ തോന്നിപ്പോകും. എടോ, കർണാടകക്കാരാ! ഇതേയ്! ഞങ്ങളുടെ മാത്രം സ്വന്തം രാജാ രവിവർമ്മയുടെ ചിത്രങ്ങളാണ്. മമ്മുക്കയും ലാലേട്ടനുമൊക്കെ നമ്മുടെ വകേലൊരു ബന്ധുവാണെന്ന് പറയുമ്പോൾ കിട്ടുന്ന ഒരു സുഖം മനസിൽ അങ്ങനുഭവിച്ചു.
ഞങ്ങൾ ഇതുവരെ സന്ദർശിച്ച ചരിത്രമുറങ്ങുന്ന പല സ്ഥലങ്ങളിലെയും ചിത്രങ്ങളോ വീഡിയോയോ എടുക്കാൻ ബന്ധപ്പെട്ടവർ സമ്മതിക്കാത്തതിന്റെ സാംഗത്യം എനിക്ക് പിടി കിട്ടുന്നില്ല. അതിലെന്താ ഒരു പ്രശ്നം?
രണ്ടാമത് പോയത് ചന്ദനവുമായി ബന്ധപ്പെട്ട നിരവധി കരകൗശല വസ്തുക്കളുടെ ഒരു വിശാല ശേഖരത്തിലേക്കാണ്. പട്ടുസാരികളും അവിലെ സുലഭം! ഇന്നലെ കണ്ട ചന്ദന കേന്ദ്രത്തിന്റെ അത്രയും വരില്ല ഇത്. അവിടെ കണ്ട ഒരൂഞ്ഞാൽ കട്ടിലിന്റെ വില ചോദിച്ചു, വെറും 7 ലക്ഷം രൂപയേയുള്ളു!
മൈസൂർ മൃഗശാലയിലേക്കായിരുന്നു അടുത്ത യാത്ര. ഇന്ത്യയിലെ ഏറ്റവും വലിയ മൃഗശാല തമിഴ് നാട്ടിലെ വണ്ടലൂരാണ് എന്ന് ഗൂഗിൾ പറയുന്നു. ഏഴാം സ്ഥാനമാണ് മൈസൂറിന് എന്നും ഒരിടത്ത് പറയുന്നു. അല്പ വിവരവും മുറി ഇംഗ്ലീഷും കൈവശമുളള ഗൈഡ് ഷക്കീൽ, പൊട്ടത്തരങ്ങൾ മൈക്കിലൂടെ വിളിച്ച് പറയുന്നുണ്ട്. വിവരണം ഇംഗ്ലീഷിലാക്കാൻ പറഞ്ഞിട്ട് പ്രയോജനമുണ്ടായില്ല. എന്തായാലും നല്ല വൃത്തിയായി, അടുക്കും ചിട്ടയോടും കൂടി ഈ മൃഗശാല പ്രവർത്തിക്കുന്നു. നമ്മുടെ മൃഗശാലാ അധികൃതർ ഇവിടത്തെ സൗകര്യങ്ങൾ ഒന്നു കണ്ടു പഠിക്കേണ്ടതാണ്. ഇഷ്ടം പോലെ വൃത്തിയുള്ള ശുചികേന്ദ്രങ്ങൾ! എവിടെയും നല്ല ഒന്നാം തരം കുടിവെളള ടാപ്പുകൾ! ടീ ഷോപ്പുകൾ! ഇതൊരു മിനി വനം തന്നെ! അകത്ത് 2.5 കിലോമീറ്റർ നടക്കാനുണ്ട്.
ചാമുണ്ടി ഹില്ലിലേക്ക്!
സമുദ്രനിരപ്പിൽ നിന്ന് 4000 അടി ഉയരെയെന്ന് ഷക്കീൽ പറയുന്നുവെങ്കിലും ഏറെ മല കറങ്ങിക്കയറിയാണ് അവിടെത്തിയത്. പോകുന്ന വഴിയിൽ മൈസൂർ കൊട്ടാരമുൾപ്പെടെയുള്ള ഒരേ നിരപ്പിലുള്ള മൈസൂർ നഗരത്തിന്റെ ആകാശവീക്ഷണം കാണാം. അതൊരു നല്ല കാഴ്ച തന്നെ. ക്ഷേത്രത്തിൽ എന്നും ഉത്സവത്തിരക്ക് തന്നെ! വാസ്തുകലയിൽ രാജ്യത്തിന്റെ മറ്റൊരഭിമാനമായ ക്ഷേത്രം!
ഊണ് കഴിഞ്ഞ്, മൈസൂർ പാലസ് എന്ന സ്വപ്ന വിസ്മയത്തിലേക്ക്! സത്യത്തിൽ ബാഹുബലിയുടെ ഷൂട്ടിംഗ് ഇവിടെ ആയിരുന്നോ എന്ന് തോന്നിപ്പോയി. ഇത് ഇന്ത്യയുടെ അത്ഭുതവും അഭിമാനവുമായ ഒരു ചരിത്രാവശേഷിപ്പ് തന്നെ! വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. അതിമനോഹരമെന്നോ കിനാവന്നോ ആണോ ഈ അത്ഭുതത്തെ പറയേണ്ടത്? അലാവുദീന്റെ അത്ഭുത വിളക്കിൽ നിന്നായിരിക്കും ഇതുണ്ടായത്. അല്ലാതെ മനുഷ്യ നിർമ്മിതമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
സെയിന്റ് ഫിലോമിന ചർച്ചായിരുന്നു അടുത്തത്. ഭീമാകാരമായ പള്ളിയുടെ ഇരട്ടക്കമാനങ്ങൾ മലേഷ്യയിലെ പെട്രോണസ് ടവറിനെ അനുസ്മരിപ്പിച്ചു. പള്ളിയ്ക്കടിയിലെ ഫിലോമിന പുണ്യാളത്തിയുടെ കല്ലറയിലേക്കുള്ള ഇടനാഴിയിൽ ഇവിടെ നിത്യവിശ്രമത്തിൽ കഴിയുന്ന നാലായിരത്തോളം വിദേശ മിഷനറിമാരുടെ പേരുകൾ കൊത്തിവച്ചിരിക്കുന്നു.
പിന്നീട് നടന്നത് ടൂർ ഓപ്പറേറ്റേഴ്സിന്റെ ചെറിയ കബളിപ്പിക്കൽ എന്നു തന്നെ പറയാം. ടിപ്പു സുൽത്താന്റെ പള്ളിയുടെ മുമ്പിൽ സ്ലോ ചെയ്ത് അവിടെ ഇപ്പോൾ മദ്രസ പ്രവർത്തിക്കുന്നു എന്നു മാത്രം ഷക്കീൽ പറഞ്ഞു. ടിപ്പു ഉറങ്ങുന്ന സ്മാരകത്തിന്റെ മുമ്പിലും രണ്ടു വാചകങ്ങൾ മാത്രം! ടിപ്പുവിന്റെ കൊട്ടാരത്തിന്റെ അടിവേരുകൾ വരെ വിദേശികൾ തോണ്ടിയ സ്മാരകത്തിന്റെ മുമ്പിലും ആരെയും ഇറക്കിയില്ല. വിവരണം മാത്രം! ടിപ്പുവിനോട് എന്തോ ഒരകൽച്ച പോലെ!
ഏറെ നീണ്ട യാത്രയിലെ വഴികൾ കേരളത്തേക്കാൾ ദയനീയം! നടുവ് തകർക്കുന്ന ഗട്ടറുകൾ! വൈബ്രേറ്ററിൽ കയറിയ പോലെ!
ഒടുവിൽ, എന്റെ ബാല്യം മുതൽ കാണാൻ കൊതിച്ചിരുന്ന ബൃന്ദാവൻ ഗാർഡനിലേക്ക്. തൊട്ടുമുമ്പ്, കൃഷ്ണരാജാ സാഗർ ഡാം തുറന്ന വെള്ളം, ഭ്രാന്ത് പിടിച്ച്, വീതിയേറിയ പുഴ നിറഞ്ഞ് കൊലവിളിയുമായി പായുന്നു. ദൂരെ ഡാമിൽ നിന്ന് പുക പടർത്തി വെള്ളം പാഞ്ഞു വരുന്നത് കാണാം. നെഞ്ച് ഇത്തിരി വേഗത്തിൽ മിടിച്ചു പോകുന്ന കാഴ്ച!
ബൃന്ദാവൻ മൊത്തം നിരാശപ്പെടുത്തി. പ്രതാപം നഷ്ടപ്പെട്ട് തീർത്തും തകർന്നവശനായ ഒരു മുൻ ജന്മിയുടെ അവസ്ഥ! പരമദയനീയമെന്നേ പറയാനുളളു! ശക്തി ക്ഷയിച്ച ജലധാരകൾ! കാഴ്ചശക്തി ചോർന്ന ഭാഗികാന്ധരായ അലങ്കാര വിളക്കുകൾ! ശോഭ നഷ്ടപ്പെട്ട പൂന്തോട്ടങ്ങൾ! ഈ കാഴ്ചകൾ കാണാനായിരുന്നോ ഞാൻ അര നൂറ്റാണ്ടോളം കാത്തിരുന്നത്? ഫണ്ടിന്റെ ദൗർലഭ്യമോ നടത്തിപ്പ് വിശഷമോ എന്താ കാരണമെന്ന് മനസിലാകുന്നില്ല. എന്നിട്ടും എന്തേ സന്ദർശകർ ഇപ്പോഴും ഇങ്ങോട്ട് പ്രവഹിക്കുന്നു എന്നാലോചിച്ചു പോയി.
2 മണിക്കൂറോളം ഇരുന്നും നടന്നും ഫോട്ടോയെടുത്തും സമയം കളഞ്ഞ് പുറത്തിറങ്ങി. ബൃന്ദാവൻ പരിസരങ്ങളിൽ തന്നെ പലതരം മീനുകൾ മസാല പുരട്ടി ഫ്രൈ ചെയ്യാൻ പാകത്തിന് ഒരുക്കി വച്ചിരിക്കുന്ന ചെറിയ തട്ടുകടകൾ! ഒന്നും ആലോചിച്ചില്ല. ഒരു വലിയ തിലോപ്യയും വേറെന്തോ ഒരു മീനും കൂടി ഓർഡർ ചെയ്തു. വയർ നിറഞ്ഞു. ഇനി അത്താഴം വേണ്ട.
തിരികെ വണ്ടിയിലെത്തിയപ്പോൾ അപരിചിത മുഖങ്ങൾ ധാരാളം! ഞങ്ങളുടെ സീറ്റുകൾ മറ്റാരോ കൈയേറിയിരിക്കുന്നു. അവിടെ നിന്നുള്ള മറ്റ് യാത്രക്കാരെ പിടിച്ച് കയറ്റിയിരിക്കണം. ഷക്കീലുമായി അറിയാവുന്ന ഭാഷയിൽ ഒന്ന് കോർത്തു. തോന്ന്യവാസം കണ്ടാൽ എന്റെ രക്തം പെട്ടെന്ന് തിളയ്ക്കും. ഷക്കീലിനും കൂട്ടാളികൾക്കും കുറച്ച് എക്സ്ട്രാ പൈസ മുതലാളി അറിയാതെ കിട്ടുന്നുണ്ടായിരിക്കണം.
തിരികെ യാത്രയിൽ ഗട്ടറുകൾ ഒന്നുമുണ്ടായിരുന്നില്ല. ടിപ്പുവിന്റെ കഥ പറയാനായിരുന്നോ ഷക്കീൽ 25 കിലോമീറ്ററെങ്കിലും ഞങ്ങളെ വൈബ്രേറ്ററിൽ ഇരുത്തിയത് ?
എന്തായാലും തിരികെ A2B യുടെ മുമ്പിൽ ഇറക്കിയപ്പോൾ ഷക്കീലിന് കൈ കൊടുത്തു പിരിയാൻ മറന്നില്ല. ഒരിക്കലും ഇനി ഷക്കീലിനെ കാണാനിടയില്ലല്ലോ!
റൂമിലെത്തി സുഖമായി ഉറങ്ങി, ആദ്യമായി!
നാളെ മടക്കം ആരംഭിക്കുന്നു. വഴിയിൽ ഒരു ഹാൾട്ട് കൂടി ഉണ്ടാവും.
അതുകൂടി പറഞ്ഞു നിർത്താം .