
“അമ്മേ, ദേ ഇവള് രണ്ട് വട കഴിച്ചു.” കല്യാണം കഴിഞ്ഞ് പുതുമോടിക്ക് അയൽപക്കത്തെ വീട്ടിൽ വിരുന്ന്പോയി വന്ന പാടെ സനൽ വിളിച്ചുപറഞ്ഞത് കേട്ട് സിമി അമ്പരപ്പെട്ടുപോയി.
വടക്കേതിലെ മേഴ്സിചേച്ചി നിർബന്ധിച്ചപ്പോൾ കഴിച്ചതാണ്. “കഴിക്കു മോളെ, ചേച്ചി ഉണ്ടാക്കിയതാണ്. ഇഷ്ടമായില്ലേ? എന്തെങ്കിലുമൊക്കെ കഴിച്ച് ശരീരം നന്നാക്കണം. ഇങ്ങനെ ഇരുന്നാൽ പോരാ, അല്ലെങ്കിൽ അതിന്റെ നാണക്കേട് സനലിനാണ്”.
47 കിലോ ആയിരുന്നു സിമിയുടെ തൂക്കം. സനലിന് 75 -80 കിലോ എങ്കിലും ഉണ്ടാകും. രണ്ടുപേരും തമ്മിലുള്ള വ്യത്യാസം ചിലർക്കെങ്കിലും കല്യാണത്തിന് പറഞ്ഞുചിരിക്കാൻ ഒരു കാരണമായിരുന്നു.
“ഇത്രയും കാലം ഹോസ്റ്റലിലെ റേഷൻ കഴിച്ച് ജീവിച്ചതല്ലേ. കെട്ടുകഴിഞ്ഞാൽ പെൺപിള്ളേര് ഇരുന്ന് എഴുന്നേൽക്കുന്നത് പോലെ വലുതായിക്കോളും”. കേൾവിക്കാർക്ക് അതിനുള്ള മറുപടിയും ഉണ്ട്.
കെട്ടിക്കയറി കല്യാണസാരി മാറ്റി റിസപ്ഷനുള്ളത് ഉടുപ്പിക്കുമ്പോൾ മുറിയിലേക്ക് കയറിവന്ന സനലിന്റെ അമ്മൂമ്മ ആശ്ചര്യം ഉള്ളിലൊതുക്കിയില്ല.
“അയ്യോ, ഈ പെണ്ണിന്റെ ദേഹത്ത് ഒന്നുമില്ലല്ലോ! ആകെ ഉണങ്ങി, ഒട്ടി!”
താന്‍ ചമ്മി തലകുനിച്ചുനിൽക്കുമ്പോൾ സാരി ഉടുപ്പിച്ചുകൊണ്ടിരുന്ന ബ്യൂട്ടീഷൻ ചേച്ചി ചുണ്ടുകൾക്കിടയിൽ കടിച്ചുപിടിച്ചിരുന്ന സേഫ്റ്റിപിന്‍ താഴെ വീഴാതെ ചിരി അമർത്തിവച്ചത് സിമി ഓര്‍ത്തുപോയി.
മേഴ്സിചേച്ചിയുടെ നിർബന്ധത്തിന് പുറമേ നല്ല വിശപ്പുമുണ്ടായിരുന്നു. നാലുദിവസമേ ആയിട്ടുള്ളൂ സനലിന്റെ വീട്ടിലേക്ക് വന്നിട്ട്. വീട്ടിൽ എല്ലാവരുടെയും മുന്നിലിരുന്ന് ഭക്ഷണം കഴിക്കാൻ ഒരു ചമ്മലാണ്. വിശപ്പ് അടങ്ങും മാത്രം കഴിക്കാറില്ല. സനൽ തന്നെ കളിയാക്കാൻ വീട്ടിൽ വന്ന് അങ്ങനെ പറയുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. രണ്ടാമത്തേത് കഴിക്കും മുൻപ് സനലിനെ ഒന്നു നോക്കിയതാണ്. ആള് തന്നെ ശ്രദ്ധിക്കാതെ അവരോട് എന്തൊക്കെയോ കളിതമാശകൾ പറഞ്ഞു ചിരിക്കുകയായിരുന്നു.
“സനലിന് ഉഴുന്നുവട വലിയ ഇഷ്ടമാണ്. ഞങ്ങൾ ഇടയ്ക്ക് ഉണ്ടാക്കുമ്പോൾ കൊടുക്കാറുണ്ട്. ഇവിടെ അങ്ങനെയൊക്കെയാണ്. അയൽവക്കങ്ങൾ തമ്മിൽ കൊടുക്കലും വാങ്ങലും ഒക്കെയുണ്ട്.”
മേഴ്സി ചേച്ചിയുടെ സംസാരവും സിമിക്ക് ഇഷ്ടമായി. തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ സനലിനോട് അത് പറയുകയും ചെയ്തു.
അടുക്കളയിൽ ആയിരുന്ന അമ്മ താൻ പറഞ്ഞത് കേട്ടില്ലെന്ന് മനസ്സിലാക്കി സനല്‍ അടുക്കളയിലേക്ക് ചെന്ന് വീണ്ടും പറഞ്ഞു “അമ്മേ ഇവൾ രണ്ട് ഉഴുന്നുവട കഴിച്ചു. പെൺകുട്ടികൾ ഇങ്ങനെ കഴിക്കുമോ? എനിക്ക് തന്നെ നാണമായിപ്പോയി.”
അതുകേട്ട് സിമി വല്ലാതെ ചൂളിപ്പോയി. സനൽ ഒരു രസികനാണെന്നാണ് എല്ലാവരുടെയും ഭാഷ്യം. ആളുകളെ കളിയാക്കാൻ ഒരു പ്രത്യേകസിദ്ധിയുണ്ട്. പക്ഷേ ഒരു പുതുപ്പെണ്ണിനെ ഭർത്താവ് തന്നെ ഇങ്ങനെ പരിഹസിക്കുമ്പോൾ …….അവളുടെ കണ്ണിൽ ഉറുമ്പ് കടിച്ച നീറ്റല്‍.
സനലിനോട് ലീലമ്മ പറഞ്ഞു- “അതിനെന്താടാ, സാരമില്ല അവൾക്ക് ഇഷ്ടമാണെങ്കിൽ കഴിക്കട്ടെ”.
രണ്ടു വട അത്ര വലിയ കാര്യമാണോ എന്ന് അമ്മ ചോദിക്കുമെന്നാണ് സിമി കരുതിയത്. സനൽ പിന്നെയും പുറകെ കൂടി കളിയാക്കി കൊണ്ടിരുന്നു….
“എന്നാലും രണ്ടുവടയേ …” താൻ എന്തോ വലിയ അപരാധം ചെയ്തതായി തോന്നി അവൾക്ക്. കഴിച്ച രണ്ടുവടയും ആ നിമിഷം വയറിനുള്ളിൽ കത്തി ചാമ്പലായതുപോലെ വയറിനുള്ളിൽ നിന്നും ഒരു എരിച്ചിൽ!
വേണ്ടിയിരുന്നില്ല…. അതിനുള്ള പ്രായശ്ചിത്തം അത്താഴം മുടക്കിക്കൊണ്ട് അവൾ നിറവേറ്റി. ഏതായാലും ഇനിയുള്ള വിരുന്നൂട്ടലുകൾക്ക് ഒരു പാഠമായി.
സനൽ പലപ്പോഴും തന്നെ കളിയാക്കാറുണ്ട്. “നിന്റെ വീട്ടിൽ ചോറ് വിളമ്പുന്നത് തമിഴ്നാട്ടിലേക്ക് ചരക്ക് കൊണ്ടുപോകുന്ന ലോറി പോലെ കുത്തിനിറച്ച് ആണല്ലോ! അത്തപ്പൂക്കളം പോലെ കുറെ കറികളും! “
മരുമകന് എന്തുകൊടുത്താലും തൃപ്തിയാകാതെ സിമിയുടെ അമ്മ പല കൂട്ടം വിഭവങ്ങള്‍ ഒരുക്കും. അതൊക്കെ കഴിക്കാൻ നിർബന്ധിക്കുകയും, കഴിച്ചു തീരാതെ പാത്രത്തിലേക്ക് വീണ്ടും ചോറോ കറിയോ ഇട്ടുകൊടുക്കുകയും ചെയ്യും. അതൊന്നും സനലിന് ഇഷ്ടമല്ലായിരുന്നു. കുറച്ചു തടി ഉള്ളതുകൊണ്ട് തന്നെ ഒരു തീറ്റക്കാരനായി ഭാര്യവീട്ടുകാർ കാണുന്നുണ്ടോ എന്ന സംശയം.
സനലിന്റെ വീട്ടിലെ രീതിയും മറിച്ചായിരുന്നു. കുറച്ചു മാത്രമേ പാത്രത്തിൽ വിളമ്പൂ. ആവശ്യമുള്ളവർ വീണ്ടും ചോദിച്ചുവാങ്ങും. രണ്ടാമത് എടുക്കാനും സിമിക്ക് നാണമാണ്. ഊണിനിടയ്ക്ക് അടുക്കളയിലേക്ക് ഇടയ്ക്കിടെ എഴുന്നേറ്റ് പോകേണ്ടിവരുന്നതുകൊണ്ട് സിമി ഒരു ദിവസം ചോറ് ഒരു ബെയ്സനിൽ ആക്കി മേശപ്പുറത്ത് വെച്ചു. പുതിയ രീതിയും സനലിന് ഇഷ്ടമായില്ല.
“നിനക്ക് പോകാൻ പറ്റില്ലെങ്കിൽ അമ്മ തന്നോളും. ഞങ്ങൾ ഇതുവരെയും അങ്ങനെ ആയിരുന്നല്ലോ. കച്ചിത്തുറു പോലെ ഭക്ഷണം വിളമ്പിവെക്കുമ്പോൾ കഴിക്കാൻ തോന്നില്ല.”
സനലിന്റെ താക്കീത് സിമിയുടെ മനസ്സിൽ ചാട്ടുളിപോലെ തറഞ്ഞുകയറി. കച്ചിത്തുറു പോലെ ഭക്ഷണം വിളമ്പിയിരുന്ന ഒരു വീട്ടിൽ നിന്നും താൻ വന്നിരിക്കുന്നത് കച്ചി ഊരുമ്പോൾ താഴെ വീഴുന്ന ചീളുകൾ പോലെ വിളമ്പുന്ന ഒരു വീട്ടിലേക്കാണ്. അതു കാണുമ്പോൾ തനിക്കും തോന്നും ദേഷ്യവും സങ്കടവും.
“ഓരോ നാട്ടിലും വീട്ടിലും ഓരോരോ രീതികളാണ് മോളെ. ചെന്ന്കയറുന്ന വീട്ടിലെ ചിട്ടയനുസരിച്ച് പെൺകുട്ടികള് ഇണങ്ങി ജീവിക്കണം.” സുജമ്മായിയുടെ ഉപദേശം സിമിയുടെ മനസ്സിലൂടെ കടന്നുപോയി.
ആരും അറിയാതെ കണ്ണിലെ നീർമുത്തുകൾ തുടച്ച് അവൾ എച്ചിൽ പാത്രങ്ങളുമായി അടുക്കളയിലേക്ക് നടന്നു.
സനൽ ഒരു ഭക്ഷണപ്രിയനാണ്. നോൺവെജ് ആണെങ്കിൽ പറയുകയും വേണ്ട. ഇഷ്ടമുള്ള കറിയാണെങ്കിൽ കോരിയിട്ട് കഴിച്ചോളും. മറ്റുള്ളവർക്ക് ഉണ്ടോ കഴിച്ചോ എന്നൊന്നും ബാധകമല്ല. സനലിന്റെ വറുത്ത മീനിനോടുള്ള പ്രിയം കണ്ട് അവൾ അന്തം വിട്ടിട്ടുണ്ട്. കൂടെയിരുന്നാൽ പോലും സിമിയോടും കഴിച്ചോ എന്ന് ചോദിക്കുകയോ, കഴിക്കാൻ പറയുകയോ ഇല്ല. ചില ഭർത്താക്കന്മാർ സ്നേഹപൂർവ്വം ഭാര്യമാർക്ക് ഭക്ഷണം എടുത്ത് കൊടുക്കുന്നതും, നിർബന്ധിച്ചു കഴിപ്പിക്കുന്നതും ഒക്കെ കാണുമ്പോൾ സിമിക്ക് ഉള്ളിൽ കരച്ചിൽ വരും.
“വറുത്തത് ഒരെണ്ണം എടുത്തോടി” എന്ന് ലീലമ്മ പറയുമ്പോൾ സനൽ കഴിച്ചോട്ടെ എന്ന് വിചാരിച്ച് അവൾ ചിലപ്പോൾ വേണ്ടെന്നു പറയും. അല്ലെങ്കിൽ മീനിന്റെ തലയാണ് ഇഷ്ടമെന്ന് പറയും. സിമിയുടെ മീൻതലയോടുള്ള ഈ ‘ഇഷ്ടം’ കാരണം പിന്നീട് അവൾക്കുള്ള ഓഹരി അതായിരുന്നു.
ഒരു മാസം കഴിഞ്ഞ് തിരികെ സ്വന്തം വീട്ടിൽ ചെന്നപ്പോൾ അയലത്തെ അമ്മാമ്മ താടിക്ക് കൈവച്ചു.
“സാധാരണ പെൺകുട്ടികൾക്ക് കെട്ടുവളർച്ച എന്നൊന്നുണ്ട്. ഇതിപ്പോ നീ പണ്ടത്തെക്കാളും കോലം തിരിഞ്ഞല്ലോ കൊച്ചേ!”
സനലിന്റെ വീട്ടിൽ ഉച്ചയൂണ് വരെ തയ്യാറാക്കിയശേഷമാണ് രാവിലത്തേത് കഴിക്കുക. അടിച്ചുവാരലും തുടക്കലും അലക്കലും എല്ലാം കഴിഞ്ഞ് ഊണ് കഴിക്കുമ്പോൾ മൂന്നോ നാലോ മണിയാകും. പുറത്തുപോയ ആണുങ്ങൾ വന്നതിനുശേഷമാണ് അത്താഴം. ആഹാരം കഴിക്കാൻ അമ്മ വിളിക്കുമ്പോഴല്ലാതെ ‘എനിക്ക് വിശക്കുന്നു’ എന്ന് അവൾ ഒരിക്കലും പറഞ്ഞിട്ടില്ല. വിളമ്പിത്തരാതെ എടുത്ത് കഴിച്ചിട്ടുമില്ല. ഭക്ഷണത്തിന്റെ നേരവും അളവും അനുസരിച്ച് ആമാശയവും ചുരുങ്ങി സഹകരിച്ച് തുടങ്ങിയിരുന്നു. വിഷപ്പാമ്പിന്റെ കുഞ്ഞുങ്ങളെ തിന്ന് വിശപ്പടക്കുന്ന ചേരയാണ് വിശപ്പ് എന്ന സത്യം ഒരു മാസം കൊണ്ട് അവൾ പഠിച്ച കാര്യം പറയാതെ അമ്മാമ്മയ്ക്ക് ഒരു ചിരി സമ്മാനിച്ചുകൊണ്ട് അവൾ നടന്നുപോയി.
അയൽപക്കത്തെ കൊടുക്കൽ വാങ്ങലുകളെക്കുറിച്ച് മേഴ്സിചേച്ചി പറഞ്ഞതും അവൾക്ക് ബോധ്യമായി. ചില ദിവസങ്ങളിൽ വൈകുന്നേരം പലഹാരങ്ങൾ ഉണ്ടാക്കും.
“നിനക്ക് എത്രയെണ്ണം വേണം?” ലീലമ്മ ചോദിക്കും
“എനിക്ക് ഒരെണ്ണം മതിയമ്മേ” അവളുടെ വിനയത്തോടെയുള്ള മറുപടി കേൾക്കുമ്പോൾ “എന്നാ ബാക്കിയുള്ളത് വടക്കേലും പടിഞ്ഞാറേലും കൊടുത്തേക്കാം.”
ആളെണ്ണി പൊതികെട്ടി ലീലമ്മ അതുമായി അയൽവക്കത്തേക്ക് പോകും. അമ്മയുടെ ഈ സൽക്കാരശീലം പേരുകേട്ടതുമാണ്. രണ്ടു വീടുകള്‍ക്ക് അപ്പുറമുള്ള അനിത ഇടയ്ക്കിടെ വരും…
“ലീലചേച്ചി, ഇത്തിരി കൊടംപുളി, ഇത്തിരി വെളിച്ചെണ്ണ അല്ലെങ്കിൽ പായസം വയ്ക്കാൻ നെയ്യോ ശർക്കരയോ, കുറച്ച് പരിപ്പ് …..” ലീലമ്മ പാത്രത്തോടെ എടുത്തുകൊടുക്കുമ്പോള്‍ അനിത നന്ദിയോടെ സിമിയെ നോക്കി പറയും….
“ലീലചേച്ചിയെ പോലെ ഒരു അമ്മായിയമ്മയെ കിട്ടണമെങ്കിൽ പുണ്യം ചെയ്യണം.” ശരിയാണ് താൻ പുണ്യം ചെയ്തവൾ തന്നെയാണ്. ലീലമ്മ നെല്ലോ പതിരോ തിരയാറില്ല, തെറ്റും ശരിയും അറിയില്ല, നല്ലതും ചീത്തയും ഇല്ല. ഒരു ശുദ്ധ! ഫലമോ…?
പ്രസവം കഴിഞ്ഞ് 90 ദിവസം മകളെ തടിവെപ്പിക്കാൻ സിമിയുടെ അമ്മ പെടാപ്പാട്പെട്ടു.
“നീ ഇങ്ങനെ മെലിഞ്ഞിരുന്നാൽ പെറ്റണീറ്റു ചെല്ലുമ്പോൾ എനിക്കാ അതിന്റെ കുറച്ചില്… കൊച്ചിന് പാല് കൊടുക്കേണ്ടത.., അച്ഛന്‍ ഈ കൊണ്ടുവന്നു വച്ചിരിക്കുന്നതൊക്കെ നിനക്കുള്ളതാ…”
അമ്മയുടെ സമ്മര്‍ദത്താല്‍ അൽപ്പം ഒന്ന് മെച്ചപ്പെട്ടു വന്നപ്പോൾ സനലിലെ രസികൻ “നീയങ്ങ് ഉരുണ്ട് ചക്കപോത്ത് ആയല്ലോ”.
മകൾ വീണ്ടും കാറ്റഴിച്ചുവിട്ടത് പോലെ ആയപ്പോൾ അമ്മയുടെ നിലവിളി!
“ഇവൾക്ക് വേണ്ടി ഉണ്ടാക്കിയ ഭക്ഷണമൊക്കെ വാഴച്ചുവട്ടിൽ കുഴികുത്തി മൂടിയിരുന്നെങ്കിൽ അത് രണ്ടുവട്ടം കായ്ച്ചേനെ.”
തൊണ്ണൂറു കഴിഞ്ഞു തിരിച്ചു കൈക്കുഞ്ഞുമായി സനലിന്റെ വീട്ടിലേക്ക് പോകുമ്പോൾ തന്റെ ഭക്ഷണകാര്യം എന്താകുമെന്ന് സിമിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ചക്കപോത്ത് പോലെ വന്നവൾ വീണ്ടും എല്ലുംമുട്ടി ആകുമ്പോൾ ലീലമ്മയ്ക്ക് കുറച്ചില് വരുത്തണ്ടല്ലോ എന്ന് അവളും ഓർത്തു.
അവൾക്ക് അറിയാമായിരുന്നു അതൊന്നും ആരുടേയും തെറ്റോ കുറ്റമോ അല്ല. സനലിന്റെ സാരസ്യത്തോടും ലീലമ്മയുടെ പരമശുദ്ധതയോടും കെട്ടിച്ചവീട്ടിലെ ചിട്ടകളോടും ശീലങ്ങളോടും അപ്പോഴേക്കും അവൾ പൊരുത്തപ്പെട്ടുകഴിഞ്ഞിരുന്നു. വിവാഹത്തോടെ പെൺകുട്ടികൾക്ക് മാത്രം ബാധകമായ പൊരുത്തപ്പെടലുകളുടെ പുസ്തകത്തിലെ ‘അദ്ധ്യായം ഒന്ന്- ആഹാരം’ മാത്രമായിരുന്നു അത്!
