പണ്ട്,
നീണ്ടുമെലിഞ്ഞൊരു
വളഞ്ഞ വഴിയുണ്ടായിരുന്നു
പ്രാന്തി മാതുവിന്റെ വീട്ടിലേക്ക്.
റോഡിലവസാനിക്കുന്ന
വിണ്ടവഴിയുടെ അറ്റത്ത്
പുളിമരച്ചോട്ടിൽ പാർത്തിരുന്ന
കുനിയനുറുമ്പിന്റെ മൺതിട്ടകൊണ്ട്
മണ്ണപ്പം ചുടുമായിരുന്നു
ഞാൻ.
എനിക്കൊപ്പമെന്നും കളിക്കാൻ വരും
ടൈഗർബാമിന്റെ മണമുള്ള പ്രാന്തി മാതു.
അപ്പം ചുടാൻ വിറകു തരും
അവരുടെ കല്ലടുപ്പ് വിട്ട് തരും.
അപ്പോഴെല്ലാമെനിക്ക്
പ്രാന്തി മാതു എന്റെ പ്രായത്തിലുള്ള
പെൺകുട്ടിയായിരുന്നു.
അടുത്തുള്ളപ്പോൾ
പ്രാന്തി മാതുവിന്റെ നെറ്റിത്തടം
പ്രപഞ്ചം പോലെ.
ടൈഗർ ബാമിന്റെ വഴുക്കലറിയാം
വരയും കുറിയുമുള്ളതിൻ
നെടുനീളൻ വരമ്പിൻമീതെ തൊടുമ്പോൾ.
ഏറ്റവുമടിത്തട്ടിലായുരുളുന്നു രണ്ട്
പേടിച്ചരണ്ട തോട്ടുമീൻ കണ്ണുകൾ.
അതിന്നൊടുക്കത്തെ ഓരത്തിരുന്ന്
പൊടിപ്പും തൊങ്ങലും വെച്ച്
കഥകൾ മെനയും ഞങ്ങൾ.
“ന്റെ പ്രാന്തി മാതോ” ന്ന് വിളിച്ച്
കെട്ടിപ്പിടിച്ചാൽ
കല്ലെറിയാൻ തോന്നും
അവർക്ക് ഭ്രാന്താണെന്ന് പറയുന്നവരെ.
കൂട്ടത്തിൽ കൂട്ടുക എന്നത്
ഏത് ഭ്രാന്തുമലിഞ്ഞു പോകുന്ന
ഒരപൂർവവൈദ്യമാണ്.
നോക്കിനോക്കിയിരിക്കേ പുലർച്ചെ
വെളുത്ത തൊലിപ്പുറം നീക്കി
പുറത്തു വന്ന്
പ്രപഞ്ചത്തിന്റെ കിഴക്ക് വശത്തുള്ള
പ്രാന്തി മാതുവിന്റെ
ചെരിഞ്ഞ പുരയ്ക്ക് മീതെ
കീഴ്ക്കാംതൂക്കായി
ഊഞ്ഞാലാടും ഞൊട്ടാഞൊടിയൻ.
പ്രാന്തി മാതു എന്റെ
കീറിയ ഉടുപ്പുകൾ തുന്നിത്തരും
മുടി കെട്ടിത്തരും, ഈരും പേനും നുള്ളും.
അവരുടെ മടിയിൽ
കിടന്നുറങ്ങുമ്പോൾ തോന്നും
പ്രപഞ്ചത്തിലെ ഏറ്റവും നല്ല മണം
ടൈഗർബാമിന്റെതാണെന്ന്.
വയറിൽ മൂക്കമർത്തി
ഞാനുണർത്തുമവരുടെ
അമ്മത്തത്തെ.
പൊടിപ്പും തൊങ്ങലും വെച്ചൊരു
സുന്ദരകഥയിലേക്ക്
പിച്ചനടത്തിക്കുമെന്നെ.
ഇന്നലെ രാത്രി പാതിയുറക്കത്തിൽ
മണ്ണപ്പം കരിഞ്ഞ മണം.
പുളിമരച്ചോട്ടിലേക്കുള്ള
ജനാല തുറന്നപ്പോൾ
മരിച്ച പ്രാന്തിമാതുവിനെ കണ്ടു
കുനിയനുറുമ്പിന്റെ
വലിയ മൺതിട്ടയ്ക്കുള്ളിൽ.
പാതിചാരിയ കണ്ണുകളിൽ
ആകാശത്തോളം നിറഞ്ഞ അമ്മത്തം.
നിലാവൂറുന്നു
റൗക്കയില്ലാത്ത
കറുത്ത ജമുക്കാളം പുതച്ച മാറിടത്തിൽ.
പിറ്റേന്ന് പ്രാന്തി മാതു ദഹിക്കുമ്പോൾ
ടൈഗർബാമിന്റെ മണമായിരുന്നു
എനിക്ക് ചുറ്റിലും.
ഇന്നലെ രാത്രി ഞാൻ
പ്രാന്തി മാതുവിന്റെ വീട്ടിലേക്കു
കണ്ണയച്ച് പായയിൽ കിടന്നു,
ഇറയത്തെ മുട്ടവിളക്കിലെ
നിലാവ് വറ്റുന്നതും നോക്കി.
തൊടിയിൽ ഞൊട്ടാഞൊടിയൻ
വാടിവീഴുന്ന ഒച്ച,
പ്രാന്തി മാതുവിന്റെ കാലൊച്ച പോലെ.
നിലത്താകെ ടൈഗർ ബാമിന്റെ മണം.
മച്ചിലെ വിടവിലൂടെ
വെണ്ണീറ് ചിതറിവീഴുന്നു പായയിൽ.
സ്വപ്നത്തിൽ പ്രപഞ്ചത്തിലെ
അവസാനത്തെ ഞൊട്ടാഞൊടിയനും
മുനിഞ്ഞു കത്തി.
മേച്ചിൽപ്പുറമിറങ്ങി
പൊടിപ്പും തൊങ്ങലും പറഞ്ഞ്
മണ്ണപ്പം തിന്ന് രണ്ടുപേർ നടക്കുന്നത് കണ്ടു.
ഒരാൾ ചൂട്ട് കത്തിച്ച് അക്കരെ കടക്കുന്നു
ഒരാൾ ഇരുട്ടത്ത് നിൽക്കുന്നു
ഇക്കരെ.
പ്രപഞ്ചം അങ്ങോട്ടോ ഇങ്ങോട്ടോ
എന്നമട്ടിൽ പണികഴിപ്പിച്ച
തൂക്കുപാലമാണ്.
തിരിച്ചു നടക്കുമ്പോൾ
ആ ഒരാൾക്ക്
വഴിയുണ്ടാകുമോ
ആളുകൾ
പൊടിപ്പും തൊങ്ങലും പറഞ്ഞു നടക്കുന്ന
പ്രാന്തി മാതുവിന്റെ വീട്ടിലേക്ക്?