എന്റെ കാട് കത്തുമ്പോൾ
വസന്തത്തിന്റെ വരവുപോക്കുകൾ
അവസാനിക്കുകയാണ്,
കൂടെ
എന്റെ നീണ്ടതും പതുക്കനെയും
വേഗതയേറിയതുമായ നടത്തങ്ങളും.
ഞാൻ കിളികളെ കാടുകടത്തി വിടുന്നു
പോകുമ്പോൾ അവരെന്റെ മടിയിൽ
കൊഴിച്ചിട്ട തൂവലുകൾ
ആനന്ദത്തെക്കുറിച്ചുള്ള എന്റെ ഭാഷയെ
നിഗൂഢമായി പൊതിഞ്ഞു വെച്ചു.
ഞാനിപ്പോൾ പുസ്തകത്തിൽ
തൂവലുകൾ കൊണ്ട്
എങ്ങനെ തീയണയ്ക്കാമെന്ന
സൂത്രവാക്യമെഴുതുകയാണ്.
പെട്ടന്ന്
കുട്ടികളുടെ വിരലുകൾക്കിടയിൽ നിന്ന്
തുമ്പികൾ താണുപറന്ന്
തീക്കാടിന് മുകളിൽ കല്ലിടുന്നു
തീക്കാറ്റിന്റെ ഒടുവിലത്തെ നിലവിളി
ഉരഗസീൽക്കാരവുമായി ഇഴഞ്ഞെത്തുന്നു
ചെറുപടക്കശബ്ദത്തോടെ പൊട്ടുമ്പോൾ
ഒളിഞ്ഞിരുന്ന തീനാക്കുനീട്ടിയ തീക്കളി
പതച്ചുപൊന്തിയാർക്കുന്നു
ഞാനപ്പോൾ ദൈവത്തെ
കാണുകയും കേൾക്കുകയും
വിളിച്ചുകൊണ്ടോടുകയും ചെയ്യും.
എന്റെ കാടകങ്ങളിൽ
മരങ്ങൾ കത്തുമ്പോൾ ദൈവങ്ങളോട്
ഞാനെന്തുപറയുമെന്നാണ്.
എന്റെ കാടുകത്തുമ്പോൾ
എന്റെയുള്ളിൽ കിടന്ന് ഞാൻ
വിരണ്ടോടുന്നു
എന്റെ നെഞ്ചിൽ
കരിഞ്ഞ പൂക്കളുടെ
ശരവർഷത്തിൻ വേരുകൾ
അള്ളിപ്പിടിക്കുന്നു
നിങ്ങൾ വെറും കണ്ണിൽ കാണുമ്പോഴത്
മനുഷ്യശരീരത്തിന്റെ
ചിത്രണത്തിൽ പടർന്നു പിടിച്ച
ചുറഞ്ഞു കിടപ്പുള്ള
ഞരമ്പിൻ പിടപ്പായിരിക്കും.
ഇടവേളകളിലെ പരസ്യത്തിൽ നിന്ന്
അവസാനത്തെ പൂവിന്റെ മണം
പൂട്ടിപ്പോകാറായ ടാക്കിസിൽ നിന്നും
സിനിമ പൂർത്തിയാകാതെ
പുറത്തേക്കിറങ്ങി വരുന്നു.
നായികയുടെ പ്രേമത്തിനിടെ
വിരിയുകയും കരിയുകയും ചെയ്ത
പൂവിന്റെ സുലഭമായ ചാരമാണ്
ആളുകളിപ്പോൾ കുറി വരയ്ക്കുന്നത്.
അവളുടെ പൂർവ്വനായകന്റെ
ഇനിയിറങ്ങിപ്പോകേണ്ടിയിരിക്കുന്ന
വാടകവീട്ടിലെ
അടുക്കളയിൽ തിളയ്ക്കുന്ന
ചായവെള്ളത്തിലത്
മുങ്ങിത്താണ് വേവുന്നു.
അപ്പോഴും അവരുടെ അയൽപ്പക്കമായ
എന്റെ കാട്ടിലപ്പോൾ ഞാൻ
തീക്കാറ്റ് നൃത്തം ചവിട്ടിക്കൊണ്ട്
പൂക്കളെ പൊതിഞ്ഞു പിടിക്കുകയും
മഞ്ഞുമഴയുതിർക്കുകയും ചെയ്യുന്ന
സൂത്രവാക്യം ചിട്ടപ്പെടുത്തുകയാണ്.
എന്റെ തീപിടിച്ച
കാടിനു കീഴെയൊഴുകും
നദിക്കരയിലിരുന്ന്
തിരകളിൽ കയ്യോടിച്ച് ആളുകൾ
ജോഗിന്റെ തന്ത്രികളെന്ന പോലെ മീട്ടുന്നു
ഒരു നാവികൻ
അയാളുടെ മാന്ത്രികക്കപ്പലിൽ
അരനാഴികനേരത്തിൽ
ലോകം ചുറ്റി വരുന്നു.
മറ്റൊരയൽപ്പക്കത്തെ പാടങ്ങളിൽ നിന്ന്
ഞാറ്റുവേലപ്പാട്ടുയരുന്നു
അന്ത്യയാമങ്ങളുടെ ഉറക്കങ്ങളിൽ
പിച്ചും പേയും മുറുകുമ്പോൾ
അകലെ നിന്നൊരു മുടി കത്തിയ
എന്റെ കാടിൻമണം
പൊള്ളിയ കരച്ചിലോടെ അണച്ചു വരുന്നു.
ആളുകൾ മുഖം തിരിച്ചു മൂക്ക് പൊത്തുന്നു
മഴക്കാലങ്ങളുടെ വൈകിയ ഗർജ്ജനം
പിന്നെയും വൈകി ജൂണിനെ കടക്കുമ്പോൾ
പിന്നെയും പിന്നെയും കത്തുന്നു
കരിഞ്ഞ് മൊരിഞ്ഞു
കാടൊരു വെണ്ണീർത്തെയ്യമാകുന്നു.
ദൈവങ്ങളിനി
എന്നോടെന്തുപറയുമെന്നാണ്..
ഞാനീ കരിഞ്ഞു വിസ്മൃതിയിലാണ്ട
പേരറിയുന്നതും അറിയാത്തതുമായ
പൂക്കളുടെ മണമുള്ള നാസികയുമായി
അതിർത്തികളിൽ ചെല്ലുന്നു
അഥവാ എന്റെ അയൽപ്പക്കങ്ങളിൽ.
അവർ സമ്പന്നരും പോരാളികളുമായ
ജാലവിദ്യക്കാരായിരുന്നു.
അവർ തോക്കുകളുയർത്തുമ്പോൾ
പടിഞ്ഞിരുന്ന് ഞാനെന്റെ
അവസാന ശ്വാസമുപേക്ഷിച്ചു.
എന്റെ മൂക്കിൽ നിന്ന്
അഗ്രങ്ങളിൽ പാതി കത്തിയതും
കത്തിക്കൊണ്ടിരിക്കുന്നതുമായ
ഒറ്റപ്പൂവുള്ള തണ്ടുകൾ വർഷിച്ചു.
പൂവുകളിനിയും കത്തുമ്പോൾ
പൂമ്പാറ്റകളോട് എന്തുപറയും?