റെയിൽപ്പാളത്തിനടുത്തു നിന്നും
വള്ളിച്ചെരുപ്പിട്ട കാലുകൾ
പ്രതീക്ഷയുടെ ഒറ്റയടിപ്പാതകൾ പിന്നിട്ട്
ബസ് സ്റ്റാൻഡിലേക്ക് നീണ്ടു.
ഇടതൂർന്ന മുടിപ്പിന്നലിനു മീതേ
മുല്ലയും കനകാംബരവും
ചേർന്നിരുന്ന് ചിരിച്ചു.
ആ പൂമാലയും കടന്ന് എൻ്റെ കണ്ണുകൾ,
ടയർ രൂപമാറ്റം വരുത്തിയ
റബർ കുട്ടയിലെ സാധനങ്ങളും ഭക്ഷണം നിറഞ്ഞ
തൂക്കു പാത്രത്തിലും തടഞ്ഞു.
കഴുത്തിലെ മഞ്ഞച്ചരട്
മുഷിഞ്ഞ് നരച്ചുവെങ്കിലും
ഉടുത്ത ചേലയിലെ തുന്നൽപ്പൂക്കൾ
മങ്ങി നൂലു പിഞ്ഞിയെങ്കിലും
മുല്ലപ്പൂ പോലെ ചിരിച്ചു കൊണ്ട്
പുഷ്പ റാണി ബസിനുള്ളിലേക്കൂർന്നു.
എന്തൊരു മുടിയാണിവൾക്കെന്ന
അസൂയാ നാളം കത്തിച്ച്
എൻ്റെ സഹയാത്രിക
എനിക്ക് അലോസരമുണ്ടാക്കി.
ഞായറാഴ്ചകളിൽ
അതിരാവിലെ ഒരിക്കലും പതിവില്ലാത്ത,
എൻ്റെ യാത്രയിലൊരത്ഭുതമായി
പൊടുന്നനെ
ആണുങ്ങളും പെണ്ണുങ്ങളും
പൂമണവും ചോറ്റുപാത്രങ്ങളും
പണി സാധനങ്ങളുടെ സഞ്ചികളും
കൊണ്ട് ബസ് ഒരന്യസംസ്ഥാനമായി മാറി.
രണ്ടു മൂക്കുത്തികളിട്ട പുഷ്പറാണി
വിണ്ടു കീറിയ പാദങ്ങളിലണിഞ്ഞിരുന്ന
വെള്ളിക്കൊലുസ് ചിരിച്ചു ,
നാളെയെന്നൊരാധിയേ ഇല്ലാതെ,
ഇന്നത്തെയന്നമുറപ്പായെന്ന മട്ടിൽ
അല്ലലേതുമില്ലാതെ
അവൾ കലപില വർത്തമാനം പറഞ്ഞ്
കുലുങ്ങി കുലുങ്ങിച്ചിരിച്ചുകൊണ്ടേയിരുന്നു.
കൈത്തലം നീർത്തി
കാശു കൊടുക്കുമ്പോൾ
സിമൻ്റു പൊടിയ്ക്കടിയിൽ തെളിഞ്ഞ
തഴമ്പുകൾ അവൾക്ക്
നോവടയാളങ്ങളായി തോന്നിയതേ ഇല്ല.
പ്രതീക്ഷകളുടെ താഴ്വാരങ്ങളിലൂടെ
വണ്ടി മുന്നോട്ടു തന്നെ നീങ്ങിക്കൊണ്ടിരുന്നു.