പിന്നിലേക്കൊഴുകുന്ന പുഴ

ഓർമ്മകൾ
ചിലപ്പോൾ
പിന്നിലേക്കൊഴുകുന്ന
പുഴ പോലെയാണ്.

അവ തട്ടിത്തടഞ്ഞു
നിൽക്കുന്ന
ഇടങ്ങളിൽ
ഒരു കാട്
ബഹു വർണ്ണങ്ങളിൽ
പൂത്തുലയും

ഉഷസ്സിന്റെ
വർണ്ണരാജികൾ
നിറഞ്ഞ
കുങ്കുമച്ചെപ്പിനെ
അസ്തമയം
രാവിലേക്കു
തട്ടി മറിക്കും.

ചിന്തകൾ
നിയതമായ
ഭ്രമണ പഥം വിട്ടു
ദിശ തേടി
ചുറ്റിത്തിരിയും

കാറ്റ് നിന്നിലേക്ക്‌
എന്നെയും
എന്നിലേക്ക്‌
നിന്നെയും
ഇലകൾ പോലെ
തല്ലിക്കൊഴിച്ചിടും

ഓരോ ഇല
കൊഴിയുമ്പോഴും
വേരുകളാൽ
ഭൂമിയെ അള്ളിപ്പിടിച്ചു
മരങ്ങൾ
നിലവിളിക്കും
നീ ബാക്കി വെച്ചു
പോയ
മുറിവുകൾ
മരുന്നില്ലാതെ
മനസ്സിൽ
വിങ്ങുന്ന
മൗനമാകും.

കോട്ടയം ജില്ലയിലെ മേവെള്ളുർ സ്വദേശിനി. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്. 'സംശയങ്ങളിൽ ആഞ്ചല മേരി ഇങ്ങനെ' എന്ന ചെറുകഥയ്ക്കു 2014 ലെ വനിത ചെറുകഥ അവാർഡ്, 2017 ലെ കേരള കലാകേന്ദ്രം കമല സുരയ്യ പുരസ്കാരം, 2018.ലെ ദേവകി വാര്യർ സ്മാരക പുരസ്കാരം ഇവ ലഭിച്ചു. വിവിധ പ്രസാധകർക്കായ് പരിഭാഷകൾ ചെയ്യുന്നു.