സന്ധ്യയ്ക്കുമുൻപേ
തിരിച്ചു പോകാം സഖി,
ചെന്തീക്കനൽ തൊട്ട മാനം
കറുത്തുപോയ്.
അന്തിയ്ക്കുമുൻപേ
വിളക്കൂതിയീ മഴ
മുൻപേ നടക്കൂ പുഴ-
യ്ക്കെന്തൊഴുക്കാണ്.
മൗനം നുകർന്നീയരങ്ങിൽ
നിന്നും കവികൾ
മുന്നേ നടന്നുപോയ്
ദൂരേയ്ക്കു ..ദൂരേയ്ക്ക്..
ദൂരെ..കടമ്പിൻ്റെ ചില്ലയിൽ,
കണ്ണീരിലാരോ
കുടഞ്ഞുവോ
പാൽനിലാപ്പൂവുകൾ.?!
പാതിരാക്കനലിൻ
നെരിപ്പോടു നീറുന്നു
പോയ വർഷത്തിൻ്റെ
ചിതകത്തിയാളുന്നു..
നോവിൻ്റെ ചില്ലകളി –
ലോരോയിടങ്ങളിൽ
കാലം ശവക്കച്ച
നെയ്തുപോയെങ്കിലും.
രാവേതു..പകലേത്
സംക്രമപ്പക്ഷികൾ
പാടുന്ന പാട്ടേത്..?
അറിയില്ലെയെങ്കിലും…
പ്രളയത്തിനിരുകരയിൽ
നിന്നുനാം മുന്നോട്ടു
പതിയെ തുഴഞ്ഞതാം
പ്രാണൻ്റെ തോണിയിൽ…
കലഹിച്ചു തീരാത്ത
കൗതുകക്കടലിൻ്റെ
കവിതയും, ശംഖും
തിളങ്ങുന്ന സൂര്യനും.
ഇരുളിൻ്റെ സിരകളിൽ
മരവിച്ചു പോകുന്ന
ശിശിരത്തിൽ നിന്നു
നാമെത്തുന്ന മാർഗഴി…
അവിടെ നിന്നും
നാം നടന്നെത്തുമെന്നോർത്ത
പ്രണയലോകത്തിൻ്റെ
താഴ്വാരസ്വപ്നങ്ങൾ…
എല്ലാം കൊഴിഞ്ഞെന്നു
പാതിരാക്കാറ്റിൻ്റെ
സംഹാരസിംഫണി,
നദിയുടെ നിസ്സംഗത…
അന്ധകാരത്തിൻ്റെ
മേഘങ്ങൾ നമ്മളെ
ചുംബിച്ചു പോയതും..,
നീൾനിലാവിൻ തോണി
മെല്ലെ തുഴഞ്ഞു
നാം മുന്നോട്ടു പോയതും…
എന്നായിരുന്നു
നിനക്കോർമ്മ കാണുമോ?