
“നല്ല പച്ചക്കുരുമുളകിന്റെ അരപ്പ് ചേർത്തു വരട്ടിയെടുത്തോ”, ഉപ്പിലയിൽ പൊതിഞ്ഞ ആട്ടിറച്ചി ഉമ്മറത്തൂണിൽ ചാരിനിന്ന ലിറ്റിയുടെ കൈയ്യിൽ വെച്ചു കൊണ്ട് സാമുവൽ പറഞ്ഞു.
‘ആട്ടിറച്ചി പാചകത്തിലാണ്ടുപോകുന്ന പാവം ലിറ്റിയുടെ ഞായറാഴ്ചകൾ.’ കലമ്പാതെ വാക്കെടുത്തെറിഞ്ഞു ആട്ടിറച്ചിയുമായി അടുക്കളഭാഗത്തേക്ക് നീങ്ങുന്ന വാമഭാഗത്ത് നിന്നു കണ്ണുകളുരുട്ടിയെടുത്തു നിമിഷച്ചുമടുകളെ ഗതകാലപ്പടിയിലിറക്കിവെക്കുന്ന ഘടികാരത്തിൽ പതിപ്പിച്ചു.
രാവിലെയെന്നും വീട്ടിനകത്ത് തിരക്കിന്റെ ആന്ദോളനം സൃഷ്ടിച്ചു കറങ്ങിയോടുന്ന സമയപാലകനെ പുച്ഛത്തോടെ നോക്കി വാരന്ത്യപതിപ്പുമെടുത്തു സാമുവൽ കിടക്കറയിലേക്കു നടന്നു.
24-നവംബർ-2024, ഞായറാഴ്ച പതിപ്പിൽ നിറഞ്ഞു നിന്ന നീണ്ട വെള്ളത്താടിയും, ആകാംഷയുടെ തീപ്പൊരിയുള്ള കണ്ണുകളും പരിണാമത്തിന്റെ ചുരുളുനിവർത്തുന്ന ഭൂപടം കൈയ്യിലേന്തി നില്ക്കുന്ന ആളെക്കുറിച്ചു, തലയണയിൽ അമർന്നു രസച്ചരടു മുറിയാതെ ദീർഘിച്ച വായന സാമുവലിന്റെ കണ്ണുകൾക്കു ചുറ്റും ഉറക്കം അഴിവേലികെട്ടി സ്വപ്നങ്ങൾ മുളപ്പിച്ചു.
“ദേ, ഒന്നിങ്ങു വന്നേ, നിങ്ങളെ കാണാൻ ഷൗക്കത്ത് വന്നിട്ടുണ്ട്.”, ആട്ടിറച്ചി പാചകത്തിന്റെ തിരക്ക് ചുവക്കുന്ന ലിറ്റിയുടെ ഒച്ച അടുക്കളയിൽ നിന്നു നീണ്ടു വന്നു.
“നീയാ ഇറച്ചിയുടെ, കാശെടുത്തു കൊടുക്കൂ.”
അയൽവാസിയും പ്രവാസിയുമായ ഷൗക്കത്ത് അവധിക്കെത്തിയാൽ ഉപ്പ നടത്തുന്ന ആട്ടിറച്ചി വിൽപ്പനയേറ്റെടുക്കും.
“നിങ്ങളൊന്നിങ്ങോട്ടു വന്നേ?” ശബ്ദത്തിനു അക്ഷമയുടെ തൂക്കം കൂടിയപ്പോൾ സാമുവൽ ഉമ്മറത്തേക്ക് നടന്നു.
വെയിലേറ്റു വാടി നില്ക്കുന്ന, മുൾച്ചെടിക്കൊരു താങ്ങ് ശരിയാക്കി ഷൗക്കത്ത് മുറ്റത്ത് നില്ക്കുന്നുണ്ടായിരുന്നു.
“ന്താ ഷൗക്കത്തേ അവിടെ നില്ക്കുന്നത്, വാ കയറിയിരിക്ക്.?”
“ഒന്നൂല്ല മാഷേ, ഉപ്പാക്ക് ങ്ങളെ ഒന്നു കാണണം.” വെള്ളക്കള്ളിയുള്ള ലുങ്കി അഴിച്ചിട്ടു, വെള്ളയിൽ ഒലീവ്പച്ച വരയുള്ള ബനിയൻ പിടിച്ചു താഴ്ത്തി ഷൗക്കത്ത് പറഞ്ഞു.
“അയിനെന്താ, പരീദിക്കയെവിടെ?
“ഉപ്പ, ഓഫീസ് മുറില് നേരെത്തെ കയറിയിരിപ്പുണ്ട്.”
പരീദിക്ക സാമുവലിന്റെ അപ്പന്റെ ഉറ്റചങ്ങാതിയായിരുന്നു. വീട്ടിലെ വിശേഷദിനങ്ങളിലെ പാചകക്കാരനും മേൽനോട്ടക്കാരനുമൊക്കെയായിരുന്നു. എൺപതോളമെത്തിയ പ്രായം അവശേഷിപ്പിച്ച മുഴുവൻ ശക്തിയും അവാഹിച്ചു വലിയൊരു സഞ്ചി മുറകെപ്പിടിച്ചു, സെറ്റിയിലിരിപ്പുണ്ടായിരുന്നു പരീദിക്ക.
“ന്താ, പരീദിക്ക സഞ്ചിയിൽ, തിന്നാനുള്ളതെന്തെങ്കിലുമാണോ?”
സാമുവലിന്റെ ചോദ്യത്തിനു മറുപടി പറയാതെ സഞ്ചിയിലെ പിടിത്തം ഒന്നൂടെ മുറുക്കി.
“ഉപ്പാക്ക് ങ്ങളോട് ന്തെക്കൊയോ രഹസ്യം പറയാനുണ്ടു പോലും. ഉപ്പാ, കാര്യം പറ.”
ആടുകളുടെ രോമത്തിനു മേൽ തങ്ങിനില്ക്കുന്ന മഴത്തുള്ളി പോൽ നരച്ച പുരികത്തിനു മേൽ പൊടിഞ്ഞ വിയർപ്പു തുള്ളി കഴുത്തിനു പിന്നിൽവച്ച വെള്ള ടൗവലെടുത്തു തുടച്ചു ഒന്നും മിണ്ടാതെയിരുന്നപ്പോൾ ഷൗക്കത്ത് പറഞ്ഞു
“ഉപ്പ നല്ലോണം ഉറങ്ങീട്ട് കാലം കുറേക്കഴിഞ്ഞു. കണ്ണുപൂട്ടുമ്പള് ആടുകൾ വരിവരിയായ് നിന്ന് ഉപ്പാനെ നോക്കി കരയുന്നു പോലും. “
സാമുവൽ തലയാട്ടികൊണ്ട് ഷൗക്കത്തിന്റെ വാക്കുകളിൽ തൂങ്ങിയാടി പരീദക്കയുടെ അറവു ശാലയിലേക്ക് ഒരു ദ്രുത സഞ്ചാരം നടത്തി.
വീട്ടുപറമ്പിന്റെ തെക്കേ മൂലയിൽ ചവോക്ക് മരങ്ങളെ സാരികൊണ്ട് ചേർത്തു കെട്ടി മറച്ച അറവുപുരയിൽ, പുലരിച്ചോപ്പിന്റെ അരണ്ടവെട്ടത്തിൽ ആടിനു വയറു നിറയെ പ്ലാവിലയും കാടി വെള്ളവും നൽകി, തട്ടിയും തടവിയും പരീദിക്ക അതിനെ സന്തോഷിപ്പിക്കും. അതിനു ശേഷം ‘ബിസ്മി ചൊല്ലി, കഴുത്തിലെ ഞരമ്പും ശ്വാസനാളവും അന്നനാളവും ഒരുമിച്ചൊരൊറ്റ വെട്ടിൽ മുറിച്ചു മാറ്റും.
അരയോളം ഉയരത്തിലുള്ള ഉരുളൻ മരത്തടിയിൽ താളത്തോടെ ഉയർന്നു താഴുന്ന അറവുകത്തിയിൽ ഉടൽ ചെറു കഷണങ്ങളാക്കി ഉപ്പിലപ്പൊതിയിൽ മാറുമ്പോൾ ചോരകട്ടപിടിച്ചു തുറിച്ച കണ്ണുകളും ചാഞ്ഞു കിടക്കുന്ന ചെവികളുമായി ആട്ടിൻ തല മരത്തടിയുടെ അറ്റത്തുണ്ടാവും. ആട്ടിൻ തല വില്പനക്കുള്ളതല്ല. എത്ര വില പറഞ്ഞാലും നിർബന്ധം പിടിച്ചാലും തല ആർക്കും കൊടുക്കില്ല.
സാമുവലിന്റെ ചിന്തയെ മുറിച്ചു ഷൗക്കത്ത് ചോദിച്ചു.
“ആട്ടിൻ തലയെ കുറിച്ചായിരിക്കും മാഷ് അലോചിക്കുന്നത് അല്ലേ?”
സാമുവൻ ചിരിച്ചോണ്ടു ചോദിച്ചു
” ശരിക്കും ആട്ടിൻ തലയെന്താ ചെയ്യുന്നത്?”
“തലയോട്ടി ഉടയാതെ, ഓർമ്മകളുടഞ്ഞ തലച്ചോറും മാംസവും നീക്കിയെടുത്തതിൽ മാതളം, നെല്ലിക്ക, ഇഞ്ചി, ചുവന്നുള്ളി, മല്ലി, കുറുന്തോട്ടി, ആടലോടകം, കരിങ്കുറിഞ്ഞി എന്നിവ ചേർത്തു കുറുക്കിയെടുത്ത ആട്ടിൻ സൂപ്പ് നെയ്യ് ചേർത്ത് കഴിക്കും”
പരീദിക്ക ഷൗക്കത്ത് പറയുന്നതൊക്കെ ഭാവശൂന്യതയോടെ കേൾക്കുന്നുണ്ടായിരുന്നു.
“സൂപ്പുണ്ടാക്കി കുടിക്കാനല്ല മറിച്ച് ആട്ടിൻതലയോട്ടിക്ക് വേണ്ടിയാണ് തല വീട്ടിലേക്ക് കൊണ്ടുവരുന്നത്.”
പരീദിക്ക സാവധാനം സഞ്ചിതുറന്നു മൂന്ന് ആട്ടിൻ തലയോട്ടികൾ മേശപ്പുറത്തുവച്ചു. സാമുവൽ, ഷൗക്കത്തിനെ നോക്കി. പരീദിക്ക മൗനത്തിൽ നിന്നു പിൻവാങ്ങി ആട്ടിൻ തലയോട്ടി സംസ്കരിക്കുന്ന വിധം വിശദീകരിച്ചു.
ചോര നനവുള്ള ആട്ടിൻ തല രണ്ട് മണിക്കൂറോളം തിളപ്പിച്ച വെള്ളത്തിലാഴ്ത്തി വെക്കും. ചൂടേറ്റു പതം വന്നു കറുക്കുന്ന ചർമ്മം ആറ്റുമണലുരച്ചു നീക്കം ചെയ്തതിനു ശേഷം കടുകെണ്ണയിൽ കരി ചാലിച്ച മിശ്രിതം തേച്ചു പിടിച്ചു ചെറു തീയിൽ മിനുസപ്പെടുത്തിയെടുക്കും. രണ്ടു ദിവസം മഞ്ഞളും മറ്റു രഹസ്യകൂട്ടുകളുമടങ്ങിയ മിശ്രിതം വീണ്ടും തേച്ചു വെയിലിൽ ഉണക്കിയെടുക്കും.
“തലയോട്ടിയിൽ ഉപ്പ ഇലക്കറ ഉപയോഗിച്ച് അറബീല് ന്തെക്കൊയോ എഴുതിവക്കും” ഷൗക്കത്ത് തുടർന്നു പറഞ്ഞു.
“ന്തൊക്കെയാ ഷൗക്കത്തെ എഴുതുന്നത്?”
പരീദിക്ക സഞ്ചിയിൽ നിന്നും വലിയ മൂന്നു രജിസ്റ്ററുകൾ കൂടി എടുത്തു മേശമേൽ വച്ചു. അതിലെ പഴമയുള്ള രെജിസ്റ്ററിന്റെ താൾ മറച്ചിട്ടു.
സാമുവൽ ആകാംഷയോടെ അതിലേക്കു കഴുത്ത് നീട്ടി. തീയതിയും ദിവസവും കുറിച്ച താളിൽ അറവു ചെയ്യപ്പെട്ട ആടിന്റെ തലയോട്ടിയുടെ അളവ് കുറിച്ചിട്ടിട്ടുണ്ട്. അറബിയിലെഴുതിയത് എന്തെന്നർത്ഥത്തിൽ ഷൗക്കത്തിനെ നോക്കി.
“ഉപ്പ തലയോട്ടിയിലെ അസ്ഥികളെ തുന്നിയോജിപ്പിക്കുന്ന മടക്കുകളെ എണ്ണിയെഴുതിയിട്ടുണ്ട്. കൂടാതെ ഉപ്പാന്റെ നിരീക്ഷണങ്ങളും അതിലടയാളപ്പെടുത്തിയിട്ടുണ്ട്.”
“ഷൗക്കത്തേ ഇതെപ്പം തുടങ്ങിയതാ?”
“ഉപ്പാപ്പൂന്റെ കാലം തൊട്ടേയുണ്ട്. ആട്ടിൻ തലയോട്ടികൾക്ക് അറവുപുരക്ക് ചുറ്റം ഖബറൊരുക്കി സ്ഥാനം ബുക്കിലെഴുതിയിട്ടുണ്ട്. “
“ഇപ്പോഴെന്താ ഷൗക്കത്തേ പ്രശ്നം?”
സാമുവൽ ഷൗക്കത്തിനേയും മൂകനായിരിക്കുന്ന പരീദിക്കാനേയും നോക്കി.
“ഉപ്പ പറേന്നത് പടച്ചോന്റെ കള്ളത്തരം ഉപ്പ മനസ്സിലാക്കിയതു കൊണ്ടാ ആടുകളെ സ്വപ്നത്തിലൂരി വിട്ടു പേടിപ്പിക്കുന്നത്. നക്ഷത്രത്തിൽ തമ്പടിച്ചു നിൽക്കുന്നത് ഉപ്പാന്റെ അറവുകത്തിയിൽ പിടഞ്ഞ ആടുകളാണ്.”
“പടച്ചോനെന്തു കള്ളത്തരമാ കാണിച്ചത്?”
“ഉപ്പ പറേന്നത്, പടച്ചോന്റേടുത്തുള്ള ആട്ടിൻ തലയോട്ടിയുടെ അച്ച് തീർന്നെന്നാ. പടച്ചോനിപ്പം പഴയ അച്ചുകളുതന്നെയാ വീണ്ടും ഉപയോഗിക്കുന്നതു പോലും”
ഷൗക്കത്ത് സാമുവലിനെ നോക്കി ചിരിച്ചെങ്കിലും പരീദീക്കാന്റെ കണ്ണുകളിൽ വിളറിയ ചുവന്ന ചില്ലകൾ പൂത്തിരുന്നു.
തെളിവുകളെന്നോളം ടീപോയ്ക്ക് മുകളിലിരിക്കുന്ന മൂന്നു തലയോട്ടികളുടെ മേൽ ജനാലകളുടെ വെള്ള കർട്ടനുകളുടെ വിടവിലൂടെ വരുന്ന വെളിച്ചം വൃത്തം ചമച്ചു പരക്കുന്നുണ്ടായിരുന്നു.
ഒരു തലയോട്ടിയുടെ മുകളിൽ 4.12.2022 എന്നും മറ്റൊന്നിനു മുകളിൽ 1.1.1925 എന്നും എഴുതിവെച്ചിരുന്നു. ഇതാ നോക്കൂ 100 വർഷങ്ങൾക്കു ശേഷം ഒരേ രൂപസാമ്യതയുള്ള തലയോട്ടികൾ പുന:സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നു മൗനമായി കണ്ണുകൾ കൊണ്ട് പരീദിക്ക വിളിച്ചു പറയുന്നുണ്ടായിരുന്നു.
സാമുവൽ എന്ന ജീവശാസ്ത്ര അധ്യാപകന്റെ തലയിൽ പരിണാമ സിദ്ധാന്തങ്ങളുടെ രാസമേഘങ്ങളൊരു മഹാവിസ്ഫോടനത്തിനെന്നോളം ഉരണ്ടുകൂടി.
“ഷൗക്കത്തേ, നൂറു വർഷോന്നും വല്യകാലയളവ് അല്ല. കോടിക്കണക്കിനു വർഷമെടുക്കും ന്തേലും മാറ്റമുണ്ടാവാൻ”
“മാഷേ, ശാസ്ത്രമൊന്നും അറിഞ്ഞൂടേലും ഉപ്പ പറഞ്ഞേല് ചെലകാര്യങ്ങളുണ്ടെന്ന് എനെക്ക് തോന്നിക്കുണ്ട്”
ഷൗക്കത്തിൽ നിന്നും പൊട്ടിവീഴാൻ പോകുന്ന കാര്യങ്ങളെ അറിയാനെന്നോളം സാമുവൽ മുന്നോട്ടാഞ്ഞിരുന്നു.
“ഉപ്പൂപ്പാന്റെ കാലത്തെ ആടുകൾ പേടിയോടെ ഒച്ചയില്ലാതെ പ്രതികരിക്കാതെ അറവുകത്തിയുടെ മൂർച്ചയിൽ കീഴടങ്ങുമായിരുന്നു. ആ കാലത്തിനു ശേഷമുള്ള ആടുകൾ കത്തികണ്ടാൽ കുതറി ഓടാനുള്ള വിഫലശ്രമം നടത്തി പ്രതികരിച്ചിരുന്നു. ഇപ്പളത്തെവ നിസ്സംഗതയോടെ ബഹളമില്ലാതെ കത്തിയുടെ മൂർച്ചയിൽ കീഴടങ്ങും, ഉപ്പൂപ്പാന്റെ കാലത്തെ ആടുകളെ പോലെ. “
ഷൗക്കത്തിന്റെ വാക്കുകളുടെ ആഴത്തിലമർന്നു നിന്ന സാമുവൽ കണ്ണടയൂരി കൈയ്യിൽ വെച്ചുകൊണ്ടു ചോദിച്ചു
“ഷൗക്കത്തെന്താ പറഞ്ഞുവരുന്നത്?”
“ഉപ്പാന്റെ കിത്താബിലൊരു കാര്യം വ്യക്തമായി കുറിച്ചിട്ടുണ്ട്. ഇപ്പളത്തെ ആടോളുടെ തലയോട്ടിന്റെ വലുപ്പം കുറഞ്ഞിട്ടുണ്ടെന്നും അയിന്റെ കീഴെയുള്ള ഓട്ടയുടെ വലുപ്പം കൂടിയിട്ടുണ്ടെന്നും. അയിനർത്ഥം പുതിയ ആടുകൾക്ക് ബുദ്ധി കൂടിയിട്ടുണ്ടെന്നല്ലേ?”
തലയോട്ടിയുടെ കീഴിലുള്ള ദ്വാരം വലുതായാൽ കൂടുതൽ രക്തക്കുഴലുകൾ തലച്ചോറിലെത്തി, അതിന്റെ പ്രവർത്തനം ത്വരിതപ്പെടുമെന്ന ശാസ്ത്രതത്വം അറിയാതെ സംസാരിക്കുന്ന ഷൗക്കത്തിനെ ആശ്ചര്യത്തോടെ നോക്കി. പഴയ ആടുകൾ മൃത്യുവിന്റെ മണം തിരിച്ചറിയാതെ സുഭിക്ഷമായ് കിട്ടുന്ന തീറ്റിയിൽ മയങ്ങി അറവുകത്തിക്കിരയാകുന്നു. പിന്നീടുള്ള ആടുകൾ പ്രതികരിച്ചു കീഴടങ്ങി. ഇന്നെത്തെ ബുദ്ധികൂടിയ ആട് രക്ഷപ്പെടാൻ ഒരു പഴുതുമില്ല എന്ന തിരിച്ചറിവിൽ തീറ്റയെടുത്തു ഇന്ദ്രിയങ്ങളടച്ചു നിസ്സംഗതയോടെ അറവുകത്തിക്ക് തലവച്ചു കൊടുക്കുന്നു. ബിസ്മി ചൊല്ലി, മരണത്തിന്റെ കൈപിടിപ്പിച്ചു പരീദിക്ക പറഞ്ഞയച്ച ആടുകളുടെ തലയോട്ടികൾ സാമുവലിന്റെ മുന്നിലൂടെ വരിവരിയായി നടന്നു നീങ്ങുമ്പോൾ ഷൗക്കത്തിന്റെ ചോദ്യം മുറിഞ്ഞു വീണു.
“ആടിന്റെ തലയോട്ടിയിൽ ഉപ്പ കണ്ടതുപോലെയുള്ള മാറ്റങ്ങൾ മനുഷ്യരടെ തലയോട്ടിയിലും വന്നു കാണുമോ, മാഷേ?”
പരിണാമത്തിന്റെ നാൾവഴികളിൽ മനുഷ്യന്റെ തലയോട്ടിയിലെ പരിണാമം ഓർത്തുകൊണ്ടു സാമുവൽ ചോദിച്ചു.
“അതെന്താ അങ്ങിനെ ചോദിച്ചത്?”
“മനുഷ്യന്റെ പഴഞ്ചൻ സ്വഭാവങ്ങൾ വീണ്ടും വരുന്നുണ്ടോന്നൊരു സംശയം. ഇപ്പോ ജാതിയും മതോക്കെയെല്ലേ എല്ലാടേം. മനുഷ്യന്റെ തലയോട്ടി അച്ചും തീർന്നു കാണുമോ?”
ഷൗക്കത്തിന്റെ വേദനയും പരിഹാസവും കുലുങ്ങിനിന്ന വാക്കുകൾ സാമുവലിനെ ഒന്നു ചിന്തിപ്പിച്ചു. തൂത്തെറിഞ്ഞ ജാതി മത വിഷവിത്തുകൾ വീണ്ടും മുളച്ചിട്ടുണ്ട്. സാമുദായിക പേശീബലവും മുതുകിൽ തെളിയുന്ന മതചിഹ്നങ്ങളും പുനരുയിരിട്ടിട്ടുണ്ട് എന്നു സാമുവൽ ഓർക്കുന്നതിനിടെ ഷൗക്കത്ത് പറഞ്ഞു.
“പണ്ടത്തെ ആളുകൾ ജാതിയുടേയും മതത്തിന്റെയും കടന്നു കയറ്റം പേടികൊണ്ടും അറിവില്ലായ്മകൊണ്ടും എതിർത്തിരുന്നില്ല. പുതിയ കുട്ട്യോള് ബുദ്ധികൂടിയതും കൊണ്ടും എതിർക്കുന്നില്ല.
ഓലെ തലോട്ടിക്ക് പഴയ വലുപ്പം ഇല്ലല്ലോ. അതോണ്ടായിരിക്കോ പ്രതികരണശേഷി കുറഞ്ഞത്?” യുക്തിഭദ്രമായ ചോദ്യങ്ങളിലൂടെ വളർന്നു കൊണ്ടിരിക്കുന്ന ഷൗക്കത്തിനെ നേരിടാൻ സാമുവൽ നല്ലോണം ബുദ്ധിമുട്ടിയിരുന്നു.
“മ്മളിപ്പം ഡിജിറ്റൽ അല്ലേ, തലച്ചോറിനെന്തു പണി. എല്ലാം സൂക്ഷിക്കുന്നതും ചെയ്യുന്നതും കമ്പ്യൂട്ടറും ഫോണുമല്ലേ! പണിയൊന്നുമില്ലാത്തതു കൊണ്ടാണോ തലയോട്ടി ചുരങ്ങിയത്?. ഉപയോഗിച്ചില്ലേല് ഏത് മെഷീനാ കേടാവാത്തത്?”
ഷൗക്കത്തിനു മറുപടി നല്കിയില്ലെങ്കിലും ഉയർന്ന മരച്ചില്ലകളിലേക്ക് കഴുത്തു നീട്ടി തലമുറകളിലൂടെ കഴുത്തു നീണ്ട ജിറാഫുകൾ, സാമുവലിൽ അള്ളിപ്പിടിച്ചു നിന്ന ലാമാർക്കിസത്തിന്റെ ഉപയോഗ നിരുപയോഗ കല്പനകൾ മിണ്ടിത്തുടങ്ങിയിരുന്നു.
“മാഷേ, തലച്ചോറിലേതു മടക്കിലായിരിക്കാം സ്നേഹം തുന്നിവെച്ചിരിക്കുന്നത്?. ഉപ്പാന്റെ കിത്താബിൽ അതിനെക്കുറിച്ചൊന്നും കാണുന്നില്ല. പടച്ചോൻ ഉപ്പാനോടൊപ്പമായിരിക്കുമോ? അല്ല ഉപ്പ അറത്ത ആടുകളുടെ ഒപ്പമായിരിക്കുമോ?. മ്മക്ക് വല്യ പള്ളയും തലച്ചോറും തന്നത് പടച്ചോനല്ലേ. അപ്പം അതിനു തീറ്റിപോറ്റേണ്ടതും മ്മൾ തന്നെയല്ലേ? മാഷിതൊക്കെ വായിച്ചു ഇതിലെന്തേലും സത്യമുണ്ടോ എന്ന് നോക്ക്.” ഷൗക്കത്ത് സീറ്റിൽ നിന്നു എഴുന്നേറ്റു രജിസ്ട്രുകളും ആട്ടിൻ തലയോട്ടികളും സഞ്ചിയിലാക്കി സാമുവലിന്റെ കൈയ്യിൽ കൊടുത്തു.
ഷൗക്കത്തിന്റെ കൈ പിടിച്ചു നീങ്ങുന്ന പരീദിക്കാനെ നോക്കികൊണ്ട് സാമുവൽ കൈയ്യിലുള്ള സഞ്ചി മേശപ്പുറത്ത് വച്ചതും ശബ്ദത്തോടെ ഒരു പിഞ്ഞാൺ പാത്രം താഴെ വീണു പൊട്ടിച്ചിതറി.
ഒച്ച കേട്ടതും സ്വപ്നം കണ്ണിൽ നിന്നു വേലി ചാടിക്കടന്നു ഓടിപ്പോയതും ലിറ്റി അടുക്കളയിൽ നിന്നു ഓടിയെത്തിയതും ഒരുമിച്ചായിരുന്നു.
“രുചിനോക്കാൻ കൊണ്ടു വച്ചതാ, നല്ല ഉറക്കമായതു കൊണ്ടാ വിളിക്കാതിരുന്നത്.”
പിഞ്ഞാൺ കോപ്പയുടെ ദുർബലമായ രൂപകല്പനയിൽ ചിതറി വീണ ആട്ടിറച്ചിയുടെ ഗന്ധത്തിൽ ഞെട്ടിറുത്ത ജീവന്റെ സ്പന്ദനമുണ്ടായിരുന്നു. പൊട്ടിയ പിഞ്ഞാണ കോപ്പയുടെ കഷ്ണങ്ങൾ പെറുക്കിയെടുത്തു മുന്നോട്ടു പോയ ലിറ്റി വീണ്ടും തിരിച്ചു വന്നു.
“പിന്നെ, അപ്പുറത്തെ പരീദിക്കാക്ക് സുഖമില്ലാന്ന് തോന്നുന്നു. കുറേ ആളുകൾ അങ്ങോട്ട് പോകുന്നുണ്ട്.”
പൊട്ടിയ പിഞ്ഞാണ കോപ്പയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ആട്ടിറച്ചി രൂപം മാറി തലയോട്ടിയായി തന്നെ നോക്കുന്നതു പോലെ തോന്നിയതും സാമുവൽ വേഗം പുറത്തേക്ക് നടന്നു. മീസാരക്കല്ലിന്റെ മിനുസത്തിൽ കെട്ടഴിഞ്ഞ കാറ്റ് പകൽ വെളിച്ചത്തിലേക്കൂളിയിട്ടു എത്തിയിരുന്നു.














