
ഒന്ന്: സൈനൈഡ്
മരണം ഒരു അവസാനമാണോ എന്ന് വിദ്യാർത്ഥി അധ്യാപകനോടു ചോദിച്ചപ്പോൾ അധ്യാപകൻ്റെ മറുപടി.
മരിച്ചവരാരും തിരിച്ചുവരാത്തതുകൊണ്ട് ജീവിക്കുന്നവരെന്തിന് ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയണം.
മാഷൊന്ന് മരിച്ച് നോക്ക് അല്ലെങ്കിൽ ഞങ്ങളെല്ലാം ചേർന്ന്മാഷെ കൊന്നാലോ….
മാഷ്എന്തെങ്കിലും ഉത്തരംപറയും മുമ്പ് ഒരുകുട്ടി സയൻസ് ലാബിലേക്ക്കുതിച്ചു.
അവിടെ സൂക്ഷിച്ച സൈനൈഡ് എടുക്കാൻ….
രണ്ട് : പറയാനുള്ളത്
ഇനി എന്തൊക്കെപ്പറയാനുണ്ട്.
കുത്തൊഴുക്കിൽ കൂട്ടുചേർന്ന് കുളിക്കാനെത്തി രക്ഷപ്പെടാൻ കഴിയാത്ത വിധം അപകടത്തിൽപ്പെട്ട കൂട്ടുകാരനെപ്പറ്റിയോ? സാഹസികമായ തിരച്ചലിൻ്റെ മൂന്നാംനാൾ ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക്ക്കവറിൽ പൊതിഞ്ഞ് പോസ്റ്റ്മോർട്ടം ടേബിളിൽ വെച്ച് വിട്ടഭാഗങ്ങൾ പൂരിപ്പിച്ച് ബന്ധുക്കൾക്ക് വിട്ടുകൊടുത്ത ശുഭമുഹൂർത്തത്തെപ്പറ്റിയോ?
ബ്രഹ്മസത്യം ജഗൻമിഥ്യ എന്നആപ്തവാക്യം ഇവിടെചേർത്ത് വെക്കാൻസാദ്ധ്യതയുണ്ടോ. ആർക്കറിയാം.
എല്ലാം മായ്ക്കുന്ന കടലല്ലേ കാലം. അങ്ങിനെസമാധാനിക്കാം…….!
മൂന്ന്: കായംകലക്കുവിൻ……
അപ്രിയമായ സത്യം പറയരുതെന്ന് ഉപദേശിക്കുമ്പോൾ സുപാലൻമാഷ് വല്ലാത വലിഞ്ഞു മുറുകുന്നുണ്ടെന്ന് അയാളുടെശരീരഭാഷയിൽനിന്ന കുട്ടികൾ വായിച്ചെടുത്തു.
മാഷിൻ്റെ ഉപദേശം ക്ലാസിലെകുട്ടികൾ തിളച്ച് മറിയുന്ന മൗനവുമായാണ്സ്വീകരിച്ചത്.
പെട്ടെന്നുണ്ടായ പ്രേരണയിൽ മൗനം മരണമാകുന്നെന്ന് തിരിച്ചറിഞ്ഞു സുപാലൻ മാഷ്. പ്രസിദ്ധകവിയുടെ കായം കലക്കുവിൻ എന്ന്തുടങ്ങുന്ന കവിതയിലെ വരികൾ ഉച്ചത്തിൽ അല്ല, അത്യുച്ചത്തിൽ ആലപിക്കാൻ തുടങ്ങി.
നാല്: കിളിപ്പാട്ട്
എഴുതി എഴുതി അയാൾ എഴുത്തച്ഛനായി. പിന്നെ ഒരു കിളിയേയുമെടുത്ത് നഗരമായ നഗരങ്ങളിലൊക്കെ അലഞ്ഞ് നടന്നു. കിളിയേയുമെടുത്തുള്ള യാത്രക്കിടയിൽ അയാൾ ത്രികാലങ്ങളുടെ പ്രവാചകനെന്ന് ജനങ്ങൾക്ക് സംശയമായി.
ജനക്കൂട്ടം കടലലപോലെ അയാൾക്ക് ചുറ്റും ആർത്തലച്ചു .
എല്ലാമറിയാൻ ഒത്തുകൂടിയവരോട് അയാൾ മൗനം ഭഞ്ജിച്ചില്ല. പകരം അയാൾ തൻ്റെ കയ്യിലുള്ള കിളിയെക്കൊണ്ട് പാട്ടുപാടിക്കുക മാത്രം ചെയ്തു.
അഞ്ചു് : അവൾ
അവൾ ഒരു ചിത്രകാരിയായിരുന്നു. ഒരുപാട് അംഗീകാരങ്ങൾ നേടിയ ചിത്രകാരി. അവൾ കടും ഛായങ്ങൾ ഉപയോഗിച്ച് വരച്ച ചിത്രങ്ങൾ പലരേയും അലോസരപ്പെടുത്തി.
ഇരുൾ തെയ്യങ്ങൾ ഉറഞ്ഞാടിയ ഒരു രാത്രി ഒരു കൂട്ടം മനുഷ്യമൃഗങ്ങൾ ചേർന്ന് ഒരു ചെമ്പരത്തിപ്പൂ പോലുള്ള അവളെ കശക്കിയെറിഞ്ഞു. ഇതളുകൾ വലിച്ചുകീറപ്പെട്ട അവൾ ഇരുൾക്കടലിൽ കടുംഛായത്തിൽ വരച്ച ഒരു ചിത്രമായി.














