നീലക്കുറിഞ്ഞി

സ്യൂയിസൈഡം എന്നൊരു ലാറ്റിൻ വാക്കുണ്ടെന്നും അതിൽ നിന്നാണ് സൂയിസൈഡ് എന്നൊരു വാക്കുണ്ടായെതെന്നും അവന്തികയ്ക്ക്  അന്നറിയില്ലായിരുന്നു. പതിനെട്ട് ശിശിരകാലങ്ങളുടെ പക്വതയിൽ മൈക്കിൾ കണ്ണിംഗ് ഹാമിൻ്റെ ‘ദി അവേഴ്സ്’ എന്ന പുസ്തകമോ ഗോഥേയുടെ ‘ദി സോറോസ് ഓഫ് യംഗ് വേർതർ’ എന്ന ആത്മഹത്യാപുസ്തകമോ അവന്തിക വായിച്ചിരുന്നില്ല. ഹെമിഗ്‌വേയുടെ ആത്മഹത്യയെപ്പറ്റി പലപ്പോഴും ഇംഗ്ളീഷ് മിസ്  മെറ്റിൽഡ തോമസ് ക്ളാസിൽ പറയാറുണ്ടായിരുന്നു. പിണങ്ങിപ്പിരിയാൻ ഒരുങ്ങുന്ന അമ്മയച്ഛന്മാരെയോർത്ത് ഹോസ്റ്റൽ തലയിണയിൽ കണ്ണീർ മഴക്കാലമുണ്ടാക്കിയപ്പോൾ സുഹൃത്ത് കൊടുത്ത  ഡേൽ കാർണഗിയുടെ ‘ഹൗ റ്റു സ്റ്റോപ് വറിയിംഗ് ആൻഡ്  സ്റ്റാർട്ട് ലിവിംഗ്’ പോലും കടുത്ത നിരാശയാൽ മുഴുവൻ വായിക്കാൻ അവന്തികക്കായില്ല.

കടലിലേയ്ക്ക് നടന്ന് പോയി മരിക്കാനാണ് അവന്തിക ആദ്യം തീരുമാനിച്ചത്. തിരയിലൂടെ നടന്ന് നടന്ന് മുന്നോട്ട് പോകുമ്പോൾ ഏതെങ്കിലും കോസ്റ്റ് ഗാർഡോ, മൽസ്യബന്ധന തൊഴിലാളികളോ രക്ഷിച്ചാലോ എന്നൊരു രണ്ടാം സംശയം ഉണ്ടായതിനാലാണ് ആത്മഹത്യാമുനമ്പിനെ അവസാനപ്പറക്കിലൊരുക്കിയത്.

മുത്തശ്ശനും, മുത്തശ്ശിയും ഉജ്ജയിനിയിൽ തീർത്ഥയാത്ര കഴിഞ്ഞെത്തിയ ശിശിരത്തിലാണ് വീട്ടിലേയ്ക്ക്  സന്തോഷത്തിന്റെ  പുതുപ്പിറവിയുണ്ടായത്.  ക്ഷിപ്രനദിയുടെ ഗന്ധമുള്ള, സാമ്രാജ്യത്തിന്റെ പ്രൗഢിയുള്ള അവന്തിക നഗരത്തിന്റെ പേര് കൊച്ചുമകൾക്കേകി ‘യൂ ആർ മൈ ലിറ്റിൽ പ്രിൻസസ്’ എന്നഭിമാനപൂർവം പറഞ്ഞിരുന്ന മുത്തശ്ശൻ.  കാലത്തോടപ്പം മുത്തശ്ശൻ നടന്നുപോയ വഴികളിൽ ഒറ്റപ്പെടലിന്റെ വേദനയുമായി മുത്തശ്ശനെ തേടിനടന്ന്, ഒടുവിൽ ഉറക്കത്തിലുറങ്ങിപ്പോയ മുത്തശ്ശി.

ലോകത്തിലേക്ക് സന്തോഷത്തിന്റെ സാമ്രാജ്യപ്പെരുമയുമായി വന്നുചേർന്ന അവന്തികയാണ് കൊടൈക്കനാലിലേക്കു പതിനെട്ടാം വയസ്സിൽ മേഘങ്ങളിലൂടെ താഴ്വാരത്തെ പുണർന്നൊടുങ്ങാൻ യാത്ര പോയത്. ആർമി ഗ്രീൻ ട്രെക്കിംഗ് ട്രൗസറും, കമ്പിളിഉടുപ്പും, കശ്മീരിൽ നിന്ന് മാധവമ്മാവൻ സമ്മാനിച്ച ഷാളും ചുറ്റി ആർക്കും സംശയമുണ്ടാവതിരിക്കാൻ പത്രപ്രവർത്തകയെന്ന് സ്വയം പരിചയപ്പെടുത്തി ഏകാന്തയാത്രയുടെ അപൂർണ്ണമായ സുരക്ഷിതത്വത്തിൽ നിന്ന് പൂർണ്ണതയിലേയ്ക്ക് ചിറക് വിരിച്ച് യാത്രചെയ്യാനൊരുങ്ങിയെത്തിയ പതിനെട്ടുവയസ്സുകാരി.

പ്രഭാതത്തിൽ  മേഘങ്ങൾ മെല്ലെ മുഖം തലോടിയ കോക്കേഴ്സ് വോക്കിലൂടെ നടന്ന്, ബേർഷോളാ വെള്ളച്ചാട്ടവും, സൂര്യനിരീക്ഷണനിലയവും, തണുപ്പുപാടങ്ങളിൽ വിരിഞ്ഞ പൂക്കാലവും കണ്ട് തിരികെ വന്ന് അവസാനത്തെ ടോസ്റ്റ് കഴിച്ച് നക്ഷത്രാകൃതിയുള്ള തടാകത്തിനരികിലൂടെ നടന്ന് ചിന്തകളുടെ ആകാശമിരുളുന്നതും, സൂര്യൻ മറയുന്നതും കണ്ട് ചിറക് നീർത്തിപ്പറക്കാനുള്ള പ്രഭാതത്തിനായി തയ്യാറെടുക്കുമ്പോഴാണ് വെറ്റിലക്കറയോ, ബീഡിക്കറയോ പുരണ്ട വരണ്ടുണങ്ങിയ മുഖഭാവത്തിൽ ‘ഗൈഡിനെ വേണമോ’ എന്ന് ചോദിച്ചയാൾ എത്തിയത്..

ഹരിതതാഴ്വരയിലേയ്ക്ക് പറക്കുവാൻ ഗൈഡെന്തിന് എന്ന് ഉള്ളിൽ ചിരിപടർത്തിയ ഒരു ചോദ്യം അയാൾ കേൾക്കാതെ ഹൃദയത്തോട് പറയുമ്പോൾ ആകൃതി നഷ്ടമായ ഒരു മേഘം മഴയായി പെയ്തു തുടങ്ങിയിരുന്നു.

മഴമേഘങ്ങളുടെ മുഖമായിരുന്നു അയാൾക്ക്. രൂപത്തിന്റെ വന്യതയെക്കാൾ  ശൂന്യവും നിസ്സംഗവുമായ  ആകാശം പോലെയായിരുന്നു അയാളുടെ മുഖം.

ബസ്  ഇറങ്ങിയപ്പോൾ മുതൽ അയാൾ പിന്തുടരുന്നത് അവന്തികയറിഞ്ഞു.  മരിക്കാനൊരുങ്ങുന്നവർക്ക് ഭയം ആവശ്യമില്ലെങ്കിലും ഉള്ളിലുണർന്ന ഭയം പുറമേ കാട്ടാതെ അവന്തിക നടന്നു.

കോടമഞ്ഞുമൂടിയ ശൈലനിരകൾ പകുക്കുന്ന താഴ്വാരത്തിനും റോഡിനുമിടയിലൂടെ ജീവിതത്തിന്റെ, ലോകത്തിന്റെ മറ്റൊരു ഭൂമിയെത്തേടിയ പതിനെട്ടുകാരിയായിരുന്നു അന്ന് അവന്തിക. നിരാശയുടെ അതിതീക്ഷ്ണമായ ഹൃദയവേദനയുമായി ആത്മഹത്യാമുനമ്പിലേക്ക് പറന്നിറങ്ങി സ്വയമില്ലാതെയാവാൻ വാശിയും സങ്കടവും ദേഷ്യവും നിറഞ്ഞ മനസ്സുമായ്  പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ഒരു  ഇലപൊഴിയും ഋതുവിൽ കൊടൈക്കനാലിനെ തേടിയെത്തിയ പെൺകുട്ടി.

‘ഗൈഡിനെ ആവശ്യമുണ്ടോ?’ എന്നായിരുന്നു ആദ്യം അയാൾ ചോദിച്ചത്

അല്പം ഭയത്തോടെ വേണ്ട എന്ന് പറഞ്ഞപ്പോൾ  അയാൾ ചോദിച്ചു

‘കുട്ടി തനിച്ചാണോ വന്നിരിക്കുന്നത് ?’

അവന്തിക  അയാളെ ഭയപ്പാടോടെ നോക്കി.  പെൺകുട്ടികളെ റെഡ് സ്ട്രീറ്റിൽ വിൽക്കുന്നവരുടെ കണ്ണിയിലൊരാളായിരിക്കും അയാൾ.

‘കുട്ടി തനിച്ചാണെങ്കിൽ സേഫായ ഹോട്ടൽ ബുക്ക് ചെയ്തു തരാം’.

‘ഞാൻ പത്രത്തിലാണ് ഇതേപോലെയുള്ള യാത്രകൾ പതിവാണ്’.

രക്ഷപെടാനുള്ള കള്ളങ്ങളിലൊന്ന് അവന്തിക അയാളോട് പറഞ്ഞു.

ഓറഞ്ച് നിറമുള്ള സൂര്യൻ മഞ്ഞിൽ മാഞ്ഞു തുടങ്ങിയ അപരാഹ്നത്തിലും അയാൾ   പിന്തുടരുന്നതെന്തിനാണെന്നു മനസ്സിലാക്കാൻ അവന്തിയ്ക്കായില്ല.  അപരിചിതമായൊരിടത്തിലേയ്ക്ക് ആത്മഹത്യ ചെയ്യാനല്ലായിരുന്നെങ്കിൽ അവന്തിക  ഒറ്റയ്ക്ക് വരുമായിരുന്നില്ല.

‘കുട്ടി വരൂ..  മഴ കൂടും’

അയാളെന്തിനാണ്  ഇത്ര കരുതൽ കാണിക്കുന്നതെന്ന് അവന്തികയിലെ പെൺകുട്ടിയ്ക്ക് മനസ്സിലായില്ല. പൈസയ്ക്ക് വേണ്ടിയാകുമോ. ശല്യമൊഴിയാനെന്നപോൽ ഒരു നൂറു രൂപയെടുത്ത് അയാൾക്ക് കൊടുത്തു…

അയാളുടെ  മുഖത്ത് ബീഡിക്കറ വിരൂപമാക്കിയ നിസ്സംഗമായ ഒരു ചിരി പടർന്നു.

‘കുട്ടി ഏത് പത്രത്തിലാണ് ജോലിചെയ്യുന്നത്’

ഇയാൾക്ക് എത്ര ഓർമ്മയാണ്..! റൂം കിട്ടാനായി പറഞ്ഞ പെരും നുണ അയാൾ വിശ്വസിച്ചിരിക്കുന്നു.

‘ട്രെയിനിയാണ്. ഇന്ത്യയിലെ ഹിൽസ്റ്റേഷനുകൾ. ഇതാണ് എൻ്റെ പ്രബന്ധവിഷയം’ അത്ര നന്നായി അവന്തിക ഒരിക്കലും കള്ളം പറഞ്ഞിട്ടില്ല..

മഞ്ഞുകാറ്റിനോടൊപ്പം ഉള്ളിലുറഞ്ഞുവരുന്ന ഭയം തീരെ ഇല്ലെന്ന് വരുത്തിത്തീർക്കാൻ അവന്തിക വെറുതെ ചോദിച്ചു.

‘നിങ്ങളുടെ പേരെന്താണ്.’

‘ദാസ്….. ഗൈഡാണ്, ഒപ്പം സൂയിസൈഡ് പോയിൻ്റിൽ ആത്മഹത്യചെയ്യുന്നവരുടെ അവശിഷ്ടങ്ങൾ മുകളിലെത്തിക്കുന്ന ജോലിയും’

ആത്മഹത്യചെയ്യുന്നവരുടെ അവശിഷ്ടങ്ങൾ മുകളിലെത്തിക്കുക എന്നൊരു ജോലി ലോകത്തിലുണ്ടെന്ന് അവന്തിക അറിഞ്ഞിരുന്നില്ല. അങ്ങനെ ചെയ്യുന്നവരെ കണ്ടുമുട്ടുക എന്നൊരപൂർവ്വത ജീവിതത്തിലുണ്ടായതിനാലാകും അവന്തിക കണ്ണുമിഴിച്ചയാളെ നോക്കി.

അവന്തികയുടെ ഭാവമാറ്റം അയാൾ കണ്ടില്ലെന്ന് ഭാവിച്ചു.

എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ ആകെ തകർന്നു പോകുമെന്ന് തോന്നിയതിനാൽ ആരോടെന്നില്ലാതെ അവന്തിക പറഞ്ഞു.

‘എനിക്കൊരു കാപ്പി കുടിക്കണം..നിങ്ങൾക്ക് കാപ്പി വേണമോ?’

‘ഇന്ന് തന്നെ മൂന്നെണ്ണം കുടിച്ചു. ഇപ്പോൾ വേണ്ട.’

അവന്തികയുടെ അന്തരാത്മാവൊരു യുദ്ധക്കളമായി മാറിയിരുന്നു. ജീവനും, മരണവും  വിധികർത്താക്കളില്ലാതെ, വക്കീലന്മാരില്ലാതെ അങ്ങോട്ടുമിങ്ങോട്ടും ചോദ്യങ്ങളുതിർക്കുന്നു. നിശ്ശബ്ദരായിരിക്കൂ എന്ന് പറയാൻ പോലുമാവാതെ അവന്തിക തളർന്നിരിന്നു.

എല്ലാ സൗഭാഗ്യങ്ങളുമുള്ളവർ പോലും പെട്ടെന്നൊരു വികാരാവേശത്തിൽ ഹരിതതാഴ്വരയിലേയ്ക് ചിറക് നീർത്തിപ്പോകുന്നു, കാരണമുണ്ടായിട്ടും ചിന്താശൂന്യതയിലും എത്രയോ പേരാണ് അവസാനത്തെ ആകാശപ്പറക്കലിനൊരുങ്ങുന്നത്. അനേകമനേകം സഞ്ചാരികൾ ചിരിച്ചുല്ലസിച്ച് സ്നേഹം പങ്കുവച്ച്  മനസ്സ് നിറഞ്ഞ് തിരികെ പോകുമ്പോൾ, ഒരിക്കലും തിരിച്ചുവരാനാവാത്ത തണുത്ത മേഘങ്ങളിലേയ്ക്ക്  ചിലർ പറന്നു താഴും. ശബ്ദരഹിതമായ മൗനത്തിലുറങ്ങി താഴ്വരയുടെ നിഗൂഢതയാവാഹിച്ച് അവർ മിഴിയടച്ചുറങ്ങും.

ആത്മഹത്യ ചെയ്യുന്നവരുടെ അവശിഷ്ടങ്ങൾ മുകളിലെത്തിക്കുന്ന ഒരാളെ ആദ്യമായും അവസാനമായും കാണാനിടയായ അമ്പരപ്പിൽ അവന്തിക ചോദിച്ചു.

‘നിങ്ങൾ എത്ര വർഷമായി ഇവിടെയെത്തിയിട്ട്’

‘നാല്പത്തിരണ്ടു വർഷം, ജനിച്ചതും, ജീവിച്ചതുമെല്ലാം ഇവിടെ’

‘നിങ്ങളുടെ കഥ ഞാനെഴുതാൻ ശ്രമിക്കാം’ .അയാൾ ചിരിച്ചപ്പോൾ  ചുരുങ്ങിയ മുഖത്തുള്ള ഒരേ ഒരു ഭാവം നിസ്സംഗതയെന്ന് പെൺകുട്ടി അറിഞ്ഞു. സത്യമായും അയാളുടെ കഥയെഴുതണമെന്ന് ആഗ്രഹം അവന്തികയുടെ പെൺകുട്ടിക്കാലത്തിനുണ്ടായി.

‘നിങ്ങളുടെ  വീടെവിടെയാണ്’.

‘ദിണ്ഡിഗല്ലിൽ’..

‘ഇപ്പോൾ ഇവിടെ തന്നെയാണ്’

‘വീട്ടിലാരൊക്കെയുണ്ട്’

‘ഭാര്യയും രണ്ടാൺകുട്ടികളും ഒരു പെൺകുട്ടിയും’

‘കുട്ടി നീലിക്കുറിഞ്ഞി പൂവിട്ട് നിൽക്കുന്നത് കണ്ടിട്ടുണ്ടോ’

‘ഇല്ല..’

‘നീലക്കുറിഞ്ഞി പൂക്കുന്ന താഴ്വരയാണിത്. പന്ത്രണ്ട് വർഷം കൂടുമ്പോൾ പൂക്കൾ വിരിയും. സീസണിൽ  കാണാൻ വൻ ജനക്കൂട്ടമുണ്ടാകാറുണ്ട്’

‘ആണ്ടോടാണ്ട് പൂവിടുന്ന ചില കുറിഞ്ഞിയുമുണ്ട്.  പക്ഷെ നീലക്കുറിഞ്ഞിയുടെ നിറപൂക്കാലം കാണണമെങ്കിൽ മൂന്ന് വർഷം കൂടി കാത്തിരിക്കണം.’

ഹരിതതാഴ്വരയിലേയ്ക്ക് പറന്നവസാനിക്കാനൊരുങ്ങുന്നവർക്ക് നീലക്കുറിഞ്ഞി പൂക്കുന്നത് കാണണമെന്ന ആഗ്രഹമുണ്ടാകില്ലല്ലോ എന്ന് മനസ്സിൽ പറയുമ്പോഴും നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്ന ചോലവനഭൂമിയെ അറിയണമെന്നൊരു സ്വപ്നം പണ്ടുണ്ടായിരുന്നുവോ… എന്ന് അവന്തികയ്ക്ക് തീർച്ചപ്പെടുത്തനായില്ല.

‘നിങ്ങളുടെ ഭാര്യ എന്തു ചെയ്യുന്നു.’

‘പൂ വിൽക്കുന്നു’

‘അതൊരു കഥയാണ്. പോണ്ടിച്ചേരിയിലെ കടവരിയിൽ നിന്ന് ആത്മഹത്യചെയ്യാൻ ഇവിടേയ്ക്ക് വന്നതാണ്.രണ്ടാളുണ്ടായിരുന്നു അവരെന്ന് പിന്നീടാണറിഞ്ഞത്. അവളും അവളുടെ വയറ്റിലും.

പ്രണയിച്ച് ചതിച്ചതൊന്നുമല്ല, ലോറി ഡ്രൈവറായ ഭർത്താവ് മരിച്ച സങ്കടത്തിന് വന്നതാണ്. അന്ന് കൂട്ടിക്കൊണ്ട് വന്നതാണ്. സ്നേഹം കൊടുത്തപ്പോൾ പാവം ആത്മഹത്യയിൽ നിന്ന് പിന്മാറി.പിന്നെ മംഗളദേവിയിൽ പോയി താലികെട്ടി. ആദ്യത്തെ ആൺകുട്ടി ലോറി ഡ്രൈവറുടെ മകനാണ്. പക്ഷെ അവനതറിയില്ല.  എൻ്റെ സ്വന്തം പോലെയാ ഞാനും വളർത്തുന്നത്.

ആവന്തികയുടെ മനസ്സിൽ എവിടെയൊക്കെയോ മഴ പെയ്യാൻ തുടങ്ങിയിരുന്നു. ആത്മഹത്യാതാഴ്വരയിലേയ്ക്ക് പറന്ന് പോകാനുള്ള ആവേശത്തിൻ്റെ ഉച്ചസൂര്യൻ തണുക്കുന്നത് അവളറിഞ്ഞു.

‘നമുക്ക് നിങ്ങളുടെ വീട് വരെ നടന്നാലോ’

‘അവിടം അത്ര വൃത്തിയുള്ള സ്ഥലമല്ല’

‘സാരല്യ.., നിങ്ങളുടെ ഭാര്യയെയും കുട്ടികളെയും ഒന്നുകാണാല്ലോ’

ഇത്രയും ചെറിയ വീടുകൾ ലോകത്തിലുണ്ടെന്നത് പുതിയ അറിവായിരുന്നു. ഇത്രയും മോശപ്പെട്ട സാഹചര്യത്തിലായിട്ടും  താഴ്വരയിലേയ്ക്ക് പറന്നില്ലാതെയാവാൻ ഇവർ ശ്രമിക്കുന്നില്ലല്ലോ. ശനിയാഴ്ച്ചയായതിനാലും, സ്കൂളവധിയായതിനാലും അയാളുടെ രണ്ട് കുട്ടികൾ വീട്ടിലുണ്ടായിരുന്നു. മൂത്തയാൾ ചെറുഗൈഡായി തടാകക്കരയിലേയ്ക്ക് പോയിരുന്നു. അയാളുടെ മകൾ അല്പം അമ്പരപ്പോടെ ഇടയ്ക്കിടെ മുറ്റത്തേയ്ക്കൊളികണ്ണിട്ട് നോക്കി.

കൈകാട്ടി വിളിച്ചപ്പോൾ പതിയെ അടുത്തേയ്ക്ക് വന്ന് ചിരിച്ചു. തലേന്നിട്ട സ്ക്കൂൾ യൂണിഫോമിലായിരുന്നു ആ കുട്ടി.

താഴ്വാരത്തിലേയ്ക്ക് പറന്നുപോകുമ്പോൾ അവസാനമായി കഴിയ്ക്കാൻ കൈയിൽ കരുതിയിരുന്ന ഗുരുവായൂരിലെ നെയ് മണമുള്ള ഉണ്ണിയപ്പം അവന്തിക അവൾക്ക് കൊടുത്തു.

‘കാപ്പിയെടുക്കട്ടെ’ അയാൾ ചോദിച്ചു,

‘വേണ്ട’..

പക്ഷെ അയാൾ ഉള്ളിൽ പോയി തമിഴ്നാടിൻ്റെ  അതീവരുചികരമായ ഫിൽട്ടർ കാപ്പി ഒരു സ്റ്റീൽ കപ്പിൽ അവന്തികയ്ക്ക് പകർന്നു കൊടുത്തു..

കാപ്പിയുടെ രുചിയും മഴയുമായി തിരികെ പോകുമ്പോൾ അവന്തിക പറഞ്ഞു …

‘ഞാനിനിയും വരും’

ക്യാമറയിൽ അയാളും പെൺകുട്ടിയും നിറഞ്ഞ് ചിരിക്കുന്നത് പകർത്തി തിരികപോകുമ്പോൾ അയാൾ കൂടെ കൂടി. അവന്തികയുടെ പ്രവർത്തികളുടെ വിചിത്രഭാവങ്ങൾ അയാളിൽ സംശയമുണ്ടാക്കി. ഹരിതതാഴ്വരയിൽ നിന്നുള്ള അവശിഷ്ടങ്ങളിൽ ഈ പെൺകുട്ടിയുണ്ടാവരുതെന്ന് അയാൾ ആഗ്രഹിച്ചിരുന്നുവെന്ന് അയാളുടെ മുഖത്തിൽ നിന്ന് വായിച്ചെടുക്കുവാനായിരുന്നു.

അന്ന് രാത്രി ഹോട്ടൽ റൂമിലെത്തുന്നത് വരെ അയാൾ നിഴൽപോലെ പിൻതുടരുന്നത് അവന്തിക അറിഞ്ഞു. പിറ്റേന്ന് രാവിലെ മഞ്ഞുതൂവുന്ന പ്രഭാതത്തിലേയ്ക്ക് വാതിൽ തുറന്നപ്പോൾ ആദ്യം കണ്ടത് ആശ്വാസത്തിൻ്റെ മുഖവുമായി നിൽക്കുന്ന അയാളെയായിരുന്നു.

മഞ്ഞു മൂടിയ വഴിയിലൂടെ ഒന്നും സംസാരിക്കാതെ തിരികെ ബസ്സ്റ്റേഷൻ വരെ അയാൾ കൂടെ വന്നു.

മടക്കയാത്ര ആഗ്രഹിക്കാതെ ഗീൻവാലിവ്യൂവിൽ നിന്ന് ആത്മഹത്യചെയ്യാനെത്തിയ പെൺകുട്ടിയെ ഒരൗപചാരികതയുമില്ലാതെ രക്ഷിച്ചെടുത്തതിൻ്റെ അഭിമാനമൊന്നും അയാളില്ലായിരുന്നു. ആയിരങ്ങൾ വിലയേറിയ ജീവനുടച്ച്  കടന്നുപോയ താഴ്വരയുടെ ഗുഹാമുഖങ്ങളെ കണ്ടറിഞ്ഞതിൻ്റെ മരവിച്ച തണുപ്പ് സൂക്ഷിക്കുന്ന അയാളിൽ നിന്ന് പഠിക്കാനായതൊന്നും ഒരു സർവ്വകലാശാലയിലുമില്ല എന്നത് അവന്തിക അറിഞ്ഞു.

സാൻഫ്രാൻസിസ്കോയിലെ ഗോൾഡൻ ഗേറ്റ് പാലത്തിലൂടെ, ജപ്പാനിലെ അവോകിഘാര കാടിൻ്റെ നിഗൂഢതിയിലൂടെ, ഇംഗ്ലണ്ടിലെ ബീച്ചിഹെഡിലൂടെ, ഹരിതതാഴവരയിലെ ആത്മഹത്യാമുനമ്പിലൂടെ,  ജീവിതത്തിൽ നിന്ന് പറന്ന് പറന്ന് മാഞ്ഞവർ. അവരോടൊപ്പം കൂട്ടുകൂടാൻ ജീവിതത്തെ പാതി വഴിയിലുപേക്ഷിച്ച് പോകാനിറങ്ങിയ പെൺകുട്ടിയെ രക്ഷിച്ചെടുത്ത മഴമേഘങ്ങളുടെ മുഖമുള്ളൊരാൾ. ആത്മഹത്യാമുനമ്പിൽ നിന്ന് മരിക്കുന്നവരുടെ അവശിഷ്ടം മുകളിലെത്തിക്കുന്ന ദാസ്.

ജീവിതത്തിൻ്റെ ശിഷ്ടമെന്നത് അവശിഷ്ടങ്ങളുടെ കഥയും കൂടിയെന്നൊരു ബോധമുണ്ടായ ആ ആത്മഹത്യാമുനമ്പിനരികിൽ നിന്നാണ് , ജീവിതത്തിലേയ്ക്കുള്ള  യാത്ര അവന്തിക തുടങ്ങിയത്.

x                        x                           x

പതിനഞ്ചു വർഷങ്ങൾക്കിപ്പുറം അവന്തിക കൊടൈക്കനാലിലേയ്ക്ക് വീണ്ടും യാത്ര പോവുകയാണ്, നീലിക്കുറിഞ്ഞിപ്പൂവുകളുടെ താഴ്വരയെ ഒരിക്കൽ കൂടി മനസ്സിൽ അടയാളപ്പെടുത്താൻ.

ഒപ്പം ദാസിനെ മകളുടെ വിവാഹവും കൂടണം.

നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.