നിശബ്ദതയുടെ ആഴമേറിയ ഒച്ചപ്പാടുകൾ

ഒച്ചവയ്ക്കണം .
ഒച്ചകളെയെല്ലാം പിന്നെ
എങ്ങനെ അടക്കിപ്പിടിക്കാനാണ് ?
ഒച്ചവച്ചെങ്കിൽ ആളുകൾ ശ്രദ്ധിച്ചേക്കും.
സാഹചര്യവശാൽ ഒച്ച
നമ്മെ രക്ഷിക്കുകയും
ഒറ്റുകയും ചെയ്തേക്കാം.
ഒച്ചക്ക് ചിലപ്പോൾ കരച്ചിലിന്‍റെ
മറ്റൊരു വകഭേദമുണ്ടാകും.
അപ്പോൾ ഒരു ഇരയെ എങ്കിലും
നിങ്ങൾക്ക് കിട്ടിയേക്കും.

നിശബ്ദത ഏറ്റവും വലിയ ഒച്ചയാണ്.
കാറ്റ് നിറച്ചു വെച്ചൊരു ശൂന്യ വിപ്ലവം.
അതിനെ കുറുകെ മുറിക്കുമ്പോൾ പോലും
സീൽക്കാരത്തിന്‍റെ ഒച്ച കേൾക്കാം.
പ്രതിധ്വനികളതിലെ അനേകം
ശൂന്യതകളിൽ ലംബമായി കിടക്കും.
ചെവിയിൽ ഒച്ചപ്പാടുകൾ ആർത്തലയ്ക്കും.
ശംഖിൽ ഒളിഞ്ഞിരിക്കുന്ന കടല് പോലെ.
ഏത് ആരാച്ചാർക്കുള്ള തൊണ്ടയിലെ
ഒച്ചയെയായിരിക്കുമിപ്പോൾ പിടയുന്ന
മറ്റൊരു ഒച്ചയ്ക്കുമീതെ
അമർത്തി വെച്ചിട്ടുണ്ടാകുക?

നമ്മൾ നമ്മെ നമ്മളിലേക്ക് തള്ളിയിടുന്ന
ഒച്ചകൾ മാത്രമാണാകെ സ്വന്തമായിട്ടുണ്ടാകുക .
അത് മാത്രമാകും കൂടെ കൊണ്ട് പോകുന്നത്.
എരിയുന്ന തീയിലേക്ക്,
തിളച്ച വെള്ളത്തിലേക്ക്,
പടവുകളില്ലാത്ത കിണറിലേക്ക്,
വാതിലിനു സാക്ഷയില്ലാത്ത വീട്ടിലേക്ക്,
നിഴലുകൾ പടിയിറങ്ങിയ മുറിയിലേക്ക്,
മുറിഞ്ഞ കണ്ണാടിയിലേക്ക്,
മുഷിഞ്ഞ കട്ടിലിലേക്ക്,
നമ്മൾ നമ്മുടെ ഒച്ചയെയും
ഉപേക്ഷിക്കാൻ ശ്രമിക്കും.
തോറ്റു പോയ നമ്മൾ വരണ്ട
തൊണ്ടയിലേക്കതിനെ തുപ്പൽ നനച്ച്
വീണ്ടും തിരിച്ചെടുക്കും.
അല്ലെങ്കിൽ വീടെത്തും മുൻപേ
ഒച്ച വീട്ടിലെത്തിയിരിക്കും.
‘നിന്‍റെ ഒച്ച കേട്ടത് പോലെ തോന്നി ‘
എന്ന് നമ്മെ ഓര്‍ക്കുന്നൊരാള്‍
ഒരിക്കൽ നിങ്ങളോട് പറഞ്ഞിട്ടുണ്ടാകും.
സൂക്ഷിച്ചു നോക്കിയാൽ ചാക്കിൽ കെട്ടി
ഉപേക്ഷിച്ച പൂച്ചയെപ്പോലെ നമ്മുടെ ഒച്ച
സിറ്റൗട്ടിൽ പതുങ്ങി ഇരിപ്പുണ്ടാകും .

നമ്മൾ നമുക്കുള്ളിലേക്ക്
പ്രവേശിക്കുമ്പോഴാണ് നമ്മുടെ
പരിചിതമായ ഒച്ച കേൾക്കാനാകുക.
എത്തിനോക്കിയാൽ നമ്മൾ
അത്രയും വലിയ ആഴമുള്ള
കിണറായി തീർന്നിട്ടുണ്ടാകും .
അതിൽ നിറയെ പലവിധ ഒച്ചകളുടെ
ചുഴികൾ നമ്മെ വട്ടം പിടിക്കും.
അച്ഛനമ്മമാരുടെ കനപ്പെട്ട ചുഴി,
സഹോദരങ്ങളുടെ അടക്കിപ്പിച്ച ചുഴി,
ശത്രുബന്ധങ്ങളുടെ വളയങ്ങളുള്ള ചുഴി,
പിറന്ന മണ്ണിന്‍റെ വിലക്കുകളുടെ ചുഴി,
നാടിന്‍റെ ശാസനകളുടെ ചുഴി,
അയൽപ്പക്കക്കാരുടെയും
അറിയാത്തവരുടെയും
അർത്ഥം വെച്ച ചുഴിഞ്ഞ നോട്ടങ്ങൾ,
പ്രിയമുള്ളൊരാളുടെ മൗനത്തിന്‍റെ
വന്യവും ഗർത്തവുമായ ചുഴി,
മരിച്ചു പോയ കാരണവന്മാരുടെ
പൈതൃകമെന്നും ജന്മസുകൃതമെന്നും
പേരായ ചുഴികൾ,അതിലെ ഉപശാഖികൾ
എന്‍റെ ഒച്ചയെ എന്‍റെ കാലത്തെ
കിണറ്റിലെ അനേകമായിരം തിരകൾ
വട്ടം പിടിച്ചു ചുഴറ്റുന്നു.
ആരെങ്കിലും മുടിയിൽ പിടുത്തമിട്ടാൽ
കിണറ്റിൻ കരയിലെത്തിയേനെ ഞാൻ ,
ജീവിതത്തിന്‍റെയും.

ആരുമില്ലാത്തപ്പോഴാണ് ഞാൻ
ഇടക്ക് ഞാനെന്ന വലിയ കിണറിലെ
ചുഴിയിലേക്ക് ഊളിയിറങ്ങുക .
എല്ലാ ചുഴികളിലും പെട്ടു
എന്‍റെ ഒച്ചയപ്പോൾ നിശബ്ദമായിത്തീരും.
കിണറ്റിലേക്ക് ഞാന്നു കിടക്കുന്ന
കയറെന്ന പോലെ ലംബമായി കിടക്കും .
ആരുമില്ലാത്തപ്പോൾ നമുക്ക് മാത്രം
നമ്മുടെ വരണ്ട നിലവിളിയെ കേൾക്കാനാകും.
ഓരോ ചുഴികളും ശ്വാസം മുട്ടിക്കുമ്പോൾ
നമുക്കു ഒച്ചയില്ലാണ്ടായിപ്പോകും .
തിരിച്ചു കയറുമ്പോൾ നമ്മുടെ ഒച്ചയെ
നമ്മൾ അവിടെ വെച്ചു മറക്കും.
ഒന്ന് ഒച്ച വെച്ചു നോക്കൂ,
നമുക്കപ്പോൾ മാറ്റാരുടെയൊക്കെയോ
ഒച്ചയായിരിക്കും.

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു