നിഴലും നിലാവും യുദ്ധം ചെയ്യുമ്പോൾ

ഇഷ്ടമുള്ള ഒരാൾ തൊട്ടടുത്ത് വന്നു നിൽക്കുമ്പോൾ എന്തെ ആ ആൾ കയ്യിലെങ്കിലും ഒന്ന് തൊടുന്നില്ല… എന്തെ കണ്ണിലേക്കു നോക്കി നെഞ്ചോടു ചേർക്കുന്നില്ല… എത്ര നേരം ഇങ്ങനെ സംസാരിച്ചു കൊണ്ട് നിൽക്കും… കൈവിരലുകൾ മുതൽ കാൽ വിരലുകൾ വരെ തരിച്ചു വീർത്ത്, വിതുമ്പി നിൽക്കുന്നു…. എന്ത് മനോഹരമാണ് ഇഷ്ടമുള്ളൊരാളുടെ സ്പർശത്തെ കാത്തിരിക്കുന്ന ആ നിമിഷം! ആദ്യരാത്രിയപ്പോൾ ഓർമ്മ വരും.

അധികാരത്തിന്റെ സ്വർണത്താലി കഴുത്തിലണിഞ്ഞപ്പോൾ അതിൽ പ്രണയത്തിന്റെ ദീപശോഭയും അവനണിഞ്ഞിരുന്നുവല്ലോ. വിഹ്വലതകളിൽ നിന്നും മുഖമൊളിപ്പിച്ച് പ്രിയപ്പെട്ട ഒരാളുടെ സുരക്ഷിതത്വത്തിലേയ്ക്കണയാൻ കൊതിവരും.

പക്ഷെ അന്നത്തെ ആ രാത്രി യാത്ര അങ്ങനെയുള്ള ഒന്നായിരുന്നില്ലല്ലോ! അപരിചിതമായ ഏതോ കൈവിരലുകളുടെ ആർത്തികളിൽ വിഹ്വലപ്പെട്ടു പെണ്മയെ ശപിച്ചു പോയ രാത്രിയായിരുന്നില്ലേ.

ഒരുപാട് പ്രത്യേകതകളുണ്ടായിരുന്നു അന്നത്തെ രാത്രിയ്ക്ക്. ഒരു മെയ്‌മാസത്തിലെ വെളുത്ത രാത്രി. കൊട്ടാരക്കര ഗണപതിക്ഷേത്രത്തിൽ നിന്നും കോഴിക്കോട് വഴി മൂകാംബികയ്ക്കുള്ള കെ എസ് ആർ ടി സി ബസിൽ അച്ഛനൊപ്പം കയറി നാലാം വരിയിൽ ജനല്ചിലരികിൽ ചാരിയിരിക്കുമ്പോൾ നാളെ മുതൽ മാറാൻ പോകുന്ന ജീവിതം എവിടെ വരെയൊക്കെ കൊണ്ടെത്തിക്കുമെന്ന ആധി മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. ഒരു പറിച്ചു നടീലാണ്.

ഒരു നാടിന്റെ മുഴുവൻ സ്നേഹം നെഞ്ചിൽ വിങ്ങലായി നേർത്ത് നേർത്ത് പെയ്യുന്നുണ്ട്. നീണ്ട ഇരുപതു വർഷങ്ങൾ എന്നെ ഞാനാക്കിയ നാട്.

അവിടെ ഇടവഴികൾക്കു പോലും നടന്നുപോയ മണൽത്തരികളുടെ ഓർമ്മകളുണ്ടാകും. വെകുന്നേരങ്ങളിലെ ഉണ്ണിയപ്പഗന്ധമുള്ള കാറ്റിൽ ഗണപതിയമ്പലം കൊതിപ്പിക്കുന്നു. ആ ഗന്ധമേൽക്കാൻ വേണ്ടി മാത്രമായി അടുത്തുള്ള വായനശാലയിലേക്കുള്ള യാത്ര വൈകുന്നേരങ്ങളിലാക്കി പരിവർത്തനപ്പെടുത്തിയിട്ടുണ്ട്. ആലിലയുടെ തണുപ്പും ഭക്തിഗാനങ്ങളുടെ ആർദ്രതയും. ഇല്ല, ഇതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല.

പക്ഷെ ഈ യാത്ര ഒരു കൂടു മാറലാണ്. കേരളത്തിന്റെ ഒരറ്റത്ത് നിന്നും മറ്റൊരറ്റത്തേയ്ക്ക് കൂടും കുടുക്കയും എടുത്തുള്ള ജീവിതത്തിന്റെ കൈമാറ്റം. നിറഞ്ഞു വരുന്ന കണ്ണുകളെ എത്രനേരം അടച്ചു പിടിച്ച് സ്വയം ആശ്വസിപ്പിച്ചെന്നറിയില്ല. ഒരു വലിയ യാത്രയുടെ തുടക്കത്തിലെന്നവണ്ണം ആ കെ എസ് ആർ ടി സി ബസ് ശ്വാസം വലിച്ച് വിടുകയും പിന്നെ അത്ര അത്യാവശ്യമില്ലാത്ത പോലെ ഉള്ളിലേയ്‌ക്കെടുക്കുകയും ചെയ്തുകൊണ്ടേയിരുന്നു. അതിന്റെ ഓരോ തുടിപ്പിലും എന്റെയുള്ളിലേയ്ക്ക് ആഗ്രഹികകാതെ വന്നു കയറുന്ന തണുത്ത വായുവിന്റെ സ്പർശം.

യാത്ര തുടങ്ങുമ്പോൾ പിന്നിലേയ്ക്ക് നോക്കിയതേയില്ല. വിട്ടകലുന്ന പരിഭവത്തിന്റെ മഴത്തുള്ളികൾ ചാറ്റലായി ചുമ്മാ കണ്ണുകളിൽ നിന്നായിരുന്നു പെയ്തു തോർന്നതെന്നു തോന്നിച്ചു അപ്പോൾ പെയ്തൊരു കുഞ്ഞു മഴ. കോഴിക്കോടേയ്ക്കാണ് യാത്ര.

അച്ഛനുണ്ട് അരികിൽ.

ഏഴു മണിയ്ക്ക് ഒൻപതു മണിക്ക് തിരിക്കുന്ന ബസ് പുലർച്ചെ നാലാകുമ്പോൾ കോഴിക്കോട് എത്തേണ്ടതാണ്. അരികിലിരുന്നു അച്ചൻ പറയുന്നു. ആവാം… ആയിക്കോട്ടെ…

നിസ്സംഗത മാത്രമേയുള്ളൂ….

പതുക്കെ പതുക്കെ യാത്രയുടെ ഭാഗമായതെപ്പോഴായിരുന്നു? തണുത്ത കാറ്റ് ഓരോ നിമിഷവും നിലവിനോട് മൽപ്പിടുത്തം നടത്തി മടിയിലേക്ക് ഭാരത്തോടെ ഇടയ്ക്കിടെ വന്നു വീണു. നരച്ച ആകാശത്തിന്റെ നെഞ്ചിലൊരു മഴക്കീറുണ്ട്. ഇടയ്ക്കിടയ്ക്ക് നിലാവിനെ മറച്ചു വെറുതെ അത് നോവിച്ചു. കാർമേഘങ്ങൾക്ക് മാത്രം നൽകാൻ കഴിയുന്ന നോവുകളുണ്ട്. വെറുതെ സങ്കടം വരും. വിഷമങ്ങളിൽ ഉലഞ്ഞിരിക്കുന്ന ഒരുവളിലേയ്ക്ക് യാതൊരു കനിവുമില്ലാതെ ഇടയ്ക്കിടയ്ക്ക് മഴച്ചാറ്റലുകൾ വന്നു തൊട്ടു നോക്കിയും നുള്ളി നോവിച്ചുമിരുന്നു.

അകാരണമായി ഒരു അപരിചിതസ്പർശനം വന്നു തൊടുമ്പോൾ എന്തായിരുന്നു തോന്നിയത്? മുന്നിലൂടെ കടന്നു പോയി സീറ്റിന്റെ പുറകിലിരുന്നപ്പോൾ ആ മുഖം കണ്ടതാണ്. ഇൻഷർട്ട് ചെയ്ത മാന്യമായ രീതികളുമുള്ള ഒരു ചെറുപ്പക്കാരൻ. ഒരു നാടിനെ നഷ്ടപ്പെടുത്തുന്ന സങ്കടങ്ങൾക്കിടയിൽ വീണ്ടും അയാളെ കുറിച്ചോർക്കാൻ സമയം കിട്ടിയിട്ടുണ്ടായിരുന്നില്ല. നീണ്ട യാത്രയുടെ വിരസതയെ മറക്കാൻ നഷ്ടങ്ങളുടെ ഓർമ്മകൾ തന്നെ അധികമായുണ്ടായിരുന്നതിനാലാകാം, പതിവുള്ള നോട്ടങ്ങൾ പോലും അവഗണിക്കാൻ തോന്നിയത്.

അയാൾ ഇപ്പോൾ തൊടുന്നത് എന്റെ കവിളിലാണ്. ജനലരികിലെ തുറന്ന വാതിലിന്റെ സുഖം അസ്വസ്ഥതകളായി എത്ര പെട്ടെന്നാണ് പരിണമിയ്ക്കപ്പെട്ടത്. ഇഷ്ടമുള്ള ഒരാൾ തൊടുമ്പോൾ പൂക്കുന്ന ശരീരം ഇഷ്ടം തോന്നാത്ത ഒരാളുടെ സ്പർശനത്താൽ പുഴു ഇഴയുന്ന പോലെ അസ്വസ്ഥതകളുണർത്തുന്ന മാന്ത്രികത എന്താകാം?

ഇഷ്ടമുള്ള ഒരാളും അതുവരെ തൊട്ടു പൂവിടർത്തിയ ശരീരമല്ല, എന്നിട്ടും തിരക്കുള്ള ബസിനിടയിലെ സ്പർശങ്ങളിൽ അസ്വസ്ഥപ്പെടുന്ന ഒരു പെണ്ണത്തം ഉള്ളിലുണ്ട്. ഒരു പാമ്പിഴയുന്ന പോലെയുള്ള ഭീതികൾ ഇപ്പോഴും ഓരോ സ്പർശവും നൽകാറുണ്ട്. പക്ഷെ അപ്പോഴൊക്കെ എനിക്ക് മുന്നിൽ വെളിച്ചമുണ്ടായിരുന്നു, എനിക്ക് ചുറ്റും സ്ത്രീകളുണ്ടായിരുന്നു, ഞാൻ സ്വന്തം നാട്ടിലെ സ്ഥിരം യാത്ര ചെയ്യുന്ന ബസിലായിരുന്നു. അതിനൊക്കെയുള്ള പരിഹാരം സ്വയം കാണാനുള്ള ചങ്കൂറ്റം ആ ചുറ്റുപാടുകൾ തരുകയും ചെയ്തിരുന്നു.

രാത്രിയാണിപ്പോൾ…

ചെറിയ കാര്യമുണ്ടായാൽ പോലും ബഹളം വയ്ക്കുന്ന അച്ഛനാണെടുത്ത്. അപരിചതമായ നാട്ടിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ.  അന്ന് വരെ കയറാത്ത ബസിലാണ് യാത്ര. അപ്പോഴും എവിടെയെത്തിയെന്നതിനു ഇടയ്ക്കിടെ വഴിവിളക്കുകൾ കാട്ടുന്ന സ്റ്റേഷനറികടകളുടെ ബോഡുകൾ വായിച്ചുള്ള പരിചയം മാത്രമേയുള്ളൂ. സ്വന്തം നാടിന്റെ ഇട്ടാവട്ടം വിട്ടു മറ്റെങ്ങും പോയിട്ടില്ലാത്ത ഒരുവളുടെ നിസ്സഹായത.

മുഖം മാറ്റിയതോടെ പിന്മാറിയ വിരലുകൾ ഇപ്പോൾ എന്റെ മാറിലാണ്. സൈഡു സീറ്റിന്റെ ഇത്തിരിയിടത്തിലൂടെ വിരലുകൾ കൊണ്ട് അയാൾ നൃത്തം കളിക്കുന്നു. അസ്വസ്ഥതയോടെ വിരലുകൾ പറിച്ചെറിഞ്ഞെങ്കിലും വലയം വയ്ക്കുന്ന ഭീതിയുടെ രാത്രിപക്ഷികൾ. ഇപ്പോൾ എന്റെ മടിയിൽ നിലാവ് ചോരുന്നില്ല, നിഴലുകൾ യുദ്ധം ചെയ്യുകയാണ്. എങ്ങനനെയാണ് മനസ്സിന്റെ ആവേഗങ്ങളെ പ്രകൃതി ഇത്ര കൃത്യമായി പിടിച്ചെടുക്കുന്നത്?

അച്ഛനോട് പറയാൻ ഭയമുണ്ട്. വെട്ടൊന്ന് മുറി രണ്ടെന്ന മട്ടിൽ ക്ഷിപ്രകോപിയാണ് അച്ഛൻ. ബസിനുള്ളിൽ എന്താണ് നടക്കുകയെന്ന തിരിച്ചറിവ് എനിക്കുണ്ട്. പക്ഷെ അയാളുടെ വിരലുകൾ വീണ്ടും പരതിയെത്തുന്നുണ്ട്. മുന്നിലേയ്ക്ക് ചാഞ്ഞിരിക്കുമ്പോൾ നെറ്റി മുന്നിലത്തെ സീറ്റിൽ മുട്ടിച്ച് എത്ര നേരം ഇരിക്കാൻ കഴിയുമെന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല.

യുദ്ധം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ കാടടച്ച് യുദ്ധമാണ്. പ്രതിരോധത്തിനുള്ള അടവുകൾ ദുർബലമായ രാജ്യത്തിനു പരമാവധി ഉപയോഗിക്കേണ്ടി വരുക തന്നെ ചെയ്യും. അടുത്ത ആക്രമണം കാൽവിരലുകൾ ഇരിക്കുന്നതിന്റെ പുറകിൽ വച്ച് അയാളവിടെയുണ്ടെന്നു ബോധ്യപ്പെടുത്തുകയായിരുന്നു. ഏറെ നേരം മുന്നിലേയ്ക്ക് നീണ്ടിരിക്കാൻ വയ്യ, പ്രതിരോധം രൂക്ഷമാക്കിയേ കഴിയൂ.

ഞാനൊരു യുദ്ധമുഖത്താണ്.

ഒരാൾ ശത്രുവിനെ ഏതുവിധേനയും തോൽപ്പിച്ച് സ്വത്തും രാജ്യവും കൈക്കലാക്കാൻ യുദ്ധം ചെയ്യുന്നു, മറുവശത്ത് സ്വയം രക്ഷയ്ക്ക് പ്രതിരോധത്തിന്റെ ഏതുമാർഗ്ഗവും അന്വേഷിക്കുകയും കണ്ടെത്തുകയും പരീക്ഷിക്കുകയും ചെയ്യുന്നു. പരാജയപ്പെടാൻ വയ്യ, നഷ്ടമാകുന്നത് അവനവനെ തന്നെയാണ്. മറ്റാരുമറിയുന്നില്ലെങ്കിലും ഈ യുദ്ധം എനിക്ക് ജയിച്ചേ മതിയാകൂ.

ഏറ്റവും ഇഷ്ടമുള്ള ജനലരികിലെ സീറ്റു വേണ്ടെന്നു വച്ച അച്ഛന്റെ സീറ്റു മാറ്റിയെടുത്തിട്ടും അയാൾ യുദ്ധമവസാനിപ്പിക്കാൻ തയ്യാറായില്ല. ഭീതിയുടെ വലിയൊരു മുനത്തുമ്പിലാണ് നിൽപ്പ്.  എത്രയോ സ്ത്രീമുഖങ്ങൾ മുന്നിലൂടെ കടന്നു പോയി. പിന്നെ ഒടുവിൽ മുഖം മറച്ച സ്വയം സ്ഥലപ്പേരായി മാറിയ അവളും. സൂര്യനെല്ലി അത്രനാളും വെറുമൊരു പേരായിരുന്നു. ഇതുവരെ ഉണ്ടായ ഇതിനി നേരത്തെ അനുഭവങ്ങളുടെ കണക്കുപുസ്തകങ്ങളെക്കാൾ വലിയ അസ്വസ്ഥതയുടെ ചുഴികളിൽ മുങ്ങിത്താഴുന്ന ഞാൻ. അവൾ അനുഭവിച്ച സങ്കടം എത്രയായിരുന്നിരിക്കണം .

ഇല്ല, സ്വയം പ്രതിരോധം എന്ന യുദ്ധതന്ത്രം അവസാനിപ്പിച്ചെ മതിയാകൂ. കാരണം പ്രതിരോധമാർഗ്ഗങ്ങൾ എല്ലാം അയാൾ വിദഗ്ദ്ധമായി തകർത്തെറിയുന്നുണ്ട്. ഓരോ നിമിഷവും മുന്നിലേയ്ക്ക് കയറിയെത്തുന്നുണ്ട്. തകർന്നടിയുന്നതിനു മുൻപ് പ്രത്യാക്രമണം ചെയ്യുകയേ നിവൃത്തിയുള്ളൂ.

ഉടുപ്പിലെങ്ങും കുത്തി വയ്ക്കാൻ തോന്നാത്ത പിന്നിനെ ഓർത്തു അന്നാദ്യമായി ദേഷ്യം തോന്നി. മുടിയിഴകളെ ഒതുക്കി വച്ചിരുന്ന സ്ലൈഡ് മാത്രമാണ് ആകെയുള്ള ആയുധം. മൂർച്ചയുള്ള ഭാഗം കയ്യിലെടുത്ത് പതുക്കെ ആകൃതി മാറ്റം വരുത്തി. രണ്ടു വശവും ഇപ്പോൾ പ്രവർത്തന സജ്ജമാണ്. ഇനി ആക്രമിക്കുക തന്നെ.

അച്ഛൻ അടുത്തിരുന്നു ഉറങ്ങുകയാണ്.

സ്ലൈഡിന്റെ മൂർച്ഛയിലേയ്ക്ക് ഒരു പോരാളിയുടെ സകല ആർജ്ജവത്തെയും കൊണ്ടെത്തിച്ച ശേഷം ആഞ്ഞൊരു കുത്തു കൊടുത്തു. അയാൾ ഉറക്കെ നിലവിളിച്ചെന്നു തോന്നി. ചെറിയൊരു ശബ്ദം കേട്ടോ….!!!

അടുത്ത സ്റ്റാൻഡിൽ വണ്ടി നിർത്തുമ്പോൾ വെള്ളമെടുക്കാനെന്ന മട്ടിൽ എഴുന്നേറ്റു പിറകിലേക്ക് നോക്കി അയാളുടെ കണ്ണിലേക്ക് പോരാളിയുടെ അതേ പ്രത്യാക്രമണ ഭീഷണിയോടെ നോക്കി.

എന്തോ അടുത്തെങ്ങും പെയ്യാൻ സാധ്യതയില്ലാത്ത ആകാശത്തേയ്ക്ക് നോക്കി അയാൾ നെടുവീർപ്പിട്ടു.

നാല് മണിക്ക് കോഴിക്കോടെത്തുമ്പോഴേക്കും പാതിവഴിയിലെവിടെയോ അയാളിറങ്ങിയിരുന്നു. വീണ്ടും ജനലരികിലെ നിലാവിന്റെ മുഖപ്പിലേയ്ക്ക് നോക്കുമ്പോൾ ബേസിൽ കയറുന്ന ഒരു വെറും പെൺകുട്ടിയിൽ നിന്നും പോരാളിയായ ഒരുവളിലേക്കുള്ള ദൂരം ഞാൻ അളന്നെടുത്തിരുന്നു. ബസ് സ്റ്റാൻഡിലെ പഴുത്ത ഓറഞ്ച് ഗന്ധങ്ങളിലേയ്ക്ക് ചെന്ന് കയറുമ്പോൾ പുലരിയ്ക്ക് കട്ടി കൂടാൻ പോകുന്നു.

വീട്ടിലെത്തുമ്പോൾ ഒരു ചുവന്ന വാൾ ആകാശത്തിന്റെ നെഞ്ചിനെ വെട്ടിപ്പരുക്കേൽപ്പിച്ചിട്ടുണ്ടായിരുന്നു. ഒരിക്കലും മറക്കാത്ത ഒരു രാത്രിയും ഉറങ്ങാത്ത ഒരു ബസ് യാത്രയും.

വീടിനുള്ളിലെ സുരക്ഷിതത്വത്തിനുള്ളിൽ ഉറങ്ങാൻ പുതച്ച് മൂടി കിടക്കുമ്പോൾ മനസ്സിലവൾ മാത്രമായി മുഖം മറച്ച സൂര്യനെല്ലി പെൺകുട്ടി.  തനിയ്ക്ക് നേരെ ആക്രമണം നടത്തിയവരെ നിയമം കൊണ്ട് പ്രത്യാക്രമണം നടത്തുന്നവൾ. അഭിമാനം തോന്നി. നഷ്ടത്തിന്റെ രാത്രിയിൽ നിന്നും തിരിച്ചറിവിന്റെ നേട്ടങ്ങളിലേയ്ക്ക് ഒരു രാത്രി ദൂരം ഞാൻ സഞ്ചരിച്ചെത്തിയിരിക്കുന്നു.

മീനുകൾ ചുംബിക്കുന്നു എന്ന നോവലും പ്രണയപ്പാതി എന്ന പ്രണയക്കുറിപ്പുകളുടെ സമാഹാരവും പ്രസിദ്ധീകരിച്ചു. പത്രപ്രവർത്തകയും കോളംനിസ്റ്റും