നാട്ടുപച്ച

നഗരമെന്നിൽ പെരുപ്പിച്ചെടുത്തതാം
നടുതലകള്‍, വളരുന്ന ഭീതികള്‍
സിരകള്‍തോറും കുതിക്കുന്ന ചോരതൻ
ഗതിയുയര്‍ത്തുന്ന സമ്മര്‍ദ്ദമേളകള്‍!

നിദ്രയ,ല്ലതിൽ പേടിസ്വപ്നങ്ങള്‍തൻ
ക്ഷുദ്രകീടകം തീണ്ടുവാനെത്തുന്നു!
ജീവനാളുന്ന യന്ത്രമായങ്ങനെ
ജീവിതത്തിൻ പുറമ്പോക്കുഭൂമിയിൽ

നീറി നീറിയിരിക്കവേ,നാവിന്റെ
തുമ്പിലേതോ മധുരമാം സാന്ത്വനം
നാട്ടുപച്ചകള്‍, ഓര്‍മ്മച്ചെരിവിലെ
നിത്യമാം നീരുറവകള്‍, പൂവുകള്‍

നാട്ടുപച്ച, യുഗങ്ങള്‍ക്കുമപ്പുറം
നട്ടുപോറ്റിയ പൈതൃകപ്പേച്ചുകള്‍ !
നാട്ടുപച്ചകള്‍,ഉള്‍ക്കരുത്തേറുവാൻ
നമ്മള്‍ തേടുമീയൗഷധ ച്ചെപ്പുകള്‍!

ചേര്‍ത്തുനിര്‍ത്താൻ മറന്നുനാമെപ്പൊഴും
ദൂരെ ദൂരെ വലിച്ചെറിയുന്നവ!
വീണദിക്കിൽ മുളയ്ക്കാതിരിക്കില്ല
നാട്ടുപച്ചകള്‍ നാടിൻ കരുത്തുകള്‍!

കോഴിക്കോട് ജില്ലയിലെ മൊകേരി സ്വദേശി. ഇപ്പോള്‍ ചൊക്ലിയിൽ താമസിക്കുന്നു. നരിപ്പറ്റ, രാമർനമ്പ്യാർസ്മാരക ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ആനുകാലികങ്ങളിലും,നവമാധ്യമങ്ങളിലും എഴുതുന്നു. കന്യാസ്ത്രീകള്‍,ഓർമ്മമരം എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.