ഉള്ളുനീറുന്ന
ചൂടിന്നുഗ്രതയേറ്റുവാനായ്
പകലുമ്മകളെറിഞ്ഞു ജ്വലിക്കുന്നു വാനം.
ഋതുക്കളുടെ
ലിപിഭേദമറിയാത്ത
കണ്ണീർ പുഴകൾ മെലിഞ്ഞൊഴുകുന്നു.
കാല ദേശങ്ങളുടെ വിളറിയ ചിരിക്കുമപ്പുറം
കത്തിയെരിഞ്ഞ സ്വപ്നത്തിൻ
കനലുമേന്തി,
കണ്ണിമ ചിമ്മാതെ കവിത
കുറിച്ചിടുന്നു നക്ഷത്രപ്പറവകൾ .
ജീവിതഘടികാരത്തിന് പിറകിലായിരം
നിഴലോർമ്മകൾ.
വരിയും വരയും വിതച്ചിട്ട
വിത്തുകളൊക്കെയും,
തുറന്നെഴുത്തിനാത്മാരാമത്തിൽ
ധ്യാനമിഴിയടക്കുന്നു.
ഉയർത്തെഴുന്നേൽക്കേണ്ട നെടുവീർപ്പുകളൊക്കെയും
ഗസലുമൂളുന്ന കാറ്റിനായ്
ചിറകടിക്കുമ്പോൾ
നീലനിശീഥിനിയിലാമ്പൽമാനസം
രാസലീലയുടെ പടവുകളേറി…