ദേവാല – കഥ ഇതു വരെ
തങ്ങൾ ഉണ്ടാക്കിയ സോഫ്റ്റ്വെയർ പ്രൊഡക്ടിന്റെ വിജയകരമായ റിലീസിനു ശേഷം, അത് ആഘോഷിക്കാനായി എം എൻ സിയിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം സോഫ്റ്റ്വെയർ എഞ്ചിനിയർമാർ, ദേവാല എന്ന സ്ഥലത്തുള്ള ഒരു റിസോർട്ടിൽ പോകാൻ തീരുമാനിച്ചു. ടീമിന്റെ സീനിയർ മാനേജറായ നിരഞ്ജൻ ടീമിന് പോകാൻ അനുവാദം കൊടുത്തെങ്കിലും ടീമിലെ സ്ത്രീകൾ, നിരഞ്ജൻ തങ്ങളുടെ കൂടെ വരണമെന്ന് നിർബന്ധിക്കുന്നു. ഈ നിർബന്ധിക്കൽ, നിരഞ്ജനും സുഹൃത്ത് ശശിക്കും ഉത്തരമില്ലാത്ത ഒരു ചോദ്യമായി തോന്നുന്നു ; കാരണം മാനേജർ കൂടെയില്ലാത്തതാണല്ലോ സാധാരണ, ടീമിന് കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുക. ടൂർ കഴിയുമ്പോഴേക്കും ആ ചോദ്യത്തിന് ഒരു ഉത്തരം കിട്ടിയേക്കും എന്ന് അവർ കരുതുന്നു.യാത്ര ദിവസം, ടീമിലെ സ്ത്രീകളുടെ സുഹൃത്തായ, വേറൊരു ടീമിലെ അംഗമായ അനാമികയും ഇവരുടെ കൂടെ കൂടുന്നു. ഇത്, സീനിയർ മാനേജരായ നിരഞ്ജനും, നിരഞ്ജന് റിപ്പോർട്ട് ചെയ്യുന്ന മാനേജരായ കാർത്തിക്കിനും ബുദ്ധിമുട്ടുണ്ടാക്കുന്നു. കാരണം, ദേഷ്യക്കാരനായ അനാമികയുടെ മാനേജർ ചോദിച്ചാൽ ഉത്തരം പറയണമല്ലോ. എല്ലാ സ്ത്രീകളും രാജീവിന്റെ കാറിലും പുരുഷന്മാർ നിരഞ്ജന്റെ കാറിലും പോകുന്നു. ടൂർ സംഘാടകയായ ശ്വേതയ്ക്ക് കാൽ ഉളുക്കുന്നു. യാത്രയ്ക്കിടയിൽ അനൂപ്, താൻ മുൻപ് നടത്തിയ ഒരു ബൈക്ക് യാത്രയിൽ രാത്രിയിൽ പ്രേതങ്ങളെ കണ്ട സംഭവം വിവരിക്കുന്നു.അടുത്ത കാറിൽ, രാജീവ് താൻ സ്കൂളിൽ പഠിക്കുമ്പോൾ ഒരു ടൂറിന് പോകാൻ സ്കൂളിൽ താമസിക്കുകയും, രാത്രി പടക്കം പൊട്ടിക്കുകയും, പിടിയ്ക്കപ്പെടാതെ രക്ഷപെടുകയും ചെയ്ത കാര്യം വർണിക്കുന്നു. മുതുമലൈയിൽ കർണാടകം – തമിഴ്നാട് അതിർത്തിയിൽ വണ്ടികൾ എത്തിയപ്പോൾ, തലേന്ന് ഉണ്ടായ കാവേരി നദി ജല കോടതി വിധി കാരണമുള്ള പ്രതിഷേധത്തിൽ കർണാടക രജിസ്ട്രേഷൻ വണ്ടികൾ അതിർത്തിയിൽ നിർത്തണം എന്നറിയുന്നു. അവർക്ക് ടാക്സി ജീപ്പുകളിൽ മാത്രമേ യാത്ര തുടരാൻ പറ്റൂ. ശ്വേതയെ താങ്ങി പിടിച്ചാണ്, അതിർത്തിയിലെ പാലം കടത്തുന്നത്. ജീപ്പിൽ വെച്ച് ശ്രേയ താൻ നടത്തിയ ലഡാക്ക് യാത്രയെ പറ്റി വിവരിക്കുന്നു. വിദ്യ, ഒരു ഐ ടി പ്രൊഫെഷനലിന്റെ ജീവിതം സിനിമയിലും മറ്റും ആരും യഥാർത്ഥമായി കാണിച്ചിട്ടില്ലെന്നു പറയുന്നു. ആ ജോലിയുടെ സവിശേഷതകളെ പറ്റിയും സംസാരിക്കുന്നു. അവർ റിസോർട്ടിലെത്തുന്നു.
എല്ലാവരും ഒരുമിച്ചിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു.
രാജീവ്: നമ്മൾ കാറിൽ വരുമ്പോൾ സംസാരിച്ചിരുന്ന കാര്യങ്ങൾ ഓർക്കുമ്പോൾ പറഞ്ഞ ഒരു കാര്യമാണ്. ഇപ്പോഴൊക്കെ എന്തൊക്കെ ഉത്സവങ്ങൾ ആണ് നമ്മൾ ആഘോഷിക്കുന്നത്! പണ്ട്, ഓണം, വിഷു, റംസാൻ, ക്രിസ്മസ് – അങ്ങനെ ചിലതു മാത്രം.
നിരഞ്ജൻ: ശരിയാണ്. വെസ്റ്റേൺ ഫെസ്ടിവൽസ് ഒക്കെ നമ്മൾ ഇപ്പോൾ ആഘോഷിക്കുന്നു. പലതും മാർക്കറ്റ് ചെയ്യാനും വിൽക്കാനും കിട്ടാനുള്ള അവസരമല്ലേ.
കാർത്തിക്: ഹാലോവീൻ ഡേയ്ക്ക്, എന്റെ മകൾ മിത്രയും ഞാനും തമ്മിൽ ഉണ്ടായ ചില സംഭവങ്ങൾ പറയട്ടെ.
അനാമിക: തീർച്ചയായും പറയൂ. കഥകൾ കേൾക്കാനും പറയാനുമല്ലേ, നമ്മൾ ഇവിടെ വന്നതു തന്നെ.
എല്ലാവരും സന്തോഷത്തോടെ കഥ കേൾക്കുന്നു. കാർത്തിക് തന്റെ കഥയിലെ സംഭവങ്ങളിലേക്ക് പോകുന്നു.
കാർത്തിക്: “വർക്ക് ഫ്രം ഹോം” കാരണം, തിരികെ വന്ന ഒരു ശീലമാണ് പത്ര വായന. ഒരു ഇംഗ്ലീഷ് പത്രവും, ഒരു മലയാള പത്രവും, പണ്ടേ വീട്ടിൽ വരുത്താറുണ്ട്. അന്നൊക്കെ, ഇംഗ്ലീഷ് പത്രം വായിച്ചിരുന്നത് കേരളത്തിലിരിക്കുമ്പോൾ ബാംഗ്ലൂരും മറ്റുള്ള നാട്ടിലുമൊക്കെ നടക്കുന്ന കാര്യങ്ങൾ കൂടുതൽ അറിയാനായിരുന്നു. ഇന്ന് ബാംഗ്ളൂരിലിരിക്കുമ്പോൾ മലയാള പത്രം വായിക്കുന്നത്, കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ കൂടുതൽ അറിയാനാണ്. മുൻപ് പലപ്പോഴും, ഓഫീസിൽ പോകാനാകുമ്പോഴേക്കും പത്രം എത്താറില്ലായിരുന്നു. ഇപ്പോൾ, ജോലി വീട്ടിൽ നിന്ന് തന്നെയായതിനാൽ പത്രം വായിക്കാൻ കഴിയുന്നുണ്ട്.
മിത്ര: അച്ഛാ, നമുക്ക് ഒരു “പ്ലേഗ് ഡോക്ടർ മാസ്ക്” വാങ്ങണം.
പ്ലേഗ് ഡോക്ടർ – എവിടെയോ കേട്ട പോലെ ഉണ്ടല്ലോ. പെട്ടെന്ന് ഓർമ്മ വന്നു. ഒരു വാട്സാപ്പ് സന്ദേശത്തിലായിരുന്നു. യൂറോപ്പിൽ പ്ലേഗ് ഡോക്ടർമാർ ഉണ്ടായിരുന്നത്രെ. മനുഷ്യ ചരിത്രത്തിലെ ഏറ്റവും മാരകമായ മഹാമാരികളിൽ ഒന്നായിരുന്നു “ബ്ലാക്ക് ഡെത്ത്” എന്നറിയപ്പെട്ടിരുന്ന പ്ലേഗ് ദുരന്തം.
പ്ലേഗ്, വീണ്ടും വീണ്ടും, തിരിച്ചു വന്നു കൊണ്ടിരുന്നു. പ്ലേഗ് ചികിൽസിക്കുന്ന ഡോക്ടർമാർ തങ്ങളെ വായുവിൽക്കൂടി പകരുന്ന രോഗങ്ങളിൽ നിന്ന് രക്ഷിക്കാൻ ധരിച്ചിരുന്നതായിരുന്നു പ്ലേഗ് ഡോക്ടർ വേഷം. ഒരു മേൽക്കോട്ടും, സുഗന്ധ വസ്തുക്കൾ നിറച്ച, പക്ഷിയുടെ കൊക്ക് പോലുള്ള മുഖം മൂടിയും, കൈയുറയും, ബൂട്ടും, തൊപ്പിയും ഉൾപ്പെടുന്നവയായിരുന്നു അത്. മുഖം മൂടിയുടെ കണ്ണിന്റെ ഭാഗത്ത് തുറക്കാവുന്ന ഗ്ലാസും മൂക്കിന്റെ ഭാഗത്ത് പക്ഷികളുടെത് പോലുള്ള കൊക്കും ഉണ്ടായിരുന്നു. കൊക്കിൽ ഔഷധ സസ്യങ്ങൾ വെക്കുമായിരുന്നു. പ്ലേഗ് രോഗികളെ തൊടാതെ അവരെ പരിശോധിക്കാനും, “സാമൂഹിക അകലം പാലിക്കാനും”, മരം കൊണ്ടുള്ള വടികൾ ഉപയോഗിച്ചിരുന്നു.
ഇത്രയും ഓർത്തെടുത്തപ്പോൾ, ആ രൂപം മനസ്സിൽ വന്നു. ഇനി അത്ര വേഗമൊന്നും പോകില്ല. ചിത്രരചന പരിശീലിച്ചതു കൊണ്ട് ഒരു ഗുണമുണ്ട്. മനസ്സിൽ അങ്ങനെ വരുന്ന രൂപങ്ങൾ കടലാസിലേക്ക് പകർത്തി, മനസ്സിൽ നിന്നും മായ്ക്കാം. അതിനു വേണ്ടി സദാ കൊണ്ട് നടക്കുന്ന സ്കെച്ച് പുസ്തകത്തിലേക്ക് ആ രൂപം, തിരക്കിട്ടു വരച്ചു. എന്നിട്ട്, ഏതാണ്ട് തീരാറായപ്പോൾ, മുഴുവനും പൂർത്തിയാക്കാൻ നിൽക്കാതെ, മോളെ കാണിച്ചു.
കാർത്തിക്: മിത്ര, ഇതല്ലെ, മോള് പറഞ്ഞ പ്ലേഗ് ഡോക്ടർ വേഷം?
മിത്ര, ഞാൻ വരച്ച ചിത്രത്തിലേക്ക് നോക്കി. ഒന്ന് മന്ദഹസിച്ചു.
മിത്ര: അതെ, അച്ഛാ. പക്ഷെ, എനിക്ക് പ്ലേഗ് ഡോക്ടർ മാസ്ക് മാത്രം മതി. വേഷത്തിന്, അമ്മയുടെ പഴയ ഗൗൺ ഉണ്ട്. പിന്നെ, അച്ഛന്റെ മോട്ടോർ സൈക്കിൾ ഗ്ലൗസും എടുക്കാം. എന്റെ കറുത്ത ഷൂവും ഉണ്ടല്ലോ. തൊപ്പി, കഴിഞ്ഞ വര്ഷം ടൂറിനു പോയപ്പോൾ വാങ്ങിയത് ഉപയോഗിക്കാം.
പിന്നെ, ചിത്രത്തിൽ, പ്ലേഗ് ഡോക്ടറുടെ വടിയെന്താ കയ്യിൽ ഒട്ടിയിരിക്കുന്ന പോലെ ഉള്ളത്? കയ്യിൽ പിടിച്ച പോലെയല്ലേ വേണ്ടത്?
മിത്ര ഒടുവിൽ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു. കുറച്ചു കാലം മുൻപൊക്കെ ഞാനെന്തു വരച്ചാലും, “നല്ലത്”, എന്ന് പറയുന്ന അവൾ ഇപ്പോൾ, ചിത്രങ്ങൾ കൂടുതൽ ശ്രദ്ധിക്കാനും, അഭിപ്രായങ്ങൾ തുറന്നു പറയാനും തുടങ്ങിയിരിക്കുന്നു.
കാർത്തിക്: കയ്യിൽ ഉള്ള ഗ്ലൗസ്സ് കറുത്ത നിറത്തിലാക്കാമെന്നു വിചാരിച്ചു. പിന്നെ, മോളെ വേഗം കാണിക്കാമെന്നും വെച്ചു. അതിനാൽ ഗ്ലൗസ്സ് ഷേഡ് ചെയ്തില്ല. വടി മാത്രം ഷേഡ് ചെയ്തു. അത് കൊണ്ട് ഒട്ടിയത് പോലെ തോന്നുന്നതാ.
പക്ഷെ, ഇതൊക്കെ എന്തിനാണ് മോളെ? സ്കൂളിലൊന്നും ഇപ്പോൾ പോകുന്നില്ലല്ലോ? നാടകമൊന്നും നടത്താൻ പറ്റില്ലല്ലോ.
മിത്ര: അച്ഛാ, ഇത് അപ്പാർട്മെന്റിലെ ഹാലോവീൻ ഡേയ്ക്ക് വേണ്ടിയാണ്.
ഈ അപ്പാർട്മെന്റിലേക്കു മാറിയത് മുതൽ, മിത്ര കൂട്ടുകാരോടൊത്തു ഹാലോവീൻ ഡേ കളിക്കാറുണ്ട്. ബാംഗ്ലൂരിൽ ആദ്യത്തെ ഫ്ലാറ്റ് വാങ്ങിയപ്പോൾ, നീന്തൽ കുളം, കളിക്കാനുള്ള സൗകര്യങ്ങൾ, മുതലായ “അമിനിറ്റീസ്” ഒന്നും വേണമെന്ന് തോന്നിയില്ല. താമസിക്കാൻ നല്ല രീതിയിൽ പണി കഴിപ്പിച്ച ഒരു ഫ്ലാറ്റ്. അത്രെയേ കരുതിയുള്ളൂ.
ഒരിക്കൽ, മിത്രയുടെ ക്ലാസ്സിലെ ഒരു കുട്ടി അവളുടെ പിറന്നാൾ ആഘോഷത്തിന് മിത്രയെയും മറ്റു കൂട്ടുകാരികളേയും അവളുടെ അപ്പാർട്മെന്റിലേക്ക് വിളിച്ചു. അവളെ കൂട്ടാൻ പോയപ്പോൾ അവളുടെ കൂട്ടുകാരികളെല്ലാം ടെന്നീസ് കോർട്ടിൽ കളിക്കുന്നു. ടെന്നീസ് കോർട്ടിൽ ഒറ്റയ്ക്ക് നിൽക്കുന്ന മോളെ കണ്ടപ്പോൾ സങ്കടം തോന്നി. വീടിന്റെ കുറച്ചു ദൂരെ, ഒരു അക്കാഡമിക്കാർ ടെന്നീസ് കോച്ചിങ് തുടങ്ങിയപ്പോൾ, അവളെ അതിനു ചേർത്തു. പക്ഷെ ടെന്നീസ് കോർട്ട് ഇല്ലാതെ, സാധാരണ പ്രതലത്തിലായിരുന്നു കോച്ചിങ്ങ്. സെർവ് ചെയ്യാൻ തന്നെ ഒരു വര്ഷമെടുക്കുമെന്നും അത് വരെ ഇങ്ങെനെ ഒക്കെ, “സ്വെൽപം അഡ്ജസ്റ്റ് മാടി” (കുറച്ചു അഡ്ജസ്റ്റ് ചെയ്യൂ) എന്ന് കോച്ച് പറഞ്ഞു. മിത്രയ്ക്ക് ഇങ്ങനെ പലതും നഷ്ടപ്പെടുന്നു എന്ന് തോന്നി.
“ഇ എം ഐ യുടെ മൂന്നിലൊന്നേ വീട് വാടക വരൂ. അതിനാൽ ബാംഗ്ലൂരിൽ വീട് എടുക്കുന്നത് സാമ്പത്തികമായി നഷ്ടമായ ഒരു പ്രവൃത്തിയാണ് “. – ഇതായിരുന്നു ബാംഗളൂരിലെ എന്റെ ആദ്യ കാലങ്ങളിലെ, ഘോര ഘോര വാദം. പക്ഷെ, പല കാരണങ്ങളായി ഒരേ വര്ഷം തന്നെ മൂന്ന് തവണ വീട് മാറേണ്ടി വന്നപ്പോൾ, സ്വന്തമായി ഒരു ഫ്ലാറ്റ് എടുത്തു.
“അമിനിറ്റീസ് അനുസരിച്ചു കൂടുതൽ പണം നൽകുന്നതിൽ കാര്യമില്ല. താമസിക്കാൻ ഒരു ഫ്ലാറ്റ് – അത്ര മാത്രം”. – ഇതായിരുന്നു അടുത്ത ഘോര ഘോര വാദം. മിത്രയുടെ കുട്ടികാലത്തെ പല കാര്യങ്ങളും പരിമിതിപ്പെടുമ്പോൾ ഈ വാദവും ഉപേക്ഷിച്ചു. അനവധി അമിനിറ്റീസ് ഉള്ള വലിയ അപാർട്മെന്റ് സമുച്ചയത്തിലേക്ക് താമസം മാറ്റി. അവനവന്റെ സൗകര്യത്തിനും, സാമ്പത്തിക സ്ഥിതിക്കും അനുസരിച്ചു ചെയ്യുക എന്ന നിലപാട് മാത്രമാണ് ഇപ്പോൾ.
താമസം മാറിയത്, നന്നായി എന്ന് തോന്നിയത് കോവിഡിന്റെ ആദ്യ കാലങ്ങളിലായിരുന്നു. നിത്യോപയോഗ സാധനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല എന്ന് മാത്രമല്ല, ബുദ്ധിമുട്ടനുഭവിക്കുന്ന മറ്റുള്ളവരെ സഹായിക്കാനും പറ്റി. പക്ഷെ, ഇതു പോലുള്ള അപാർട്മെന്റ് കോംപ്ലെക്സിന്റെ ഭാഗമാവുക വഴി ഉണ്ടായ മറ്റു ചില കാര്യങ്ങൾ എന്താണെന്നു വെച്ചാൽ, എനിക്ക് മുന്പരിചയമില്ലാത്ത ഹാലോവീൻ ഡേ മുതലായ ആഘോഷങ്ങളിൽ മിത്ര പങ്കെടുക്കുമ്പോൾ, അതൊക്കെ വേണോ എന്നൊരു തോന്നൽ.
കാർത്തിക്: എന്തിനാ മോളെ, ഈ ഹാലോവീൻ ഡേയൊക്കെ കളിക്കുന്നത്? നമുക്ക് ഇഷ്ടം പോലെ ഇന്ത്യൻ ഉത്സവങ്ങൾ ഇല്ലേ?
മിത്ര: പക്ഷെ, ഏത് ഇന്ത്യൻ ഉത്സവത്തിനാണ് ഇതു പോലെ ഭയപ്പെടുത്തുന്ന വേഷങ്ങൾ ഇട്ട് പോകാൻ പറ്റുക? അതായത്, സ്പൂക്കി ആയി ഒരു പ്രൊസഷൻ നടത്താൻ പറ്റുക?
ഇതു പോലെ നമുക്ക് ആഘോഷങ്ങൾ ഇല്ലേ? കൊച്ചി കാർണിവൽ…?
അല്ല, കോഴിക്കോട് പണ്ട് തിരുവാതിരക്കാലത്ത് വീടുകളിൽ സംഘമായി പ്രച്ഛന്ന വേഷം കെട്ടി പോയത്?
വേഷം കെട്ടി ഓരോ തമാശ നൃത്തം ചെയ്യും. വേഷം കെട്ടിയത് ആരാണെന്ന് മനസ്സിലാകരുത്. വീട്ടുകാർ മനസ്സിലാക്കി പേരെടുത്തു വിളിച്ചാൽ, ആ വേഷം കെട്ടിയവൻ ഓടിക്കളയും. വീട്ടുകാർ കുറച്ചു പണം നൽകും. സാധാരണ, ആളെ മനസ്സിലായാലും വീട്ടുകാർ പേര് പറയില്ല. എന്തെങ്കിലും കൊടുത്തു ഒഴിവാക്കും. അവരെ ചോഴിമാർ എന്നാണ് വിളിക്കാറ്. കുറെ മുൻപൊക്കെ പഴവും പപ്പടവും ആയിരുന്നു കൊടുക്കാറ്. പിന്നീട് പണവും കൊടുക്കാൻ തുടങ്ങി. ചോഴിമാർ, ഉണങ്ങിയ വാഴയില, ഉണങ്ങിയ ഉപ്പൂതിയില എന്നിവ കൊണ്ടാണ് ദേഹം മൂടാറ്. ഒച്ചയുണ്ടാക്കാൻ ചെണ്ടയും തകരപ്പട്ടയൊക്കെ കൊട്ടുമായിരുന്നു.
പക്ഷെ, ഈ അപാർട്മെന്റ് സമുച്ചയത്തിലെ ധനികരായ കുട്ടികൾ ഹാലോവീൻ കളിക്കുന്നത് പോലെയല്ല അത്. പൊതുവെ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ചില കുട്ടികൾ കുറച്ചു കാശുണ്ടാക്കാനും കൂടെ ചെയുന്ന ഒരു പരിപാടിയാണത്. ഇന്ന് അതൊക്കെ ഉണ്ടോ, ആവോ? ഏതായാലും മിത്രയ്ക്കു ഇതൊക്കെ പറഞ്ഞാൽ മനസ്സിലാകുമോ? മനസ്സിലായാൽ തന്നെ, തിരുവാതിരക്കാലത്ത് അത് ഇവിടെ കളിയ്ക്കാൻ പറ്റുമോ?
ഇവിടെയും തിരുവാതിരകളി നടന്നിട്ടുണ്ട്. മുൻപ് നടന്ന ഒരു തിരുവാതിരക്കളിയെ പറ്റി പറയാം. അതിനു ഒരു സവിശേഷത ഉണ്ടായിരുന്നു. 100 സ്ത്രീകളായിരുന്നു അതിൽ പങ്കെടുത്തത്. മലയാളികൾ അല്ലാത്തവരും ഉണ്ടായിരുന്നു. ആ തിരുവാതിരക്കളിയും ഈ തിരുവാതിരയ്ക്കുള്ള ചോഴികളിയും തമ്മിൽ അജഗജാന്തരം ഉള്ളതിനാലും, വിശദീകരിച്ചാലും അവള്ക്ക് മനസ്സിലാകില്ല എന്ന തോന്നൽ വന്നതിനാലും, ഞാൻ പറഞ്ഞു:
കാർത്തിക്: ഇല്ല മോളെ. ഇത് പോലെ, സ്പൂക്കി ആയി, പ്രൊസഷൻ നടത്താൻ പറ്റിയ ഒരു ഇന്ത്യൻ ഉത്സവം ഇല്ല. ഇക്കൊല്ലം, എന്നാണ് മോളെ, ഈ ഹാലോവീൻ ഡേ?
മിത്ര: എല്ലാ കൊല്ലവും, ഹാലോവീൻ ഡേ, ഒക്ടോബര് 31 നു ആണ് ഉണ്ടാവുക, അച്ഛാ.
കാർത്തിക്: ഓ, ശരിയാ. നമ്മുടെ കലണ്ടർ വേറെയായതിനാലാണ് അവരുടെ കലണ്ടർ അനുസരിച്ചു ദിവസം മാറുന്നത്. ഇതു അവരുടെ ഉത്സവം, അവരുടെ കലണ്ടർ.
മിത്ര: ഓക്കെ. അപ്പോൾ, പ്ലേഗ് ഡോക്ടർ മാസ്ക്?
കാർത്തിക്: ഹാലോവീൻ എങ്ങനെ ആഘോഷിക്കും? ഒരു ഉത്സവവും നമ്മൾ ഈയിടെയായി പുറത്തു പോയി ആഘോഷിക്കാറില്ലല്ലോ?
മിത്ര: നമ്മൾ ഈയ്യിടെയായി മറ്റു ഉത്സവങ്ങൾ ആഘോഷിക്കുന്നത് പോലെ തന്നെ, അച്ഛാ. ഓൺലൈൻ ആയി.
മകൾ, ഈയ്യിടെയായി എന്നെ, ചിലതൊക്കെ പഠിപ്പിക്കുന്നുണ്ട്.
കാർത്തിക്: അത് പോലെ ഒരു മാസ്ക് ഉണ്ടാക്കാൻ കുറച്ചു പ്രയാസം ഉണ്ടല്ലോ, മോളെ?
മിത്ര: ഉണ്ടാക്കേണ്ട, അച്ഛാ. ഓൺലൈൻ ആയി വാങ്ങി തന്നാൽ മതി.
മകൾ, ഈയ്യിടെയായി എന്നെ ചിലതൊക്കെ ഓർമ്മിപ്പിക്കുന്നുണ്ട്. എങ്കിലും, ഇത് ഞാൻ ഇപ്പോൾ സ്ഥിരം ചെയ്യുന്ന ഒരു കാര്യമാണ്. ഏതാണ്ട് എല്ലാ സാധനങ്ങളും ഓൺലൈൻ ആയി ഓർഡർ ചെയ്യും. അവ വന്നാൽ, ഒരു സ്ഥലത്ത് കുറെ നേരം വെയ്ക്കും. കോവിഡ് കാലം മുഴുവനും ഇങ്ങെനെയാണ് ചെയ്യുന്നത്. എങ്കിലും, മാസ്ക്, ഓൺലൈൻ ആയി ഓർഡർ ചെയ്യാറില്ല. ഉപയോഗിച്ച മാസ്കുകൾ ആളുകൾ ഓൺലൈൻ വഴി വിൽക്കുന്നു എന്നൊരു വാർത്ത കേട്ടതിനാലായിരുന്നു അത്. അതിനാൽ മാസ്ക് വാങ്ങാൻ, മാസ്ക് ധരിച്ചു മെഡിക്കൽ ഷോപ്പിലേക്ക് പോകും.
പ്ലേഗ് ഡോക്ടർ മാസ്ക് അങ്ങനെയല്ല. അത് ഒരു പുരാതന വസ്തു, പുനരവതരിക്കപ്പെട്ടതാണ്. മെഡിക്കൽ സ്റ്റോറിൽ കിട്ടില്ല. ഓൺലൈൻ ഇ-കോമേഴ്സ് പോർട്ടലുകളിൽ മാത്രമേ കിട്ടൂ. ഞാൻ എന്റെ ഫോൺ എടുത്തു, ആമസോൺ ആപ്പിൽ, ഇംഗ്ലീഷിൽ സെർച്ച് ചെയ്തു:
പ്ലേഗ് ഡോക്ടർ മാസ്ക്.
കാർത്തിക് കഥ പറഞ്ഞു കഴിയുമ്പോഴേക്കും എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു.
നിരഞ്ജൻ: വാവ്, കാർത്തിക്, നമ്മൾ ശരിക്കും എന്ജോയ് ചെയ്തു. നല്ല വിവരണം.എല്ലാവരും കൈ അടിച്ചു.
കാർത്തിക്: താങ്ക്യൂ, താങ്ക്യൂ.
ഭക്ഷണത്തിനു ശേഷം, എല്ലാവരും, വിവിധ ആക്ടിവിറ്റീസിൽ പങ്കെടുക്കുന്നു.കായാക്കിങ്ങിനു പോയതിനു ശേഷം തിരിച്ചു മുറിയിലേക്ക് പോകാൻ തുടങ്ങിയ നിരഞ്ജൻ, റിസോർട്ടിന് പുറത്തു ബോബി, അനൂപ്, ശ്വേത എന്നിവർ ആരെയോ പ്രതീക്ഷിച്ചു നില്കുന്നത് കണ്ടു.
നിരഞ്ജൻ അവിടത്തേക്ക് നടന്നു. അവർ മൂന്ന് പേരും നിരഞ്ജനെ കണ്ടു.
നിരഞ്ജൻ: എന്താ പരിപാടി?
മൂന്ന് പേരും ചിരിച്ചു.
ബോബി: ശ്വേത, കഴിഞ്ഞ തവണ ഇവിടെ വന്നപ്പോൾ, ഇവിടത്തെ ഒരു ലോക്കൽ വ്യക്തിയെ പരിചയപ്പെട്ടിരുന്നു.
നിരഞ്ജൻ: ഓക്കെ. എന്നിട്ട്?
അനൂപ്: ആ പുള്ളിക്കാരനോട് പറഞ്ഞു, ഇവിടെ മാത്രം കിട്ടുന്ന ലിക്കർ സംഘടിപ്പിക്കുന്ന പരിപാടിയാണ്. അയാൾ ഇപ്പോൾ ഇവിടെ എത്തും.
നിരഞ്ജൻ: കൊള്ളാം. ചെലവ് എന്റെ വക.
ശ്വേത: താങ്ക്സ്, നിരഞ്ജൻ. പക്ഷെ, നമ്മൾ എടുത്ത് കൊള്ളാം.
നിരഞ്ജൻ: സാരമില്ല, ഞാൻ കൊടുക്കാം.