ദേവാല -5 : പാർക്കാൻ പോകൽ

ദേവാല – കഥ ഇതു വരെ
തങ്ങൾ ഉണ്ടാക്കിയ സോഫ്റ്റ്‌വെയർ പ്രൊഡക്ടിന്റെ വിജയകരമായ റിലീസിനു ശേഷം, അത് ആഘോഷിക്കാനായി എം എൻ സിയിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം സോഫ്റ്റ്‌വെയർ എഞ്ചിനിയർമാർ, ദേവാല എന്ന സ്ഥലത്തുള്ള ഒരു റിസോർട്ടിൽ പോകാൻ തീരുമാനിച്ചു. ടീമിന്റെ സീനിയർ മാനേജറായ നിരഞ്ജൻ ടീമിന് പോകാൻ അനുവാദം കൊടുത്തെങ്കിലും ടീമിലെ സ്ത്രീകൾ, നിരഞ്ജൻ തങ്ങളുടെ കൂടെ വരണമെന്ന് നിർബന്ധിക്കുന്നു. ഈ നിർബന്ധിക്കൽ, നിരഞ്ജനും സുഹൃത്ത് ശശിക്കും ഉത്തരമില്ലാത്ത ഒരു ചോദ്യമായി തോന്നുന്നു ; കാരണം മാനേജർ കൂടെയില്ലാത്തതാണല്ലോ സാധാരണ, ടീമിന് കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുക. ടൂർ കഴിയുമ്പോഴേക്കും ആ ചോദ്യത്തിന് ഒരു ഉത്തരം കിട്ടിയേക്കും എന്ന് അവർ കരുതുന്നു.യാത്ര ദിവസം, ടീമിലെ സ്ത്രീകളുടെ സുഹൃത്തായ, വേറൊരു ടീമിലെ അംഗമായ അനാമികയും ഇവരുടെ കൂടെ കൂടുന്നു. ഇത്, സീനിയർ മാനേജരായ നിരഞ്ജനും, നിരഞ്ജന് റിപ്പോർട്ട് ചെയ്യുന്ന മാനേജരായ കാർത്തിക്കിനും ബുദ്ധിമുട്ടുണ്ടാക്കുന്നു. കാരണം, ദേഷ്യക്കാരനായ അനാമികയുടെ മാനേജർ ചോദിച്ചാൽ ഉത്തരം പറയണമല്ലോ. എല്ലാ സ്ത്രീകളും രാജീവിന്റെ കാറിലും പുരുഷന്മാർ നിരഞ്ജന്റെ കാറിലും പോകുന്നു. ടൂർ സംഘാടകയായ ശ്വേതയ്ക്ക് കാൽ ഉളുക്കുന്നു. യാത്രയ്ക്കിടയിൽ അനൂപ്, താൻ മുൻപ് നടത്തിയ ഒരു ബൈക്ക് യാത്രയിൽ രാത്രിയിൽ പ്രേതങ്ങളെ കണ്ട സംഭവം വിവരിക്കുന്നു

രാജീവ് ഇതിനകം നിരഞ്ജന്റെ കാർ ഓവർടേക്ക് ചെയ്തു. പെൺകുട്ടികൾ വീണ്ടും ബഹളമുണ്ടാക്കി.

ഇത്തവണ ഉദയ്, അനൂപ്, ബോബി – ഇവർ തിരിച്ചു ബഹളമുണ്ടാക്കി. നിരഞ്ജനും കാർത്തിക്കും ചിരിച്ചു.

മുന്നിൽ പോകുന്ന്ന കാറിൽ നിന്നും വിദ്യ: സ്കൂളിൽ പഠിക്കുന്ന കാലത്ത്‌ ഇതു പോലുള്ള യാത്രകൾ കുറവായിരുന്നു. ബന്ധു വീടുകളിൽ പോകലായിരുന്നു പതിവ്.

അനാമിക: അതെ, പാർക്കാൻ പോകൽ

ശ്രേയ: എനിക്കും അതെ. ഓണം, ക്രിസ്മസ്, മധ്യ വേനലവധി
.
ശ്വേത: അതെ. അപ്പോൾ വിഷുവും ഉണ്ടാകും.

രാജീവ്: അന്നൊക്കെ അതൊക്കെയാണ് പ്രധാനമായുള്ള ഉത്സവങ്ങൾ. ഇന്ന്, അമേരിക്കൻ ഉത്സവങ്ങൾ വരെ നമ്മൾ ആഘോഷിക്കുന്നു.

വിദ്യ: രാജീവ്, പാർക്കാൻ പോകാറില്ലെ? നമ്മൾ പെൺകുട്ടികൾ നമ്മുടെ പാർക്കാൻ പോക്ക് അനുഭവങ്ങൾ വേറെ ഒരു ദിവസം പരസ്പരം സംസാരിച്ചിരുന്നു.

എല്ലാ പെൺകുട്ടികളും ചിരിക്കുന്നു.

രാജീവ്: ഇതിലെന്താ ഇത്ര ചിരിക്കാൻ?

അനാമിക: വിട്ടു കള, രാജീവേ. ഈ പെണ്പിള്ളേര്ക്ക് വട്ടാ. രാജീവ് പാർക്കാൻ പോയ കഥകള് പറ.

രാജീവ്: സത്യം പറഞ്ഞാൽ, ഞാൻ പാർക്കാൻ പോയിട്ടില്ല. കാരണം, ഞാൻ എന്റെ തറവാട്ട് വീട്ടിലാണ് നിന്നത്. എല്ലാവരും ഇങ്ങോട്ടു വരുകയായിരുന്നു.

ശ്രേയ: അതായത്, രാജീവ് കുട്ടിക്കാലത്തു ഒരിക്കലും വീട് വിട്ടു മാറി താമസിച്ചിട്ടില്ലേ?

രാജീവ്: ഉണ്ട്. പക്ഷെ, ബന്ധു വീട്ടിലല്ല, സ്കൂളിൽ.

ശ്വേത: സ്കൂളിലോ? അത് കൊള്ളാമല്ലോ. എന്നിട്ട്?

രാജീവ്: അതൊരു ഒന്നൊന്നര പാർക്കൽ ആയിരുന്നു.

വിദ്യ: എന്നാലത് നമ്മളോട് പറ, രാജീവ്.

രാജീവ് വെറുതെ ഒന്ന് ചിരിക്കുന്നു.

അനാമിക: അതെന്താ, പുറത്ത്‌ പറയാൻ പാടില്ലാത്ത വലതും അവിടെ നടന്നോ?

രാജീവ്: സത്യം പറഞ്ഞാൽ, അത് നടന്നു.

ശ്രേയ: നമ്മളാരും രാജീവിന്റെ കൂടെ പഠിച്ചവരല്ല. ഇപ്പോൾ നമ്മളോട് പറഞ്ഞോ. നമ്മളാരോടും പറയില്ല.

ശ്വേത: അതെ, “വാട്ട് എവർ ഹാപ്പെൻസ് അറ്റ് ദേവാല ട്രിപ്പ്, സ്റ്റേയ്സ് അറ്റ് ദേവാല ട്രിപ്പ്”.

രാജീവ്: ഓക്കേ. പക്ഷെ, എനിക്ക് പഴയ ഓർമകളിൽ മുഴുകണം. വേറെ ആരെങ്കിലും ഡ്രൈവ് ചെയ്യുമോ?

വിദ്യ: ഞാൻ റെഡി. ഈ വണ്ടി കണ്ടപ്പോൾ തന്നെ, ഇതൊന്നു ഓടിക്കാൻ രാജീവിനോട് പറയാൻ വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു.

രാജീവ്: എന്നാൽ ശരി. ഞാൻ വണ്ടി ഒന്ന് സൈഡ് ആക്കി നിർത്തട്ടെ.

രാജീവ് വണ്ടി നിർത്തുന്നു. വിദ്യയുമായി സീറ്റ് മാറുന്നു. സീറ്റിൽ തല പിന്നോട്ട് ചായ്ച്ചു വെച്ച് ഓർമകളിൽ മുഴുകുന്നു.

രാജീവ്: നമ്മൾ സ്കൂളിൽ നിന്നും തുഷാരഗിരിയിലേക്കു ഒരു ട്രിപ്പ് പോകുകയായിരുന്നു. ഒരു ക്രിസ്ത്യൻ കോൺവെന്റ് സ്കൂളിൽ ആയിരുന്നു ഞാൻ പഠിച്ചത്. നമ്മുടെ ടീച്ചേർസ് ആയ സിസ്റ്റേഴ്സ് പറഞ്ഞു, പുലർച്ചയ്ക്കു പോകാം. അങ്ങനെ നേരത്തെ തിരിച്ചു വരികയും ചെയ്യാം. ആൺകുട്ടികൾക്ക് സ്കൂളിൽ കിടയ്ക്കാം. പെൺകുട്ടികൾക്ക് സിസ്റ്റേഴ്സിന്റെ കോൺവെന്റും ഉണ്ട്. എല്ലാവരും സമ്മതിച്ചു. ഏതാണ്ട് 100 കുട്ടികളോളം ഉണ്ടായിരുന്നു. ആൺകുട്ടികൾ ഒരു ആറുപതോളം പേർ. രൺദീപ് – എന്റെ കൂട്ടുകാരൻ, തടിയൻ, പാർട്ണർ ഇൻ ക്രൈം; അവനും ഉണ്ടായിരുന്നു, അന്ന്.

രാജീവ് പൂർണമായും തന്റെ കുട്ടിക്കാലത്തേക്ക് പോയി കഴിഞ്ഞു. ഇപ്പോൾ, രാജീവും രൺദീപും രാത്രി മെല്ലെ ഒരു ചെറിയ ടോർച്ചും തെളിച്ചു കൊണ്ട് നടക്കുന്നു. രാജീവിന്റെ ചുമലിൽ ഒരു ബാഗ് ഉണ്ട്. നടന്ന് നടന്ന്, അവർ പെൺകുട്ടികളുടെ കോൺവെന്റ് ഹോസ്റ്റലിനു സമീപം എത്തി നില്കുന്നു.

അനാമിക: അത് ശരി, പെൺകുട്ടികൾ ഡ്രസ്സ് ചേഞ്ച് ചെയ്യുന്നത് നോക്കാൻ പോയതാ അല്ലെ?

രാജീവ്: സത്യമായും അല്ല. ഒരു പക്ഷെ, ഒന്ന്-രണ്ട് വര്ഷം കൂടി കഴിഞ്ഞിട്ടായിരുന്നു എങ്കിൽ, അങ്ങനെ ഒരു അജണ്ട ഉണ്ടായേനെ. പക്ഷെ, അന്ന് പതിനൊന്നാം വയസ്സിൽ, ഒരു ഉദ്ദേശം മാത്രം.

ശ്രേയ: എന്ത് ഉദ്ദേശം?

രാജീവ്: പെൺകുട്ടികളുടെ ഹോസ്റ്റലിന്റെ അടുത്ത് വെച്ച് ഒരു നാടൻ ബോംബ് പൊട്ടിക്കുക.

ശ്വേത: നാടൻ ബോംബോ? ദൈവമേ, അതെങ്ങെനെ ഉണ്ടാക്കി?

രാജീവ്: ശരിക്കും നാടൻ ബോംബ് എന്ന് പറഞ്ഞു കൂടാ. ഒരു പടക്കം.

വിദ്യ: പടക്കമോ? അത് പൊട്ടിച്ചത് നിങ്ങൾ ആണെന്ന് കണ്ടുപിടിക്കാൻ എളുപ്പമല്ലേ? ശബ്ദം കേട്ടിട്ട് എല്ലാവരും എഴുന്നേൽക്കും. നിങ്ങൾ അപ്പോൾ പുറത്തുണ്ടാകും. എളുപ്പത്തിൽ പിടിക്കപ്പെടും.

രാജീവ്: ശരിയാണ്. അതിനാൽ നമ്മൾ, കുറച്ചു കഴിഞ്ഞു മാത്രം പൊട്ടുന്ന ഒരു സംവിധാനം ചെയ്തു. പടക്കം പൊട്ടുന്ന സമയത്ത്‌ നമ്മളും സ്കൂളിൽ മറ്റു ആൺകുട്ടികളുടെ ഒപ്പം തന്നെ ഉണ്ടാകും.

ശ്രേയ: അതെന്തു സംവിധാനം? റിമോട്ട് കണ്ട്രോൾ?

രാജീവ്: ശോ, തോക്കിൽ കയറി വെടി വെക്കല്ല, ശ്രേയ! ഞാൻ പറയാം.

രാജീവിന്റെ ചിന്ത വീണ്ടും ഹോസ്റ്റലിന്റെ സമീപം. ഇപ്പോൾ, രാജീവും രൺദീപും ബാഗിൽ നിന്നും സാധനങ്ങൾ എടുക്കുന്നു. എന്നിട്ട്, ഒരു കല്ലിന്റെ മുകളിൽ വെക്കുന്നു – ഒരു ടിൻ ഷീറ്റ്, ഒരു പടക്കം, ഒരു തീപ്പെട്ടി, ഒരു സിഗരറ്റ്, ഒരു ടിൻ.

രൺദീപ് ഒരു സിഗരറ്റ് എടുക്കുന്നു. തീപ്പെട്ടി കൊണ്ട് അത് കത്തിക്കുന്നു. എന്നിട്ട്, പാക്കറ്റിലുള്ള അലൂമിനിയം ഫോയിലിൽ പടക്കത്തിന്റെ തിരി വെക്കുന്നു. പെട്ടെന്ന്, രാജീവിന്റെ ചുമലിൽ ഒരു കൈ!

രാജീവ് ഞെട്ടി തരിച്ചു പുറകോട്ടു വീഴുന്നു. രൺദീപ് സിഗരറ്റ് കുത്തി കെടുത്തുന്നു.

ശ്രേയ: ദൈവമേ, ആരായിരുന്നു അത്?

രാജീവ്: നമ്മുടെ ക്ലാസ്സ്‌മേറ്റും കുരുത്തക്കേടിൽ നമ്മളോട് കിട പിടിക്കുകയും ചെയ്യുന്ന സാജൻ!

അനാമിക: സാജൻ എങ്ങനെ അവിടെ എത്തി?

രാജീവ് വീണ്ടും ഓർമകളിലേക്ക് ഊളിയിട്ടു.

സാജൻ: രണ്ടും കൂടി എന്താണ് ഇവിടെ പരിപാടി? ഞാൻ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. നിങ്ങളെ പിന്തുടരുകയായിരുന്നു. വേഗം പറഞ്ഞോ.

രൺദീപ്: ബഹളമുണ്ടാക്കല്ല, സാജാ. നമ്മൾ മൂന്ന് പേരും കുടുങ്ങും.

സാജൻ: ഞാൻ എങ്ങനെ കുടുങ്ങും? നിങ്ങൾ രണ്ടാളും മാത്രം കുടുങ്ങും. അത് ശരി, സിഗരറ്റ് വലിക്കുന്ന പരിപാടിയായിരുന്നു അല്ലെ?

രാജീവ്: സാജാ, നിനക്ക് കാര്യം മനസ്സിലായിട്ടില്ല. ഞാൻ എല്ലാം പറയാം. നല്ല രസമുള്ള ഒരു പരിപാടിയാണ്. സിഗരറ്റ് വലിയൊന്നും അല്ല. നീയും വേണമെങ്കിൽ കൂടിക്കോ.

സാജൻ: ആര് ഞാനോ? നിങ്ങൾ രണ്ട് കൂതറകളോടൊപ്പം കൂടാനോ? നടക്കുന്ന കാര്യം വല്ലതും പറ.

രൺദീപ്: സാജാ, നടക്കുന്ന കാര്യമാണ് പറയാൻ പോകുന്നത്. നാളെ, ഈ ദിവസത്തെ കുറിച്ചോർക്കുമ്പോൾ നീ എന്താണ് ഓർക്കാൻ പോകുന്നത്? തുഷാരഗിരിയിൽ പോയി, അട്ട കടിച്ചു എന്നാണോ?

സാജൻ: തുഷാരഗിരിയിൽ അട്ടയുണ്ടോ?

രൺദീപ്: എടാ, തുഷാരഗിരിയിൽ അട്ടയുണ്ടോ എന്ന് നോക്കലല്ല നമ്മുടെ ഉദ്ദേശം.

സാജൻ: പിന്നെ?

രൺദീപ്: ഇപ്പോൾ, ഇവിടെ വെച്ച് ഒരു ബോംബ് പൊട്ടിച്ചു നമ്മുടെ ക്ലാസ്സിലെ പെൺപിള്ളേരെ പേടിപ്പിച്ചാൽ എങ്ങനെയിരിക്കും എന്ന് നോക്കാനാണ്.

സാജൻ: ഇങ്ങനെ ചെയ്തിട്ട് എന്താ കാര്യം?

രാജീവ്: ക്ലാസ് മോണിറ്റർ രേഷ്മ അന്നുണ്ടാക്കിയ പൊല്ലാപ്പൊക്കെ മറന്നു പോയോ?

സാജൻ: ഇല്ല, ഒരിക്കലുമില്ല.

രൺദീപ്: അവൾ ഇന്ന് ടൂറിന് വരുന്ന കാര്യം നിനക്കറിയാമല്ലോ.

സാജൻ: അറിയാം.

രാജീവ്: അവൾക്കു ഇങ്ങെനെയെങ്കിലും ഒരു തിരിച്ചടി കൊടുക്കേണ്ടേ?

സാജൻ: വേണം.

രൺദീപ്: എന്നാൽ, നീ നമ്മൾ ചെയ്യാൻ പോകുന്നതെന്താണെന്നു നോക്ക്.

സാജൻ: എന്താണ് ചെയ്യാൻ പോകുന്നത്?

രൺദീപ് വീണ്ടും സിഗരറ്റ് കത്തിക്കുന്നു.

രൺദീപ്: ഈ സിഗരറ്റിൽ നിന്നും പതുക്കെ ഈ പടക്കത്തിന്റെ തിരിയ്ക്കു തീ പിടിക്കും.

രാജീവ്: അതിനു മുൻപേ, നമ്മൾ ഇതെല്ലാം ഈ ടിൻ വെച്ച് മൂടും.

രൺദീപ്: പടക്കത്തിന്റെ തിരിയ്ക്കു തീ പിടിക്കുന്നതോടെ വലിയ ശബ്ദത്തോടെ ഈ പടക്കം പൊട്ടും.

രാജീവ്: ആ രേഷ്മയും ടീമും ഇന്ന് മാത്രമല്ല, ഒരാഴ്ചത്തേക്ക് ശരിക്കും ഉറങ്ങില്ല. എന്താ പോരെ?

സാജൻ: മതി. ധാരാളം മതി.

രൺദീപ്: എന്നാൽ മൂടിക്കോ.

രാജീവ്, ടിൻ കൊണ്ട് മൂടുന്നു.

എല്ലാവരും തിരക്കിട്ടു നടക്കുന്നു. മുന്നിൽ നടന്നിരുന്ന സാജൻ, പെട്ടെന്ന് മറ്റു രണ്ടു പേരെയും തടഞ്ഞു നിർത്തുന്നു.

രൺദീപ്: എന്ത് പറ്റിയെടാ?

സാജൻ: അത് നോക്ക് –

കുറച്ചു ദൂരെ ചുവന്ന എന്തോ തിളങ്ങുന്നു.

അനാമിക: എന്തായിരുന്നു അത്? മിന്നാമിന്നിയായിരുന്നോ?

രാജീവ്: അല്ല, കോൺവെന്റിനു ഒരു ഗൂർഖ കാവലുണ്ടായിരുന്നു. അയാൾ സിഗരറ്റ് വലിക്കുന്നതായിരുന്നു.

ശ്വേത: അയാൾ നിങ്ങളെ കണ്ടോ?

രാജീവ്: ഇല്ല. പക്ഷെ, അയാൾ മാറാതെ നമുക്ക് പോകാൻ പറ്റില്ലല്ലോ.

ശ്രേയ: അപ്പുറത്ത് ബോംബ് ഇല്ലേ?

രാജീവ്: അതെ, അതായിരുന്നു ടെൻഷൻ. അത് പൊട്ടും മുൻപേ സ്കൂളിൽ എത്തണം.

വിദ്യ: നിങ്ങൾ എന്നിട്ട് എന്ത് ചെയ്തു?

രാജീവ്: ഭാഗ്യത്തിന് ആ ഗൂർഖ ഒന്ന് മാറി. നമ്മൾ, പമ്മി പമ്മി മുൻപോട്ടു നീങ്ങി.

അനാമിക: ആഹാ, എന്നിട്ട്?

രാജീവ്: കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ ഓടാൻ തുടങ്ങി. സാജന്റെ കാലിൽ ഒരു പാട്ട കുടുങ്ങി.

ശ്വേത: ഹ ഹ ഹ ഹ ഹ! ഒരു അസ്സൽ അഡ്വെഞ്ചർ തന്നെ!

രാജീവ്: ഇപ്പോൾ വർണിക്കാൻ രസം തന്നെ! അന്ന് അനുഭവിച്ച ഒരു ടെൻഷൻ!

ശ്രേയ: എന്നിട്ട് സ്കൂളിൽ എത്താൻ പറ്റിയോ?

രാജീവ്: പറ്റി. സാജന്റെ കാലിൽ നിന്നും എങ്ങനെയോ ആ പാട്ട ഞാൻ മാറ്റി. സ്കൂളിൽ എത്തി നമ്മുടെ സ്ഥലത്തു കയറി കിടന്നു. ബാക്കി എല്ലാ കുട്ടികളും നല്ല ഉറക്കം. നമ്മൾ, കാതോർത്തിരുന്നു. സമയം ഇഴഞ്ഞു നീങ്ങുന്നത് പോലെ തോന്നി.

വിദ്യ: പൊട്ടിയില്ലേ?

രാജീവ്: ശോ, പൊട്ടി. പ്രതീക്ഷിച്ചതിലും വലിയ ഒച്ചയോടെ. കാര്യം പറഞ്ഞാൽ വീടിന്റെ അടുത്തുള്ള പറങ്കികാടിൽ ഞാൻ രണ്ട് തവണ ഇതിന്റെ റിഹേർസൽ നടത്തിയിരുന്നു. അതിലും വലിയ ശബ്ദത്തോടെ.

അനാമിക: ഒരു പക്ഷെ, രാത്രിയായതു കൊണ്ട് വേറെ ഒരു ഒച്ചയും ഇല്ലാത്തതിനാൽ കൂടുതൽ ഉറക്കെ കേട്ടതായിരിക്കും.

രാജീവ്: അതെ. ഭൂമികുലുക്കമോ? അതോ ശത്രു രാജ്യം ബോംബ് ഇട്ടതോ? കുറച്ചു നേരം സിസ്റ്റേഴ്സിന് മുഴുവനും അങ്കലാപ്പായിരുന്നു.

അനാമിക: ഹോ, ഇതു പോലുള്ള രണ്ടു മൂന്നെണ്ണം മതിയല്ലോ. പാവം സിസ്റ്റേഴ്സ്.

രാജീവ്: തുടക്കത്തിലെ ഞെട്ടലിനു ശേഷം അവർ സമചിത്തത വീണ്ടെടുത്തു ആൺകുട്ടികൾ തന്നെയാവണം ഇതു ചെയ്തത് എന്ന് അവർ ഉറപ്പിച്ചു. ഒരു പക്ഷെ, പാട്ടയുമായുള്ള സാജന്റെ ഓട്ടത്തിന്റെ ബഹളവും ഗൂർഖ കേട്ട് കാണും.

ശ്വേത: പക്ഷേ, ആരാണ് ചെയ്തത് എന്ന് അവർ എങ്ങനെ മനസ്സിലാക്കും?

രാജീവ്: അതിനും അവർ ഒരു വഴി കണ്ടു പിടിച്ചു. ആരാണോ അത് ചെയ്തത്, അവരുടെ കയ്യിൽ വെടി മരുന്നിന്റെ ഗന്ധമുണ്ടാകും. അതിനാൽ, എല്ലാ ആണ്കുട്ടികളോടും വരിയായി നിരന്നു നിൽക്കാൻ ഉത്തരവിട്ടു.

വിദ്യ: ഹോ, വല്ലാത്ത ബുദ്ധി തന്നെ.

രാജീവ്: അതെ, പക്ഷെ, തിരികെ വരുമ്പോൾ എന്ത് കൊണ്ട് പൈപ്പിലെ വെള്ളത്തിൽ കൈ കഴുകാൻ എനിക്ക് ബുദ്ധി തോന്നിയില്ല എന്നോർത്ത് സ്വയം കുറ്റപ്പെടുത്തുകയായിരുന്നു ഞാൻ.

ശ്രേയ: നിങ്ങൾ എന്നിട്ടു എന്ത് ചെയ്തു?

രാജീവ്: ഞാൻ സാജനെ നോക്കി. അവൻ വിരണ്ടിരിക്കുന്നു. പിന്നെ ഞാൻ രൺദീപിനെ നോക്കി, അവനാകട്ടെ, ഒരു കൂസലുമില്ലാതെ ആരുടെയോ ബാഗിൽ നിന്നും എടുത്ത ഓറഞ്ച് തിന്നു കൊണ്ടിരിക്കുന്നു.

ശ്വേത: ആള് കൊള്ളാമല്ലോ.

രാജീവ്: “കൊടകിന്റെ കുട്ടി, മധുരക്കട്ടി” എന്ന് പറഞ്ഞു വിൽക്കുന്ന നാരങ്ങായില്ലേ? ആ ടൈപ്പ് നേരിയ തോലോടു കൂടിയ ഓറഞ്ച്. അത് കണ്ടപ്പോൾ, പെട്ടെന്ന് എനിക്കൊരാശയം തോന്നി.

ശ്വേത: തിന്നാനോ?

രാജീവ്: ശ്വേത, അതേ, തിന്നാൻ തന്നെ. പക്ഷേ, വെറുതെ തിന്നാൻ അല്ല. ഓറഞ്ച് തിന്നുക വഴി വെടി മരുന്നിന്റെ മണം മാസ്ക് ചെയ്യപ്പെടും. ഒപ്പം, അത് ഞെക്കി പീയുക വഴി കയ്യില് ഉണ്ടായിരുന്ന വെടിമരുന്ന് കഴുകി പോകുകയും ചെയ്യും. ഞാൻ രൺദീപിനോടും, സാജനോടും കാര്യം പറഞ്ഞു. സംഗതി വിജയിച്ചു.

അനാമിക: വാവ്, ബ്രില്ലിയൻറ്! രാജീവ്, യു ആർ എ ജീനിയസ്.

വിദ്യ: ശരിക്കും. ഇത്ര നേരം ഞാൻ ശ്വാസം അടക്കി പിടിച്ചാണ് വണ്ടി ഓടിച്ചത്.

ശ്രേയ: നിങ്ങൾ ശരിക്കും രക്ഷപെട്ടോ?

രാജീവ്: അതെ. നമ്മൾ മൂന്ന് പേരിൽ നിന്നും ആദ്യം രൺദീപിന്റെ കൈ ആയിരുന്നു മണപ്പിച്ചത്. ഇവന് അപ്പോഴും തീറ്റ തന്നെ എന്ന് ഒരു കമെന്റും. നിങ്ങളും അവന്റെ കൂടെ തീറ്റ മത്സരത്തിന് ഇറങ്ങിയോ എന്ന് എന്നോടും സാജനോടും ചോദ്യം. നമുക്ക് ശേഷം ഉള്ള മറ്റു കുട്ടികളെയും പരിശോധിച്ചു, കുറ്റക്കാരെ കണ്ടെത്താനാകാത്ത അരിശത്തോടെ അവർ പോയി.

( തുടരും …..)

ബാംഗ്ലൂരിൽ ഐ ടി രംഗത്ത് ജോലി ചെയുന്നു. 2009-ൽ പ്രസിദ്ധീകരിച്ച "കൾച്ചർ ചെയ്ഞ്ച്" എന്ന ചെറുകഥാ സമാഹരണമാണ് ആദ്യത്തെ പുസ്തകം. പിന്നീട്,കുട്ടികളുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ കഥകൾ എഴുതുകയുണ്ടായി. 2020-ൽ പ്രസിദ്ധീകരിച്ച "ലോങ്ങ് സ്റ്റോറി ഷോർട്ട് - ടേർണിങ്ങ് ഫേമസ് ബുക്ക്സ് ഇൻടു കാർട്ടൂൺസ്" എന്ന പുസ്‌തകത്തിൽ ചിത്രകാരനായും രംഗത്തു വന്നു. മലയാളകഥകൾ ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.