ദേവാല -2 : അനുവാദം

ദേവാല – കഥ ഇതു വരെ

തങ്ങൾ ഉണ്ടാക്കിയ സോഫ്റ്റ്‌വെയർ പ്രൊഡക്ടിന്റെ വിജയകരമായ റിലീസിനു ശേഷം, അത് ആഘോഷിക്കാനായി എം എൻ സിയിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം സോഫ്റ്റ്‌വെയർ എഞ്ചിനിയർമാർ, ദേവാല എന്ന സ്ഥലത്തുള്ള ഒരു റിസോർട്ടിൽ പോകാൻ തീരുമാനിച്ചു. ടീമിന്റെ സീനിയർ മാനേജറായ നിരഞ്ജൻ ടീമിന് പോകാൻ അനുവാദം കൊടുത്തെങ്കിലും ടീമിലെ സ്ത്രീകൾ, നിരഞ്ജൻ തങ്ങളുടെ കൂടെ വരണമെന്ന് നിർബന്ധിക്കുന്നു

നിരഞ്ജന്റെ അടുത്ത ക്യാബിനിൽ ശശി ഇരിക്കുന്നു. പ്രത്യേകിച്ചു ജോലിയൊന്നും ഇല്ലാത്തതിനാൽ ശശിയുടെ ശ്രദ്ധ, നിരഞ്ജന്റെ ക്യാബിനിൽ ആരൊക്കെ പോകുന്നു, എന്തൊക്കെ നടക്കുന്നു എന്നു നോക്കുന്നതിലാണ്. സാധാരണ ഒരു നാലു മണിക്കാണ് നിരഞ്ജനും, ശശിയും, പാർവതിയും ചായ കുടിക്കാൻ പോകാറ്. പ്രസ്തുത ദിവസം നാലര ആയിട്ടും നിരഞ്ജൻ ഫ്രീ ആകുന്ന ലക്ഷണം കാണുന്നില്ല. നിരഞ്ജന്റെ ടീമിലെ മൂന്ന് പെണ്കുട്ടികൾ ഒരു മണിക്കൂറോളമായി നിരഞ്ജന്റെ ക്യാബിനിൽ ഒരു മീറ്റിങ്ങിലാണ്.
പാർവതി, നിരഞ്ജന്റെയും ശശിയുടേയും വേറൊരു ബാച്ച്മേറ്റും, ഇപ്പോൾ സഹപ്രവർത്തകയുമാണ്. പാർവതി, പ്രസവ അവധിയിലാണ്. അടുത്ത തിങ്കളാഴ്ച്ചയാണ് തിരിച്ചു വരിക. അതിനാൽ, ശശി നിരഞ്ജൻ ബിസി ആയാൽ കൂടുതൽ ഒറ്റപ്പെടും.

ആ ദിവസം, ശശിക്ക് ചായ കുടി എന്നതിനേക്കാൾ, പെൺകുട്ടികൾ എന്തിനാണ് നിരഞ്ജന്റെ ക്യാബിനിൽ വന്നത് എന്ന കാര്യം അറിയാനായിരുന്നു താല്പര്യം. ഏതാണ്ട് 4:45നു പെണ്കുട്ടികളെല്ലാം പുറത്തിറങ്ങി.
ശശി ഉടനെ തന്നെ, കമ്പനിയിൽ ഓൺലൈൻ ടീം ആശയവിനിമയത്തിന് ഉപയോഗിക്കുന്ന വെബ്എക്സ് ടീമ്സ് സോഫ്റ്റ്‌വെയറിൽ, നിരഞ്ജന് ഒരു പ്രൈവറ്റ് മെസ്സേജ് അയക്കാൻ തന്റെ ലാപ്ടോപ്പിൽ ടൈപ്പ് ചെയ്തു:

കോഫി?

അത് വായിച്ച നിരഞ്ജൻ മറുപടി എഴുതാതെ നേരിട്ട് ശശിയുടെ ക്യാബിൻ ഡോർ തുറന്നു വന്നു. എന്നിട്ട് പറഞ്ഞു:

“വാ, പോകാം.”

ഓഫീസ് കഫേയിൽ രണ്ടു കാപ്പി കഴിച്ചു കൊണ്ടിരിക്കെ:
ശശി: എന്തു പറ്റി, നിരഞ്ജൻ? ടീമിലെ എല്ലാ പെൺകുട്ടികളെയും ക്യാബിനിൽ കണ്ടല്ലോ? എനി പ്രോബ്ലെംസ്?

നിരഞ്ജൻ: ഏയ്, നമ്മൾ ഒരു ഔട്ടിങ്ങ് പ്ലാൻ ചെയ്യുകയായിരുന്നു. ദേവാലയിലേക്ക്. രണ്ടു ദിവസത്തെ പരിപാടി. വെള്ളിയും ശനിയും.

ശശിയുടെ മുഖത്തു ആദ്യം ചെറിയൊരു ഞെട്ടലും പിന്നെ ഒരു തരം അസൂയയും നിറഞ്ഞു. കാപ്പി ഊതി കുടിച്ചു കൊണ്ടിരിക്കുന്ന നിരഞ്ജൻ അത് ശ്രദ്ധിക്കുന്നില്ല.

ശശി: വെള്ളിയും ശനിയും യാത്ര എന്ന് പറയുമ്പോൾ വെള്ളി, വർക്കിംഗ് ഡേ അല്ലെ? അങ്ങനെ ഒരു തീരുമാനം എടുക്കാൻ നമുക്ക് അധികാരമുണ്ടോ?

നിരഞ്ജൻ: ശശിയെ, കാര്യം പറഞ്ഞാൽ നമ്മൾ സീനിയർ മാനേജർമാർക്ക് ഒരു ഇരുപതിനായിരം രൂപയുടെ റിപ്പോർട്ട് അനുവദിക്കാൻ പോലും അധികാരം ഉണ്ടോ എന്ന് എനിക്ക് ഒരു സംശയമുണ്ട്. പിന്നെ, നമ്മുടെ പ്രൊഡക്ടിന്റെ മെയിൻ വേർഷൻ റിലീസ് കഴിഞ്ഞല്ലോ. ഇപ്പോൾ താരതമ്യേന ഫ്രീ ആണ്. ഇപ്പോൾ ഇതിനൊക്കെ അനുവദിച്ചില്ലെങ്കിൽ പിന്നെ ബുദ്ധിമുട്ടാകും.

ശശി: നിരഞ്ജൻ, ധൈര്യപൂർവ്വം ഡിസിഷൻ എടുക്കാൻ ഉള്ള നിന്റെ ഈ ധൈര്യം സമ്മതിച്ചിരിക്കുന്നു. നീ, ടീമിലെ എല്ലാവര്ക്കും ലാപ്ടോപ്പ് അനുവദിച്ചതിനു ശേഷമാണ് പാറുവിന് അങ്ങനെ ഒരു തീരുമാനം എടുക്കാൻ ധൈര്യം വന്നത് എന്ന് അവൾ എന്നോട് പറഞ്ഞിരുന്നു. നമ്മളൊന്നും പ്രതീക്ഷിക്കാതെ ലോക്‌ഡോണും, വർക്ക് ഫ്രം ഹോമും ഒക്കെ വന്നപ്പോൾ നിങ്ങൾ രണ്ടു പേരുടെയും ടീമിൽ യാതൊരു പ്രൊഡക്ടിവിറ്റി ലോസും ഉണ്ടാകാതിരുന്നത് ആ ഒരു തീരുമാനം നീ അന്നേ എടുത്തത് കൊണ്ടാണ്. നമ്മൾ ഒരേ ബാച്ച് ആണെങ്കിലും നിങ്ങളുടെ ലെവലിൽ ഞാൻ ഇപ്പോൾ മാത്രമേ എത്തിയുള്ളു. ടീം മെംബേർസ് അടുത്ത ആഴ്‌ച്ചയ്‌ക്കകം ശരിയാകും എന്നാണ് എഛ്. ആർ അറിയിച്ചിരിക്കുന്നത്. ഇതു പോലൊക്കെ തീരുമാനങ്ങൾ എനിക്ക് എടുക്കാൻ കഴിയുമോ, ആവോ?

നിരഞ്ജൻ: ശശിയെ, നമ്മൾ ആത്മാർത്ഥമായി സ്ഥാപനത്തിനു വേണ്ടി ജോലി ചെയ്യുന്നവരല്ലേ? സ്ഥാപനത്തിന് വേണ്ടി മനഃപൂർവം മോശം ഒന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ലല്ലോ? അതു പോലെ, മാനേജർ എന്ന നിലയ്ക്ക് ടീമംഗങ്ങൾക്കു വേണ്ടി ഗുണകരമായ കാര്യങ്ങൾ ചെയ്യുകയും വേണ്ടേ? അതിനാൽ നമ്മൾ നല്ല രീതിയിൽ അതിനു വേണ്ട കാര്യങ്ങൾ ചെയ്യുന്നു എന്നു മാത്രം. പേടിക്കേണ്ട ആവശ്യം ഒന്നുമില്ല.

ശശി: നിരഞ്ജൻ പറയുന്നത് ശരിയാണ്. ഞാൻ ഒരു കാര്യം തുറന്നു പറയട്ടെ. നമ്മുടെ ബാച്ചിൽ ഏറ്റവും നന്നായി പഠിച്ചിരുന്നത് ഞാനായിരുന്നു. അത് കഴിഞ്ഞു പാറുവും. നമ്മൾ രണ്ടു പേരും കഴിഞ്ഞേ നിരഞ്ജൻ വന്നിരുന്നുള്ളു. പക്ഷെ, ക്യാമ്പസ് പ്ലേസ്മെന്റ് കിട്ടിയിട്ട് ജോലിയിൽ കൂടുതൽ ഷൈൻ ചെയ്തത് നിരഞ്ജനായിരുന്നു. ആദ്യം മാനേജറായതും നിരഞ്ജൻ. പിന്നെ പാറു. ഞാൻ ഇപ്പോൾ അടുത്ത് മാത്രം. അപ്പോൾ, കോളേജിലെ വിജയങ്ങളും ജോലി സ്ഥലത്തെ വിജയങ്ങളും വേറെ തന്നെയാണ്.

നിരഞ്ജൻ: ശശി, മാനേജർ ആയാൽ മാത്രമേ വിജയിക്കൂ എന്ന് എനിക്കു തോന്നുന്നില്ല. ശശിക്കു വേണമെങ്കിൽ സോഫ്റ്റ്‌വെയർ ആർക്കിറ്റെക്റ് ആയോ മറ്റോ ശ്രമിക്കാമായിരുന്നു. ഞാൻ മാനേജർ ആയതു എനിക്ക് നേതൃത ഗുണങ്ങൾ ഉണ്ടെന്ന് സ്വയം തോന്നിയതിനാലും അതിനുള്ള അവസരങ്ങൾ ഒത്തു വന്നതിനാലുമാണ്.

ശശി: നിരഞ്ജൻ, സമൂഹത്തിൽ നിന്നും എനിക്കുള്ള സമ്മർദ്ദം, നിരഞ്ജനറിയില്ല. നിങ്ങൾ ഒരു 10 – 15 വർഷമായി ജോലി ചെയ്യുന്നു. എന്നിട്ടും മാനേജർ ആയില്ല. വീട്ടുകാരും നാട്ടുകാരും വിചാരിക്കും?
നിങ്ങൾ അത്രയ്ക്ക് ജോലിയിൽ വിജയയിച്ചിട്ടില്ല എന്ന്. എൻറെ കാര്യത്തിൽ വേറൊരു പ്രശ്നം കൂടിയുണ്ട്. എന്റെ 5 വയസ്സ് ഇളയ അനിയൻ ഒരു മാനേജർ ആണ്. അത് കുടുംബത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

നിരഞ്ജൻ: ഈ കാര്യങ്ങൾ കേൾക്കുമ്പോൾ എനിക്ക് വിഷമം തോന്നുന്നു. ശശിയുടെ അനിയൻ ഒരു സ്റ്റാർട്ട് അപ്പിൽ അല്ലേ ജോലി ചെയുന്നത്? നമ്മുടെ ഒരു എസ്ടാബ്ലിഷ്ഡ് കമ്പനി അല്ലെ? സ്റ്റാർട്ട് അപ്പിൽ നമ്മുടെ സ്ഥാപനത്തിൽ ഉള്ളതിനേക്കാൾ കാര്യങ്ങൾ വ്യത്യസ്തമല്ലെ? പിന്നെ, എന്റെ അനിയൻ കൂടുതൽ ഉയരത്തിൽ എത്തിയാൽ ഞാൻ കൂടുതൽ സന്തോഷിക്കുകയേ ഉള്ളൂ.

ശശി: നിരഞ്ജൻ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു. പക്ഷെ, നിരഞ്ജനെ പോലെ വ്യക്തത, പക്വത – ഇതൊക്കെ എനിക്കു പൂർണമായി വന്നിട്ടില്ല. അതിരിക്കട്ടെ, ടീമിൽ എല്ലാവരും മലയാളികളാണല്ലോ. മനഃപൂർവം തെരഞ്ഞെടുത്തതാണോ?

നിരഞ്ജൻ: ശശി ചില കാര്യങ്ങൾ മറന്നു പോയി എന്ന് തോന്നുന്നു. ഈ ടീം എനിക്കു തന്നതാണ്. ഞാൻ തെരഞ്ഞെടുത്തതല്ല. അപർണ കന്നഡിഗയാണ്. അമേരിക്കകാരിയായ മോണിക്ക ഇപ്പോഴും എന്റെ ടീമിലാണ് എന്ന് ശശിക്കറിയാമല്ലോ. മാത്രമല്ല, കഴിഞ്ഞ മാസം നോയിഡയിൽ തന്റെ വീടിന്റെ അടുത്ത് ജോലി കിട്ടി പോയ കരണും, തന്റെ ഭർത്താവിന്റെ ഒപ്പം കാനഡയിലേക്ക് മൈഗ്രേറ്റ് ചെയ്ത രൂപ് കൗറും മലയാളികളല്ലല്ലോ. അവർക്കു പകരം എടുക്കുന്നവർ രണ്ടാഴ്ച കഴിഞ്ഞു ജോയിൻ ചെയ്യും. അവരെ ഞാൻ ആണ് തെരഞ്ഞെടുത്തത്. അവർ മലയാളികളല്ല.

ശശി: ഓക്കെ. അപ്പോൾ യാത്ര ചെയ്യാൻ ഉറപ്പിച്ചോ? ടീമിലെ എല്ലാവരും വരുന്നുണ്ടോ? സീനിയർ മാനേജർ എന്ന നിലയിൽ ഇതിന് മുൻകൈ എടുത്തു ബുക്കിംഗ് ഒക്കെ ചെയ്യണ്ടേ?

നിരഞ്ജൻ: പെൺകുട്ടികളിൽ അപർണ വരുന്നില്ല. അവരുടെ മകൻ ഡേ-കേറിൽ നിന്നും വരുമ്പോൾ വീട്ടിൽ വേറെ ആരും ഉണ്ടാകില്ല. മറ്റു മൂന്ന് പെൺകുട്ടികളും വിവാഹിതരല്ല. നമ്മൾ പോകാൻ ഉദ്ദേശിക്കുന്ന റിസോർട്, മികച്ച റിസോർട്ടുകളിൽ ഒന്നാണ്. സേഫ്റ്റി മുതലായ കാര്യങ്ങളൊക്കെ ഞാൻ അന്വേഷിച്ചു. ശ്വേതയും കുടുംബവും ഒരു ആറു മാസം മുൻപ്‌ പോയതാണ്. വളരെ നല്ലതായതിനാൽ ഒരിക്കൽ കൂടി പോകണം എന്ന് അവൾക്ക്. ആദ്യമായി പോകുന്ന സന്തോഷം മറ്റുള്ളവർക്ക്. ബുക്കിംഗ് മുതലായ കാര്യങ്ങൾ അവർ ചെയ്തു കൊള്ളും. നമ്മൾ അനുവാദം മാത്രം കൊടുത്താൽ മതി.

ശശി: അപർണയുടെ ഒപ്പം ഞാന്‍ മുന്പു വര്‍ക്ക് ചെയ്തിട്ടുണ്ട്. മോണിക്കയുടെ കൂടെ ജോലി ചെയ്യുമെന്ന് തോന്നുന്നില്ല. മറ്റുള്ളവരെ കണ്ടിട്ടുണ്ട് എന്നല്ലാതെ, കൂടുതൽ ഒന്നും അറിയില്ല. അവരെ പറ്റി ഒന്നു പറയാമോ? സോ ദാറ്റ്, ഐ ആം നോട്ട് ലോസ്റ്റ് വെൻ യൂ മെൻഷൻ എബൌട്ട് ദെം ലേറ്റർ?

നിരഞ്ജൻ: ശരി, ആദ്യം അനൂപിനെ കുറിച്ചു പറയാം. ജോലിയിൽ വളരേയധികം കഴിവ് കാണിച്ച ഒരു ടീം മെമ്പർ. ഏതൊരു മാനേജറും അനൂപിനെ പോലൊരു ടീം മെമ്പറെ തന്റെ ടീമിൽ ആഗ്രഹിക്കും. വ്യക്തിയെന്ന നിലയിലും ഒരു കുറ്റവും പറയാൻ പറ്റില്ല. ജോലിയിൽ മാത്രമല്ല, പല ലൈഫ് സ്കില്ലുകളും ഉണ്ട്. തികഞ്ഞ ഓൾ റൗണ്ടർ !

ഇനി ഉദയിനെ കുറിച്ചു പറയാം.,ജോലിക്കാര്യത്തിൽ മോശമില്ല. എങ്കിലും അനൂപിന്റെ ലെവലിൽ എത്താൻ കുറച്ചു കാലമെടുക്കും. ജോലിയിൽ മാത്രമല്ല, ജീവിതത്തിലും പലതും മനസ്സിലാക്കി വരുന്നു. നല്ല ഉദ്ദേശത്തോടെയാണെങ്കിലും മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടും. പ്രശ്നങ്ങൾ ആകുമ്പോളാണ് ചിലതു വേണ്ടിയിരുന്നില്ല എന്ന് മനസ്സിലാക്കുന്നത്.

അടുത്തതായി കാർത്തിക്, ജോലിക്കാര്യത്തിൽ തന്റെ പരിചയസമ്പന്നത കൊണ്ട് പല പ്രശ്നങ്ങളും പരിഹരിക്കും. എങ്കിലും മാനേജർ ആയത് ഇപ്പോൾ അടുത്ത് മാത്രമാണ്. മാനേജർ എന്ന നിലയിൽ ഇനിയും പലതും മനസ്സിലാക്കാനുണ്ട്. അങ്ങനെ ഒരു മാനേജർ ഉള്ളത്, കാര്യങ്ങൾ നടത്താൻ എനിക്ക് സഹായകമാണെങ്കിലും എന്റെ അഭാവത്തിൽ ടീമിനെ നയിക്കാൻ മാത്രം ആയിട്ടില്ല. ആ ലെവലിൽ വൈകാതെ എത്തുമെന്നാണ് എന്റെ പ്രതീക്ഷ.

ഇനി രാജീവിനെ പറ്റി പറയാം,കാർത്തിക്കിനെ പോലെ പരിചയസമ്പന്നനാണ് രാജീവ്. പക്ഷെ, വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ ജോലിയെ ബാധിക്കുന്നുണ്ട്. കരിയർ വേറെ, വ്യകതി ജീവിതം വേറെ എന്ന നിലപാട് അധികം വൈകാതെ രാജീവ് എടുക്കേണ്ടതുണ്ട്. അല്ലെങ്കിൽ കൂടുതൽ ചെറുപ്പമുള്ള മിടുക്കന്മാരും, മിടുക്കികളും ആ ജോലി കൊണ്ടു പോകും. ഐ ടി ഫീൽഡിൽ ഈ വയസ്സിൽ ജോലി പോയാൽ വേറൊന്നു കിട്ടാൻ ബുദ്ധിമുട്ടാണ്.

പുരുഷന്മാരിൽ ഇനി ബാക്കി ഉള്ളത് ബോബിയാണല്ലോ. കാർത്തിക്കിനേയും രാജീവിനേയും പോലെ പരിചയസമ്പന്നനാണ് ബോബിയും. ജോലിക്കാര്യങ്ങളിൽ പക്ഷെ, ഈയ്യിടെയായി നല്ല ഒഴപ്പാണ്. അവിവാഹിതനാണ്, ഒരു ദുരൂഹ കഥാപാത്രവുമാണ്. ഇങ്ങനെ പോയാൽ ചിലപ്പോൾ ജോലി നഷ്ടപ്പെട്ടേക്കും. എനിക്കു തോന്നുന്നത്, അതിനു മുമ്പേ അയാൾ സ്വയം പിരിഞ്ഞു പോകും എന്നാണ്.

ഇനി സ്ത്രീകളിലേക്ക് കടക്കാം. ആദ്യം ശ്രേയ. ജോലിയിൽ ഒട്ടും മോശമില്ല. ആള് ചിലപ്പോൾ ഒരു മിതഭാഷിയാണെങ്കിലും യാത്ര വിവരണങ്ങൾ നടത്തുമ്പോൾ വാചാലയാകും. എവറസ്റ്റ് ബേസ് ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്. നാളെ എവറസ്റ്റ് കയറി എന്ന്‌ കേട്ടാലും എനിക്ക് അത്ഭുതം തോന്നില്ല. ഐ ടി ഫീൽഡ് വിട്ട് ആ മേഖലയിൽ പോകാൻ സാധ്യതയുണ്ട്‌.

ഇനി വിദ്യയെ കുറിച്ച് പറയാം. തികഞ്ഞ കഠിനാധ്വാനി. ജീവിതത്തിൽ പലതും കഷ്ടപ്പെട്ടു നേടിയെടുത്തതാണ്. അതിനാൽ ജോലിയുടെ വില നല്ലതു പോലെ അറിയാം. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഒരിക്കലും വിമുഖത കാണിച്ചിട്ടില്ല. നേതൃത്വ പാടവങ്ങളും പ്രദർശിപ്പിക്കാറുണ്ട്.

ഒടുവിലായി, ശ്വേത. അനൂപിനെ പോലെ നല്ല കഴിവുകളും, വിദ്യയെ പോലെ കഠിനാധ്വാനവും ഒരു പോലെയുള്ള, ടീമിന്റെ സ്വകാര്യ അഹംങ്കാരം! മറ്റുള്ളവരെ സഹായിക്കാൻ ഒരു വിമുഖതയും ഇല്ല. തനിക്കു ബുദ്ധിമുട്ടുകൾ ഉണ്ടായാലും ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി ചെയ്തു തീർക്കും. വല്ലപ്പോഴും തെറ്റുകൾ സംഭവിച്ചാൽ, അത് സമ്മതിക്കാൻ യാതൊരു മടിയും ഇല്ല. മാത്രമല്ല, ഇനി അങ്ങനെ ആവർത്തിക്കാതിരിക്കാൻ പരിശ്രമിക്കുകയും ചെയ്യും.

ശശി: ഒരു സംശയം. എന്തിനാണ് പെൺകുട്ടികൾ മാത്രം ഈ കാര്യം പറഞ്ഞു നിരഞ്ജനെ കാണാൻ വന്നത്?

നിരഞ്ജൻ: കാര്യം പറഞ്ഞാൽ എനിക്കും അതൊരു ചോദ്യമായി തോന്നുന്നു. ഞാൻ വരുന്നില്ല എന്ന് പല തവണ പറഞ്ഞു നോക്കി. കാര്യം പറഞ്ഞാൽ, ഞാൻ കൂടെ പോയാൽ അവരുടെ സ്വാതന്ത്ര്യം കുറയുകയല്ലെ ചെയ്യുക? പക്ഷെ, അവർ അപേക്ഷിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഞാൻ സമ്മതിച്ചു.

ശശി: എന്റെ ഈ ചോദ്യത്തിനു മാത്രം നിരഞ്ജന് വ്യക്തമായി ഉത്തരമില്ല. ഒരു പക്ഷെ, ടൂർ കഴിഞ്ഞാൽ ഉത്തരം കിട്ടുമായിരിക്കും. ഓക്കെ. ഹാപ്പി ട്രിപ്പ്, നിരഞ്ജൻ!

നിരഞ്ജൻ: താങ്ക്സ്, ശശി. അപ്പോൾ ടൂർ കഴിഞ്ഞു കാണാം. ഇനിയുള്ള ദിവസങ്ങളിൽ വർക്ക് ഫ്രം ഹോം ആണ്. വെള്ളിയാഴ്ച രാവിലെ, അഞ്ചരയ്ക്ക് നൈസ് റോഡിൽ കാണാം എന്നാണ് എല്ലാവരും തീരുമാനിച്ചിരിക്കുന്നത്. രാജീവിന്റെ കാറിൽ കുറച്ചു പേർ. മറ്റുള്ളവർ ടാക്സി പിടിച്ചു അവിടെ വരും. എന്നിട്ടു, എന്റെ കാറിൽ കയറും. അപ്പോൾ, അടുത്ത തിങ്കളാഴ്ച്ച കാണാം.

( തുടരും …)

ബാംഗ്ലൂരിൽ ഐ ടി രംഗത്ത് ജോലി ചെയുന്നു. 2009-ൽ പ്രസിദ്ധീകരിച്ച "കൾച്ചർ ചെയ്ഞ്ച്" എന്ന ചെറുകഥാ സമാഹരണമാണ് ആദ്യത്തെ പുസ്തകം. പിന്നീട്,കുട്ടികളുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ കഥകൾ എഴുതുകയുണ്ടായി. 2020-ൽ പ്രസിദ്ധീകരിച്ച "ലോങ്ങ് സ്റ്റോറി ഷോർട്ട് - ടേർണിങ്ങ് ഫേമസ് ബുക്ക്സ് ഇൻടു കാർട്ടൂൺസ്" എന്ന പുസ്‌തകത്തിൽ ചിത്രകാരനായും രംഗത്തു വന്നു. മലയാളകഥകൾ ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.