ദുഃഖത്തിന്റെ വിശപ്പ്

സ്‌മൃതിയിൽ ഞാനൊരൊച്ച കേൾക്കുന്നു.
എന്റെ മിഴിവാതിലാരോ ചുംബിച്ചടക്കുന്നു.
ജനാലയുടെ സാക്ഷകളാരോ 
മെല്ലെമെല്ലെ വിടർത്തി മാറ്റുന്നു.
ഒരു പകലപ്പോൾ അസ്തമിക്കാൻ
മടിച്ചു നിൽക്കുന്നു.
വരുമെന്നുറപ്പില്ലാത്ത കാത്തിരിപ്പിനു
ജനലഴിയുടെ തുരുമ്പിച്ച മണമുണ്ട്.

നട്ടുച്ചയിൽ, 
നിന്നെത്തിരഞ്ഞെന്നോണമൊരു 
പോക്കുവെയിൽ പടിഞ്ഞാറേ
നഗരത്തിലൂടെയിറങ്ങി മരുഭൂമിയിൽ
മുത്തം നൽകി കടന്നു പോകുന്നു.
എന്റെ കണ്ണിലാകെയപ്പോൾ കാക്കപ്പൂക്കൾ പൂത്തുനിൽക്കും പോലെ തോന്നും. 

ഞാനപ്പോഴും സ്വപ്നങ്ങളുടെ
മഹാ സമുച്ചയത്തിലിരുന്നു.

അന്നെല്ലാം സിദ്ധാർത്ഥൻ
തെരുവിലൂടെ നടന്നു പോകുന്നത്
എനിക്ക് കാണാമായിരുന്നു.
ഒറ്റയായ സിദ്ധാർത്ഥൻ
പത്തായി പതിനായിരമായി ലക്ഷമായത്
ദുഃഖിതരുടെ മറ്റൊരു മഹാ നഗരിയായി മാറുന്നതും
ഒരേയൊരു ശാന്തിയുടെ മന്ത്രം കേൾക്കുന്നതും
ഞാൻ അത്ഭുതത്തോടെ കണ്ടു നിൽക്കും.

ഞാൻ എന്റെ ഒഴിഞ്ഞ വയറിലേക്ക് നോക്കി.
രാഹുലൻ കളിക്കുകയാകും.
എന്റെ കണ്ണുകളിൽ നിന്ന്
നിരഞ്ജനാ നദിയുടെ ഓളങ്ങൾ
കാറ്റിന്റെ ഹുങ്കാരത്തിലെന്ന പോലെ
കരയിലേക്ക് അലയടിക്കുന്നുണ്ടായിരുന്നു.

അശാന്തിയുടെ ഓർമകളിൽ  ഞാൻ 
മറവിയുടെ ശവക്കച്ച തിരയുന്നു.

ഞാൻ സിദ്ധാർത്ഥന്റെ പാദങ്ങളിലേക്ക് നോക്കി.
ദൈവത്തോളം പഴക്കമുള്ള ഒന്ന്.

അവന്റെ പൊള്ളിയടർന്ന പാദങ്ങളിൽ
ഞാനുമ്മ വെച്ചപ്പോൾ മാത്രമത്
ഒരു മാംസം പോലെ വെന്തു.
ചലമൊഴുകി.

സ്വപ്നങ്ങളുടെ തമസാനദിക്കരയിൽ ഞാൻ
മഹാ ദുഃഖത്തിന്റെ ആഴങ്ങളുടെ ഇരുളിൽ 
ബുദ്ധന്റെ ഓർമകളിലേക്ക് കുന്തിച്ചിരുന്നു.

വിണ്ടു കീറിയ കാലടികൾ 
മഹാ പര്യടനത്തിന്റെ ഭൂപടം.

നഗരത്തിന്റെ അഴുക്കു ചാലുകൾ,
വന്യമായ ഉൾക്കാടുകളിലെ മുൾപാതകൾ,
ദുഃഖം തേടിപ്പോയ കുടിലുകളിലെ
ശരണാർഥികളുടെ മോക്ഷം തേടിയ
വിരൽപ്പാടുകൾ,
മഹാ ബോധി വൃക്ഷത്തിൻ ചുവട്ടിലെ
മണൽ പൊടികൾ, 
മഹാ ശൈല ശൃംഗങ്ങളുടെ പരുക്കൻ പ്രതലം, 
വെയിൽ ചീളുകളേറ്റ മുറിവുകൾ,
മഹാ ശൈത്യത്തിന്റെ മരവിപ്പ്,

പെരുമഴക്കാലം ഒഴുക്കാത്ത പാദ മുദ്രകൾ,
അതിർത്തിയില്ലാത്ത രാജ്യങ്ങളിലേക്ക്
ജ്ഞാന ബുദ്ധന്റെ പാദസമരങ്ങൾ,
ഞാൻ സിദ്ധാർത്ഥന്റെ കൽപാദങ്ങളിലേക്ക്
അകാലത്തിലൊരു വൃദ്ധ വൃക്ഷമായി
നില തെറ്റി വീണു.

ഓരോ ചുംബനങ്ങളിലും
എന്റെ നിറഞ്ഞ കണ്ണുകൾ
സിദ്ധാർത്ഥ ഹൃദയത്തിലേക്ക്
മഹായാനം നടത്തി.

എവിടെ നിന്റെ പാദങ്ങളിൽ
എന്നെയോർത്തു തിരഞ്ഞു നടന്ന
വഴിത്താരകൾ… ?
എവിടെന്റെ ഭവനത്തിലേക്കുള്ള
വഴിയിലെ
മണൽ തരികളും നിഴലുകളും…?

“അമ്മേ വിശക്കുന്നു “
കേട്ടോ നമ്മുടെ രാഹുലൻ നിന്നെപ്പോലെ മഹത്തായൊരു
ലോക തത്വം പറഞ്ഞിരിക്കുന്നു.

“ബുദ്ധാ”…
ദൂരെ നിന്നും
ദൈവവിളിയോടെ ഞാൻ
ആൾക്കൂട്ടത്തിലൂടെ
എങ്ങോ ചാലിട്ടൊഴുകുന്നു.
നിന്റെ അരങ്ങത്തു നിന്നും
കുഞ്ഞു ബുദ്ധന്റെ കൈ പിടിച്ച് ഞാൻ
അകലെയെന്റെ ഹൃദയം വേവുന്ന
അടുക്കളയിലേക്ക് നടന്നു.
ദുഃഖത്തിന്റെ വിശപ്പ് പ്രേമത്തിനു വേണ്ടിയെന്ന്
നിനക്കും  നന്നായി അറിയുമല്ലോ.

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു