‘സീ ദിസ്.’
ജിത്തു തന്റെ ലാപ്ടോപ്പ് എനിക്കുനേരെ തിരിച്ചുവെച്ചു. അതിൽ അനക്കമറ്റൊരു കടൽ. മൗസ്പോയിന്റിൽ ക്ലിക്ക് ചെയ്തപ്പോൾ കടലിനു ജീവൻ വെച്ചുതുടങ്ങി. കാപ്പുച്ചിനോയുടെ ഗ്ലാസ് ചുണ്ടോടടുപ്പിച്ചവൻ എന്റെ മുഖത്തു മാറിമാറി വരുന്ന ഭാവങ്ങളെ ചെറുചിരിയോടെ സാകൂതം നോക്കി.
‘ഇൻഡ്രെസ്റ്റിംഗ്.’
ഞാൻ ആവേശത്തോടെ മേശമേൽ കൈകൾ മുഷ്ടിചുരുട്ടിയിടിച്ചു.
കാപ്പുച്ചിനോ തുളുമ്പിമറിഞ്ഞ് നിലത്തേക്ക് പതിച്ചു. അടുത്തിരുന്നവർ അമ്പരപ്പോടെ നോക്കുന്നത് കണ്ടപ്പോൾ അബദ്ധം പിണഞ്ഞ ഭാവത്തിൽ ലാപിലേക്കുതന്നെ മുഖം പതിപ്പിച്ചു.
ബോംബെയിലെ മറൈൻ കഫെയിലായിരുന്നു ഞങ്ങളപ്പോൾ. കഫെയിൽ നിന്നും കുറച്ചു മാറി ‘ഛത്രപതിശിവാജി ടെർമിനൽ’. ഇരമ്പുന്ന കടൽക്കാറ്റ് സായന്തനത്തെ തണുപ്പിച്ചുകൊണ്ടിരുന്നു.
‘നീയിതെവിടുന്നൊപ്പിച്ചു?’ ഒട്ടൊരു നേരത്തത്തെയിടവേളയ്ക്കു ശേഷം ഞാൻ ശബ്ദം കുറച്ചുചോദിച്ചു.
‘യൂ ട്യൂബ്.’
അവൻ വളരെ നിസാരമായി തലകുലുക്കി.
‘നീയിപ്പോൾ കണ്ടത് അവിടുത്തെകുറിച്ചുള്ള ഏറ്റവും ബേസിക് ആയുള്ള ഒരു വീഡിയോ സ്റ്റേറ്റ്മെന്റ് മാത്രമാണ്. ഇതു കാണാത്തതായി കേരളത്തിൽ നീ മാത്രമേ ഉണ്ടാവുകയുള്ളൂ.’
എനിക്കു നേരിയ ചമ്മൽ തോന്നി. ശരിയായായിരിക്കാം. മാ ടെലിവിഷൻ എന്ന ചാനലിനു വേണ്ടി തുക്കടാ ശമ്പളത്തിന് ക്യാമറാവർക്ക് ചെയ്യുവാൻ തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. ഇപ്പോഴും ആരുടെയെങ്കിലും നിർദേശങ്ങളനുസരിച്ച് ഓരോ സ്ഥലങ്ങളിൽ പോകുന്നു എന്നല്ലാതെ സ്വന്തമായി ക്രിയേറ്റ് ചെയ്തു എന്ന് പറയാൻതക്ക വിധത്തിലൊന്നുമില്ല. ആരുടെയോ കൈയിലെ നിയന്ത്രണത്തിൽ പറക്കുന്ന പട്ടം! അതാണെനിക്ക് എന്നെപ്പറ്റിത്തന്നെയുള്ള വിലയിരുത്തൽ. പക്ഷേ ഇവൻ… ജിത്തു എന്ന സ്വപ്നജിത്ത്. അവനെപ്പോഴും വ്യത്യസ്തതകളുടെയും പരീക്ഷണങ്ങളുടെയും പുറകെ ആയിരുന്നു. മാ ടിവിയിൽ എനിക്കൊപ്പം ഏകദേശം ഒരുമാസം വർക്ക് ചെയ്തു കാണും. അതിനുള്ളിൽ തന്നെ അവൻ അവന്റെ സ്വപ്നങ്ങളുമായി തന്റെ ഏറ്റവും പ്രിയപ്പെട്ട നിക്കൻ ക്യാമറയും തൂക്കി മായുടെ പടിയിറങ്ങി. അന്നെനിക്ക് പുച്ഛമായിരുന്നു. എന്നാൽ ഇന്നിപ്പോൾ ഇന്ത്യയിലെത്തന്നെ ഏറ്റവും വ്യൂവേഴ്‌സുള്ള ന്യൂസിന്ത്യയുടെ അമരത്ത് അവനെ കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്. അത്ഭുതപ്പെടാനൊന്നുമില്ല. നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൊണ്ടെന്തും നേടിയെടുക്കാം എന്നവൻ കാണിച്ചുതരികയായിരുന്നു.
“ഇതു ഞാൻ നിനക്ക് തരുന്നയൊരു ഓപ്പർച്യൂണിറ്റിയാണ്. ലൈഫിനൊരു ചേഞ്ചൊക്കെ വേണ്ടേ ചങ്ങാതീ?”
ലാപ്ടോപ്പ് മടക്കി അവനെന്നെ നോക്കി.
“ന്യൂസിന്ത്യയിൽ ഉടനേ ആരംഭിക്കുവാൻ പോകുന്ന ‘ചിത്രം വിചിത്രം’ നിന്റെ ബാനറിൽ പുറത്തിറങ്ങും. അതൊരു ഹിറ്റായിരിക്കുമെന്നതിൽ ഒരു സംശയവും വേണ്ടാ. എഫിഷ്യന്റായ, ഒപ്പം സാഹസികനുമായ ഒരു ഫോട്ടോഗ്രാഫറെയാണിതിനായി വേണ്ടത്. ഐ തിങ്ക് യൂക്യാൻ ഡൂ ദിസ്! നിനക്കിതൊരു ലൈഫ് ചേഞ്ചിംഗ് ചാൻസ് കൂടിയായിരിക്കും.എത്ര നാളെന്നു വെച്ചാ നീ മായിൽ തുടരുന്നത്?”
ഞാൻ ആലോചനയോടെ തലയാട്ടി.
അവൻ നീട്ടിയ ടിക്കറ്റ് വാങ്ങി ഭദ്രമായി ഉൾപോക്കറ്റിലേക്കു തിരുകി.
പുറത്തു മതിൽക്കെട്ടിനരികിലേക്ക് ഒരു കിഴവൻ തന്റെ ഉന്തുവണ്ടിയുമായി വരുന്നതുകണ്ടു. അതിനു മുൻപിലെ ഇരുമ്പുകൊളുത്തിൽ തൂങ്ങിയാടുന്ന വിളക്കിൽ നിന്നും പൊഴിയുന്ന മഞ്ഞവെളിച്ചത്തിലയാൾ കടൽക്കിഴവനെപ്പോലെ കാണപ്പെട്ടു. ഇരുട്ടുവീണ് കറുത്ത കടൽ ലാപ്ടോപ്പിൽ കണ്ട ചിത്രങ്ങൾ പോലെ മങ്ങി.
ആൻഡമാനിലെ പോർട്ട് ബ്ലെയറിലേക്ക് പറന്നിറങ്ങിയത് ഇന്നലെയാണ്. ജേർണലിസത്തിനു നിരോധനങ്ങൾ നിലനിൽക്കുന്നുണ്ട് എന്നറിയാവുന്നതിനാൽ തന്നെ ഒരു ടൂറിസ്റ്റിന്റെ വേഷവിധാനത്തിലായിരുന്നു യാത്ര. തലയിലെ മങ്കിക്യാപ്പിൽ ഹിഡൺക്യാം ഭദ്രമായി ഒളിപ്പിച്ചിരുന്നു. സൗത്ത് ഐലൻഡിലാണ് ഞാനെത്തിയിരിക്കുന്നത്. ഇതിന്റെ വീതി വെറും 800 ചതുരശ്രഅടിയാണ്. അവിടെയൊരു എയർപോർട്ടും! ഇങ്ങനെയുള്ള അനേകം ദ്വീപസമൂഹങ്ങൾ കൂടിച്ചേർന്നതാണ് ആൻഡമാൻ. പകൽ കൂടിയ സമയവും കോർബിൻസ്‌കോ ബീച്ചിലായിരുന്നു. മുൻപിൽ ശാന്തമായി തിരയിളകുന്ന ബംഗാൾ ഉൾക്കടൽ. കടലിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അന്തരീക്ഷത്തിലേക്ക് ലയിക്കുന്ന പുകപടലങ്ങൾ. അവിടെ ജനവാസമുള്ള ഇടങ്ങളാണ്. എന്നാൽ കുറച്ചു മാറി കപ്പലുകളും മത്‍സ്യബന്ധനനൗകകളും കുറച്ചകലം വിട്ടുമാത്രം സഞ്ചരിക്കുന്ന ചില തുരുത്തുകളുണ്ട്. മനുഷ്യവാസമില്ലാത്ത ഇടങ്ങൾ! അവിടെ പേരറിയാത്ത കാട്ടുവൃഷങ്ങൾ കാറ്റിൽ ഇളകിക്കൊണ്ടിരുന്നു. അവയിലേതോ ഒന്നാണ് എനിക്കെത്തിപ്പെടേണ്ട നോർത്ത് സെൻഡിനൽ ദ്വീപ്!
ജിത്തു പറഞ്ഞതുപോലെ അതത്ര എളുപ്പമായിരിക്കുമെന്നൊന്നും തോന്നുന്നില്ല. ബാഗിൽ നിന്നുമൊരു ടെലിസ്കോപ് പുറത്തെടുത്തു സൂം ചെയ്തു. കടലിലൂടെ ഉഴറിയ കാഴ്ച ഒരു ഭാഗത്തു തറഞ്ഞുനിന്നു. അവിടെ റോന്തുചുറ്റുന്ന കോസ്റ്റ്ഗാർഡുകൾ വള്ളക്കാർക്ക് താക്കീതു നൽകുന്നതും അവർ അധിവേഗം കരയിലേക്ക് വരുന്നതും കണ്ടു. കൗതുകം വർദ്ധിച്ചു. ധൃതിപിടിച്ച് കരയിലേക്കടുക്കുന്ന ബോട്ടുകൾക്ക് മുകളിലൂടെ നോട്ടംനീണ്ടു. അവിടെയൊരു തുരുത്തിൽ അമ്പും വില്ലും ധരിച്ച പ്രാചീന വേഷധാരികളായ രണ്ടുപേർ നിൽക്കുന്നത് കണ്ടു. ഒരേയൊരു നിമിഷം… ക്യാമറയെടുക്കുന്നതിനും മുൻപേയവർ ഉൾകാട്ടിലേക്ക് ഓടിമറഞ്ഞു.
‘യെസ്. എനിക്ക് എത്തിപ്പെടേണ്ടത് അവിടെയാണ്.’ ആവേശം കൊണ്ടൊന്ന് കൂക്കിവിളിക്കണമെന്ന് തോന്നി. അടുത്തനിമിഷം തന്നെ ആവേശം അസ്തമിച്ചു. പക്ഷേ എങ്ങനെ? ഇപ്പോൾ തന്നെ സമയം ഉച്ചകഴിഞ്ഞിരിക്കുന്നു. രാത്രിയുടെ മറവിൽ മാത്രമേ അങ്ങോട്ട് എങ്ങനെയെങ്കിലും പോകുവാൻ സാധിക്കുകയുള്ളൂ. കോസ്റ്റ്ഗാർഡിന്റെ കണ്ണുവെട്ടിച്ചു അവിടെയെത്തുവാൻ ഒരു മാർഗവും തെളിഞ്ഞുകിട്ടുന്നില്ല.
“എന്ന സാർ മീൻ വേണമാ?”
പുറകിൽ നിന്നും കേട്ട ശബ്ദത്തിൽ ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു.
അരയിൽ കച്ചതോർത്ത് മാത്രം കെട്ടിയ ഒരു കറുത്ത മനുഷ്യൻ. അയാളുടെ ചുമലിൽ ഒരു ചീനവല. കൈയിൽ വലിയൊരു മീനെടുത്തു പിടിച്ചിട്ടുണ്ട്.
“വില കുറവാണു സാർ .”
“വേണ്ട, വേണ്ട.”
അയാൾ നടന്നകന്നു. ഒരു നിമിഷത്തെ ആലോചനയ്ക്കു ശേഷം ഞാനയാൾക്കു പുറകേയോടി.
“ഹേയ് നിൽക്കൂ.”
അയാൾ നിന്നു.
“എന്ന സാർ മീൻ വേണമാ?”
“വേണ്ടാ. മലയാളിയാണോ. എന്താ നിങ്ങടെ പേര്.”
“അല്ല സാർ നാൻ വന്ത് ഹാഫ് മലയാളി.പേര് ചോമി”. അയാൾ മഞ്ഞച്ച ചിരിയോടെ പറഞ്ഞു.
“എനിക്കവിടെ പോകണമായിരുന്നു. എന്താ വഴി?” ഞാൻ ദ്വീപിലേക്കു വിരൽചൂണ്ടി.
“അയ്യോ.. അങ്ങോട്ടോ ? എതുക്ക് സാർ. അതു പെരിയ ആപത്ത്.”
“നിങ്ങൾക്കെന്നെ കൊണ്ടുപോകാമോ?”
അയാളെന്റെ കണ്ണിലേക്ക് തുറിച്ചു നോക്കി ഒരുനിമിഷം നിന്നു. പിന്നെയൊന്നും മിണ്ടാതെ തിരിച്ചു നടന്നു.
“ഹേയ് നിൽക്കൂ”. ഞാൻ വീണ്ടും പിന്നാലെ കുതിച്ചു.
“എനിക്കങ്ങോട്ടു പോയേ പറ്റൂ”. പോക്കറ്റിൽ നിന്നും എണ്ണി നോക്കാതെ നീട്ടിയ പണം അയാളൊന്നും മിണ്ടാതെ കൈനീട്ടി വാങ്ങി.
“സൂര്യനിരുട്ടി കഴിഞ്ഞ് സാറിവിടെ വന്നാ മതി. അപ്പോൾ ഗാർഡുകൾ അപ്പുറത്തെ വശത്തായിരിക്കും. നമുക്കെന്റെ വള്ളത്തിൽ പോകാം.. എങ്കിലും ഉയിരിന് പെരിയ ആപത്ത്”. ചോമി അർദ്ധോഗ്തിയിൽ നിർത്തി. ആലോചനയോടെ തലകുലുക്കി. ഞാൻ താമസിക്കുന്ന കോസ്മോ ഹോട്ടൽ ദൂരെമാറി കാണാമായിരുന്നു.
വല്ലാത്തയിരുട്ട്. കൈയിൽ നീറ്റലനുഭവപ്പെട്ടപ്പോൾ നിലത്തേക്കിരുന്ന് വെട്ടമടിച്ചു നോക്കി. ഇടംകൈയുടെ മുട്ടിനു മുകളിലായി നീളത്തിലുള്ള ചോരപ്പാടുകൾ. കാട്ടുമുള്ളുരഞ്ഞതായിരിക്കും അല്ലെങ്കിൽ മരക്കൊമ്പുകൾ. വിഷമുണ്ടാകുമോ എന്നു ചിന്തിച്ച് ചോര തൂത്തുകൊണ്ടിരിക്കുമ്പോൾ നിശബ്ദതയെ ഭേദിച്ചൊരു കുഴൽ വിളി മുഴങ്ങി. ചോമി എന്റെ കൈയിൽ തട്ടി ശ്രദ്ധയാകർഷിച്ചു. ചെറുപന്തങ്ങളുടെ ഒരു നീണ്ടനിര ഇരുട്ടിലൂടെ നീന്തിവരുന്നതാണ് കണ്ടത്. പ്രായം ചെന്ന പുരുഷന്മാരും സ്ത്രീകളുമാണ് കൂട്ടത്തിലേറെയും. പച്ചിലകൾ കാട്ടുവള്ളിയിൽ തുന്നി പിടിപ്പിച്ചുണ്ടാക്കിയ വസ്ത്രങ്ങൾ കൊണ്ടവർ അരയും മാറും മറച്ചിരിക്കുന്നു. മൂക്കു തുളച്ചിട്ടിരിക്കുന്ന വലിയ വളയങ്ങൾ. പഴച്ചാറു കൊണ്ട് തേച്ചുമിനുക്കിയ കറുത്ത മേനികൾ വെളിച്ചം വീണപ്പോൾ ചുവന്നു തിളങ്ങി. ചിലർ ഇരു കൈകളിലും മുറുകെ പിടിച്ചിരിക്കുന്ന മരപ്പിടിയിട്ട വാളിനു സമാനമായ ആയുധത്തിന്റെ മൂർച്ചയിലേക്ക് നോക്കിയതും ദേഹം വിയർപ്പിൽ കുളിച്ചു. പേടികാരണം നിന്നിടത്തു നിന്നും നിലത്തേക്ക് കമഴ്ന്നു കിടന്ന് നോട്ടം ഇലത്തലപ്പുകൾക്കിടയിലൂടെയാക്കി. അങ്ങനെ കിടക്കുമ്പോൾ അത്ഭുതം തോന്നി. ഇന്നത്തെ കാലത്തും ഇങ്ങനെ ജീവിക്കുന്നവരുണ്ടോ? പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ശിലായുഗ മനുഷ്യരുടെ അതേ രീതികൾ പിന്തുടരുന്നവർ! എങ്ങനെയായിരിക്കും ഇവർ ഇപ്പോഴും തങ്ങളുടെ പാരമ്പര്യത്തെ അതീവ രഹസ്യമായി തലമുറകൾക്കു കൈമാറി കാത്തുസൂക്ഷിക്കുന്നതു പോലും? ഇനി നടക്കാൻ പോകുന്ന വിചിത്രമായ ആചാരം തന്നെയായിരിക്കും അതിനു സഹായിക്കുന്നത് എന്നയൊരു മണ്ടൻ ഉത്തരം കണ്ടെത്തിയതും ചിന്തകളെ മുറിച്ച് ഉച്ചത്തിലുള്ള ആരവങ്ങൾ കേട്ടു തുടങ്ങി.
അന്തരീക്ഷത്തിലേക്കു കരിയിലകൾ പറക്കുന്നതാണ് ആദ്യം കണ്ടത്. കുഴലൂത്തുകൾക്കും വാദ്യമേളങ്ങൾക്കുമൊപ്പം അവരുടെ കാലുകൾ താളാത്മകമായി വായുവിലുയർന്നു പൊന്തി. വൃത്താ കൃതിയിലുള്ള കുതിച്ചു ചാടലുകൾക്കൊടുവിൽ വൃത്തം അർദ്ധവൃത്തമായി ചുരുങ്ങി! അവർക്കു നടുവിൽ നിന്നും അമ്പിളിക്കല പോലെ പുഞ്ചിരിച്ചു കൊണ്ടൊരു പെണ്ണും പുരുഷനും പുറത്തേക്കു വന്നു. വർദ്ധിച്ച ഉദ്വേഗം കൊണ്ടെന്റെ നെഞ്ച് പൊട്ടി പുറത്തു വരുമെന്നായി. ക്രമേണ ആരവങ്ങളെല്ലാം നിലച്ചു. നിശബ്ദമായ അന്തരീക്ഷത്തിൽ പിറുപിറുക്കലുകൾ കേൾക്കാൻ തുടങ്ങി. മന്ത്രോച്ചാരണങ്ങൾക്കൊടുവിൽ കൂട്ടത്തിലെ മുതിർന്ന സ്ത്രീ കാട്ടുപ്പൂക്കൾ കൊരുത്തയൊരു മാല ഇരുവരുടെയും കഴുത്തിലണിയിച്ചു. ശേഷം പെണ്ണിന്റെ നെഞ്ചിൽ നിന്നും മരവുരു വലിച്ചൂരിയെടുത്തു. അവൾ നാണത്താൽ കൈകൾ പിണച്ചു വെച്ചു. പുരുഷന്റെ അരവസ്ത്രവും പിഴുതെടുത്തവർ ഇരുവരെയും പൂർണ്ണ നഗ്നരാക്കി പാറയിലേക്കാനയിച്ചു. ചുറ്റുമുള്ള പ്രകാശങ്ങൾ അണയുന്നതു കണ്ടു. അവശേഷിച്ച തുണ്ടിനെ കാർമേഘവും കെടുത്തി. പൂർണ്ണ ഇരുട്ടിൽ കുഴൽവിളികൾ ഉയരുന്നതു കേട്ടു. കൂടെവന്നവർ മടങ്ങുകയാണ്.
ഇനിയിവിടെ നിന്നിട്ടു കാര്യമില്ല. കിട്ടേണ്ടതെല്ലാം കിട്ടിക്കഴിഞ്ഞു . ഞാൻ ചോമിയുടെ മുതുകിൽ തട്ടി. മടങ്ങാം എന്ന് കൈയാംഗ്യം കാണിച്ചു. അയാൾ ചെറിയ പെൻടോർച്ച് തെളിച്ച് പരിചിതനെപ്പോലെ മുൻപിൽ നടന്നു. ഏകദേശം ഒരു കിലോമീറ്ററെങ്കിലും നടന്നിട്ടുവേണം കടൽക്കരയിലെത്താൻ. അവിടെ ആരും കാണാത്ത വിധത്തിൽ വള്ളം കമഴ്ത്തി മുളങ്കുറ്റിയോടു ചേർത്തു കെട്ടിയിട്ടുണ്ട്. ഇരുണ്ട വഴിയേ നടക്കുമ്പോൾ ഇനിയുള്ള സംഭവങ്ങളെപ്പറ്റി ചോമിയോടു ചോദിച്ചു.
‘ഇതും ടീവിയിൽ വരുമോ’ എന്ന ചോദ്യത്തിന് ‘ വരും’ എന്ന എന്റെ മറുപടിക്കൊപ്പം അയാൾ കഥ പറഞ്ഞു.
‘നേരം വെളുക്കുമ്പോൾ പാറയുടെ പുറത്ത് രാത്രിയിലെ ആലസ്യത്തിൽ പടർന്ന മുടിയുമായി കിടക്കുന്ന അവളും, അവൾക്കരികിൽ ഇരിക്കുന്ന അവനും! അവർക്കിനി കുറച്ചു നടന്ന് കാടിന്റെയുള്ളിലെ നീരരുവിയിൽ കുളിച്ച് സ്വന്തം കുടിയിലേക്കു മടങ്ങാം. അടുത്ത പൗർണമിയിൽ പൂർണ്ണചന്ദ്രന്റെ വെളിച്ചത്തിലവൾ മറ്റൊരു പുരുഷനെ വിവാഹം കഴിക്കും. അതേ സമയം ഇതേ പാറയിൽ വെച്ച് ആദ്യ പുരുഷനായ അവനെ വധിക്കും. രക്തത്തിനു മുകളിൽ വിരിക്കുന്ന ദർഭ പുല്ലിൽ ഭർത്താവുമായി ഇണ ചേരുന്ന അവൾക്കു ഗോത്രസംരക്ഷകനായ മകൻ ജനിക്കും!’
പോക്കറ്റിൽ നിന്നും ഫോണെടുത്തു നോക്കി. കലണ്ടർ പ്രകാരം പന്ത്രണ്ട്രാം തീയതിയാണ് പൗർണമി. അന്ന് ചോമിയുടെ സഹായത്താൽ ഒരിക്കൽ കൂടിയീ കടൽ കടക്കണം! പന്ത്രണ്ടു വരെ ഇവിടെ തന്നെ സ്റ്റേ ചെയ്യുന്ന കാര്യം ജിത്തുവിനു വാട്സാപ്പ് ചെയ്ത് ഫോൺ പോക്കറ്റിൽ താഴ്ത്തി. അന്നത്തെ ചടങ്ങുകൾ കൂടി ഒപ്പിയെടുത്തിട്ടു വേണം ടെലികാസ്റ്റു ചെയ്യാൻ. ന്യൂസിന്ത്യയുടെ ചരിത്രത്തിൽ ഇതൊരു അമൂല്യ ഏടാകും. ചിത്രം വിചിത്രത്തിന്റെ ആദ്യ എപ്പിസോഡോടുകൂടിത്തന്നെ ഞാനും ശ്രദ്ധിക്കപ്പെടും. വല്ലാത്തെയൊരു ആവേശം തോന്നി.
“സാർ ഓടിക്കോ”.
പെട്ടെന്ന് അലറുന്നപോലെ പറഞ്ഞുകൊണ്ട് ചോമി മുന്നോട്ടുകുതിച്ചു. എന്താണു സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. അയാളെ കാണാനുമില്ല. പുറകിൽ നിന്നും ആരൊക്കെയോ ഓടിവരുന്നതു പോലെ. ഒരു നിമിഷം അമാന്തിച്ചു നിന്നശേഷം ഓടുവാനാരംഭിച്ചു. ഓട്ടത്തിനിടയിൽ പലതവണ കല്ലുകളിൽ തട്ടി നിലത്തേക്കു വീണുപോയി. പിടഞ്ഞെണീറ്റോടുന്നതിനിടയിൽ മൂർച്ചയേറിയ എന്തോ ഒന്ന് ഇടംകൈയുടെ മുട്ടിനു താഴെയായി തറച്ചുകയറി. അസഹ്യമായ വേദനയിൽ ക്യാമറ നിലത്തേക്കു വീണുപോയി. കുനിഞ്ഞെടുക്കുവാൻ ശ്രമിച്ചതും തോളുരഞ്ഞൊരു കൂരമ്പ് മരത്തിൽ തറച്ചുനിന്ന് വിറച്ചു. സർവ്വശക്തിയുമെടുത്ത് വീണ്ടുമോടി. കടൽ മുൻപിൽ കാണാം. ചോമി വള്ളവുമായി പോയിട്ടുണ്ടാകുമോ എന്നൊരു ഭയം മനസ്സിനെ പിടിമുറുക്കിയിരുന്നു. മുളങ്കുറ്റിക്കടുത്ത് വള്ളം കിടക്കുന്നതു കണ്ടപ്പോൾ പാതി ജീവൻ തിരിച്ചു കിട്ടി.
‘ചോമീ.. ചോമീ….’
മുളങ്കുറ്റിയിൽ നിന്നും വള്ളത്തിന്റെ കെട്ടഴിക്കുന്നതിനിടയിൽ ഇരുളിലേക്കു നോക്കി അലറി വിളിച്ചു. മറുപടിയായി ഇരുളിൽ നിന്നും പാഞ്ഞെത്തിയ കൂരമ്പ് വള്ളപ്പടിയിൽ വന്നു തറച്ചു. ധൃതിപിടിച്ച് അക്കരെ ലക്ഷ്യമാക്കി തുഴ നീട്ടിയെറിഞ്ഞു. പരിചയമില്ലാത്തതിനാൽ പലപ്പോഴും വള്ളം കൈയിൽ നിന്നും പോകുന്നുണ്ടായിരുന്നു. ഇടയ്ക്കൊന്നു തിരിഞ്ഞുനോക്കി. പുറകിൽ സെന്റിനൽ ഐലൻഡ് ഇരുണ്ട് കിടന്നു.
കണ്ണു തുറക്കുമ്പോൾ കോർബിൻസ്കോ ബീച്ചിലായിരുന്നു. എപ്പോഴാണ് മയങ്ങിപ്പോയത്? മരങ്ങൾക്കിടയിലൂടെ ഊർന്നിറങ്ങുന്ന വെയിൽവെട്ടത്തിൽ കുറച്ചു മാറിയാ ഐലൻഡ് കാണാം. അയാൾക്കെന്തു സംഭവിച്ചു പോലും? അധികനേരം ആലോചിച്ചു നിൽക്കുവാൻ കഴിയുമായിരുന്നില്ല. നേരം നന്നായി വെളുത്തുതുടങ്ങിയിരിക്കുന്നു. കോസ്റ്റ് ഗാർഡ്സ് വരാൻ സാധ്യതയുണ്ട്. എത്രയും പെട്ടെന്നു മടങ്ങുന്നതാണ് നല്ലത്. മനസ്സെന്നെ ഉപദേശിച്ചു. പോക്കുവെയിലിൽ തളർന്നവശനായി നടന്നുതുടങ്ങി. സ്വപ്നങ്ങളുടഞ്ഞൊരു ക്യാമറ പോലെ കോസ്മോ ഹോട്ടലിന്റെ മുഖം മഞ്ഞിൽ കാണാമായിരുന്നു.