തിരയടങ്ങാത്ത കടൽ

കടൽത്തീരത്തെ കരിങ്കൽ കെട്ടിനു മുകളിൽ അവർ ഇരുന്നു. സായാഹ്നത്തിന്റെ പോക്കുവെയിൽ അവരെത്തഴുകി. കടലിൽ നിന്നും സുഖമുള്ള കാറ്റടിയ്ക്കുന്നു.

അവർക്കു മുന്നിൽ പൊന്തിയും താണും കിടക്കുന്ന പാറക്കെട്ടുകളിൽ തിരയടിയ്ക്കുന്നു. അതിനിടയിൽ തിരകളിൽ കളിയ്ക്കുന്ന ആളുകൾ. കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതൽ. അതിനുമപ്പുറം ഉയരത്തിൽ നിൽക്കുന്ന തിരുവള്ളുവരുടെ പ്രതിമ. അപ്പുറം പാറപ്പുറത്തു മനോഹരമായ വിവേകാനന്ദസ്മാരകം.

അവൾ അവന്റെ മുഖത്തു നോക്കിച്ചോദിച്ചു:,

‘എന്താടാ, നീ എൻജോയ് ചെയ്യുന്നില്ലേ?’

അവൻ അവളുടെ മുഖത്തു നോക്കി. പിന്നെ പുഞ്ചിരിച്ചു.

അവരുടെ മുന്നിൽ പാറക്കട്ടുകൾക്കിടയിൽ വെള്ളത്തിൽ കളിക്കുന്നവർക്കിടയിൽ പതിനെട്ടു പത്തൊമ്പത് വയസ്സുള്ള ഒരു പെൺകുട്ടിയും പതിനഞ്ചോളാം വയസ്സ് പ്രായമുള്ള മറ്റൊരു പെൺകുട്ടിയും ചേർന്ന് പത്തു വയസ്സ് പ്രായമുള്ള ഒരാൺകുട്ടിയെ രണ്ടു കൈകളിലും പിടിച്ച് വെള്ളത്തിലേയ്ക്ക് ബലമായി പിടിച്ച് കൊണ്ടുപോകുന്നു. അവൻ കുതറി കരയിലേക്ക് വരാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അവർ വീണ്ടും ബലം പ്രയോഗിച്ചു അവനെ വെള്ളത്തിലേക്ക് കൊണ്ടുപോയി ആഴ്ത്തുന്നു. എല്ലാവർക്കും ഒരേ ഛായ ഉണ്ടായിരുന്നത് കൊണ്ടു ചേച്ചിമാരും അനിയനും ആണെന്ന് മനസ്സിലാകും.

അവളും അവനും ആ കാഴ്ച കണ്ടുകൊണ്ടിരുന്നു. അവൾ പറഞ്ഞു: ‘ആ ചെക്കനെ ആ രണ്ടു പെണ്ണുങ്ങൾ ശരിയാക്കി വിടും’. അവൻ ചിരിച്ചു. ‘ചേച്ചിമാർ ഉണ്ടെങ്കിൽ ഇതു പോലെ എന്ത് രസമായിരിക്കും?’ അവൻ പറഞ്ഞു. അവൾ അവന്റെ മുഖത്തു നോക്കി.

കൂടപ്പിറപ്പുകൾ ഇല്ലാത്തതിന്റെ ദുഃഖം അവൾ ഊഹിച്ചെടുത്തു.

‘നിന്നെ ചട്ടയും മുണ്ടും ഉടുപ്പിച്ചു ഞാൻ എന്റെ അഗ്രഹാരത്തിൽ കൈപ്പിടിച്ചു കയറ്റിക്കൊണ്ട് പോകും’ അവൻ പറഞ്ഞു.

‘അതിനു നീ നിന്റെ കൽപ്പാത്തിയിലെ ഏതെങ്കിലും അഗ്രഹാരത്തിന്നു ഒരു പട്ടത്തി പെണ്ണിനെ കെട്ടിക്കോ. എന്നെക്കിട്ടില്ല’. അവൾ പറഞ്ഞു. അവൻ ചിരിച്ചു.

‘ഞാനേ, ഈ രണ്ടു മൂക്കിലും മൂക്കുത്തിയിട്ടു, കൈയ്യിലും കാലിലും വിരലുകളിൽ മോതിരമിട്ടു, കാഞ്ചിപുരം സാരി ചുറ്റി, തലയിൽ മുഴുവൻ മുല്ലപ്പൂചൂടി അമ്മ്യാര് കുട്ടിയായിട്ടെ വരൂ ട്ടൊ ഡാ പട്ടര് കുട്ടാ.’ അവൾ പൊട്ടിച്ചിരിച്ചു. അതിന്റെ പ്രതിഫലനം അവന്റെ മുഖത്തുണ്ടായി.

നേരം ഇരുട്ടി. തിരുവള്ളുവരുടെ പ്രതിമയ്ക്കപ്പുറം ചന്ദ്രൻ പ്രത്യക്ഷപ്പെട്ടു. സാഗരവും തീരവും തിരകളും പ്രതിമയും അപ്പുറത്തെ സ്മാരകവും തീരത്തെ കന്യാകുമാരി ദേവിയുടെ കോവിലുമെല്ലാം സൗന്ദര്യത്തിന്റെ പാൽക്കടലിൽ കുളിച്ചു നിന്നു.

‘നിനക്കറിയോ, പണ്ട് ഈ കടലിലൂടെ പോയിക്കൊണ്ടിരുന്ന കപ്പലുകൾക്ക് രാത്രിയിൽ ലൈറ്റ് ഹൗസ് പോലെ ദിശ കാണിച്ചിരുന്നതു ഈ ദേവിയുടെ മൂക്കുത്തിയായിരുന്നത്രെ.’ അവൾ പറഞ്ഞു.

അവൻ അവളെ നോക്കി.

‘നാളെ നമുക്ക് ദേവിയെപ്പോയിതൊഴാം. കന്യാകുമാരിയാണ്. കല്യാണമുഹൂർത്തവും കാത്തിരിക്കുന്ന കന്യക’. അവൾ പറഞ്ഞു.

‘നിന്നെ പോലെ’. അവൻ പറഞ്ഞു.

‘പോടാ…’ അവൾ അവന്റെ മുഖത്തെ താടി രോമങ്ങളിൽ പിച്ചി.

അവർ വെള്ളത്തിലേക്കിറങ്ങി. പരസ്പരം വെള്ളം തെറിപ്പിച്ചു. വലിച്ചു വെള്ളത്തിലേയ്ക്ക് ആഴ്ത്തി. കാതലിന്റെ കടലിൽ കളിച്ചു തിമർത്തു.

കിടക്കയിൽ ചാരി ഇരിക്കുന്ന അവന്റെ മാറിൽ ചാരി അവൾ ഇരുന്നു. വലതു കൈകൊണ്ടു അവന്റെ മുഖത്തെ താടി രോമങ്ങളിൽ അവൾ തലോടി. അവന്റെ മൃദുവായ ചുണ്ടുകളിൽ വിരലുകൾ കൊണ്ടു അവൾ പിച്ചി. പതുക്കെ അവന്റെ വായിക്കുള്ളിൽ അവൾ വിരലുകൾ ഇട്ടു.

‘നിർത്തു പെണ്ണെ…. I am getting irritated…’

അവൻ പറഞ്ഞു. അവൾ പൊട്ടിപ്പൊട്ടിച്ചിരിച്ചു.

അവൾ അവന്റെ മാറത്തു തലോടിക്കൊണ്ടു ചോദിച്ചു: ‘ഡാ പട്ടര് കുട്ടാ…നിന്റെ പൂണൂൽ എവിടെടാ…’.
അവനൊന്നു ചിരിക്കുക മാത്രം ചെയ്തു.

‘എന്റെ കല്യാണത്തിന് നീ വരില്ലെടാ’ അവൾ ചോദിച്ചു. എന്നെ കെട്ടാൻ പോകുന്നവനെ നിനക്കു കാണണ്ടേ’? അവനൊന്നും പറഞ്ഞില്ല. അവളെ ഇമവെട്ടാതെ നോക്കുക മാത്രം ചെയ്തു.

രാവിലെ അവളാണ് അവനെ വിളിച്ചുണർത്തിയത്. ഉദയത്തിന്റെ തൊട്ടുമുന്നെ. ഹോട്ടൽ മുറിയുടെ ഗ്ലാസ് വിൻഡോക്കപ്പുറം അവൾ നോക്കിനിന്നു. കടൽതീരത്തെ ഒരു ചെറിയപള്ളിയിൽ നിന്നും വേദഗീതങ്ങൾ മുഴങ്ങികൊണ്ടിരുന്നു. അവൾ പള്ളി നോക്കി കുരിശുവരച്ചു. അതിനുമപ്പുറം കടൽപ്പാലത്തിലൂടെ സൂര്യോദയംകാണാനായി ആളുകൾ പോകുന്നു. അവൻ അവളെ പിന്നിൽ നിന്നും ആലിംഗനം ചെയ്തു അവളുടെ കവിളിൽ തന്റെ കവിൾ ചേർത്തു വെച്ചു. അവൾ അവന്റെ മുഖം തട്ടിമാറ്റി. പിന്നെ കുതറിമാറി.
‘സ്മെൽ അടിക്കുന്നു. പോയി ബ്രഷ് ചെയ്തു വാടാ.’

‘വേഗം വന്നോ ഇപ്പോൾ സൺ റൈസ് ആകും’

വാഷ് റൂമിലേക്ക്‌ പോയ അവനോടു അവൾ വിളിച്ചു പറഞ്ഞു.

ഗ്ലാസ്‌ വിൻഡോയിലൂടെ അവർ സൂര്യോദയം കണ്ടു. തിരയടിക്കുന്ന കടൽ. വിവേകാനന്ദസ്മാരകവും തിരുവള്ളുവരുടെ പ്രതിമയും ഒക്കെ അവിടുന്നു കാണാം.

കന്യാകുമാരി ദേവിയുടെ മുന്നിൽ നിന്നു അവൾ കണ്ണടച്ച് പ്രാർത്ഥിച്ചു. പ്രസാദമായി കിട്ടിയ കുങ്കുമം കൊണ്ടു കുറച്ചു അവന് കുറിയിട്ടു കൊടുത്തു. കുറച്ചെടുത്തു അവൾ നെറ്റിയിലും കഴുത്തിലും കുറിയിട്ടു.

വിവേകാനന്ദപ്പാറയുടെ അങ്ങേത്തലക്കൽ പോയി അവൻ അവൾക്കു മൂന്നു സമുദ്രങ്ങളും സന്ധിക്കുന്ന സ്ഥലം ചൂണ്ടിക്കാണിച്ചു കൊടുത്തു. അവൾ നോക്കി. മൂന്ന് സമുദ്രങ്ങൾക്കും മൂന്നു നിറങ്ങൾ.

ബാഗുകൾ പായ്ക്ക് ചെയ്തു അവർ പോകാൻ തയ്യാറെടുത്തു. അവൾ അവനെ കരവലയത്തിൽ ഒതുക്കി. അവൻ അവളുടെ പുറത്തു പതുക്കെ തഴുകി. അവന്റെ നെഞ്ചിൽ അവൾ തലവെച്ചു. പിന്നെ മുഖത്തു നോക്കി. അവന്റെ കണ്ണുകളിൽ നോക്കി. അവനും അവളുടെ കണ്ണുകളിൽ നോക്കി നിന്നു. അവർ രണ്ടുപേരും ഒന്നും പറഞ്ഞില്ല.

ഗ്ലാസ്‌ വിൻഡോക്ക് അപ്പുറം കടലിൽ ഒരു വലിയ തിരവന്നു തീരത്തടിഞ്ഞു പിന്മാറുകയായിരുന്നു അപ്പോൾ.

പാലക്കാട്‌ സ്വദേശി. മുംബൈയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. സാമൂഹിക മാധ്യമങ്ങളിൽ എഴുതാറുണ്ട്.