തലമുറിയൻ തെയ്യം

പാതാളത്തിലേക്ക് ഊടുവഴിയിറക്കിയ
മറയില്ലാക്കിണറ്റിൽനിന്ന്,
കയറും പാളയുമായി
വെള്ളം തേടിപ്പിടിച്ച്
കോരിയെടുത്ത് നിറുകയിൽപാര്‍ന്ന്
കുളിയെ കുളിപ്പിച്ച്
നമോ നാരായണായഃ ജപിക്കുമ്പോള്‍
കേശവേട്ടന്റെ മനം തണുക്കുന്നു!

നെറ്റിമുഴുവൻ കളഭംപൂശി
മധ്യേയൊരു കുങ്കുമ ഗോപിവരച്ച്,
ആകാശംപോലെ സ്വച്ഛമായ,
വടിച്ചുമിനുക്കിയ മീട്ടത്ത്
നിറനിറയെ പുഞ്ചിരിച്ച്
അമ്പട്ടൻ കേശവേട്ടൻ
ഏഴരക്കോഴിക്ക് വഴികാട്ടുന്നു!

അടുത്തും അകലെയുമുള്ള
എല്ലാ അമ്പലത്തിലും ചെന്ന്
ദൈവങ്ങളോടിണക്കം പറഞ്ഞ്,
കുടുസ്സായ ഗ്രാമവഴികളിൽ
മണ്ണറിയാതെ നടക്കുന്നു
കേശവേട്ടൻ!

കുഴിക്കണ്ടത്തിലെ വെള്ളത്തിൽ
ആമ്പൽപ്പൂക്കള്‍ ഓറോട് ചിരിക്കുന്നുണ്ട്,
ഇറങ്ങാൻവൈകിയ മിന്നാമിന്നികള്‍
വഴിയാഴം പറയുന്നുണ്ട്,
കന്നുകള്‍ കയറില്ലാതെ മേയുന്ന
പറമ്പത്തുമുക്കിലെ വഴിക്കിണറ്റിൽ
മാനത്തുകണ്ണികളുണരുന്നുണ്ട്,
പുരകളുടെ പിന്നാമ്പുറങ്ങളിൽ
കോഴിക്കൂടുകള്‍ മുഴങ്ങുന്നുണ്ട്,
കിണറോരത്ത് നാടുവാഴി പണിയിച്ച
കൂറ്റൻ കൽത്തൊട്ടിയിൽ
വെള്ളം കോരിനിറച്ച്,
മിണ്ടാപ്രാണികള്‍ക്കൊരിറ്റു വെള്ളമെന്ന്
നടുവുനീര്‍ത്തി ആശ്വസിച്ച്
കേശവേട്ടൻ മടങ്ങുംവരെ
ചെക്കായിയച്ചന്റെ പറമ്പത്തെ കൊള്ളുമ്മൽ
ഉദിക്കാൻപോകാതെ കാത്തിരിക്കും
പകലോനും!

വീട്ടിലെത്തിയ കേശവേട്ടൻ
കത്തിക്കുമൂര്‍ച്ചകൂട്ടി സഞ്ചിയിലിട്ട്
അങ്ങാടിയിലെ പീടികയുടെ
നിരപ്പലകതുറന്ന്
മൂലയിൽചാരിയടുക്കുന്നുണ്ട്,
മുരുകൻെറ ഫോട്ടോവിന്
വെളിച്ചംകാട്ടുന്നുണ്ട്,
ചന്ദനത്തിരി പുകയ്ക്കുന്നുണ്ട്
പണിതുടങ്ങുന്നുണ്ട് കേശവേട്ടൻ!

ഹാജ്യാരുടെ താടിരോമത്തിന്
ഒരമിത്തിരി കൂടുമെന്ന്
വിലയിരുത്തി,
ചിരിതൂകുന്നുണ്ട് കേശവേട്ടൻ.

ഗോയിന്നന്റെ മുടി നേര്‍ത്തതാണെന്നും,
അമ്പൂട്ടിയുടെ ചുരുണ്ടമുടിയിൽ
ചീര്‍പ്പുകുടുങ്ങുമെന്നും
മുടിവിശേഷങ്ങള്‍ പൊലിയുന്നു!

കടയ്ക്കകം നിറയെ
വെളുപ്പും കറുപ്പും ചെമ്പനുമായ
മുടിത്തുണ്ടു നിറയുമ്പോള്‍,
ചൂലെടുത്തടിച്ചുവാരി
കാട്ടംനീക്കുന്നുമുണ്ട്!

ഒരിക്കൽ എലിയെക്കടുക്കാൻ,
അനുജൻവെച്ച എലിപ്പെട്ടിയിൽ
എലിവീണു കരഞ്ഞപ്പോള്‍
പെട്ടിയെടുത്ത്
പിന്നാമ്പുറത്തെ കണ്ടത്തിൽവെച്ച്തുറന്ന്,
എലിയോടു കേശവേട്ടൻ
പറഞ്ഞത്രേ, പതുപതുക്കെ,
അനുജനുണരും മുമ്പേ
കാടുകയറി രക്ഷനേടാൻ!

2

കടയിലെത്താത്തലകള്‍ തേടി
വീട്ടിലെത്തും മുടിവെട്ടും
മുടിച്ചീളു തെറിക്കുമ്പോലെ
കഥകളും തെറിച്ചുവീഴും!

പളനി,രാമേശ്വരം കഥകള്‍
പലതുമുണ്ടാശേഖരത്തിൽ
പരമഭക്തൻ മാസാമാസം
പളനിയിൽപോയ് പ്രണമിക്കും

പരിശുദ്ധൻ, നിഷ്ക്കളങ്കൻ
പരമസാത്വികപ്രഭാവൻ!
എടത്തിലെ വയലിന്റെ
ഞരമ്പാകും വരമ്പിന്മേൽ
ഇളമുറക്കുറുപ്പിന്റെ ചോരത്തിളപ്പിന്
ഈടും മുട്ടുമായി കേശവേട്ടൻ!

വഴി മാറെന്നലറുന്നു,
കുറുപ്പച്ചൻ, കൂടെയുള്ള
കളരിക്കാർ ചിരിച്ചാർത്ത്
കുഴഞ്ഞാടി രസിക്കുന്നൂ !
വഴിമാറും, വഴി മാറും
പറയുന്നു കേശവേട്ടൻ,

ഞാനല്ല മാറിടുന്നൂ,
വഴി മാറുമുടൻ തന്നെ,
വരമ്പിലൂടയാൾ നേരെ
നടക്കുന്നു, കുറുപ്പച്ചൻ
കിങ്കരർക്കൊപ്പം വയൽ
ച്ചളിയിൽ വീണുരുളുന്നു!

ഡംഭിനേറ്റ താഡനത്തിൻ
പക തീർക്കാൻ കളരിക്കാർ
തേടിയെത്തി, യെങ്ങുമില്ല –
യെങ്ങുമെങ്ങും കേശവേട്ടൻ!

പുള്ളിനോട്ടെയമ്പലത്തിൻ
നടയിലുണ്ട് കേശവേട്ടൻ
ചന്തയുള്ള പറമ്പിലും
കേശവേട്ടൻ, കടയിലും
എങ്ങുമെങ്ങും കേശവേട്ടൻ

ഉണ്ടുപോലും
ഇല്ല പോലും!
എടത്തിലെ കുറുപ്പച്ചൻ
വട്ടിളകി ചത്തുപോലും!
ശുഭ്രവസ്ത്രധാരിയായി
കേശവേട്ടനന്നുമെന്നും
തൻ വഴിയേ നടന്നു പോൽ
തെന്നൽ പോലെ, മഴപോലെ !

3

കാലംപോകെ, കേശവേട്ടൻ
ഭൂവാസം നിര്‍ത്തിയത്രേ!
ജീവനോടെ നടന്നപ്പോള്‍
മുടിമുറിച്ചുനടന്നയാള്‍
പിന്നെവന്നൂ തെയ്യമായി
തലമുറിയൻ തെയ്യം!

നാട്ടിലുള്ളോര്‍ പരസ്പരം
കലഹിക്കും നേരമൊക്കെ
മാനക്കേടുളവാക്കാൻ
“തലമുറിയന്റെ മോനേ” ന്നൊരു
കല്ലെടുക്കും
പരുത്ത തെറിയായ്
തമ്മിലെറ്റി കലിതീര്‍ക്കും

തെറികേട്ടോനന്നു പിന്നെ
നാണക്കേടിൻ കുണ്ടിൽ വീഴും!
എന്നാലിന്ന് കേശവേട്ടൻ
ദൈവമായി,തോറ്റമായി
കോലധാരിയുറയുമ്പോള്‍
പൊതുജനത്തെ വിളിക്കുന്നൂ,
തലമുറിയന്റെ മക്കളേ!

ജനതയാ വിളികേള്‍ക്കെ
പുളകത്തിൽ നിന്നിടുന്നു,
തെയ്യമാ നാടുതെണ്ടാൻ
ഇറങ്ങുമ്പോള്‍,കൂടെയോടി-
ക്കിതച്ചുപോം ജനമെല്ലാം
ആര്‍പ്പുകൂട്ടിയലയുന്നൂ
തട്ടകം മുഴുവനും!

തലമുറിയൻ തെയ്യത്തിന്റെ
കഥപാടാൻ കിളിവരും!

കോഴിക്കോട് ജില്ലയിലെ മൊകേരി സ്വദേശി. ഇപ്പോള്‍ ചൊക്ലിയിൽ താമസിക്കുന്നു. നരിപ്പറ്റ, രാമർനമ്പ്യാർസ്മാരക ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ആനുകാലികങ്ങളിലും,നവമാധ്യമങ്ങളിലും എഴുതുന്നു. കന്യാസ്ത്രീകള്‍,ഓർമ്മമരം എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.