
കൃത്യം നാലുമണി, മുഴങ്ങുന്ന അലാറം. 6.45 ൻ്റെ പരശുറാം എക്സ്പ്രസിന് കൊച്ചിയിലേക്ക് പോകേണ്ട തിരക്കിലാണ് അവൾ. തലേദിവസം ഏൽപ്പിച്ച രാമേട്ടൻ കൃത്യം 5.45 ന് തന്നെ വീട്ടുമുറ്റത്ത് എത്തിച്ചേർന്നു. ഉറക്കത്തിൽ ഓട്ടോറിക്ഷയുടെ ഹോൺ കേട്ട് എഴുന്നേറ്റ് കരയുന്ന ഇളയവൻ. അവൻറെ കരച്ചിൽ അടക്കാൻ എടുത്ത് വരാന്തയിലൂടെ നടക്കുന്ന മുത്തശ്ശൻ. ഇന്നത്തെ ഇൻറർവ്യൂവിലെങ്കിലും ഒരു നല്ല ജോലി കിട്ടട്ടെ എന്ന പ്രാർത്ഥനയോടെ അനുഗ്രഹിച്ച് ഓട്ടോയിൽ കയറ്റുന്ന അവളുടെ ശ്രീയുടെ അമ്മ. ജോലി എന്ന സ്വപ്നവുമായി അവരെ തനിച്ചാക്കി പോയ ശ്രീയെ മനസ്സിൽ ഓർത്ത് കണ്ണുകൾ ഈറനണിയിച്ചുകൊണ്ട് യാത്ര പറഞ്ഞു അവൾ.
യാത്രയിൽ എങ്ങും പല കാര്യങ്ങളും ഓർത്ത് ഒന്നും ഉരിയാടാതെ ഇരിക്കുന്ന അവൾ. ഇടയ്ക്ക് എന്തോ ശബ്ദം കേൾക്കുമ്പോൾ ആ … ഉം … എന്നൊക്കെ പറയുക മാത്രമാണ് അവൾ ചെയ്തത്. വഴിയിലുടനീളം വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു രാമേട്ടൻ .
“മോളെ സ്റ്റേഷൻ എത്തി, ഇറങ്ങിക്കോളു”
അവളുടെ ബാഗ് എടുത്ത് സ്റ്റേഷനിലേക്ക് ട്രെയിൻ കയറ്റി കൊടുക്കാൻ രാമേട്ടനും നടന്നു.
“ജനറൽ കമ്പാർട്ട്മെന്റിലോ ലേഡീസ് കമ്പാർട്ട്മെന്റിലോ ആണോ കയറുന്നത് ” . അവൾക്ക് ആകെ ഒരു ഭയം മറുപടിയൊന്നും പറഞ്ഞില്ല.
“മോളെ ജനറൽ കമ്പാർട്ട്മെന്റിൽ കയറിക്കോളൂ അതാവുമ്പോൾ ആരെങ്കിലും സഹായിക്കാൻ ഉണ്ടാവും. ലേഡീസ് കമ്പാർട്ട്മെന്റിൽ നടന്ന പലകാര്യങ്ങളും ഇപ്പോഴും എല്ലാവരെയും ഭയപ്പെടുത്തുന്നു” രാമേട്ടൻ പറഞ്ഞു
“ശരി രാമേട്ടാ ഞാൻ ജനറലിൽ കയറിക്കോളാം.” പഠിക്കുന്ന കാലത്ത് അനുഭവപ്പെട്ട ദുരനുഭവത്തെക്കുറിച്ച് ആലോചിച്ചുപോയി. ഒറ്റപ്പെട്ടു നിൽക്കുന്ന ഇതേ അനുഭവമായിരുന്നു അന്നേ ദിവസത്തെയും. കാലം മാറിയാലും ഓരോ അനുഭവങ്ങളും കൂടെ തന്നെ വന്നുകൊണ്ടിരിക്കുന്നു. അന്ന് ഗോവിന്ദ ചാമിയുടെ വേഷത്തിൽ ഇന്ന് ലഹരിക്കടിമയായി മാറിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത വയസ്സുകളിലുള്ള ഗോവിന്ദച്ചാമികൾ.
ജനറൽ കമ്പാർട്ട്മെൻറ് നല്ല തിരക്കായിരുന്നു. ബാഗുമായി അവൾ മുന്നോട്ടു നീങ്ങി ജനൽ പാളിയിലൂടെ അവളെ നോക്കി ചിരിക്കുന്ന ആശ്വാസം തുളുമ്പുന്ന കണ്ണുകൾ. രാമേട്ടനോട് യാത്ര പറഞ്ഞ് ട്രയിൻ നീങ്ങി. കുറച്ചു ദൂരം ചെന്നപ്പോൾ ഒരു വ്യക്തി തന്നെ തന്നെ നോക്കി നിൽക്കുന്നതായി അവൾക്ക് തോന്നി. നല്ല പരിചയം ഓർത്തെടുക്കാൻ വയ്യ. പക്ഷേ എവിടെയോ കണ്ടു മറന്ന മുഖം എത്ര ഓർത്തിട്ടും അവൾക്ക് കിട്ടുന്നില്ല. അപ്പോഴേക്കും “മോളെ ഇവിടെ ഇരുന്നോളൂ “എന്ന് പറഞ്ഞതു കേട്ടു . അവൾ ആ തിരക്കിലൂടെ അവിടെ ചെന്നിരുന്നു. വീട്ടിലെ കാര്യങ്ങൾ ഓർത്ത് സീറ്റിൽ ചാരി കിടന്നു. മക്കൾ എഴുന്നേറ്റ് കാണുമോ ? അവർ വല്ലതും കഴിച്ചു കാണുമോ ? അങ്ങനെ ഒരുപാട് ചിന്തകൾ . അറിയാതെ ഉറങ്ങിപ്പോയി. ചിന്തയിൽ വരുന്ന മുഖം കുറച്ചു മുൻപ് തന്നെ നോക്കി നിന്ന ആ കണ്ണുകൾ ആയിരുന്നു..
ഒരു പാലക്കാടൻ യാത്ര. രാത്രി യാത്ര ആയതിനാൽ ലേഡീസ് കമ്പാർട്ട്മെൻറിൽ ആയിരുന്നു. കൂടെ പഠിക്കുന്ന കുട്ടികളൊക്കെ ഓരോ സ്റ്റേഷനുകളിൽ ഇറങ്ങി. പിന്നെ അവൾ മാത്രം. ആ കമ്പാർട്ട്മെൻറിൽ ഒന്ന് ഉച്ചത്തിൽ കരഞ്ഞാൽ പോലും കേൾക്കാൻ ആരുമില്ല. എല്ലാ ദൈവങ്ങളെയും പ്രാർത്ഥിച്ച് അവൾ ഒരു മൂലയിൽ ഒതുങ്ങി ഇരിക്കുന്നു. ഓരോ ശബ്ദം കേൾക്കുമ്പോഴും ഞെട്ടലോടെ തിരിഞ്ഞു നോക്കുന്നു. ഉറങ്ങുമ്പോൾ ഇപ്പോഴും ആ ഞെട്ടലുകൾ അവളുടെ കൂടെ തന്നെയുണ്ട്.
ഇടയ്ക്ക് എവിടെയോ ട്രെയിൻ ഒന്ന് നിർത്തി ഒരു ഒച്ചയും അനക്കവുമില്ല. ഇരുട്ട് മൂടി കിടക്കുന്ന പ്രദേശം, എല്ലാ യാത്രക്കാരും നല്ല ഉറക്കത്തിൽ ആവുന്ന സമയവും. എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ പതുക്കെ അവൾ എഴുന്നേറ്റ് വാതിലിലൂടെ പുറത്തേക്ക് നോക്കി മങ്ങിയ പ്രകാശത്തിൽ ഒരാൾ നടന്നു വരുന്നതായി തോന്നി. ഓരോ വാതിലിനടുത്തും വന്നെത്തി നോക്കുന്നതായി അവൾ കണ്ടു. അടുത്തത് ഈ വാതിലിയാണല്ലോ ഞാൻ എന്തു ചെയ്യും ? എന്ന് ആലോചിച്ച് നിൽക്കുമ്പോൾ പെട്ടെന്ന് ട്രെയിൻ ഹോൺ മുഴക്കി, ചലിക്കാൻ തുടങ്ങി. തന്റെ ഇരിപ്പിടത്തിൽ വന്നിരിക്കാൻ നേരം പുറകിൽ നിന്ന് ഒരു ശബ്ദം,
“എങ്ങോട്ടാ? “
ഞെട്ടിക്കൊണ്ട് അവൾ തിരിഞ്ഞു നോക്കി. പറയണോ വേണ്ടയോ എന്നറിയാതെ ഒന്ന് പകച്ചു പോയി.
എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവൾ പറഞ്ഞു . “പാലക്കാട് “
“ഒറ്റയ്ക്കാണോ ?”
“കൂടെ ആരും ഇല്ലേ ?”
“ഇല്ല , ഉണ്ടായിരുന്നു , കൂടെ പഠിക്കുന്നവരൊക്കെ ഓരോ സ്റ്റേഷനുകളിലായി ഇറങ്ങി. ശേഷം കുറച്ചു പേർ കൂടെയുണ്ടായിരുന്നു ” .
“ഹും”
അവൾ ഇരുന്നതിന്റെ എതിർവശത്തായി ഒരു പുസ്തകവുമായി അദ്ദേഹം വന്നിരുന്ന് വായന തുടങ്ങി – ഉറക്കം വന്ന് കണ്ണുകൾ മൂടിപ്പോകുന്നുണ്ടെങ്കിലും എതിർ വശത്തിരിക്കുന്ന വ്യക്തിയെ നോക്കി ബേഗും മുറുക്കെ പിടിച്ച് കയ്യിൽ തലയും വെച്ച് കിടന്നു. അദ്ദേഹം കാൽ നീട്ടുകയും കുറക്കുകയും ചെയ്യുമ്പോൾ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു . എന്നെ കാത്തോളണേ, ഇനി ഒരിക്കലും ആർക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാക്കരുതേ എന്നൊക്കെയായി അവളുടെ പ്രാർത്ഥന.
ട്രെയിൻ ചീറിപ്പാഞ്ഞു ഓരോ സ്റ്റേഷനിൽ നിർത്തുമ്പോഴും പുറത്തേക്ക് പോയി മാറി കയറിയാലോ എന്ന് ചിന്തിക്കുന്ന അവൾ.
ഒരുപാട് ദൂരം കഴിഞ്ഞപ്പോൾ അവൾ പതുക്കെ ചോദിച്ചു.
“സാർ”
“ഹും ,എന്താ ?”
പിന്നീട് ചോദ്യം ചോദിക്കാൻ കഴിയാത്ത വിധത്തിലുള്ള മറുപടിയാണ് ലഭിച്ചിരുന്നത്. എന്നിട്ടും അവൾ ചോദിച്ചു.
“സാർ എങ്ങോട്ടാ ?”
“ഒന്ന് പാലക്കാട് വരെ”
അടുത്ത ചോദ്യം ചോദിക്കാൻ വാ തുറക്കുമ്പോഴേക്കും അദ്ദേഹം ഒന്ന് തുറിച്ചു നോക്കി. വീണ്ടും ബാഗുമായി കമ്പിയിൽ പിടിച്ചു മിണ്ടാതിരുന്നു.
രാത്രി ഒരു മണി കഴിഞ്ഞു. ഏതാണ്ട് 15 മിനിറ്റ് കൊണ്ട് സ്റ്റേഷനിൽ എത്തും എന്നാണ് അവളുടെ ധാരണ. അദ്ദേഹത്തോട് പലതും ചോദിക്കണമെന്നുണ്ട്. ചോദിച്ചാൽ ദേഷ്യം വരുമോ ?, ചോദിച്ചാലോ ? എന്നൊക്കെ ആലോചിച്ച് അറിയാതെ അവളോട് ഉറങ്ങിപ്പോയി.
പെട്ടെന്ന് ഒരു പുസ്തകം തറയിൽ അടിക്കുന്ന ശബ്ദം അവൾ എഴുന്നേറ്റ് അലറി കരഞ്ഞു.
“പേടിക്കേണ്ട, ഇത് ഞാനാ… പാലക്കാട് എത്തി. എനിക്ക് ഇത് എന്നുമുള്ള ശീലമാണ്. മിക്കസമയങ്ങളിലും എൻറെ ട്രെയിൻ യാത്ര ഇതേ പോലെയാണ്. ഒരിക്കൽ എൻറെ സഹോദരി അവളുടെ അനുഭവം ഞാനുമായി പങ്കുവെച്ചതിന്റെ അടിസ്ഥാനത്തിലാണ് ലേഡീസ് കമ്പാർട്ട്മെന്റിൽ വന്ന് നോക്കുന്നത്. ഭയപ്പെടരുത്….
മോൾക്ക് എങ്ങോട്ടാ പോകേണ്ടത് ? കൂട്ടാൻ ആരേലും വരുമോ ?”
ഞെട്ടൽ മാറാതെ അവൾ തലകുലുക്കി
“അച്ഛൻ വരും”
“ശരി”
രണ്ടുപേരും ബാഗുമായി സ്റ്റേഷനിൽ ഇറങ്ങി. അച്ഛനെ കണ്ട അവൾ ഓടിപ്പോയി കെട്ടിപ്പിടിച്ചു .ഇത്രയും നേരം അനുഭവിച്ച പേടിപ്പെടുത്തുന്ന അനുഭവങ്ങൾ ഒരു നിമിഷം കൊണ്ട് കരഞ്ഞു തീർത്തു, തിരിഞ്ഞു നോക്കുമ്പോളേക്കും അദ്ദേഹത്തെ കാണാനില്ല.
ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റ് കണ്ടത് ആ കണ്ണുകൾ. ഇടയ്ക്ക് എപ്പോഴോ അവളുടെ എതിർ സീറ്റിൽ അയാൾ വന്നിരുന്നു .
കണ്ണിലെ ആ പ്രകാശം എന്നും നിലനിൽക്കട്ടെ ആരും തുണയില്ലാത്തവർക്കായി ഭൂമിയിൽ പിറന്നുവീഴുന്ന എല്ലാ സുമനസ്സുകൾക്കും സമർപ്പിക്കുന്നു.














