എൻ്റെ പേര് എന്നിൽ നിന്ന് മായ്ക്കപ്പെട്ട ദിവസമായിരുന്നു അത്. തിരിച്ചറിയുന്ന അടയാളെങ്ങളെല്ലാം മാഞ്ഞ് എണ്ണവറ്റിക്കരിയുന്ന മണമുള്ള നിലവിളക്കിൻ നാളത്തിൽ ഉമ്മറത്തിണ്ണയിൽ ഒരു കാഴ്ചയായ് ഞാൻ കിടന്നു. ആ ദിവസത്തിന് അല്പം മുമ്പ് വരെ എനിക്ക് ഒരു പേരുണ്ടായിരുന്നു. ആ പേര് വിളിച്ചെന്നോട് സംസാരിച്ചവർ, തൊട്ടു ചേർന്നിരുന്നവർ, ഒപ്പം നടന്നവർ, ഒപ്പം ഇരുന്നവർ എല്ലാം എൻ്റെ പേര് മറന്ന് പോയിരിക്കുന്നു.
രണ്ട് ദിനമായി മഴ തന്നെയായിരുന്നു. തോരാതെ പെയ്യുന്ന മഴയിലൂടെയാണ് എൻ്റെ ആത്മാവ് ഇറങ്ങിപ്പോയത്. മഴയെ ശപിച്ചും പറഞ്ഞും ചെളി തെറിപ്പിച്ചും ഇടവഴി കേറി ഇടക്കിടെ ആളുകൾ വന്നുകൊണ്ടിരുന്നു.
ഇത്തിരിപ്പോന്ന ആ സ്ഥലത്ത് എനിക്ക് ചുറ്റും തിക്കിയും തിരക്കിയും മഴയിലേക്ക് ഇറങ്ങാൻ മടിച്ചും പരിചിതർ ലോക കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു. പിന്നെയും പിന്നെയും മഴക്കാറ് കൊള്ളുന്ന മാനത്ത് നോക്കി, ഇനി ആരു വരാൻ എന്ന് പതംപറഞ്ഞ ചിലർ എനിക്കായ് കുറിച്ച സമയത്തെ ഓർമ്മപ്പെടുത്തി.
ഞാനുറങ്ങിപ്പോയിരുന്നു. തണുപ്പും കുളിരും ചുറ്റുമെരിയുന്ന ചന്ദന ഗന്ധവും എണ്ണവിളക്കിലെ ചെറുചൂടും എന്നെ വല്ലാതെ പുതപ്പിച്ചിരുന്നു. കെട്ടുപോയ എൻ്റെ ഉറക്കത്തിൽ മഴക്കിടയിലൂടെ നീ വന്നത് ഞാനറിഞ്ഞിരുന്നില്ല. കണ്ണുകൾ തുടച്ച് ആളുകൾക്കിടയിൽ പാതി മറഞ്ഞുനിന്ന നിന്നെ വൈകിയാണ് ഞാൻ കണ്ടത് ..
പരിചിതമല്ലാത്തിടത്ത് ഒറ്റപ്പെട്ടുപോയതിൻ്റെ അങ്കലാപ്പിലായിരുന്നു നീ. മഴ നനച്ച് ഈറനായ മുഖത്ത് എനിക്കായ് തേങ്ങി മറഞ്ഞ കണ്ണീർപാടുകളൊന്നും കണ്ടില്ല. എന്നത്തേയും പോലെ നീ സുന്ദരിയായിരുന്നു. ചുവപ്പ് സാരിയിൽ പൊതിഞ്ഞ നിൻ്റെ ഉടലും മുഖവും എന്നരികിലേക്ക് ചേർന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു….
നിൻ്റെ കണ്ണുകൾക്കെന്ത് ഭംഗി! നീ ധരിച്ച വലിയ ഗ്ലാസിനുള്ളിൽ എന്നെ കൊത്തിവലിക്കുന്നതു പോലെ അത് വല്ലാതെ തിളങ്ങുന്നു. കണ്ണുകൾക്കുള്ളിലെ നീരുകൾ ചാർത്തി നീ എന്നെ ഒന്ന് തൊട്ടിരുന്നെങ്കിൽ എന്ന് ഞാൻ മോഹിച്ചു. എന്തേ നീ ഇന്നും പൊട്ടു കുത്താതിരുന്നത്?….
കണ്ട് കണ്ട്, വന്നവർ മെല്ലെ മെല്ലെ അകലുന്നു ..
മാഞ്ഞ് മാഞ്ഞ് പോകുന്ന കാഴ്ചയായ് ഞാൻ മാറിത്തുടങ്ങി. നീ വരേണ്ടിയിരുന്നില്ല… ഇരുട്ടിലേക്ക് അകന്നകന്ന് പോയ എൻ്റെ മിഴികൾക്ക് ഇനി കാഴ്ചയില്ല.
ബലിക്കാക്കകൾ പറന്നെത്തുന്ന പകലിൽ മുങ്ങിത്തണുപ്പിച്ച കൈകളിൽ കറുക പുൽക്കൊടി ചുറ്റി എൻ്റെ പിൻമുറക്കാർ എനിക്കായ് പിണ്ഡങ്ങൾ ഉരുട്ടിത്തുടങ്ങി. ഇനി നീ നിൽക്കണ്ട.
ഒരു ചെറുചുവപ്പ് പോലുമില്ലാതെ പകൽ മറഞ്ഞു തുടങ്ങി. ഞാൻ അതൊരു പേരല്ലാതായി കഴിഞ്ഞു ..