
കെട്ടഴിഞ്ഞു പരന്ന പീതപ്രകാശത്തിന്റെ സ്വാതന്ത്ര്യം നിരത്തിനെ ഒരു നിശാനൃത്തമണ്ഡപമാക്കി. ഒരിക്കലും ഉറങ്ങാത്ത ഒരു നഗരത്തിന്റെ അവശേഷിപ്പുകളിൽ ഏതോ അപരലോകത്തിന്റെ നിർമ്മിതിയ്ക്ക് ചടുലതയേറുന്നു. ഇത് സന്തോഷത്തിന്റെ നഗരമെന്ന് വിളിക്കപ്പെട്ട ഇടം. ഈ നഗരത്തിലെ ഒരു രാത്രി സന്ദർശകനിലേക്ക് പരകായപ്പെടുന്നത് ഇങ്ങനെയാണ്. നഗരത്തെയും അതിലെ സർവ്വചരാചരങ്ങളെയും തന്റെ ഈർപ്പത്താൽ ജ്ഞാനസ്നാനപ്പെടുത്തിയ വേനലിന്റെ ആത്മാവ്, ഒറ്റരാത്രികൊണ്ട് കുളിർന്നു പോയിരിക്കുന്നു. കഴിഞ്ഞു പോയ രാത്രിയും ഇന്ന് പകലും ഉഷ്ണസ്നാനത്താൽ ഉന്മാദിയാക്കപ്പെട്ടിരുന്ന കൊൽക്കൊത്തയുടെ പ്രകൃതിയ്ക്ക്, വർഷങ്ങളായി കുളിച്ചു കയറാത്തതിനാൽ തെളിമ കുറഞ്ഞിരുന്നു. ജനാലയുടെ വിരിമാറ്റിയാൽ കിട്ടുന്ന ഇത്തിരി വിടവിലൂടെ പാത വ്യക്തമായി കാണാൻ പോലും കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് ഉറക്കം മുറിഞ്ഞുണർന്നപ്പോൾ ജനാലയ്ക്കപ്പുറം രാത്രി ഒരു യുവതിയുടെ തേങ്ങൽ കേട്ടതുപോലെ തോന്നിയിരുന്നു. രാത്രി മുഴുവൻ നിർത്തലില്ലാതെ ആ തേങ്ങൽ തുടർന്നു കൊണ്ടിരുന്നു. മഴയുടെ കണ്ണുനീർ വീണതു കൊണ്ടാവണം, ജനാലയ്ക്കിപ്പോൾ തെളിച്ചമുണ്ട്. തന്നിലേക്ക് ഒഴുകിയെത്തുന്ന എല്ലാം ശുദ്ധമാക്കുന്ന ഒരു പുഴ ദൂരെയുണ്ട്. ഹുഗ്ലി എന്ന ചരിത്രത്തിന്റെ ഭാഗമായ ആ പ്രവാഹത്തിലേക്ക് ഉള്ള യാത്രയ്ക്കിടയിൽ കടന്നു പോയ ഇടങ്ങളെയെല്ലാം മഴ ശുദ്ധമാക്കുന്നു. രാത്രി പകുതി പിന്നിട്ടു കഴിഞ്ഞിട്ടും പീതനിറമുള്ള കുപ്പായമിട്ട ടാക്സികൾ തങ്ങളുടെ സ്വതവേയുള്ളതിലും കുറഞ്ഞ വേഗത്തിൽ ഹോട്ടലിനു മുന്നിലുള്ള പാതയിലൂടെ ഒഴുകി നീങ്ങുന്നു. നടന്നു നീങ്ങുന്ന എല്ലാവരുടെ കയ്യിലും കുടകളുണ്ട്. ഈ കുടകളെല്ലാം എവിടെയായിരുന്നു ഒളിച്ചിരുന്നത്? ഏത് നിമിഷവും നിലംപൊത്താവുന്ന പഴമയുടെ അടയാളമാണ് കൊൽക്കൊത്ത – ഇടയ്ക്ക് എവിടെയോ വായിച്ചത് ഓർമ്മിച്ചു. ആ പഴമയുടെ ഒഴുകി നീങ്ങുന്ന, ശ്വാസം വിടാൻ നേരമില്ലാത്ത ഈ ജനത എവിടേക്കാണ് പോയി മറയുന്നത്? തെരുവിൽ കച്ചവടം നടത്തിയിരുന്ന മനുഷ്യർ ഈ മഴയിൽ എവിടേക്ക് പോയിട്ടുണ്ടാകും? കൽക്കത്തയിലെ ക്രിസ്മസ് കാലം, കൽക്കത്തയിലെ പുതുവത്സരത്തലേന്ന് – കൽക്കത്തയിലെ ഉത്സവങ്ങളെ പറ്റി വർണ്ണിച്ചിരുന്ന ഒരു ചങ്ങാതി ഉണ്ടായിരുന്നു. അവൻ ഇപ്പോൾ എവിടെ ഉണ്ടാകും?

മഹാകവി ടാഗോറിന്റെ കവിതകളിലാണ് പ്രകൃതിയുടെ പല ഭാവങ്ങൾ വായിച്ചിട്ടുള്ളത്. ശാന്തമായി പെയ്തു തീരുന്ന മഴ. ഘോരരൂപിയും രൗദ്രഭാവമുള്ളതുമായ മഴ. മലയാളത്തിന്റെ കവി സുഗതകുമാരിയുടെ രാത്രി മഴയെന്ന കവിത പോലെ, മലയാളിയുടെ മഴപ്പാട്ടുകൾ പോലെ. ബംഗാളിന്റെ മഴയ്ക്ക് ടാഗോറിന്റെ കവിതകളെക്കാൾ മറ്റെന്തിനോടാണ് കൂടുതൽ താദാത്മ്യപ്പെടാനുള്ളത്? ആ കവിതകളിൽ പ്രണയമുണ്ട്, വാക്കുകൾക്ക് വിവരിക്കാൻ പറ്റാത്ത, അനുഭവിച്ചു മാത്രം അറിയേണ്ട പരശ്ശതം വികാരങ്ങളുണ്ട്. ഈ മഴ കാണുന്ന ഞാനൊരു ചിത്രകാരനായിരുന്നെങ്കിൽ എന്നോർത്തു പോവുന്നു. എന്തെല്ലാം ചിത്രങ്ങൾക്കുള്ള സാധ്യതയാണ് ഈ രാത്രിമഴയ്ക്ക്. ഒരു മേഘമൽഹാർ രാഗത്തിലുള്ള പാട്ടിന്റെ അകമ്പടി പോലെ. ജനാലയ്ക്കരികിൽ നിന്ന് രാവുമുഴുവൻ ഈ മഴയെ കണ്ടു നിൽക്കാൻ തോന്നി. താഴെ നിരത്തിലുള്ള ഒരു കടയുടെ മേൽക്കൂരയിലേക്ക് മഴ പതിയെ മുത്തുമണികൾ എണ്ണിത്തീർക്കുന്നതിന്റെ ഒച്ച. അത് കേട്ട് നില്ക്കാൻ തോന്നി. കൊൽക്കൊത്തയുടെ മഴ. ഇപ്പോഴും ഹൗറ സ്റ്റേഷനിലെ തിരക്ക് അവസാനിച്ചു കാണില്ല. ഒരു മഴത്തുള്ളി പോലും ഭൂമിയിലേക്ക് പതിക്കാൻ സാധ്യതയില്ലാത്ത തരത്തിൽ പതിയെ ചലിക്കുന്ന ജനസാഗരം. അത് ഈ രാത്രിയിലും അവിടെ തന്നെ കാണും. പുതിയ മുഖങ്ങൾ, പ്രതീക്ഷയുടെയും തിരക്കിന്റെയും തിരച്ചിലിന്റെയും നൈരാശ്യത്തിന്റെയും മുഖങ്ങൾ. അത് അവിടെത്തന്നെ ഉണ്ടാകും.
എന്റെ ഈശ്വരാ, ഊഷരമായിരുന്ന എന്റെ ഹൃദയം ദിവസങ്ങളോളം മഴയെന്ന ഓർമ്മയെ താലോലിച്ചു നിർത്തി. / എത്ര ഘോര നഗ്നതയാണ് ചക്രവാളത്തിന് – ലോലമായ ഒരു മേഘപ്പുതപ്പിന്റെ മൃദുസ്പർശം പോലുമില്ലാതെ, ദൂരെദൂരത്ത് പോലും മഴയുടെ സാന്നിധ്യമില്ലാതെ / അങ്ങയുടെ ക്രോധപ്രളയത്തെ അയക്കൂ, മൃത്യുവിനോളം ഇരുണ്ട അതിനൊപ്പം ആകാശത്തിന്റെ ഒരു കോണുകൾ വരേയ്ക്കും മിന്നലിന്റെ ചാട്ടവാർ തെളിയിക്കൂ , അതാണ് അങ്ങയുടെ ഇച്ഛയെങ്കിൽ / എന്നാലും തിരികെ വിളിക്കൂ ദൈവമേ, ഈ ചൂഴ്ന്നു നിൽക്കുന്ന ഈ നിശ്ശബ്ദവേനലിൻ തീനാളങ്ങളെ,/ എത്ര ക്രൂര, ജാഗ്രരൂകമായവ, നിരാശ ഭരിതമാമീ ഹൃദയത്തെ ജ്വലിപ്പിക്കുന്നു അച്ഛൻ ക്രുദ്ധനായ ദിവസം അമ്മ പൊഴിക്കും കണ്ണീർ പോലെ / ഭൂമിയിലേക്ക് മേഘ ചുംബനങ്ങളെ അനുവദിച്ച,നുഗ്രഹിക്കൂ – ടാഗോർ എഴുതിയത് ഒട്ടും അതിശയോക്തിയല്ല ബംഗാൾ വേനലിനെ പറ്റിയാകുമ്പോൾ.

പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ഒരു രാത്രി ഹൗറ സ്റ്റേഷനിൽ തീവണ്ടി ഇറങ്ങുമ്പോഴും ഇതേ തിരക്ക് തന്നെയായിരുന്നു. അന്നത്തെ കൽക്കത്ത, ഹൗറയിലേക്ക് ട്രെയിനിൽ നിന്നും മറ്റനവധി വാഹനങ്ങളിൽ നിന്നും കാൽനടയായും അവിടെ വന്നു വീണ മനുഷ്യരെ, അവരുടെ എല്ലാ പ്രതീക്ഷകളെയും ഉൾക്കൊണ്ടു. “ഇത് ജീവിക്കാൻ ഏറ്റവും പ്രയാസം കുറഞ്ഞ നഗരം. എത്ര ചെറിയ വരുമാനത്തിനും നിങ്ങൾക്കിവിടെ ജീവിക്കാം”. ഭാര്യയുടെ വേർപാടിന് ശേഷം ഇരുപത് വർഷത്തോളം തന്റെ ചെറിയ വരുമാനത്തിൽ രണ്ടു കുട്ടികളെ വളർത്തി പഠിപ്പിച്ച് രണ്ടു പേരെയും സ്വതന്ത്രരായി പറക്കാൻ വിട്ട ഒരാൾ പറയുന്നു.
ഇപ്പോൾ തോന്നുന്നു, കൊൽക്കൊത്ത തന്റെ ഭാഷ നഷ്ടപ്പെട്ട ദേശമാണെന്ന്. കച്ചവടം ചെയ്യുന്ന രാജസ്ഥാനി ബനിയകളും അവർക്കു വേണ്ടി തൊഴിലെടുക്കുന്ന ബീഹാറിൽ നിന്നുള്ളവരുടെയും ഗലികൾ. ബംഗാളി ഭാഷയ്ക്ക് മീതെ ഹിന്ദിയാണ് കൊൽക്കൊത്തയുടെ എവിടെയും. ഇപ്പോൾ കണ്ണടച്ച് നിന്നാൽ പല ഭാഷകൾ കേൾക്കാൻ കഴിയും എന്റെ നഗരത്തിലും. ഇവിടെയോ ഒരു ഭാഷ മാത്രം. അതും വംഗഭാഷയല്ല. ഇന്നലെ പകൽ ഹൗറ റെയിൽവേ സ്റ്റേഷനിൽ ഒരു ബഹളം നടന്നിരുന്നു. ടിക്കറ്റ് ചോദിച്ച ഒരാളോട് കൗണ്ടറിൽ നിന്നാണ് ഉപദേശം വന്നത്. – നിങ്ങൾ ഇങ്ങനെ ബംഗാളിയിൽ ടിക്കറ്റ് ചോദിക്കാതിരിക്കൂ, നിങ്ങൾ ബംഗാളിയ്ക്ക് പകരം ഹിന്ദി ഉപയോഗിക്കൂ, ഇല്ലെങ്കിൽ നിങ്ങളുടെ നാട് ബംഗ്ലാദേശികൾ കൊണ്ടുപോകും. അതൊരു വലിയ വാഗ്വാദമായി മാറുന്നു. ദേശം ഭാഷയ്ക്ക് ഒപ്പം വരുന്നു. ഭാഷയുടെ പുതിയ രാഷ്ട്രീയം നിർമ്മിക്കപ്പെടുന്നു.
*
മുൻപ് കൽക്കത്തയിലാണ് വന്നത്. ഇപ്പോഴാവട്ടെ അത് കൊൽക്കൊത്തയാണ്. കാലിക്കറ്റും കൊൽക്കത്തയും സഹോദരിമാരാണെന്ന് ചെറുപ്പത്തിൽ കരുതിയിരുന്നു. കാലിക്കട്ടിനും മുൻപേ കൽക്കത്താ – ആഹാ കൽക്കത്ത എന്നാണു കേട്ടത്. വി. സാംബശിവൻ ജയിൽ വിമോചിതനായി ഞങ്ങളുടെ നാട്ടിലും കഥപറയാൻ എത്തിയിരുന്നു. നാലഞ്ച് കിലോമീറ്റർ നടന്നാണ് ഒരു ഗ്രാമം മുഴുവൻ അദ്ദേഹത്തെ കേൾക്കാൻ പോയത്. പക്ഷെ ഈ നഗരത്തിൽ ഞാൻ നേരത്തെ വന്നപ്പോൾ സാംബശിവൻ പറഞ്ഞു കേട്ട കൽക്കത്ത കണ്ടില്ല.

ഇപ്പോഴത്തെ വരവിൽ ഫോർട്ട് വില്യമായിരുന്നു മനസ്സിൽ. ഹൂഗ്ലി നദിയുടെ തീരത്ത് ബ്രിട്ടിഷുകാർ നിർമ്മിച്ച ആദ്യത്തെ ഘാട്ടുകളിൽ ഒന്നായ ജെയിംസ് പ്രിൻസെപ് ഘാട്ടിനടുത്താണ് ഫോർട്ട് വില്യം. പ്രിൻസെപിൽ നിന്നും ഹൂഗ്ലിയിലേക്ക് ഉള്ള കാഴ്ച കൊതിപ്പിക്കും. ബാബു ഘാട്ടു വരെ നടന്നു പോകാം. രാത്രിയിലെ ദീപാലംകൃതമായ നദീതീരം ഒരു പഴയ ബോളിവുഡ് സിനിമയിലെ പാട്ട് ഓർമ്മിപ്പിച്ചേക്കും. എല്ലാ യാത്രകൾക്കും ഒടുവിൽ കൊൽക്കൊത്തയിൽ എത്തിയില്ലെങ്കിൽ നിങ്ങൾ ഇന്ത്യയെ കണ്ടെത്തുന്നത് എങ്ങനെയാണ്?

ഫോർട്ട് വില്യം എന്ന കോട്ട ഇന്നുള്ളതിനേക്കാൾ ചെറുതായിരുന്ന ഒരു കാലത്ത് ബംഗാൾ നവാബ് ഈ കോട്ട ആക്രമിച്ചു. കോട്ടയിൽ ഉണ്ടായിരുന്ന ബ്രിട്ടീഷ് കമ്പനിയുടെ സൈനികർ (ഈസ്റ്റ് ഇന്ത്യാ കമ്പനി ആയിരുന്നില്ല എന്ന് തോന്നുന്നു – കിഴക്കേ ഇന്ത്യയിലെ അവരുടെ അധികാരം തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ) ഹൂഗ്ലി നദിയിലേക്ക് ചാടി. അങ്ങനെ ചാടിയ സൈനികർ പലരും മറുകര എത്തും മുന്നേ നദിയുടെ ആഴങ്ങൾക്കും ചുഴികൾക്കും പ്രിയപ്പെട്ടവരായി. അങ്ങേക്കര വരെ നീന്തിയെത്തിയ ചുരുക്കം ചിലരിൽ ഒരാളുടെ കഥ പറയാനുണ്ട്. അല്ലെങ്കിൽ എനിക്ക് പറയാനുള്ള കഥകളിൽ അയാൾക്ക് ഒരു വലിയ സ്ഥാനമുണ്ട്. കഥ പൂർത്തിയാക്കും മുന്നേ അയാൾ ജീവിച്ച ഇടം, അയാൾ നദിയിലേക്ക് ചാടിയ നദിയുടെ തീരം ഒക്കെ കാണണം എന്നുണ്ടായിരുന്നു. ഹൂഗ്ലിയുടെ കരുത്തിനെ അതിജീവിച്ച് അയാൾ നീന്തിയത് 1700-കളുടെ അന്ത്യ വർഷങ്ങളിലാണ്. പിന്നീട് പല പേരുകൾ സ്വീകരിച്ച അയാൾ ഹിന്ദുസ്ഥാനിന്റ വടക്കൻ ഭാഗത്തെത്തി. ഒരു നാട്ടുരാജ്യത്തിന്റെ ഭരണാധികാരിയായി മാറി. അയാളുടെ പേര്, സമ്രുവെന്ന സോമേഴ്സ് എന്നായിരുന്നു. ഇപ്പോൾ വിജയ ദുർഗമായി മാറിയിരിക്കുന്ന വില്യമിന്റെ പേരിലുള്ള കോട്ടയിലേക്ക് കയറാൻ എനിക്ക് അനുമതി ഇല്ല. അയാളെ മാത്രമല്ല, അയാൾക്കൊപ്പം തലയെടുപ്പുള്ള, അധികം ആരും ഇപ്പോൾ ഓർക്കാൻ ഇടയില്ലാത്ത മറ്റൊരാളുടെ ചരിത്രത്തെ പിന്തുടർന്ന് ഞാൻ ഹരിയാനയിലേക്ക് പോവുന്നു. ജോർജ്ജ് എന്ന ആ രണ്ടാമൻ നിർമ്മിച്ച ഒരു കോട്ട കാണാൻ. ആ കോട്ടയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ബാക്കിയുണ്ടാകുമോ എന്തോ?

ബാബു ഘാട്ടിൽ നിന്നും ഹൗറയിലേക്ക് ജലയാത്രയുടെ ദൂരം ഏകദേശം ഇരുപത് മിനിട്ടാണ്. ബോട്ടിൽ കുറെ രാഷ്ട്രീയ പ്രവർത്തകരെ കണ്ടു. അവർ തങ്ങളുടെ തലയിലാണ് ത്രിവർണ്ണ കൊടി ഉയർത്തിയിരിക്കുന്നത്. കയ്യിലുണ്ട് നേതാക്കളുടെ ചിത്രം. ഏതോ റോഡ് ഉപരോധം കഴിഞ്ഞു മടങ്ങുകയായിരുന്നു എന്ന് തോന്നുന്നു. കൊൽക്കൊത്തയിൽ ഇപ്പോഴും സമരങ്ങൾ പലതും അപ്രതീക്ഷിതമാണ്. നിങ്ങളുടെ യാത്ര പദ്ധതികൾ പലതും താളം തെറ്റിയേക്കാം. തലേന്ന് മ്യൂസിയത്തിന്റെ മുന്നിൽ മണിക്കൂറുകളോളം വാഹനം കാത്തുനിന്നിരുന്നത് ഓർത്തു.
*
നേരത്തെ കമ്പനി ബാഗൻ എന്നറിയപ്പട്ടിരുന്ന ബോട്ടാണിക്കൽ ഗാർഡൻ ഇപ്പോൾ അറിയപ്പെടുന്നത് ഏ. ജെ. സി ബോസ് ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡൻ എന്നാണ്. ഹൂഗ്ലി നദിയുടെ തീരത്തുള്ള, നിരവധി പ്രകൃതി ക്ഷോഭങ്ങളെ (1864 ,2020 ) അതിജീവിച്ച കുറച്ചു മരങ്ങളാണ് ഈ ബൊട്ടാണിക്കൽ ഗാർഡന്റെ പ്രത്യേകത. ഏറ്റവും പ്രധാനപ്പെട്ടത് The Great Banyan tree എന്നറിയപ്പെടുന്ന വലിയ പേരാൽ മരമാണ്. ഇരുനൂറ്റിയമ്പതു വർഷത്തിലധികം പ്രായമുള്ള ഈ മുത്തശ്ശൻ / മുത്തശ്ശി മരത്തിന്റെ തായ്ത്തടി പ്രകൃതിക്ഷോഭങ്ങൾ കൊണ്ടും പ്രായാധിക്യം കൊണ്ടും, 1925-ൽ ഇല്ലാതായെങ്കിലും ശാഖകൾ ഇപ്പോഴും വളർന്നു കൊണ്ടിരിക്കുന്നു. തായ്ത്തടി നിന്നിരുന്ന ഇടത്ത് ഒരു സ്മാരക ശിലയുണ്ട്. 30 മീറ്റര് നീളമുള്ള (98 അടി) നടക്കുന്ന ആൽമരം എന്നുകൂടി പേരുള്ള ഈ മരം ഒരു ക്ലോണല് കോളണിയായി മുന്നൂറു മീറ്ററോളം വ്യാപിച്ചു കിടക്കുന്നു. ഇപ്പോഴും തന്റെ വളർച്ച തുടരുന്നു. 1841 -ൽ ആദ്യ ഡയറക്ടർ ആയി ചുമതലയെടുത്ത സർ വില്യം ഹൂക്കർ എന്ന ബോട്ടണിസ്റ്റ് ആണ് അഞ്ഞൂറ് ഹെക്ടർ ഭൂമി അക്കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലതും പഴയതുമായ ഈ സസ്യമൈതാനത്തിനായി കണ്ടെത്തിയത്.

*
ദക്ഷിണേശ്വർ കാളി ക്ഷേത്രവും ബേലൂർ മഠവും വിക്ടോറിയ മെമ്മോറിയലും ഇന്ത്യൻ മ്യൂസിയവും ഡൽഹൌസി സ്ക്വയറും തന്നതിനേക്കാൾ ഒരുപാട് മേലെയാണ് ജോറാസങ്കോ ഠാക്കൂർബാടി എന്ന ടാഗോറിന്റെ ജന്മഗൃഹം തരുന്ന അനുഭവം. 1784ൽ നിൽമണി ടാഗോർ നിർമ്മിച്ചു. 1830 ൽ ദ്വാരകാനാഥ് ടാഗോർ ഈ ഹവേലിയെ കൂടുതൽ വിശാലമാക്കി.
1861ലെ മെയ് മാസത്തിലെ ഏഴാം തീയതിയാണ് യൂറോപ്യൻ അല്ലാത്ത ആദ്യത്തെ നോബൽ സമ്മാന ജേതാവും ഇന്ത്യയുടെ അഭിമാനവുമായ രബീന്ദ്രനാഥ ടാഗോർ ജനിച്ചത്. മൂന്നു നിലകളിലായി പടർന്നു കിടക്കുന്ന വിശാലമായ ഒരു ചെങ്കൽ കൊട്ടാരമാണ് ഠാക്കൂർ ബാടി. സ്വാഭാവികമായ സൂര്യപ്രകാശത്തിലൂടെയുള്ള വെളിച്ചവും ശുദ്ധമായ വായു സഞ്ചാരവും സാധ്യമാകുന്ന രീതിയിലുള്ള നിർമ്മിതി. അറുനൂറു മുറികളുള്ള ജോറാസങ്കോ ഠാക്കൂർ ബാടി. വിശാലമായി പടർന്നു കിടക്കുന്നത് ഹവേലി മാത്രമല്ല, അതിനു പറയാനുള്ള നൂറ്റാണ്ടുകളുടെ കഥകൾ കൂടിയാണ്. ഇരുവശത്തുമുള്ള കോണിപ്പടികൾ കയറി, ഇടുങ്ങിയ ഇടനാഴികളോട് ബന്ധിപ്പിക്കപ്പെട്ട മുറികളിലൂടെ നഗ്നപാദരായി നടക്കുമ്പോൾ ടാഗോർ കുടുംബമതിന്റെ ചരിത്രം ചൂണ്ടിക്കാട്ടി കൂടെ വരുന്നു. ഒരു വിശാലമായ കുടുംബവൃക്ഷത്തിന്റെ ശാഖകളിലൂടെ സന്ദർശകരുടെ നിമിഷങ്ങൾ കടന്നു പോവുന്നു. നൂറ്റിയന്പതോളം മുറികൾ മാത്രമാണ് സന്ദർശകർക്ക് കാണാൻ അനുവദിച്ചിട്ടുള്ളത്. മ്യൂസിയങ്ങളെ സംബന്ധിച്ച പഠനം നടത്തുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ അവിടെ കാണാനുണ്ട്.

കണ്ണടച്ചു നിന്ന് കാതോർത്താൽ അനവധി ബാല്യങ്ങൾ ഓടിക്കളിക്കുന്നത് കേൾക്കാം. കുടുംബത്തിലെ അംഗങ്ങൾക്കും സന്ദർശകർക്കും കൂടിച്ചേരാൻ ഉദ്ദേശിച്ചു നിർമ്മിച്ച ഇടങ്ങളിൽ ചിലങ്കകളുടെ, സംഗീതത്തിന്റെ പതിഞ്ഞ ശബ്ദം. ഓരോ സന്ദർശകനും ജോറാസങ്കോ ഠാക്കൂർ ബാടിയിൽ നിന്നും മടങ്ങുന്നത് ഏറെ വ്യത്യസ്തമായ അനുഭവങ്ങളും ഓർമ്മകളും കൊണ്ടാവും. മുറികളിലൂടെ കടന്നു പോവുമ്പോൾ ടാഗോറിന്റെ ജീവിതം, അദ്ദേഹത്തിന്റെ ഭൗതിക ജീവിതത്തിലെ അവസാന നിമിഷങ്ങൾ ഒക്കെ സന്ദർശകൻ അനുഭവിച്ചറിയുന്നു. മരണത്തിനു തൊട്ട് മുന്നേയുള്ള നിമിഷം, ഡോക്ടർമാർ അദ്ദേഹത്തെ പരിചരിക്കുന്നതിന്റെ ഒരു നിർമ്മിതി കാണാൻ കഴിയുന്നുണ്ട്. ടാഗോറിന്റെ അവസാന ദിവസങ്ങളെ, ആ ജീവിതത്തിന്റെ അവസാനത്തെ നിമിഷങ്ങളെ പറ്റിയൊക്കെ റാണി ചന്ദ തന്റെ ഗുരുദേവ് എന്ന സ്മരണാഞ്ജലിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നിമിഷം ഓർമ്മവരുന്നത് ആ ജീവിതത്തിലെ മരണത്തിനു തൊട്ടുമുൻപുള്ള നിമിഷങ്ങളാണ്. ശാരീരികമായി ഏറെ ശക്തനും ചിട്ടയായ ജീവിതം നയിക്കുകയും ചെയ്ത ഒരാളായിരുന്നു ഗുരുദേവ്. ഗുസ്തിയും കുതിര സവാരിയും നീന്തലും കൊണ്ട് ശാരീരികക്ഷമത നിലനിർത്തിയ ഒരാൾ. എഴുപത്തിയാറു വയസോടെ അദ്ദേഹത്തിന്റെ ശരീരം ദുർബലമായി. 1937 സെപ്തംബറിലെ ആദ്യ ആഴ്ചയിൽ ബോധം നഷ്ടപ്പെട്ട അദ്ദേഹം രണ്ടു ദിവസത്തോളം അതേ കിടപ്പ് തുടർന്നു. ഇതേ തുടർന്നുള്ള പരിശോധനകളിൽ അദ്ദേഹത്തിന് കിഡ്നിയ്ക്കും പ്രോസ്ട്രേറ്റിനും തകരാറുകൾ കണ്ടെത്തി. പക്ഷെ എല്ലാ ശാരീരികമായ വിഷമതകൾക്കും അപ്പുറം തന്റെ ജീവിതത്തിന് ഒരു അർത്ഥമുണ്ടെന്നായിരുന്നു ഗുരുദേവിന്റെ വിശ്വാസം. എഴുന്നേറ്റ് ഇരിക്കാനുള്ള ആരോഗ്യം ലഭിച്ചപ്പോൾ ആദ്യം അദ്ദേഹം ആവശ്യപ്പെട്ടത് പേനയും പേപ്പറുമാണ്. സ്വയവും ചിലപ്പോഴൊക്കെ മറ്റുള്ളവരുടെ സഹായത്താലും അദ്ദേഹം തന്റെ സാഹിത്യ പ്രവർത്തനങ്ങൾ തുടർന്നു. ഗുരുദേവിന് ഒരു ശസ്ത്രക്രീയ ആവശ്യമായിരുന്നു. അദ്ദേഹം അതിനു സമ്മതിക്കുമായിരുന്നില്ല. അദ്ദേഹത്തോട് ചോദിക്കാതെ തന്നെ ബന്ധുക്കളും ഡോക്ടർമാരും ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ ചെയ്തു. ജോറാസങ്കോയിൽ തന്നെയായിരുന്നു അവർ ശസ്ത്രക്രീയ ചെയ്യാൻ തീരുമാനിച്ചത്. ആഗസ്ത് നാലിന് ശസ്ത്രക്രിയ നടന്നു. പക്ഷെ അതോടെ അദ്ദേഹത്തിന്റെ നില കൂടുതൽ ഗുരുതരമായി. കിഡ്നിയുടെ പ്രവർത്തനം നിലച്ചു. ഓക്സിജന്റെ സഹായത്തോടെ ഗുരുദേവന്റെ ജീവന്റെ ജീവൻ നിലനിറുത്താനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. ആഗസ്ത് ഏഴാം തീയതി അദ്ദേഹം അന്തരിച്ചു. തന്റെ മരണം ഏകാന്തവും ശാന്തവുമാകണം എന്നതും പ്രകൃതിയുടെ ശാന്തതയിൽ തുറന്ന ആകാശത്തിനു കീഴിൽ തന്നെ അടക്കം ചെയ്യണമെന്നുമുള്ള അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായ ഒരു മരണവും മരണാനന്തര ചടങ്ങുകളുമുണ്ടായി. അദ്ദേഹത്തിന് അപരിചിതരായിരുന്ന ഒരു ആൾക്കൂട്ടം അതിന്റെ സ്വാഭാവികമായ ബഹളങ്ങളോടെ അദ്ദേഹത്തിന്റെ ഭൗതിക ദേഹവുമായി നഗരത്തിലൂടെ അന്ത്യ പ്രദക്ഷിണം നടത്തി.
ഓർമ്മയിൽ നിന്നും ഉണർന്നപ്പോൾ പശ്ചാത്തലത്തിൽ ബംഗാളി സംഗീതമുണ്ട്. രബീന്ദ നാഥ് ടാഗോർ എന്ന മഹാമേരു ഭാരതത്തിന്റെ അതിർത്തികൾ കടന്നു സഞ്ചരിച്ച ഇടങ്ങളെ പറ്റിയുള്ള ഓർമ്മ പങ്കുവെയ്ക്കുന്ന ഠാക്കൂർ ബാടിയ്ക്ക് രസകരമായ ചില പ്രേത കഥകൾ കൂടി പറയാനുണ്ട്. പല പുസ്തകങ്ങളിലും ഓർമ്മക്കുറിപ്പുകളിലുമായി ചിതറിക്കിടക്കുന്ന അവയിൽ ചിലത് ഇങ്ങനെയാണ് – ടാഗോറിന്റെ ഒരു കൊച്ചുമകൾ അന്തരിച്ച ദിവസം ആ ഭൗതിക ശരീരം ദുഃഖിതരായ കുടുംബം താഴത്തെ നിലയിൽ കിടത്തി. അവർ ആ ജഡം സംസ്കരിക്കാൻ തയ്യാറായിരുന്നില്ല. രാത്രി കടന്നു പോകവേ മുറിയിൽ കത്തിച്ചു വച്ചിരുന്ന വിളക്കുകൾ ഓരോന്നായി, അവ തൂക്കിയിരുന്ന മുറയ്ക്കനുസരിച്ച് അണഞ്ഞു തുടങ്ങി. ഭയന്ന് പോയ കുടുംബാംഗങ്ങൾ ജഡം വച്ചിരുന്ന മുറിക്ക് പുറത്തേക്ക് ഓടി. അവർ വിളക്കുകൾ വീണ്ടും കൊളുത്തുവാൻ ധൈര്യപ്പെട്ടില്ലത്രെ. അതെ നേരത്ത് തന്നെ എവിടെ നിന്നോ, അതുവരെ ഇല്ലാതിരുന്ന തണുത്ത കാറ്റ് വീശിത്തുടങ്ങി.
ടാഗോറിന്റെ ഒരു അനന്തിരവൻ മരിച്ചതിന് ശേഷവും ഇതേപോലെ ഒരു അനുഭവം ഉണ്ടായതായി പറയപ്പെടുന്നു. നിതീഷ് എന്ന അനന്തിരവൻ മരിച്ച ശേഷവും അയാളെ അയാൾക്ക് ഇഷ്ടമുണ്ടായിരുന്ന ചില വരാന്തകളിൽ കണ്ടതായി കുടുംബങ്ങളിൽ ചിലർ രേഖപ്പെടുത്തി. ടാഗോറിന്റെ പത്നി മൃണാളിനി ദേവിയുമായി ബന്ധപ്പെട്ടും ഇത്തരം കഥകളുണ്ട്. ഇരുപത്തിയെട്ടാമത്തെ വയസിൽ മൃണാളിനി ദേവി അന്തരിച്ച ശേഷം രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ ടാഗോർ കുടുംബാംഗങ്ങൾ ഒരു ഫോട്ടോ എടുക്കാൻ വേണ്ടി ഒരുമിച്ചു കൂടി. ആ ഫോട്ടോ കിട്ടിയപ്പോൾ ടാഗോറിന് പിന്നിലായി ഒരു നിഴൽ കാണാൻ കഴിഞ്ഞു. അത് മൃണാളിനി ദേവിയാണ് എന്നായിരുന്നു കുടുംബങ്ങളുടെ വിശ്വാസം. അവരുടെ ആത്മാവിന്റെ സാന്നിധ്യം ഠാക്കൂർ ബാടിയിൽ പലപ്പോഴും അനുഭവിക്കാൻ കഴിഞ്ഞതായി കുടുംബാംഗങ്ങൾ രേഖപ്പെടുത്തി. ആ ഇടനാഴികളിൽ കൂടി നടക്കുമ്പോൾ ഈ കഥകൾ ഓർത്തു. സത്യമോ കല്പിതകഥകളോ എന്തു തന്നെയായാലും ആ കെട്ടിടത്തിന്റെ വലിപ്പവും ചരിത്രവും ഈ കഥകളെക്കൂടി ഉൾക്കൊള്ളുന്നുണ്ടാവണം.

ഒരു കുടുംബം പിന്തുടർന്ന സംസ്കാരത്തിന്റെയും കലാപാരമ്പര്യത്തിന്റെയും ഓർമ്മകളെ ഉണർത്തുന്ന ഇടങ്ങളാണ് ജോറാസങ്കോ ഠാക്കൂർ ബാടിയിൽ ഉള്ളത്. ഗുരുദേവ് രബീന്ദ്രനാഥ് ടാഗോറിന്റെ പ്രണയവും വിരഹവും ഉൾക്കൊള്ളുന്ന ഓർമ്മകളെ അടക്കം ചെയ്തിരിക്കുകയാണ് ഠാക്കൂർ ബാടിയുടെ ആത്മാവ്. കാദംബരി ദേവി ടാഗോറിന്റെ ജ്യേഷ്ഠപത്നിയായിരുന്നു. ഒരു ശൈശവ വിവാഹമായിരുന്നു അവരുടേതും. ടാഗോർ കുടുംബത്തിൽ മരുമകളായി എത്തുമ്പോൾ അവർക്ക് പത്തു വയസായിരുന്നു പ്രായം. തന്നെക്കാൾ ഏറെ പ്രായമുള്ള ഭർത്താവിനേക്കാൾ തന്റെ തൊട്ടടുത്ത പ്രായമുള്ള രബീന്ദ്രനോട് അടുപ്പം ആയിരുന്നതിനാൽ ജ്യേഷ്ഠപത്നിയിൽ മാതൃത്വം ഉൾപ്പടെ സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങളും സാന്നിധ്യവും ടാഗോറിന്റെ കൗമാരം അനുഭവിച്ചിട്ടുണ്ടാവണം. കാദംബരി ദേവി പെട്ടെന്നൊരു ദിവസം പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാതെ ആത്മഹത്യ ചെയ്തപ്പോഴേക്കും ആ ബന്ധത്തെ പറ്റി നിറം പിടിപ്പിച്ച കഥകൾ സൃഷ്ടിക്കപ്പെട്ടിരുന്നു. അവരെപ്പറ്റി ടാഗോർ ധാരാളം എഴുതിയിട്ടുണ്ട്.
ഠാക്കൂർ ബാടിയിൽ അനാഢംബരത്തോടെയുള്ള ഒരു അടുക്കള കാണാൻ കഴിയും. ഒരുപക്ഷെ മറ്റെല്ലാ സാഹിത്യ സൗഹൃദ പ്രണയ നിമിഷങ്ങൾക്കുമൊപ്പം ടാഗോറിന്റെ പ്രിയ പത്നി മൃണാളിനി ദേവി സമയം ചിലവഴിച്ചിട്ടുള്ള ഒരു ഇടം ഇതായിരിക്കണം. ഭാബതരിണി റോയ് ചൗധരി എന്ന മൃണാളിനി ദേവിയും പത്താമത്തെ വയസിലാണ് രബീന്ദ്ര നാഥ് ടാഗോറിന്റെ പത്നിയായി എത്തിയത്. അപ്പോൾ അദ്ദേഹത്തിന് 22 വയസ് പ്രായമാണ്. കുഞ്ഞു വധുവിനെ പഠനത്തിനായി കുടുംബം ലൊറേറ്റോ സ്കൂളിൽ അയച്ചു. അവർ ഇംഗ്ലീഷ് പഠിച്ചു. അവർ തമ്മിലുള്ള ബന്ധം വളരെ സ്വാഭാവികമായി വളർന്നു വന്ന ഒന്നാണ്. പിന്നീടുള്ള വർഷങ്ങളിൽ ടാഗോറിന് എല്ലാ സഹായവുമായി മൃണാളിനി ദേവി കൂടെയുണ്ടായി. അവർ അദ്ദേഹത്തിന്റെ പത്നിയും പരിഭാഷകയും കാമുകിയുമായി. ആ ദാമ്പത്യത്തിനും ആയുസ്സ് അധികമുണ്ടായില്ല. ഇരുപത്തിയൊമ്പതാമത്തെ വയസിൽ ടാഗോറിന്റെ അഞ്ചു കുട്ടികൾക്ക് ജന്മം നൽകിയ മൃണാളിനി ദേവി അസുഖബാധിതയായി, അദ്ദേഹത്തെ വിട്ടുപോയി. അദ്ദേഹത്തിന്റെ ചില കവിതകളിൽ മൃണാളിനി ദേവിയുമായുള്ള ഊഷ്മളമായ ബന്ധത്തിന്റെ അടയാളങ്ങൾ കാണാൻ കഴിയും.

ജോറാസങ്കോ ഠാക്കൂർ ബാടി ഇപ്പോൾ രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റിയാണ്. മ്യൂസിയത്തിൽ ടാഗോറിന്റെ സ്വകാര്യ വസ്തുക്കളും ടാഗോറിന്റെ കൈപ്പടയിലുള്ള എഴുത്തുകളുമുണ്ട്., ഒട്ടേറെ ചിത്രങ്ങളും പെയിന്റിങ്ങുകളും ഉണ്ട്. ഈ മുറിയായിരുന്നു ടാഗോറിന്റെ എഴുത്തുമുറി. മരം കൊണ്ടുള്ള ഒരു കസേര, ഒരു മേശ, ചുവരിൽ ഒരു നിലക്കണ്ണാടി. കസേരയിൽ ഇരുന്നു വായിക്കുകയോ എഴുതുകയോ ചെയ്യുന്ന ടാഗോറിന് തന്നെത്തന്നെ ആ നിലക്കണ്ണാടിയിൽ കാണാൻ കഴിയും. ഒരു പക്ഷെ ആ എഴുത്തിനെ, ഭാവനയുടെ അപരാതലങ്ങളെ ആ സ്വയം കാണൽ കൂടുതൽ പ്രോജ്വലിപ്പിച്ചിട്ടുണ്ടാവും. ഒരിക്കൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും ലോക സാഹിത്യത്തിന്റെയും വേറിട്ട ചർച്ചകൾക്ക് ദൃക്സാക്ഷിയായിരുന്ന ഒരിടത്തെയാണ് ജോറാസങ്കോയിൽ അനുഭവിച്ചറിയാൻ കഴിയുക. സന്ദർശകരും ചില ചരിത്ര നിമിഷങ്ങളിലൂടെ കടന്നു പോവുന്നു. ഠാക്കൂർ ബാടിയ്ക്ക് മുന്നിൽ ഒരു വലിയ ബോർഡ് ഉണ്ട്. അതിൽ എഴുതിയിരിക്കുന്ന പേരുകൾ പലതും മറച്ചു വയ്ക്കപ്പെട്ടിരിക്കുന്നു. ഒരു പക്ഷെ പുതിയ ചരിത്രരചനയുടെ ഭാഗമായാവണം.
*
ശാന്തിനികേതനിലേക്കുള്ള വഴിയിലാണ് ബർധമാൻ ജില്ലയുള്ളത്, ഈ ജില്ലയിലെ നബാഭട്ടിലാണ് 108 ശിവ മന്ദിർ എന്ന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 1788-ലാണ് ഒരു സ്വപ്നത്തിന്റെ ആവിഷ്കാരമായ ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടതെന്നു കരുതപ്പെടുന്നു. ബർധമാനിലെ രാജാവായിരുന്ന രാജാ തിലക്ചന്ദ് തന്റെ നേതൃത്വത്തിൽ ഒരു ശിവ ക്ഷേത്രം നിർമ്മിക്കുന്നതായി സ്വപ്നം കണ്ടു. നിരവധി തവണ ആവർത്തിക്കപ്പെട്ടു എങ്കിലും ആ സ്വപ്നത്തിന്റെ പൂർത്തീകരണത്തിന് മുൻപ് അദ്ദേഹം മരിച്ചു പോയി. തന്റെ ഭർത്താവിന്റെ ആഗ്രഹം സഫലമാക്കാനായി അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന മഹാറാണി ബിഷൻകുമാരി ദേവി ഈ ക്ഷേത്രം നിർമ്മിച്ചു. 108 രുദ്രാക്ഷമാണികളുള്ള ഒരു മാലയുടെ രൂപത്തിലായിരുന്നു ക്ഷേത്രത്തിന്റെ നിർമ്മിതി. കാലങ്ങൾ കഴിഞ്ഞപ്പോൾ ആരുടെയും പരിചരണം ലഭിക്കാതെ നാശത്തിന്റെ വക്കിൽ എത്തിയിരുന്ന ഈ ക്ഷേത്രത്തെ പുനരുദ്ധരിച്ചത് ബിർള ജന കല്യാൺ എന്ന സംഘടനയാണ്. രുദ്രാക്ഷമണികളുടെ സ്ഥാനത്തുള്ള ചെറിയ ക്ഷേത്രങ്ങൾ ഒരു ദീർഘചതുരാകൃതിയിൽ മധ്യത്തുള്ള ഒരു കുളത്തിനു ചുറ്റുമായാണ് വിഭാവന ചെയ്യപ്പെട്ടിരിക്കുന്നത്. ഈ രീതിയിലുള്ള നിർമ്മാണഘടന ക്ഷേത്രത്തെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ശിവലിംഗമാണ് 108 ചെറുക്ഷേത്രങ്ങളിലുമുള്ള പ്രതിഷ്ഠ . സാധാരണ ക്ഷേത്രങ്ങളിൽ ദർശനത്തിനുള്ള ഫോർമാലിറ്റികൾ ഒന്നും തന്നെ കൂടാതെ ഈ ക്ഷേത്രങ്ങളിലേക്ക് ഉള്ളിലേക്ക് പ്രവേശിക്കാൻ കഴിയും. കുളത്തിന്റെ പടവുകളിൽ മറ്റ് ബഹളങ്ങൾ ഒന്നും കൂടാതെ കുറച്ചു നേരം ഇരുന്നു. പ്രധാന പ്രതിഷ്ഠയുള്ള ക്ഷേത്രത്തിനു മുന്നിൽ മണികൾ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾ ആ മണികൾക്ക് ചുറ്റും കളിക്കുന്നു. കുളത്തിൽ ആമ്പലുകൾ വിരിഞ്ഞു നിൽപ്പുണ്ട്. ഈ യാത്രയിൽ കടന്നു വന്ന പല ഗ്രാമങ്ങളിലും വംഗനാടിന്റെ അടയാളമായ കുളങ്ങൾ കാണാൻ കഴിഞ്ഞു. അവയിൽ ഒക്കെ ആമ്പൽ പൂക്കളുമുണ്ട്. ഇളം കാറ്റ് കുളത്തിലെ ആമ്പൽ പൂക്കളെ തലോടി കടന്നു പോവുന്നതു നോക്കി ഇരിക്കാൻ തോന്നി.

*
ശാന്തി അന്വേഷിച്ചെത്തുന്നവവരെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്യുന്ന ഒരിടമാണ് ശാന്തിനികേതൻ എന്നു പറയാം. ഒരു സർവകലാശാലയുടെ അന്തരീക്ഷത്തിൽ പ്രതീക്ഷിക്കുന്ന ഒച്ചയും ബഹളങ്ങളും ആൾക്കൂട്ടവും ഇല്ലാത്ത ഒരിടമാണ് ശാന്തിനികേതൻ. കലയുടെയും സാഹിത്യത്തിന്റെയും വിവിധ ഉത്സവങ്ങളുടെയും കേന്ദ്രം കൂടിയാണത്. കൊൽക്കൊത്തയിൽ നിന്നും നൂറ്റിയന്പത് കിലോമീറ്റർ ദൂരത്താണ് ബോൽപൂരിൽ സ്ഥിതിചെയ്യുന്ന ശാന്തിനികേതൻ.

അജയ്, കോപൈ എന്നീ രണ്ടു നദികൾക്ക് ഇടയിലാണ് ശാന്തിനികേതൻ. ടാഗോർ കുടുംബവുമായി, ആ കുടുംബവൃക്ഷത്തിലെ മൂന്നു തലമുറകളുമായി ശാന്തിനികേതന് ബന്ധമുണ്ട്. 1862 -ൽ രബീന്ദ്രനാഥ് ടാഗോറിന്റെ പിതാവ് ദേബേന്ദ്ര നാഥ്, ജമീന്ദാർ ആയിരുന്ന ഭൂബൻ മോഹൻ സിന്ഹയുടെ ക്ഷണമനുസരിച്ച് അദ്ദേഹത്തിന്റെ ഭവനത്തിലേക്കുള്ള യാത്രയ്ക്കിടെ ഈ വഴി കടന്നുപോയി. ചെങ്കല്ലിന്റെ നിറമുള്ള ഈ പ്രദേശത്തെ മണ്ണ് അദ്ദേഹത്തിന്റെ കണ്ണിലുടക്കി. ഒപ്പം ചുറ്റുമുള്ള പ്രദേശത്തെ പച്ചപ്പും അദ്ദേഹത്തെ ആകർഷിച്ചു. യാത്രയ്ക്കിടെ ക്ഷീണം തോന്നിയ ദേബേന്ദ്രനാഥ ടാഗോർ ഒരു ഏഴിലംപാല (Chhatim) മരത്തിന്റെ തണലിൽ വിശ്രമിക്കുകയുണ്ടായി. ജമീന്ദാരുടെ വീട്ടിലേക്ക് പോകുന്നവഴിയ്ക്ക് ദേബേന്ദ്ര നാഥ് ടാഗോർ വിശ്രമിച്ച മരങ്ങൾ ഇപ്പോഴില്ല. പകരം രണ്ടു പുതിയ വൃക്ഷങ്ങൾ അവിടെയുണ്ട്. ആ മരങ്ങളുടെ അടുത്തേക്ക് സന്ദർശകർക്ക് പ്രവേശനമില്ല. Chhatimtala എന്നാണ് ഈ സ്ഥലത്തെ വിളിക്കുന്നത്. തന്റെ ജീവിതത്തിൽ ആത്മാവിനു ശാന്തിയും സന്തോഷവും കണ്ടെത്തിയ ഇടമായാണ് ഈ മരങ്ങൾ നിൽക്കുന്ന സ്ഥലത്തെ ദേബേന്ദ്ര നാഥ് ടാഗോർ കണ്ടിരുന്നത്.
ജമീന്ദാരുടെ വീട്ടിലെത്തിയ അദ്ദേഹം ഇവിടെ കുറച്ചു ഭൂമി വാങ്ങാനുള്ള ആഗ്രഹം സിന്ഹയോട് പങ്കുവച്ചു. ഇരുപത് ഏക്കർ ഭൂമി അദ്ദേഹത്തിന് നൽകാൻ ജമീന്ദാർക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു. അന്നത്തെ ഒരു രൂപ വിലയ്ക്ക് വാങ്ങിയ ആ ഭൂമിയിൽ ദേബേന്ദ്ര നാഥ് ടാഗോർ ഒരു ഗൃഹം നിർമ്മിച്ച് അതിനു ശാന്തിനികേതൻ എന്ന് പേരിട്ടു. ആദ്യം ഒറ്റ നിലയിൽ നിർമ്മിക്കപ്പെട്ട ഈ കെട്ടിടം പിന്നീട് രണ്ടു നിലകളായി വികസിപ്പിച്ചു. തന്റെ ധ്യാനസംബന്ധിയായ കാര്യങ്ങൾക്കായാണ് അദ്ദേഹം ഈ കെട്ടിടത്തെ ഉപയോഗിച്ചിരുന്നത്. മഹാകവി രബീന്ദ്രനാഥ് ടാഗോർ തന്റെ ബാല്യകാലത്തിൽ കുറച്ചു വർഷങ്ങൾ ചെലവിട്ടത് ഇവിടെയാണ്. ഈ കെട്ടിടത്തിന്റെ മുന്നിലായി ഒരു തീനാളത്തിന്റെ ആകൃതിയിലുള്ള ശില്പമുണ്ട്, അതിന്റെ നിഴൽ ഒരു കുട്ടി അമ്മയുടെ മടിയിൽ ഇരിക്കുന്ന മട്ടിലാണ്.
അക്കാലത്ത് ബോൽപൂർ അറിയപ്പെട്ടിരുന്നത് ജമീന്ദാരുടെ പേര് ചേർന്ന ഭൂവനന്ദംഗ എന്ന പേരിലായിരുന്നു. ഇവിടെ മറ്റൊരു ഭൂപൻ കൂടി പ്രശസ്തനായിരുന്നു. കൊള്ളത്തലവനായിരുന്ന ഭൂപൻ ടാക്കോട്ട്. അക്കാലത്ത് വനത്താൽ ചുറ്റപ്പെട്ടിരുന്ന ഈ സ്ഥലം കൊള്ളക്കാരുടെ സാന്നിധ്യത്താൽ കുപ്രസിദ്ധമായിരുന്നു. എന്നാൽ ദേബേന്ദ്രനാഥ് ടാഗോറിന്റെ വരവോടെ കൊള്ളക്കാരുടെ നേതാവിന് മനംമാറ്റമുണ്ടായി. അവർ നിയമത്തിനു കീഴടങ്ങി. ഈ ഭൂമിയുടെ വികസനത്തിന്റെ ഭാഗവുമായി. 1863-ൽ ഒരു ബ്രഹ്മചര്യ ആശ്രമം സ്ഥാപിക്കപ്പെട്ടു. ടാഗോറിന് സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതോടെ അത് വിശ്വഭാരതി സർവകലാശാലയായി മാറി.
ശാന്തിനികേതന് ടാഗോറിന്റെ സാഹിത്യ ജീവിതത്തിൽ സവിശേഷമായ പ്രാധാന്യമുണ്ട്. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സാഹിത്യ കൃതികൾ സൃഷ്ടിക്കപ്പെട്ടത് ഇവിടെയാണ്. ടാഗോറിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകൻ രതീന്ദ്രനാഥ് ടാഗോർ ഈ സ്ഥാപനത്തിന്റെ നേതൃത്വം ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയി. അദ്ദേഹം വിശ്വഭാരതി 1951-ൽ ഒരു കേന്ദ്ര സർവ്വകലാശാലയായി ഉയർത്തപ്പെട്ടപ്പോൾ അതിന്റെ ആദ്യ വൈസ് ചാൻസലറായി. അദ്ദേഹത്തിന്റെ പത്നിയായിരുന്ന പ്രതിമ ദേവിയും ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ ഒരു പങ്കുവഹിച്ചു. ടാഗോറിന്റെ മകൾ മീര ദേവിയും ഇവിടെത്തന്നെയായിരുന്നു താമസിച്ചിരുന്നത്. മറ്റ് പല കുടുംബാംഗങ്ങളും വിവിധ ഘട്ടങ്ങളിൽ ഈ സർവകലാശാലയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ട്.

നരവംശശാസ്ത്രവും മറ്റു വിവിധ ശാസ്ത്ര സംബന്ധിയായ പാഠ്യവിഷയങ്ങളുമുള്ള വിശ്വഭാരതിയിലെ കലാ ഭാവനയിൽ ചിത്രരചന, മ്യൂറലുകൾ, സ്കൾപ്ചറുകൾ, ഗ്രാഫിക് ആർട്ട് തുടങ്ങിയവയാണ് പഠന വിഷയങ്ങൾ. വിദ്യാ ഭവനയിലാണ് ഭാഷയും സംസ്കാരവും പഠനവിഷയമാവുന്നത്. വിവിധ ഭാഷകളും സംസ്കാരങ്ങളും തമ്മിലുള്ള വിനിമയമാണ് വിദ്യാ ഭാവനയുടെ ലക്ഷ്യം. സംഗീത് ഭാവന – യിൽ രബീന്ദ്ര സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും വിവിധ സംഗീത ഉപകരണങ്ങളുടെ പഠനവും നൃത്തങ്ങളും പഠന വിഷയങ്ങളാകുന്നു. വിവിധ സാംസ്കാരിക ആഘോഷങ്ങളുടെ ഈറ്റില്ലം കൂടിയാണ് ശാന്തിനികേതനും വിശ്വഭാരതിയും. ബസന്ത ഉത്സവവും (ഹോളി), ശാരദ ഉത്സവവും ബർഷാ മംഗൾ, രബീന്ദ ജയന്തി മഹോത്സവങ്ങളും ഏറെ പ്രാധാന്യമുള്ള ആഘോഷങ്ങളാണ്. മഹാലയ ദിനത്തിൽ സംഘടിപ്പിക്കുന്ന ആനന്ദ ബസാർ വിദ്യാർഥികൾ നിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും വിപണനവും സാധ്യമാക്കുന്നു. നന്ദലാൽ ബോസിന്റെ ഓർമ്മക്കായാണ് നന്ദൻ മേള നടത്തപ്പെടുന്നത്. ബ്രഹ്മോ സമാജത്തിന്റെ സ്ഥാപക ദിനമായാണ് മഹോൽസവ് നടത്തപ്പെടുന്നത്.
ശാന്തിനികേതന്റെ ഗേറ്റിൽ എത്തുന്ന ഒരു സന്ദർശകനെ കാത്തിരിക്കുന്നത് ഓട്ടോകളും സൈക്കിൾ റിക്ഷക്കാരുമാണ്. വിസ്തൃതമായ ഈ ഇടത്തേക്കു കാൽനടയായി യാത്ര ചെയ്യുന്നത് ആരോഗ്യകരമല്ല എന്ന് സന്ദർശകനെ അവർ വിനയത്തോടെ ഓർമ്മിപ്പിക്കുന്നു. ഒപ്പം സർവകലാശാലയ്ക്ക് ഉള്ളിലുള്ള ഇരുപത്തിനാല് പ്രധാനപ്പെട്ട ഇടങ്ങൾ തങ്ങൾ കാട്ടിത്തരാം എന്നവർ ആണയിടുന്നു. രണ്ടു മണിക്കൂറോളം നീളുന്ന ഈ യാത്രയുടെ പ്രതിഫലം കേവലം അഞ്ഞൂറ് രൂപയാണെന്ന് അവരുടെ കയ്യിലുള്ള, ഈ ഇടങ്ങളുടെ ചിത്രങ്ങളുള്ള നോട്ടീസ് വ്യക്തമാക്കുന്നു. സന്ദർശകർക്ക് വിലപേശാം. അല്ലെങ്കിൽ കാലാവസ്ഥ അനുയോജ്യമാണെങ്കിൽ നടന്നു തന്നെ ഉള്ളിലേക്ക് പോകാം. ദ്വിജോബിറാം, പന്തശാല, നാട്യഗൃഹ, സെൻട്രൽ ലൈബ്രറി, തലോഡ്ജ ബാരി, കലാ ഭവൻ, പ്രധാന ആഫീസ്, ഉപാസന മന്ദിരം, സംഗീത ഭവനം, മേലാർ മഠം,പഴയ മേലാർ മഠം, അമർത്യ സെന്നിന്റെ വീട്, തുടങ്ങി പ്രധാനപ്പെട്ട ഇടങ്ങൾ എല്ലാം ഈ ലിസ്റ്റിൽ ഉണ്ട്.
ഉത്തരായൻ കോമ്പ്ലെക്സ് ശാന്തിനികേതനിലെ ഏറ്റവും പ്രാധാന്യമുള്ള ഇടമാണ്. ഇവിടെയാണ് ഓരോന്നും വ്യതിരിക്തവും വ്യത്യസ്തവുമായി നിർമ്മിക്കപ്പെട്ട ഉദയാൻ, കൊണാർക്ക്, ശ്യാമലി, പുനശ്ച, ഉദിച്ചി എന്നീ നിർമ്മിതികൾ ഉള്ളത്. ഇവ വിശ്വകവിയുടെ കാലത്തു തന്നെ നിർമ്മിക്കപ്പെട്ടതും അദ്ദേഹത്തിന്റെ ജീവിതവും സാഹിത്യവുമായി ബന്ധപ്പെട്ടതും ഭാരതീയ കലകൾക്കും സംസ്കാരത്തിനും അദ്ദേഹം നൽകിയ സംഭാവനകളുമായി ഏറെ ചേർന്ന് നിൽക്കുന്നവയാണ്. ഉദയാനിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ടാഗോർ കുടുംബവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും മറ്റ് പല വസ്തുക്കളും സൂക്ഷിച്ചിരിക്കുന്നത് രബീന്ദ്ര ഭവൻ മ്യൂസിയത്തിലാണ്. ബീചിത്ര അദ്ദേഹത്തിന്റെ സ്വകാര്യ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന ഒരു മ്യൂസിയമാണ്.

1892 ലാണ് ഉപാസന മന്ദിരം നിർമ്മിക്കപ്പെട്ടത്. ദിജേന്ദ്ര നാഥ് ടാഗോറാണ് ഈ മന്ദിരത്തിന്റെ നിർമ്മാതാവ്. ബുധനാഴ്ച ദിവസങ്ങളിൽ ഉള്ള ധ്യാനത്തിനാണ് ഈ മന്ദിരം ഇപ്പോൾ ഉപയോഗിക്കുന്നത്. ദഹാലി എന്നത് രണ്ടു നില കെട്ടിടമാണ്. 1904 ൽ നിർമ്മിക്കപ്പെട്ട ഈ കെട്ടിടത്തിലായിരുന്നു തന്റെ പത്നി മൃണാളിനി ദേവിയുടെ മരണത്തിനു ശേഷം ടാഗോർ തന്റെ ഏകാന്ത ജീവിതം നയിച്ചിരുന്നത്. ഇവിടെ താമസിച്ചിരുന്ന കാലത്ത് അദ്ദേഹം സാഹിത്യത്തിൽ ഏറെ സജീവമായിരുന്നു. 1961 -ൽ അദ്ദേഹത്തിന്റെ പത്നിയുടെ സ്മരണയ്ക്കായി മൃണാളിനി ആനന്ദ പാഠശാല എന്നൊരു സ്കൂൾ ആരംഭിച്ചു.
ദ്വിജാവിരാം (Dwijaviram) ശാന്തിനികേതന്റെ ആദ്യ കവാടത്തിന് അടുത്തായിട്ടാണ്. രബീന്ദ്രനാഥ ടാഗോറിന്റെ സഹോദരൻ ദ്വിജേന്ദ്രനാഥ് ടാഗോർ തന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങൾ ചിലവഴിച്ചത് ഈ വീട്ടിലാണ്. സഹോദരന്റെ ഓർമ്മയ്ക്കായി ടാഗോർ തന്നെയാണ് ഈ വീടിനു ദ്വിജാവിരാം എന്ന് നാമകരണം നടത്തിയത്. കാലോബാരി അഥവാ കറുത്ത വീടുകൾ കലാഭവനിലെ വിദ്യാർത്ഥികൾക്കുള്ള താമസ സ്ഥലമാണ്. മനോഹരമായും കലാപരമായും നിർമ്മിക്കപ്പെട്ട ഒരു കെട്ടിടമാണ് ഇത്. പത്താ വബൻ ബ്രഹ്മചാര ആശ്രമമാണ്. ആദ്യം ഈ കെട്ടിടമായിരുന്നു ഗ്രന്ഥശാല ആഫീസ് ആയി ഉപയോഗിച്ചിരുന്നത്. ശാന്തിനികേതനിൽ സന്ദർശകർക്കുള്ള പ്രവേശനം വളരെ പരിമിതമായി മാറിക്കൊണ്ടിരിക്കുകയാണ്. പല കെട്ടിടങ്ങളും അടഞ്ഞു കിടക്കുന്നു. കോവിഡ് ഒരു കനപ്പെട്ട കാരണം കൂടിയായി. കോവിഡിന് ശേഷവും പല സ്ഥലങ്ങളും സാധാരണക്കാർക്ക് പ്രവേശം നിഷിദ്ധമായിത്തന്നെ തുടരുന്നു.
*
ശാന്തിനികേതന് വളരെ അടുത്തായാണ് പ്രകൃതി ഭവൻ സ്ഥിതിചെയ്യുന്നത്. ഒൻപതു മണി മുതൽ അഞ്ചുമണി വരെയാണ് സന്ദർശന സമയം. നിരവധി കലാകാരന്മാരുടെ കല്ലിലും തടിയിലും ലോഹത്തിലും സൃഷ്ടിക്കപ്പെട്ട കലാരൂപങ്ങളുടെ പ്രദർശനമാണ് പ്രകൃതി ഭവനിലുള്ളത്. മുപ്പത് രൂപയാണ് സന്ദർശക ടിക്കറ്റ്. പ്രകൃതി ഭവന് പുറത്തുള്ള മൈതാനത്ത് ശിലകളിൽ നിർമ്മിപ്പെട്ട ശില്പങ്ങളുണ്ട്. ഈ ശില്പങ്ങൾക്ക് താഴെ ടാഗോറിന്റെ ഗീതാജ്ഞലിയിലെ വരികൾ ആലേഖനം ചെയ്തിട്ടുണ്ട്. മ്യൂസിയവും ടാഗോറിന്റെ സങ്കൽപ്പമാണ്. പ്രകൃതിയുമായി താദാത്മ്യം പ്രാപിച്ചുള്ള മ്യൂസിയത്തിന്റെ ഘടനയാണ് അതിനെ വ്യത്യസ്തമാക്കുന്നത്. സന്ദർശിക്കുന്ന എല്ലാവരെയും തൃപ്തിപ്പെടുത്തുക എന്നതല്ല ഈ മ്യൂസിയത്തിന്റെ ലക്ഷ്യവും ഉദ്ദേശവും. ഈ മ്യൂസിയത്തിലെ പല പ്രദർശന വസ്തുക്കളും പ്രകൃതിയിൽ നിന്ന് ഉരുവം കൊണ്ടതാണ്. സ്ഥിരമായ മഴയിലും മാറുന്ന മാറുന്ന ഋതുക്കളാലും രൂപഭ്രംശം സംഭവിച്ച മരവും ശിലകളും കാഴ്ചയിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപസാദൃശ്യമുള്ളവയായി മാറുന്നത് ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ച വസ്തുക്കളിൽ കാണാൻ കഴിയും. ഇവയുടെ നിർമ്മാണത്തിൽ ചുറ്റികയോ ഉളിയോ ഉപയോഗിച്ചിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ എത്ര ശ്രമകരമായിരുന്നു ഈ മ്യൂസിയത്തിന്റെ നിർമ്മാണം എന്ന് ചിന്തിച്ചു പോകും. മരങ്ങൾ ഒറ്റനോട്ടത്തിൽ മൃഗങ്ങളെപ്പോലെ തോന്നിപ്പിക്കും ശിലകൾ ആമകളെ പോലെ തോന്നും. ശില്പങ്ങൾക്ക് ഒപ്പം അവയെപ്പറ്റിയുള്ള കുറിപ്പുകളുമുണ്ട്. സലിൽ ചൗധരിയുടെ സംഗീതത്തെയും പഥേർ പാജ്ഞലി സിനിമയെയും പറ്റി ഓർമ്മിപ്പിക്കുന്ന ശില്പങ്ങളുമുണ്ട്. സുബ്രത ബസുവിന്റെ ശില്പങ്ങൾ വേറിട്ടവയാണ്.
അമർ കുടീരവും ശാന്തിനികേതന് വളരെ അടുത്തു തന്നെയാണ്.

*
ശനിയാഴ്ചകളിലാണ് ഷോണിബാരർ ഹാട്ട് ഖോയി എന്ന കരകൗശലവസ്തുക്കളുടെയും വസ്ത്രങ്ങളുടെയും വിപണന മേള നടക്കുന്നത്. സോനാജ്ഹൂരി വനത്തോട് ചേർന്ന്, പ്രകൃതി ഭവനിൽ നിന്നും വളരെ അടുത്തായാണ് ഈ ചന്ത നടക്കുന്ന മൈതാനം. അതിനാൽ തന്നെ സോനാജ്ഹൂരി ഹാട്ട് എന്നും വിളിക്കാറുണ്ട്. ഭാഗ്യമുണ്ടെങ്കിൽ വെള്ളിയാഴ്ച വൈകിട്ടും, ചിലപ്പോൾ ഞായറാഴ്ച ഉച്ച വരേയ്ക്കും ഈ ചന്ത നീണ്ടു പോവാറുണ്ട്. ബല്ലവപൂർ സാന്താൾ ഗ്രാമവും അടുത്താണ്. ഒരു പക്ഷെ ഈ ചന്ത തന്നെയാവും വിവിധ തരത്തിലുള്ള ബംഗാളി സാരികൾക്ക് ഏറ്റവും വിലക്കുറവുള്ള സ്ഥലവുമെന്നു തോന്നുന്നു. വിലപേശാൻ കഴിവുള്ളവർക്ക് കൂടുതൽ ലാഭത്തിനുള്ള സാധ്യതയുള്ള സാരികളുടെ സ്വർഗമാണ് ഈ ചന്ത എന്ന് പറയാൻ തോന്നിപ്പിക്കുന്നതാണ് അവയുടെ വൈവിധ്യം. ചന്തയോട് ചേർന്ന് സാന്താൾ വിഭാഗത്തിൽ പെട്ട ആളുകളുടെ നൃത്തവും മറ്റ് കലാപ്രദർശനങ്ങളുമുണ്ട്. ബാവുൽ ഗായകരെയും ഇവിടെ കാണാം.
*
സിംഗൂറിലൂടെ വേണമായിരുന്നു ശാന്തിനികേതനിലേക്ക് പോകുവാൻ. നേരം പുലർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. മൂടൽമഞ്ഞു മൂലം ദൂരക്കാഴ്ച കുറഞ്ഞ ഒരു പ്രഭാതത്തിൽ ഏറെ ദൂരത്തോളം തരിശായി കിടക്കുന്ന ഇടം ചൂണ്ടി കാണിച്ചു കൊണ്ട് ശരീഫ് പറഞ്ഞു, “ഭായി ഇതാണ് സിംഗൂർ.”
എനിക്ക് സിംഗൂർ എന്ന് കേൾക്കുമ്പോൾ ജിജ്ഞാസ തോന്നുമെന്ന് അയാൾക്ക് എങ്ങനെ തോന്നി? ഒരു പക്ഷെ കേരളം എന്ന സംസ്ഥാനത്തെക്കുറിച്ച് അയാൾക്കുള്ള ധാരണ കൊണ്ടാവാം.
ആരാണ് ശരിക്കും സിംഗൂരിൽ കുറ്റവാളി? “ആർക്കറിയാം? ഒന്ന് പറയാം ഭായി, വർഷങ്ങളോളം ഭരിച്ചിട്ടും വലിയ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാൻ സർക്കാർ മടിച്ചിരുന്നത് അതുമായി ബന്ധപ്പെട്ട അഴിമതി ഉണ്ടാവാതിരിക്കാൻ കൂടിയാവണം. പക്ഷെ ഇങ്ങനെ ഒരു വലിയ പ്രോജക്ട് വന്നപ്പോൾ അത് ജനങ്ങളെ പറഞ്ഞു മനസിലാക്കാൻ സർക്കാരുമായി ബന്ധപ്പെട്ടു നിന്നവർ ശ്രമിച്ചതുമില്ല. ഫലമോ, സർക്കാരിന്റെ ഉദ്ദേശം ജനങ്ങൾക്ക് മനസിലായില്ല. ഈ ഭൂമിയേറ്റെടുക്കൽ നടക്കുന്നതിന് മുൻപും ഇവിടം എന്റെ ഓർമ്മയിൽ തരിശായിരുന്നു. കൃഷി ഒരു നഷ്ടക്കച്ചവടം ആയിട്ട് ഏറെക്കാലം കഴിഞ്ഞിരുന്നു. സർക്കാരിനും ഈ ഭൂമിയുടെ ഉടമകളായ കൃഷിക്കാർക്കും നഷ്ടമായി. ഇടയിൽ മറ്റാർക്കോ ലാഭവും. ബാക്കിയൊക്കെ ചരിത്രമല്ലേ ഭായി. ഇനി പറഞ്ഞിട്ടെന്ത്?”
ഞങ്ങൾ തൊട്ടടുത്തുള്ള ഒരു കടയിൽ നിന്നും മൺ ചട്ടിയിൽ ചായ കുടിക്കുകയായിരുന്നു. ചായ കുടിച്ച ശേഷം പാത്രം വലിച്ചെറിഞ്ഞ ഞങ്ങൾ യാത്ര തുടർന്നു. കേവലം നാലോ അഞ്ചോ പൈസയാകും ഈ ഒരു പാത്രം നിർമ്മിക്കുന്നതിന് ഒരു തൊഴിലാളിക്ക് പ്രതിഫലമായി ലഭിക്കുക. എല്ലാം ഇതുപോലെ വലിച്ചെറിയപ്പെടുന്ന ഒരു കാലത്താണ് നമ്മൾ എന്നതിന്റെ ഓർമ്മപോലെ ആ ചെറിയ മൺപാത്രത്തെ വെറുതെ തിരിഞ്ഞു നോക്കി ഞങ്ങൾ യാത്ര തുടർന്നു.







