ജീവിതം തന്ന മുറിവുകൾ

ജീവിതം തന്ന മുറിവുകൾ
ചീർത്തു വീർത്തു തന്നേയിരിക്കുന്നു

സ്നേഹമൂറിയെത്തുമിടങ്ങൾക്ക്
അകലെയായിട്ടിരിക്കുന്നു
ഈ വേദന,
ഇതെൻ്റെ വേദന.

ഞാൻ  ജീവിച്ചു തീർത്ത
വേദന മുഴങ്ങുന്ന മനസ്സിൻ്റെ മന്ത്രണം
ശ്രവിച്ചു കൊണ്ടേയിരിക്കുന്നു

സ്നേഹമിറ്റിച്ച തുള്ളികൾ
വീണടർന്ന ഇടങ്ങളിൽ
നീറ്റലൂതിയുണർത്തിയ
ഓർമ്മകൾക്കിന്നുമേറുന്നു മാധുരൃം

ഉണങ്ങാതെ വാടാതെ
ഞാൻ കാത്തുവച്ചൊരീ മുറിവുകൾ
ഓർമ്മകൾ വീണു തുടുത്തു
വൃണമാക്കിയോരീ മുറിവുകൾ
ഏറ്റുവാങ്ങുവാനെത്തിയ ഭിക്ഷുവിൻ കൈയ്യിൽ
പകർന്നതില്ല ഞാനൊരു  തരി പോലും

ചോർന്നു പോയൊരു ജീവിതം നോക്കി
ആർത്തനാദം മുഴക്കിയില്ല, അട്ടഹസിച്ചില്ല
ചേർത്തു വച്ചു  
മലരുപോലെൻ ഹൃദയത്തിനുള്ളിൽ

സുഖങ്ങളൊത്തിരി താണ്ടിയ വഴികളും
കളി ചിരിയിൽ മുങ്ങിയ ഗതികളും
വിടർന്ന പൂക്കളും, സുഗന്ധവും
പ്രഭ ചൊരിഞ്ഞ സുഹൃദങ്ങളും

നൊന്തു വിങ്ങുമീ വേദനയ്ക്കുള്ളിൽ
വെന്തു നീറി പിടയുന്നുവെങ്കിലും
ഈ വേദന ഇതെൻ്റെ വേദന,
എൻ ഹൃദയതാളം കൊതിക്കുന്ന വേദന
നീറ്റലിൽ ത്രസിക്കുന്ന  
തീഷ്ണമാം ജ്യോതിയായി തിളങ്ങുന്ന വേദന.

വൈക്കം ടിവി പുരം സ്വദേശി. മഹാരാഷ്ട്രയിൽ സ്ഥിരതാമസം .