ജാഗരൂഗർ

വേനലാണിന്നും മനസ്സിലെന്നാകിലും
മേഘമേ നീ വരുന്നെന്ന് മെയ് പൂവുകൾ

ഈവഴിക്കപ്പുറം ചോന്നു,ചോന്നീ സന്ധ്യ
കായൽ കടന്ന് പോയ് മായുന്ന രാത്രിയിൽ;

രണ്ടായ് പിരിഞ്ഞൊരീ ഭൂമിയ്ക്കുമപ്പുറം-
നമ്മളോ മൗനത്തിലാവും കിനാക്കളിൽ

മിണ്ടാനുമാവാതെ, പാടാനുമാവാതെ-
കണ്ടാലുമൊന്നും ചിരിക്കാതെ പോകവേ

ദൂരെയാകാശത്ത് ജേമന്തികൾ, സൂര്യ-
കാന്തികൾ വീണ്ടും വിടർന്ന് വന്നീടവേ

വാതിൽ തുറന്നു ഹോമപ്പുരക്കുള്ളിലെ-
തീയിൽ ജ്വലിപ്പിച്ച പച്ചവേരോർമ്മകൾ!

നീ മറക്കാതെ മറന്നെന്ന് ഭാവിച്ച്-
ജാലകക്കാറ്റിനെ കൈയാൽ തൊടുന്നുവോ?

ഭാരമില്ലാതെ പറക്കുന്ന തൂവലിൽ-
നോവുകൾ ചുംബിച്ച് നിൽക്കുന്ന ഗ്രീഷ്മമേ!

എല്ലാം കരിഞ്ഞെങ്കിലും, കണ്ണിലാനദിക്കിന്നും-
പൊടിപ്പും, നനഞ്ഞ മൺതിട്ടയും,

വറ്റാതെ നിൽക്കും ജലത്തിൻ്റെ വിങ്ങലും-
പൊട്ടിത്തളിർക്കുന്ന വേരിൻ്റെ പച്ചയും

നമ്മളോ ജാഗരൂഗർ, ഇന്ന് നോവിൻ്റെ-
മൺകുടം വീണ്ടും ചുമക്കാൻ മടിപ്പവർ.

പൊട്ടിയാലോയെന്നൊരാധിയിൽ സ്നേഹത്തി-
ലിത്തിരി ലുബ്ധും, ഉപേക്ഷയും ചേർക്കുവോർ.

മിണ്ടിപ്പറഞ്ഞിരിക്കേണ്ടോരു നേരത്ത്-
രണ്ട് തടാകമായ് നിശ്ശബ്ദരാകുവോർ

വെൺപൂവുകൾക്കുള്ളിൽ വേനൽപ്പടർപ്പിനെ-
കൊണ്ടുപോകുന്നീമഴക്കാറ്റ് പിന്നെയും

എങ്കിലും ജാഗരൂഗർ, കനൽക്കാടിൻ്റെ
പൊള്ളലിൽ വീണവർക്കെന്നുമുണ്ടാധികൾ.

ഓർമ്മകൾ, ഓർമ്മകൾ പൊട്ടിത്തളിർക്കുന്ന
വേനൽമഴക്കാലമേഘങ്ങളൊന്നിലായ്;

കാലം മരുന്ന് തൂവുന്നുവെന്നാകിലും
ജാഗരൂഗർ! നമ്മളിന്നുമെൻ വേനലേ…

നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.