ഛിന്നമസ്ത

നട്ടുച്ചക്ക്
ഇന്നലെയും കണ്ടു ഞാൻ
തൊടിയിൽ കശുവണ്ടി മുഖമുള്ള
ഗാന്ധിയപ്പൂപ്പനെ.

സന്ധ്യയ്ക്ക്
ഗെയ്റ്റിൽ ചുറ്റിപ്പിണഞ്ഞ
ബോഗൺവില്ലയുടെ മറവിലൂടെ
അതുവഴിപോകുന്ന
രണ്ട്‌ തമിഴ് പെൺകുട്ടികളുടെ
നീണ്ട നിഴൽ എന്റെ വീടിന്റെ
ചുവരിൽ പതിഞ്ഞു.

തലയിൽ കറുത്തതും ചെമന്നതും
കുപ്പിവളകൾ മാത്രം വിൽക്കുന്ന
അവരുടെ കൊട്ടയിൽ കണ്ടു,
പൊട്ടിയ വെളുത്ത വളത്തുണ്ട്.

മോന്തിക്ക്
പടിഞ്ഞാറേ ചെറിമരത്തിൽ പാർത്തിരുന്ന
വാലില്ലാക്കിളി കുളത്തിലെ
അരക്കഷ്ണം സൂര്യനെ
കൊത്തി വലിക്കുന്നു.
പറന്നുപോയപ്പോൾ കണ്ടു ഞാൻ,
കാലിലുടക്കിയ വാടിപ്പഴുത്ത പേരക്ക.

ചെറ്യേമ്മയപ്പോൾ
ഓരോ പണികളും
തീർത്തുവയ്ക്കുകയായിരുന്നു
ഓല തരക്കുന്നു
മട്ടല് വെട്ടിയുണക്കുന്നു
തുണിമടക്കി വയ്ക്കുന്നു
മുറ്റമടിക്കുന്നു
അകത്തും പുറത്തുo വെള്ളം പാറ്റുന്നു
അരിയും കടലയും കുതിർക്കാനിടുന്നു

സന്ധ്യകഴിയാറായിട്ടും
വാങ്ക് കൊടുത്ത് കഴിഞ്ഞിട്ടും
ശംഖ് വിളിച്ച് നടയടച്ചിട്ടും
സന്ധ്യാവന്ദനം തീർന്നിട്ടും ഞാൻ
മടമ്പ് കൊണ്ട് ചവിട്ടിപ്പിടിച്ച്
കശുവണ്ടി മുരടുന്നത് തുടരുന്നു

കമ്പ് കൊണ്ടു കുത്തി
കശുമാങ്ങ കോർത്തെടുത്തന്ന് രാത്രി
കാവിൽ ഒളിച്ചു പാർത്തിരുന്ന കരിങ്കല്ല്
ചെക്കിപ്പൂങ്കുലക്കിടയിൽ കണ്ണൊളിപ്പിച്ച്
പടിഞ്ഞാറ്റയിലിരുന്ന് ചിനച്ചപോലെ.
കുംഭമാസത്തെയാ
മൂന്നാമത്തെ വെള്ളിയാഴ്ച
പോരിന് വന്ന പനിക്കിടക്കയിൽ
കാളിയൂട്ടുത്സവം കണ്ടു.

അന്ന്
മുരടിയെടുത്ത കശുവണ്ടി മുഖമുള്ള
ഗാന്ധിയപ്പൂപ്പന്മാരുടെ
കോർത്തെടുത്ത കപാലമണിഞ്ഞ്
മച്ചകത്ത് നിൽക്കുന്ന
ഛിന്നമസ്തയെ സ്വപ്നം കണ്ടു

പിറ്റേന്ന് നട്ടുച്ചക്കും കണ്ടു ഞാൻ
തൊടിയിൽ
സ്വയം കഴുത്തറുത്തൊരു
ചോന്ന കശുമാങ്ങയെ.

ബോഗൻവില്ലയുടെ മറവിലിരുന്ന്
ആ തമിഴ് പെൺകുട്ടികൾ
ത്രിസന്ധ്യക്ക്‌ കശുമാങ്ങ തിന്നുന്നത് കണ്ടു.
ഒരാളുടെ പേര് ജയ
മറ്റെയാൾ വിജയ
ഞാൻ ചുവന്ന വളകൾ വാങ്ങി.

കശുവണ്ടിമരച്ചോട്ടിലെ
വേരുകൾക്കും
കശുവണ്ടികൾക്കുമിടയിൽ
ഊറിയൂറിച്ചിരിക്കുന്നു
രണ്ടുവെള്ളിക്കെട്ടൻ
രണ്ട്‌ രാഗങ്ങളിൽ.

വിശന്ന വീടുകളിലേക്ക് ഞങ്ങൾ നടന്നു
ഒരുവൾ പടിഞ്ഞാട്ട്
മറ്റൊരുവൾ കിഴക്കോട്ട്
എന്റെ മുന്നിലാകാശത്ത്
പൊട്ടിയ വെളുത്ത വളപ്പൊട്ട്.

തിരിഞ്ഞു നോക്കിയപ്പോൾ
കൃഷ്ണകിരീടക്കാട്ടിനുള്ളിൽ
കരിവേഷത്തിലിരുന്ന് കശുമാവ്
സ്വയം അണ്ടി മുരടുന്ന
ഛിന്നമസ്തയാകുന്നു .
ഞാൻ ഒറ്റ അലർച്ച
പനി മാറീട്ടില്ല.

താഴേക്ക്
താഴേക്ക് ഓടിയ എന്നെ
പേടിക്കൂശ്മാണ്ഡമെന്ന്
വിളിച്ചു ചെറ്യേമ്മ.
പത്തായത്തിലെ കല്ലുപ്പ് പോലെ
കശുമാവിൻ മുടിപ്പടർപ്പിലേക്കിരിയുന്ന
മിന്നാമിനുങ്ങുകൾക്ക് ദംഷ്ട്ര.

ഒന്ന് കൂടി നോക്കുമ്പോൾ
ജയ കശുമാവിൻ ചോട്ടിലേക്ക്
തിരിച്ചു വരുന്നു
വിജയയും തിരിച്ചു വരുന്നു
അവർക്ക് ഒരേ വിശപ്പ്.

അവർ
കശുമാങ്ങ ചാറ്
വലിച്ചു കുടിക്കുമ്പോൾ
ദമ്പതികളായ ഉരഗങ്ങൾ
സന്ധ്യകഴിഞ്ഞപ്പോൾ
ഉറയഴിക്കാൻ തുടങ്ങുന്നു.

**പുരാണത്തിൽ മസ്തകം അഥവാ ശിരസ്സ് സ്വയം ഛേദിച്ച ദേവിയാണ് ഛിന്നമസ്ത.

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു