ചോദ്യപേപ്പർ

മനസ്സിൽ തികട്ടിവന്ന ഉത്തരങ്ങൾ. അവ ഛർദ്ദിച്ച് ശാന്തിയടയാൻ പേപ്പറുകൾ വീണ്ടും വീണ്ടും വാങ്ങി.
‘ഉത്തരങ്ങൾ!’ എഴുതുന്നു, തിരുത്തുന്നു, വീണ്ടുമെഴുതുന്നു…..

ചോദ്യങ്ങൾക്ക് അവസാനമില്ലെന്നോ?

ഒടുവിലിതാ.. ആ കടലസു കഷണങ്ങൾ ഒന്നുചേർന്ന് ഒരു വലിയ കയർ ..!,
അതിന്റെ അറ്റത്ത് ഒരു വളയം താനേ രൂപപ്പെട്ടു. തൊണ്ട വരളുന്നു, കഴുത്ത് വല്ലാതെ വേദനിച്ചു.

ക്ഷീണം – കണ്ണുകൾ താനേ അടയുന്നു.

അല്പം കഴിഞ്ഞ് ഒരാൾക്കൂട്ടത്തിന്റെ ഇരമ്പലിൽ ഞാൻ പതിയെ കണ്ണുതുറന്നു. ചോദ്യപേപ്പറുകൾ പടുത്തുയർത്തിയ ഒരു ചിത! അതിൽ കണ്ണാടികളിൽ കണ്ടുപഴകിയ ഒരു മുഖം… ആ മുഖത്ത് ഒന്ന് തൊട്ടുനോക്കാൻ എന്തേയ് എന്റെ കൈകൾക്ക് കഴിയാതെപോയി?

അപ്പോഴും മനസ് ആ ചോദ്യപേപ്പറുകളിൽ കിടന്നുഴലുകയായിരുന്നു. ചോദ്യപ്പേപ്പറുകൾ പണിത ചിതയിൽ കിടത്തിയിരിക്കുന്നത് എന്റെ ശരീരം തന്നെ എന്ന് ആ നിമിഷം വ്യക്തമായി. മനസിലെ തീ അതിലേക്കാളിപ്പടർന്നു .

ഡെറിവേഷനുകൾ, പോസ്റ്റുലേറ്റുകൾ, ഇന്റഗ്രേഷൻ, ഡിഫറെൻസിയേഷൻ….

എല്ലാം അതാ കത്തിയെരിയുന്നു !

കണ്ണൂർ ജില്ലയിലെ, തൊടീക്കളം, കണ്ണവം സ്വദേശി. കേരള സെൻട്രൽ യൂണിവേഴ്സിറ്റി ഒന്നാം വർഷ മലയാളം ബിരുദാനന്തരബിരുദ വിദ്യാർത്ഥിനി. കഥകളും കവിതകളും എഴുതുന്നു.