ഞാൻ തോടിനിപ്പുറം നിന്ന് അപ്പുറത്തെ പറമ്പിലേക്ക് നോക്കി. പുല്ലൊക്കെ വെട്ടി വൃത്തിയാക്കി ഇട്ടിരിക്കുന്നത് കൊണ്ട് കാണാൻ ഒരു മെനയൊക്കെയുണ്ട്. നിറയെ കായ്ച്ച് നിൽക്കുന്ന ജാതി ക്രിസ്മസ്ട്രീ പോലെ തോന്നിച്ചു. തെങ്ങും കവുങ്ങും എണ്ണത്തിലുണ്ടെങ്കിലും കായ്ഫലം പോര.
തോട് ചാടി അപ്പുറത്തേക്ക് കടക്കാൻ ഒന്ന് ശ്രമിച്ച് നോക്കി. പണ്ടാണെങ്കിൽ ഈസിയായി ചാടിക്കടക്കുമായിരുന്നു. ഇപ്പോൾ ധൈര്യം പോര. ചെരുപ്പൂരി കയ്യിൽ പിടിച്ച് തോട്ടിലേക്കിറങ്ങി.തോടിൻ്റെ അടി ഭാഗത്ത് വെട്ടുകല്ലായതുകൊണ്ട് ചെളി തീരെയില്ല. വെള്ളത്തിൻ്റെ തണുപ്പ് കാലിലൂടെ മുകളിലേക്ക് അരിച്ച് കയറി.
തൻ്റെ കാലടി പതിയാത്ത ഒരു തുണ്ട് സ്ഥലം പോലും ഈ പറമ്പിലുണ്ടാകില്ല. പറമ്പെന്ന് പറയാമോ? തനിക്ക് പത്ത് പന്ത്രണ്ട് വയസാകും വരെ ഇവിടം പാടമായിരുന്നു. രണ്ട് കുന്നുകളുടെ അടിവാരത്തായി നിരന്ന് കിടക്കുന്ന പച്ച വിരിച്ച പാടം. അരികിലൂടെ ഒഴുകുന്ന ചെറിയ തോട്. കലപ്പചേറിൽ കുത്തി വച്ച് അഛൻ കഞ്ഞി കുടിക്കാൻ വരമ്പത്തേക്ക് കയറുന്ന തക്കംനോക്കി വെളുത്ത കാളക്കൂറ്റൻമാരുടെ പുറകിൽ പോയി പൂട്ടാൻ ശ്രമിച്ചതും, വളഞ്ഞ കൊമ്പുകുലുക്കി അവൻമാരിലൊരുത്തൻ ഭയപ്പെടുത്തിയപ്പോൾ ചേറിൽ പൂണ്ട കാല് വലിച്ചെടുത്ത് ഓടാൻ പറ്റാഞ്ഞ് ഉരുണ്ട് വീണതും ഇന്നലെയെന്നോണം ഓർമ്മയിലുണ്ട്. നെൽകൃഷി നിർത്തി ഓരോരുത്തരായി ചാല് കീറി വാഴകൃഷി തുടങ്ങി. പതുക്കെ പതുക്കെ വാഴത്തോട്ടം തെങ്ങിൻ തോട്ടമായി രൂപാന്തരപ്പെട്ടു. വർഷങ്ങൾ എത്ര പെട്ടെന്നാണ് കടന്ന് പോയത് !. ഒരു പാടമായിരുന്നതിൻ്റെ അടയാളം പോലും ഇന്നില്ല.
ഫോണെടുത്ത് സമയം നോക്കി. ഒരു പാർട്ടി ഇന്നലെ സ്ഥലം നോക്കി പോയിട്ടുണ്ട്. അവരെ കൊണ്ട് വന്ന ബ്രോക്കർ ഇതുവരെ വിളിച്ചില്ല. ഓർമ്മകൾ ഒരുപാടുള്ള സ്ഥലമാണ്, എങ്കിലും വിൽക്കാതെ പറ്റില്ലെന്നായിരിക്കുന്നു. അനിയൻ്റെ വിദ്യാഭ്യാസത്തിന് ഭാര്യയുടെ സ്വർണ്ണം കൊടുത്തതിന് പകരം അച്ഛനെഴുതി തന്നതാണ്. ബുദ്ധിമുട്ടുകൾ ഒരുപാടുണ്ടായിട്ടും കൊടുക്കാൻ തോന്നിയില്ല. പക്ഷേ ഇന്ന് നിവൃത്തിയില്ലാതായിരിക്കുന്നു.
ഒരു തമിഴ് സുഹൃത്ത് പറഞ്ഞ പോലെ.. “നിങ്ങൾ മലയാളികൾ കയ്യിലുള്ളതിൻ്റെ രണ്ടിരട്ടി പണവും മുടക്കി വലിയൊരു വീട് വച്ച് അതിൻ്റെ കടം വീട്ടാൻ ജീവിതകാലം പണിയെടുക്കും.” വീട് വക്കാനാണ് ആദ്യമായി ലോണെടുത്തത്. പ്രതീക്ഷിക്കാതെ വന്ന പല കാര്യങ്ങളും കണക്കൂട്ടലുകൾ എല്ലാം തെറ്റിച്ചു. ഗഡുക്കൾ മുടങ്ങി. പലിശ പെരുകി കൊണ്ടിരിക്കുന്നു.
“ആ പറമ്പ് വിറ്റാ തീരുന്ന പ്രശ്നേയുള്ളൂ.” ഭാര്യയുടെ കുറ്റപ്പെടുത്തൽ.
ഒടുക്കം വിൽക്കാൻ തീരുമാനം ആയപ്പോ വാങ്ങാനാളില്ല. പറമ്പിലേക്കുള്ള വഴിയൊരു പ്രശ്നമാണ്.
‘പാടം നികത്തിയ പറമ്പ്’ ആധാരത്തിൽ അങ്ങനെയാണ്. അതും ഒരു കുറവാണ്. വീതിയുള്ള വഴിയുണ്ട്. തൊട്ടാവാടി വളർന്ന് കാട് പിടിച്ച് കിടക്കുകയാണ്. അതിനിടയിൽ കൂടി ഒരു ചവിട്ടടി പാത മാത്രമുണ്ട്. പശുക്കളെ തീറ്റാൻ കൊണ്ടുപോയി ഉണ്ടായ വഴി. പറമ്പുകൾ കണ്ണെത്താ ദൂരം നിരന്ന് കിടപ്പാണ്. കുറച്ച് അങ്ങോട്ടും ഇങ്ങോട്ടും മാറിയാൽ ധാരാളം വീടുകളുണ്ട്.
“എന്താപ്പോ പതിവില്ല്യാത്തോരൊക്കെ ഈ വഴിക്ക് ?”ചോദ്യം വന്ന ഭാഗത്തേക്കു നോക്കി .
തലയിലെ കെട്ടൊന്നഴിച്ച് കുടഞ്ഞ് വീണ്ടും കെട്ടിവച്ച് തോട് വട്ടം എടുത്ത് ചാടി. ചിരിച്ച് കൊണ്ട് നടന്നടുത്തു ദാമോദരേട്ടൻ.
അഛൻ്റെ പ്രായമാണ് ആൾക്ക്. എന്നിട്ടും എന്നേക്കാൾ ആരോഗ്യവാനാണെന്ന് ചാട്ടം കണ്ടപ്പോഴേ ഉറപ്പിച്ചു. ഞാൻ നിൽക്കുന്നതിൻ്റെ തൊട്ടടുത്തുള്ള തെങ്ങിൽ കൈകുത്തി നിന്ന് കായ്ഫലം പരിശോധിക്കാനെന്ന പോലെ മുകളിലേക്ക് നോക്കി ദാമോദരേട്ടൻ പറഞ്ഞു.
“ഈ വേരും മുറിക്കാനുള്ള ആലോചനയിലാന്ന് കേട്ടു. എന്നെക്കൊണ്ട് താങ്ങില്ല. അല്ലെങ്കില് നോക്കാർന്നു. ഒരുമിച്ച് കെടന്നോളൂല്ലോ….” അപ്പുറത്തും ഇപ്പുറത്തും കിടക്കുന്ന സ്ഥലം ദാമോദരേട്ടൻ്റെയാണ്. അച്ഛനെപോലെ കൃഷിക്കാരൻ….
“ദാമോദരേട്ടാ…. വഴീടെ കാര്യെന്തായി… ആർക്കായാലും വഴി ഒരു പ്രശ്നാവും”
“അതവര് നമ്മളെ പൊട്ടൻമാരാക്കീതല്ലേ…. ഇപ്പ ശര്യാക്കാന്ന് പറഞ്ഞിട്ടഞ്ചു കൊല്ലായി… മുൻകയ്യിട്ത്തേലൊരുത്തൻ മരിച്ചില്ലേ. ഇനിയൊരുത്തൻ കുടുംബസമേതം കർണ്ണാടകേലെവിടെയോ ഭൂമീ വാങ്ങി താമസാക്കി. ഇനിപ്പാരാ ഇതിൻ്റെ പിന്നാലെ നടക്കാൻ” ദാമോദരേട്ടൻ വീണ്ടും തലേക്കെട്ടഴിച്ച് കുടഞ്ഞ് തെക്കോട്ട് നടന്നു.
കഴിഞ്ഞ പ്രാവശ്യത്തെ ഇലക്ഷന് മുൻപാണ്, അന്നത്തെ സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ തോടിൻ്റെ ഇരു ഭാഗത്തും ഉള്ളവർ സ്ഥലം വിട്ടുകൊടുത്ത് ഉണ്ടായിരുന്ന തോട് മൂടി റോഡാക്കിയത്. പുതിയൊരു ചാല് കീറി ചെറിയൊരു തോടും ഉണ്ടാക്കി. അതും വെറും രണ്ട് ദിവസം കൊണ്ട്. തോടിന് കുറുകെ പാലം പണിയുമെന്നും തോടിൻ്റെ സൈഡ് കരിങ്കല്ല് കെട്ടി ബലമുള്ളതാക്കുമെന്നും വാഗ്ദാനങ്ങൾ പലതും ഉണ്ടായിരുന്നു. സ്ഥാനാർത്ഥി ജയിച്ചെങ്കിലും തോട് ഇടിഞ്ഞ് പൊളിഞ്ഞും വഴി കാട് പിടിച്ചും കിടന്നതല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ല. അടുത്ത ഇലക്ഷന് സമയമായി.
മൊബൈൽ ബെല്ലടിച്ചു. ആ ബ്രോക്കറാണ്.
“എടോ… അവര് വരില്ല. പറമ്പ് ഇഷ്ടപ്പെട്ടു. പക്ഷേ താൻ ആധാരത്തിൻ്റെ കോപ്പി അയച്ച് കൊടുത്തില്ലെ. അവരത് വക്കീലിനെ കൊണ്ട് നോക്കിച്ചു. എടോ ആധാരത്തിൽ വഴിയില്ല. അതിര് തോടാണ്. വഴിയില്ലാതെ ആ സ്ഥലം വിക്കാൻ പറ്റുന്ന് കര്തണ്ട.”
‘ഇനിയിപ്പൊ എന്ത് ചെയ്യും’ എൻ്റെ ആത്മഗതം കേട്ട് അയാൾ വീണ്ടും പറഞ്ഞു.
“താൻ വില്ലേജോഫീസിൽ പോയി ഒരപേക്ഷ കൊടുക്ക്. അവിടെ ചുറ്റുവട്ടത്തുള്ളോരടെ എല്ലാവരുടേം ഒപ്പും വാങ്ങിച്ചോ. പഞ്ചായത്തിലൊന്ന് കേറിക്കോ… മൂന്നാല് കൊല്ലം നടക്കണ്ട കേസാ… എന്നാലും ഇലക്ഷൻ വരല്ലേ…. ചിലപ്പോ പെട്ടെന്ന് ഒരു നീക്കുപോക്ക്ണ്ടാവും. എന്നാ ശരി. വഴിയൊക്കെ ആയിട്ട് വിളിക്ക്. അപ്പൊ നോക്കാം “
“തൻ്റെ സ്ഥലം ഞാൻ കച്ചോടാക്കിയിരിക്കും. കുറച്ച് ചില്ലറങ്ങ്ട്ടെടുത്തേ” എന്ന്പറഞ്ഞ് കൊടുത്ത കാശും വാങ്ങി പോയോനാണ്. ഇനി ആവഴി നോക്കേണ്ട.
അഛൻ ഈ പറമ്പ് തരുന്ന സമയത്ത് പറഞ്ഞു. “ഇന്ന് നീ അവനെ സഹായിച്ച പോലെ നിനക്കൊരാവശ്യം വരുമ്പോ അവൻ നിന്നെ സഹായിക്കും” അനിയൻ അഛൻ പറഞ്ഞത് ശരിവച്ച് തലയാട്ടി. ഇന്ന് അവനെവിടെ? അവന് നാടും വേണ്ട, വീടും വേണ്ട…. വീട്ടുകാരും വേണ്ട.
മനസ് തളർന്ന് തോട്ടുവക്കിലെ കല്ലിലിരുന്നു. പണ്ട്, ഈ കൈത്തോട് വലിയ തോട്ടിലേക്ക് ഒഴുകി ചേരുന്നതിന് മുൻപുള്ള, ഒറുക്കുഴിയിലേക്ക് ചാഞ്ഞ് നിൽക്കുന്ന, പേരറിയാത്ത മരത്തിൻ്റെ, വെള്ളത്തിലേക്ക് നീണ്ടു വളർന്ന തടിയൻ വേരിൻമേലിരുന്ന് രാമേട്ടൻ ചൂണ്ടയിടുന്നതും നോക്കി ഇരിക്കുമ്പോൾ തൻ്റെ പല സംശയങ്ങൾക്കും മറുപടിയായി രാമേട്ടൻ പറയാറുള്ള രണ്ട് വാക്കുകൾ മനസിലേക്ക് ഓടി വന്നു.
“ചെപ്പിനട്ട് ചേസ്താരാ”
കുളിക്കാനും ,അലക്കാനും,നാട്ടുവിശേഷം കൈമാറാനും, നീന്തൽ പഠിക്കാനും ഉൾപ്പെടെ പല വിധ കാര്യങ്ങൾക്കും അന്ന് എല്ലാവരും ആശ്രയിച്ചിരുന്നത് ഈ ഒറുക്കുഴിയെ ആയിരുന്നു. കടുത്ത വേനലിലും വറ്റാത്ത ഉറവയുണ്ട് ഇവിടെ എന്നാണ് വിശ്വാസം.
കുറെ പുസ്തകങ്ങളും രാമേട്ടനും മാത്രമുള്ള തോട്ടിൻ കരയിലെ ചെറിയ വീട്ടിലേക്ക് ഇടയ്ക്കിടെ ചെല്ലുന്ന ഒരതിഥിയായിരുന്നു ഞാൻ. പിന്നെ വല്ലപ്പോഴും “രാമേട്ടാ…. ഒരു പുസ്തകം തര്വോ? എന്നു ചോദിച്ചെത്തുന്ന ഒരു കിളിനാദത്തിൻ്റെ ഉടമയും. രാമേട്ടനെ പേടിയായിരുന്നു എല്ലാവർക്കും, പ്രത്യേകിച്ച് കുട്ടികൾക്ക്.
ഇടയ്ക്കിടെ രാമേട്ടൻ പറയുന്ന ഈ വാക്കുകൾ എൻ്റെ മനസിലുടക്കി കിടന്നു.
“ചെപ്പിനട്ട് ചേസ്താരാ…. “
ആകാംഷയോടെ പലപ്പോഴും തിരക്കും…. ” രാമേട്ടാ….. എന്ന് പറഞ്ഞാലെന്താ ?”
രാമേട്ടൻ കുലുങ്ങി ചിരിക്കും. അപ്പോൾ തുറക്കാൻ പറ്റാത്ത ഇടതു കണ്ണ് കൂടുതൽ ചുളിയും. രാമേട്ടൻ്റെ ഈ ചിരിയായിരുന്നു എല്ലാവരേയും കൂടുതൽ ഭയപ്പെടുത്തിയിരുന്നത്. എന്നിട്ടും എങ്ങനെയോ രാമേട്ടൻ്റെ ഇടതു കണ്ണിൻ്റെ കാഴ്ച ഞാനായി.
“ആ മൊളയൻ്റൊപ്പാ ചെക്കൻ്റെ നടപ്പ് “
ബന്ധുക്കളിൽ ചിലർ ഇടയ്ക്കിടെ അച്ഛനോട് ഏഷണി പറയും. അവിടെ ഏശാതാവുമ്പോൾ അടുക്കളപ്പുറം കൂടിയും പരാതി അകത്തെത്താറുണ്ട്. അച്ഛനോളം വലിയ മനസ് അമ്മക്കില്ല. അതുകൊണ്ട് വഴക്കും കേൾക്കും.
രാമേട്ടൻ്റെ മനസിനൊരു കുളിരായിരുന്ന കിളിനാദത്തിൻ്റെ വരവ് ഇടക്കെപ്പോഴോ നിലച്ചിരുന്നു. മനസിനകത്തെ ഒരു ജനാല കൂടി ചേർത്തടച്ച് രാമേട്ടൻ കൂടുതൽ നിശബ്ദനായി.
രാമേട്ടൻ്റെ മുടി നരച്ചു. ഇടതുകണ്ണിനടിയിലെ തൊലി ഒന്ന് കൂടി ചുളിഞ്ഞു. എനിക്ക് മീശ കുരുത്തു, കറുത്തു കനം വെച്ചു.
രാമേട്ടനിൽ നിന്ന് എന്നാണ് അകലം പാലിക്കാൻ തുടങ്ങിയത്. വളർന്നതോടൊപ്പം മനസ്സിലൊരു വരമ്പും വളർന്നോ? എന്തിൻ്റെ വരമ്പായിരുന്നു അത്?
അവസാനമായി ഒറുക്കുഴിയുടെ ഓരത്ത് ഒരുമിച്ചിരിക്കുമ്പോൾ വെറുതെ ഒഴുകി കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് നോക്കി രാമേട്ടൻ വീണ്ടും അതുതന്നെ പറഞ്ഞു,
“ചെപ്പിനട്ട് ചേസ്താരാ” അന്ന് പതിവുപോലെ ആ മുഖത്ത് ചിരിയുണ്ടായിരുന്നില്ല.
രാമേട്ടൻ പറയാതെതന്നെ അതിൻ്റെ അർത്ഥം അന്വേഷിച്ചറിയാൻ മാത്രം ഞാനന്ന് വളർന്നിരുന്നു.
പറയും പോലെ ആരെങ്കിലും പ്രവർത്തിക്കാറുണ്ടോ… എന്നർത്ഥം വരുന്ന “എവരൈന ചെപ്പിന്sലു ചെസ്താരാ”… എന്ന തെലുങ്ക് വാചകം ശോഷിച്ചതായിരുന്നു…. ചെപ്പിനട്ട് ചേസ്താരാ…..
അന്നത്തേതിന് ശേഷം നാട്ടിലാരും രാമേട്ടനെ കണ്ടിട്ടേയില്ല. എവിടേയോ സന്യാസ വേഷത്തിൽ കണ്ടതായി പിന്നീട് ആരോ പറഞ്ഞ് കേട്ടു.
ഇരുന്നിടത്ത് നിന്നെണീറ്റ് പതുക്കെ തോട് മുറിച്ച് കടന്നു. നരച്ച് തുടങ്ങിയ മുടിയിലൂടെ കയ്യോടിച്ചു. തിരിച്ചറിവിൻ്റെ ഈ പ്രായത്തിലാണ് രാമേട്ടൻ നാട് വിട്ടത്. പറമ്പിലേക്ക് ഒന്ന് കൂടി തിരിഞ്ഞ് നോക്കി. അടുത്ത നടപടിയെന്തെന്നാലോചിച്ച് തൊട്ടാർവാടികൾക്കിടയിലൂടെ പത്ത് മീറ്റർ അപ്പുറത്തുള്ള ടാറിങ്ങ് റോഡ് ലക്ഷ്യമാക്കി നടന്നു. റോഡിലെ പോസ്റ്റിൽ പതിച്ച പോസ്റ്ററിൽ അയാളുടെ ചിരിച്ച മുഖം. കഴിഞ്ഞ വട്ടം ഇലക്ഷന് നിന്ന് ജയിച്ചതാണ്. ഇത്തവണ വീണ്ടും തിരഞ്ഞെടുപ്പിന് നിൽക്കുന്നു. അതേ സ്ഥലത്ത് എന്തൊരു ആത്മവിശ്വാസം. പോസ്റ്ററിലിരുന്ന് ചിരിക്കുന്ന മുഖം എന്നോട് ചോദിക്കുന്ന പോലെ തോന്നി….
“ചെപ്പിനട്ട് ചേസ്താരാ” ( പറയും പോലെ ആരെങ്കിലും പ്രവർത്തിക്കാറുണ്ടോ?