ചുമടുതാങ്ങി

ഈ ചുമടുതാങ്ങിയ്ക്കുമുണ്ട്
ഒരു കഥ പറയുവാൻ
കല്ലായ് പിറന്നതെങ്കിലും
കല്ലായി തീരാത്തവൻ
എത്രയോ കാതം താണ്ടി-
നടക്കും മര്‍ത്ത്യര്‍ക്കൊക്കെ
അത്താണിയായതല്ലേ-
ചുമടുതാങ്ങി തളര്‍ന്നോനല്ലേ
പണ്ടുനീ നടന്നപ്പോൾ
എന്‍ ഉടലിൽ താങ്ങി നീ
ഇരുന്നതും കിടന്നതും
ഇരുണ്ടുപോയൊരു സ്വപ്നവും
കിതച്ചു നടന്നപ്പോഴും
കിടന്നീടാൻ മെത്തയായതും
തളര്‍ന്നു വിശ്രമിക്കവേ
സാന്ത്വന സ്പര്‍ശമേകിയതും
എല്ലാം മറന്നുപോയവര്‍
എന്നെ വഴിയുലുപേക്ഷിച്ചു
വികസനം വന്നു വിളിച്ചപ്പോൾ
എന്തിനു പിഴുതെറിഞ്ഞു നീ
ഓരോ ചുമടുതാങ്ങിയ്ക്കും-
ഉണ്ട് കഥ പറയുവാൻ
കദനമൊതുക്കി കഴിഞ്ഞീടുന്നു
കല്ലായി പിറന്നവൻ

തൃശ്ശൂര്‍ ജില്ലയില്‍ മാപ്രാണത്ത് മാടായിക്കോണം സ്വദേശി. ജൂഡീഷ്യറി വകുപ്പില്‍ സീനിയര്‍ ക്ളാര്‍ക്കായി സേവനമനുഷ്ഠിക്കുന്നു. വിവിധ ആനുകാലികങ്ങളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും നിരവധി കവിതകളും കഥകളും അച്ചടിച്ചു വന്നിട്ടുണ്ട് . 'യാത്രാമൊഴി', 'മഴനൂല്‍ക്കനവുകള്‍', 'സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍', 'ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍' എന്നീ കവിതാസമാഹാരങ്ങളും 'വളഞ്ഞരേഖകള്‍' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.