കവിക്ക് ജനാലകൾ
ഒരു ചെറിയ ശിശിരത്തിലേക്കുള്ള
രണ്ട് മസോക്കിസ്റ്റിയൻ കണ്ണുകളായിരുന്നു.
പ്രകാശവർഷങ്ങൾക്കകലെയിരുന്ന്
വ്യസന സീമയിൽ വെച്ച്
മഞ്ഞുകാലത്തേക്ക് കവി
കണ്ണ് നിറയ്ക്കുന്നു.
കവിയുടെ കുഞ്ചിരോമം പൊഴിഞ്ഞ
ചെമ്പൻ കുതിരപ്പുറത്തുള്ള
വിളർച്ച ബാധിച്ച കവിതകൾ
ആകാശത്തിൽ
ഏറ്റവുമൊടുവിലെത്തുന്ന ഒറ്റയായ
അതിഥികൾക്കിരിപ്പിടമുള്ള
വിണ്ടലത്തേക്കോടുന്നു.
ഒരു വെണ്ണക്കൽ ശില്പത്തിന്റെ
തളർന്ന പാദങ്ങളിലെ ചിലങ്കയെക്കുറിച്ച്
കവിതയെഴുതുന്നു.
ആനന്ദത്തിന്റെ സ്വർണ്ണക്കിഴിയുമായി കവി
കൊട്ടാരങ്ങളിൽ അരങ്ങു വാഴുന്നു.
കവി വാക്കുകല്ലുകൾ
പെറുക്കി വെക്കുന്നു.
വീട് പണിയുന്നു.
ആണിയിൽ തറച്ച രാമായണകഥയിൽ നിന്നും
ഒരു കർക്കിടകത്തിൽ
മഴ നനഞ്ഞു നിന്നിരുന്ന
സീതയെ ഇറക്കിക്കൊണ്ട് വന്ന്
കവിതയിൽ കുടിയിരുത്തുന്നു
*കവി ആനന്ദത്തിന്റെ പരമകോടിയിൽ വെച്ച്
സമാധിയാകുന്നു.
കിണറാഴത്തിലേക്കെന്ന പോലെ
കവി നേരംപോക്കിൽ
കല്ലെറിയുകയായിരുന്നു
പടവിടിയുന്നു
നെറ്റി മുറിയുന്നു
കവിതയുടെ പേര് പിന്നെയും പഴുക്കുന്നു
ഉണർന്നപ്പോൾ
കണ്ണിൽനിന്നുതിർന്നു വീണിരിക്കുന്നു,
നെഞ്ചിലേക്ക്
പതിനായിരം വെണ്ണക്കല്ലുകൾ.
കവി നെഞ്ചിലെ വേദനയ്ക്കിടയിലും പൊഴിഞ്ഞ
ആനന്ദത്തിന്റെ കണ്ണുനീരിൽ നിന്ന്
കവിതയുടെ മുത്തും പവിഴവും വാരുന്നു.
ശിശിരകാലത്ത്
ദേശാടനക്കാറ്റിൽ
നിരന്തരം ഇലപൊഴിക്കുന്ന കവി
കാല്പനികവും
സ്വയം തടവിലാക്കപ്പെട്ട ഇരുണ്ടതുമായ
അടച്ചിട്ട മുറിക്കുള്ളിലിരുന്ന്
മുള്ളിൽ കോർത്ത കവിതകളാൽ
ചുണ്ടുകൾ ചുംബിക്കുന്നു.
കവിത ചോര പൊടിക്കുന്നു.
കവിഭ്രഷ്ടരുടെ
മുറിഞ്ഞു തറഞ്ഞ മുഖച്ഛായയുള്ള
കടലാസുപൂക്കളിൽ ഒരു ചിത്രകാരൻ
തേൻ നിറക്കുന്നു
അംഗഭംഗം വന്നൊരു *വീണപൂവ്
മഹാകാവ്യമായി.
കവികൾ കവിതകളുടെ പിറവിയിലെ
ഏകാന്തവും ദുഃഖദായകവും
ആനന്ദപൂർണ്ണവുമായ മനനങ്ങളെ
മുല്ലപ്പൂനിറമുള്ള ഓർമകളിലേക്ക്
സേവ് ചെയ്തു വെക്കുന്നു.
പാസ്സ്വേർഡ് ലോക്ക് ചെയ്ത്
വിൻഡോ ചേർത്തടയ്ക്കുന്നു.
പിന്നെയും കവിത മുറിയുന്നു.
ഇന്ദ്രജാലം നഷ്ടപ്പെട്ട ദേവാലയങ്ങളിലെ
മസോക്കിസ്റ്റിയൻ ദൈവങ്ങളും
ഭക്തരും കവിതകളിൽ
നിന്നുമിറങ്ങിപ്പോകുന്നു.
ഉറക്കത്തിൽ
ആരോ വാതിലിൽ മുട്ടുന്നു.
ചൂഴ്ന്ന കണ്ണുമായി പുറത്തേക്ക് പോയ
*ഈഡിപ്പസിനെക്കുറിച്ച് പറഞ്ഞുപറഞ്ഞ്
*സോഫോക്ളിസ് കാണികളിലൊരാളാകുന്നു.
എന്റെ തടിച്ച കൈത്തണ്ടയിൽ
ഇറുകിക്കിടന്നിരുന്ന ചുവന്നവളകൾ
പെട്ടന്ന് തളയായി ഊർന്നു വീഴുന്നു.
ഒരേസമയം പരിതാപകരവും
ആനന്ദതുന്ദിലവുമായ മുറിവുകളിൽ നിന്ന്
ഒരു കവി *മൂന്ന് മന്ത്രവാദിനികളെ കാണുന്നു
സ്വയം ചിറകരിയുന്നു.
സ്വയം വാതിലായി അടഞ്ഞ് കിടക്കുന്നു.
തലകുനിക്കുമ്പോൾ കവി
സ്വന്തം കവിതയുടെ നിഴൽ രാഷ്ട്രത്തിൽ
ചവിട്ടി നിൽക്കുകയായിരുന്നു
കവിതയിൽ ഉപ്പു വിതറുന്നു.
നിഴലുകൾ പിഞ്ഞിപ്പിഞ്ഞി
പശയിലൊട്ടിയത് പോലെ
അവിടവിടങ്ങളിൽ ബാക്കിയാകുന്നു.
ഒരു നൂറ്റാണ്ട് മുൻപ് മരണപ്പെട്ട കവി
പുറത്ത്നിന്നും ജനാലയിലൂടെ
അകത്തേക്ക് നോക്കിക്കൊണ്ട്
കവിതയുടെ സ്വകാര്യ
രാഷ്ട്രകൂടങ്ങളിൽ ചെന്ന്
സ്വയം ഒറ്റിക്കൊടുക്കുന്നു.
കവിക്കവരുടെ ഭാഷ വശമില്ല.
തിരിഞ്ഞു കിടന്ന്
ഒരു തുണ്ട് നിഴലെടുത്ത്
കഴുത്തിൽ ചുറ്റുന്നു,
ആത്മപീഡയിൽ നിന്ന്
പ്രഭാതഗീതമൊഴുകുന്നു
അവിടുത്തെയല്ല,
“എന്റെ രാജ്യം വരേണമേ…” എന്ന്
തൊഴുകൈകളുയരുന്നു.
കവിക്ക് ശിശിരകാലത്തെയൊന്ന്
തൊട്ടുനോക്കുകയെ
വേണ്ടിയിരുന്നുള്ളു.
അത്രമേൽ ഗന്ധവാഹിനിയായ
ജനലയഴികൾക്കപ്പുറത്തെ
വെളിമ്പുറങ്ങളിലൂടെ
വീട്ടിലെക്കുള്ള വഴിയിലൂടെ
കവിയും കവിതയും
വഴിതെറ്റി നടക്കുന്നു.
ആനന്ദിക്കുമ്പോൾ മുറിവുകളിൽ
കൂടുതൽ രക്തമൊലിക്കുന്ന കവി
കവിതയിൽ തുള്ളിച്ചാടിക്കൊണ്ട്
ആൾക്കൂട്ടത്തിന്റെ നടുവിലലഞ്ഞു
അകാരണമായി ദു:ഖിക്കുന്നു
എവിടെയാണ് നെഞ്ചിലെ
അസ്ത്രവേദനയുമായി പ്രവേശിക്കുക.
തുന്നിക്കൂട്ടിയ ഒരേകാന്തസമാഹാരമായ
ജന്മഗ്രാമത്തിനുള്ളിലെ
പുഷ്പിതാഗൃഹമെന്നു പേരുള്ളൊരു
കാവ്യവീട്ടിലേക്ക് വസന്തത്തെ
കശക്കിയെറിഞ്ഞു കൊണ്ട് കവി
പ്രകാശനം ചെയ്യുന്നു.
മരങ്ങൾ കാണികളായി തലയാട്ടിക്കൊണ്ട്
പിറകെ പോകുമ്പോൾ
അവർ പക്ഷികളെയും ഒക്കത്ത് വെച്ച്
തെക്കേപ്പറമ്പിലെ ചേറുമരത്തെക്കുറിച്ചുള്ള
കവിയുടെ കവിത കേൾക്കുന്നു.
കവിയെ വെയിലേൽക്കാതെ
എല്ലാമരങ്ങളുമവരുടെ തലപ്പുകൊണ്ട്
രണ്ട് ജനാലക്കണ്ണുകളുള്ള കൂട്ടിലടച്ചു.
അടച്ചിട്ട മുറികൾക്കുള്ളിലെ കവി
ജനലയഴികളിൽ
രണ്ട് മസോക്കിസ്റ്റിയൻ കണ്ണുകൾ
തോരാനിട്ട് നനവാർന്ന
ഭൂമിപോലെയുരുണ്ട കണ്ണുകളിൽ
ഖനനം ചെയ്യുന്നു.
ആനന്ദവും ദുഃഖദായകവുമായ
കവിതയുടെ പിറവിക്കൊടുവിൽ
ഒരു ചെറിയ ശിശിരം അനുഭൂതിയോടെ
കടന്നു പോകുന്നു.
കവിയുടെ കണ്ണുകൾ നിറയുന്നു.
ജനലഴിക്കപ്പുറത്ത്
മുല്ലപ്പൂ നിറമുള്ള പുലർച്ചെ
ഒരു രാക്കുയിൽ
അതിന്റെ എല്ലാ അനുഭവങ്ങളുടെ
ആവാഹനത്തിൽ ഒരു പാട്ട് മൂളുന്നു
ഇനി മുളയ്ക്കാത്ത
ചിറകുകളെയോർത്തു ഖേദിക്കുന്നു
രാക്കുയിലിന്റെ
അറുപതിനായിരം ദുഃഖങ്ങളുള്ള
രാഷ്ട്രത്തിലെ
നിഴലിൽ ചവിട്ടി നിന്നുകൊണ്ട്
മസോക്കിസ്റ്റിയൻ കവിതയിൽ
ഒരു കവി കണ്ണീരുപ്പുകുറുക്കുന്നു.
കവികൾ സാഡിസ്റ്റുകളും
മസോക്കിസ്റ്റുകളുമാണെന്ന്
ഒടുവിലത്തെക്കവിത ചൊല്ലിയ പക്ഷി
ജനാലയ്ക്കപ്പുറമിരുന്നു പറഞ്ഞുവയ്ക്കുന്നു.
- കവി- വാല്മീകി
- ഈഡിപ്പസ് – ഈഡിപ്പസിലെ രാജാവ് (സോഫോക്ലിസിന്റെ പ്രസിദ്ധ നാടകം)
- സോഫോക്ലിസ്- ഗ്രീസിലെ ദുരന്തനാടകകൃത്ത്
- മൂന്ന് മന്ത്രവാദിനികൾ- ഷേക്സ്പിയറിന്റെ മാക്ബത്തിലെ മൂന്ന് മന്ത്രവാദിനികൾ