ഗാസ

നിലവിളികൾ വരിഞ്ഞുമുറുക്കിയ
പകലുകൾ ഉറങ്ങുന്ന
മുറിയാണ് ഞാൻ.
ജീവൻ എരിഞ്ഞു തീരുന്ന
രാച്ചിതകളിലെ കനൽ നോവ്
പെയ്തുനിറയുന്നു.
ഉറക്കത്തെ ബലാത്‌കാരം ചെയ്യുന്ന
മുറിവുകൾ തുന്നിയ പായയിൽ,
തെരുവുകളുടെ ഞരക്കങ്ങൾ…
തലങ്ങും വെലങ്ങും പായുന്ന
വേദനയുടെ കഷണങ്ങൾ
മരക്കൊമ്പിലും മലമുകളിലും
തങ്ങിനിൽക്കുന്നു…

തത്സമയ സംപ്രേക്ഷണത്തിന്റെ
ക്യാമറകളിൽ ചിതറിത്തെറിക്കുന്ന
പിടച്ചിലുകൾക്ക് ചോപ്പുനിറം.
ചോരയിൽ നനഞ്ഞ വാർത്തകൾ
തീന്മേശകളിൽ തൊടുകറിയാകവേ,
അത്താഴങ്ങളിൽ നിന്ന്
ചോര തെറിച്ചു വീഴുന്നു.

ഗർഭിണികളുടെ അപേക്ഷകളും
ഭ്രൂണങ്ങളുടെ ഞടുക്കങ്ങളും കൊണ്ട്
ദൈവത്തെ പൂജിക്കുന്നവർ,
തോരാത്ത വെടിവഴിപാടുകൾ നടത്തുന്നു…

ഇരുളിൻ ചുവട്ടിൽ നിന്ന്
ചിതറിവീണ ഒരു കുമ്പിൾ തീയിൽ
ആയിരമായിരം സൂര്യന്മാർ
കത്തിക്കരിയുന്നു…
ആകാശമാകെ എരിഞ്ഞുവീഴവേ ,
ഇറുന്നുപോയ പൂക്കൾ കൊരുത്ത്
കുന്നിൻമുകളിലെ ദൈവങ്ങൾക്ക്
നാം മാല കോർക്കുന്നു.
പൂക്കൾക്ക് കുഞ്ഞുങ്ങളുടെ മണമായിരുന്നു .

നിലവിളികൾ പുകഞ്ഞ്,
മേലാപ്പ് കരിമ്പടമാകുന്നു…
എന്റെ മുറിവുകളിൽ നിന്ന്
കുഞ്ഞുങ്ങളുടെ വിലാപങ്ങൾ
ഇറ്റുവീഴുന്നു.
പഴുത്തുതുടങ്ങിയ മുറിവുകളിൽ
പുഴുക്കളുടെ ആനന്ദോത്സവം..

മുറിഞ്ഞുവീണ തെരുവുകളും
ദിശയടഞ്ഞ വീഥികളും
പുഴുക്കൾ തിന്നു കഴിഞ്ഞിരിക്കുന്നു.
എന്റെ പേരിന്റെ അവസാനത്തെ
തുടിപ്പിലും തുള വീണുപോയി.
അതെ,ഗാസ മരിച്ചിരിക്കുന്നു…

എസ്.പി, ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ, കേരള. പ്രസിദ്ധീകരിച്ച കൃതികൾ : സഖീ ഞാൻ മടങ്ങട്ടെ (കവിതകൾ), നാവു ദഹനം (കവിതകൾ), ഇവിടെയൊരാളുണ്ട് (കവിതകൾ), ജനിക്കാത്തവരുടെ ശ്മശാനം (കഥാസമാഹാരം ), മൈ സ്റ്റോറി - (യു എ ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ആത്മകഥയുടെ മലയാളം പരിഭാഷ).