ക്രിക്കറ്റ് കിറ്റ്

“റിച്ചൂ ഞാനുമുണ്ട്. എന്നേം കൂട്ട്.”

രാഹുൽ നീളൻവരാന്തയുടെ പടികൾ ചാടിയിറങ്ങി. ഊരിപോയ സ്ലിപ്ലർ ചെരുപ്പിന്റെ വള്ളി കേറ്റിയിട്ടുകൊണ്ട് മുറ്റത്തൂടെ നടക്കുമ്പോൾ ചെരുപ്പിന്റെ തേഞ്ഞ ഭാഗത്തിലൂടെ തുളച്ചു കയറിയ കരിങ്കല്ല് കാലിനെ വേദനിപ്പിച്ചു. അതു വകവെയ്ക്കാതെ കാലു വലിച്ചു നടന്നു. പുതിയൊരു ചെരുപ്പ് വാങ്ങിത്തരുന്ന കാര്യം പറയാൻ ഇന്നലെ അപ്പൻ വരുന്ന സമയം വരെ ഉറങ്ങാതിരുന്നതു വെറുതേയായി. മദ്യപിച്ചു നേരം വൈകി വീട്ടിലെത്തിയ രമേശൻ മകന്റെ ചെവി പിടിച്ച് തിരിച്ചു.

“മനുഷ്യനിവിടെ റേഷൻ വാങ്ങാൻ പൈസയില്ല. അന്നേരാ അവന്റെയൊരു ചെരുപ്പ്. വിലാസിനീ ചോറു വിളമ്പ് .”

“നിങ്ങക്ക് കള്ളു കുടിച്ചു കളയാൻ പൈസയുണ്ടല്ലോ. എനിക്കും മക്കക്കും നേരാവണ്ണം തുണി മേടിച്ചു തരാൻ മാത്രം പറ്റില്ല അല്ലേ.”

അതിനു മറുപടിയായി അകത്തു പാത്രം വീണു ചിതറുന്ന ഒച്ച കേട്ടു. ഒപ്പം രമേശന്റെ ആക്രോശവും. രാഹുൽ പേടിച്ച് തന്റെ മുറിയിൽ കയറി കതകടച്ചു. മുനിഞ്ഞു കത്തുന്ന ബൾബിന്റെ വെളിച്ചത്തിൽ പാഠപുസ്തകങ്ങൾക്കിടയിൽ നിന്നുമവനൊരു പുസ്തകം വലിച്ചെടുത്തതിലേക്കു കണ്ണു നട്ടു.

‘ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള !’

മലയാളമദ്ധ്യാപികയായ ശാരദ ടീച്ചറവനു സമ്മാനിച്ചതാണ്. എന്തു സ്നേഹമാണ് ശാരദ ടീച്ചർക്കവനോട് . അവനോടു മാത്രമല്ല, അലോഷ്യസ് സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും സ്വന്തം മക്കളെ പോലെയാണവർ കാണുന്നത്. രാഹുൽ അലോഷ്യസ് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.

‘ശാരദ ടീച്ചറിനോടൊരു ചെരുപ്പ് വാങ്ങി തരാനാവശ്യപ്പെട്ടാലോ?’ അവൻ ചിന്തിച്ചു. ടീച്ചറിറോടു പറഞ്ഞാൽ തീർച്ചയായും വാങ്ങി തരും. പറയാനാണെങ്കിൽ വേറെയുമുണ്ടല്ലോ! രണ്ടു യൂണിഫോമുകളുള്ളതിലൊരെണ്ണം പിഞ്ചികീറിയിരിക്കുന്നു. അതിനാൽ പുറമാരും കാണാതിരിക്കാൻ ഇപ്പോൾ ലാസ്റ്റ് ബെഞ്ചിലാണിരുത്തം. ഇൻസ്ട്രുമെന്റ് ബോക്സില്ലാത്തതിന് കഴിഞ്ഞ ദിവസം കണക്കു ടീച്ചർ എണീപ്പിച്ചുനിർത്തി.

‘മോനേ, നമ്മുടെ കുറവുകളാരോടും പറയരുത്. ആരേം ബുദ്ധിമുട്ടിക്കയുമരുത്.’

അമ്മയുടെ വാക്കുകൾ അവന്റെ കാതിൽ മുഴങ്ങി.

“അവനെ കൂട്ടണ്ടടാ റിച്ചൂ. അവന് പാഡും ബൂട്ടുമില്ല.”

“ഇത് കായികോത്സവത്തിനുള്ള സെലക്ഷനാ. കളിക്കാനറിഞ്ഞിട്ടു മാത്രം കാര്യമില്ല. കിറ്റും വേണം.”

ആരോ പറഞ്ഞതുമവിടെ കൂട്ടചിരി മുഴങ്ങി. അവനു സങ്കടം വന്നു. സ്കൂളിൽ തന്നെ ഏറ്റവും നന്നായി ക്രിക്കറ്റ് കളിക്കുന്നതവനാണ്. ക്രിക്കറ്റ് മാത്രമല്ല, ഫുട്‌ബോളിലും, ബാസ്ക്കറ്റിലും, ഓട്ട മത്സരത്തിലുമൊന്നും അവനെതിരാളികളില്ല. ഒരു മാസം കഴിഞ്ഞാൽ  കലാ-കായികോത്സവമാണ്. പക്ഷേ എന്തിൽ പങ്കെടുക്കണമെങ്കിലും ജഴ്സിയും, ബൂട്ടും വേണം. കഴിഞ്ഞയാഴ്ച അടുത്ത സ്കൂളിലെ കുട്ടികളുമായി അവിടെ വെച്ചൊരു ക്രിക്കറ്റ്മാച്ച് നടന്നിരുന്നു. അവസാന ഓവർ , രണ്ടു പന്തുകൾ മാത്രം ബാക്കി. അലോഷ്യസ് സ്കൂളിനു ജയിക്കാൻ പന്ത്രണ്ടു റൺസ് കൂടി വേണം. ക്രീസിൽ രാഹുൽ നിൽക്കുന്നു. രണ്ടു ബോൾ, പന്ത്രണ്ടു റൺസ്! എല്ലാവരും നിരാശരായി. ജയഹർഷത്തെ വരവേൽക്കുവാൻ പ്രസന്നമായ മുഖത്തോടെ നിൽക്കുന്ന അടുത്ത സ്കൂളിലെ അധ്യാപകർ. അവരുടെ കോച്ചായ ജോൺസൺ മാഷ് തല താഴ്ത്തി. ലാസ്റ്റ് രണ്ടു ബോൾ! നിലത്തു കുത്തി പാഞ്ഞുവന്ന ബോളുകൾക്കു നേരെ രണ്ടു സ്റ്റെപ്പ് കയറി നിന്നവൻ ബാറ്റാഞ്ഞു വീശി. രണ്ടാൾ പൊക്കമുള്ള മതിലിനു മുകളിലൂടെ പന്തടിച്ചു പറത്തി. ഢബിൾ സിക്സ്! അലോഷ്യസ് സ്കൂളിന് ഫൈനലിലേക്ക് സെലക്ഷൻ. ഓടിവന്ന ജോൺസൺ മാഷവനെ അന്തരീക്ഷത്തിലേക്കെടുത്തുയർത്തി.

അവനെയാണിന്ന് ഫൈനൽ പ്രാക്ടീസിന് കൂട്ടില്ലെന്നു പറയുന്നത്. അവനു കരച്ചിൽ വന്നു. ജോൺസൺ മാഷിനെ അവിടെയൊന്നും കാണുന്നില്ല. സ്റ്റാഫ്റൂമിൽ കാണും. ചെന്നു പറഞ്ഞാലോ? അല്ലെങ്കിൽ വേണ്ട. അവന് അമ്മയുടെ വാക്കുകളോർമ്മ വന്നു.

‘മോനേ കഴിവുള്ളവരെ തേടി അവസരങ്ങളിങ്ങോട്ടെത്തും. നമ്മൾ ക്ഷമയോടെ കാത്തിരിക്കണം.’

വരാന്തയിലൂടെ മുഖവും താഴ്ത്തി ക്ലാസ്സ് റൂമിലേക്ക് നടന്ന അവനെ ആരോ പിടിച്ചുനിർത്തി. തലയുയർത്തി നോക്കിയപ്പോൾ മുൻപിൽ ശാരദ ടീച്ചറുടെ വാത്സല്യം തുളുമ്പുന്ന മുഖം.

“ന്തു പറ്റി? മൂഖത്തൊരു മ്ലാനത.”

ടീച്ചർ ചെറുചിരിയോടെ അവന്റെ താടിയിൽ പിടിച്ചു.

“ങ്ങു കൂ..”

അവൻ ചുമൽകോച്ചി.

“അല്ലല്ല. എന്തോ ഉണ്ട്. പറ… ടീച്ചറോട് പറ. ടീച്ചർ പറഞ്ഞിട്ടില്ലേ എല്ലാം തുറന്നു പറയണമെന്ന്.”

ടീച്ചറെ അവനിഷ്ടമാണ്. അവന് കരച്ചിൽ വന്നു. അവൻ കരഞ്ഞു. അവന്റെ തോളിൽ കൈയിട്ട് ടീച്ചറവനെ സ്റ്റാഫ്‌ റൂമിന്റെ അടുത്തുള്ള സ്കൂൾ ലൈബ്രറിയിലേക്ക് കൂട്ടികൊണ്ടുപോയി. പുസ്തകങ്ങളുടെ വർണ്ണപ്രപഞ്ചം. പല നിറങ്ങളിൽ, പല വലിപ്പങ്ങളിൽ ഒരു മുറിയുടെ വിവിധ ഭാഗങ്ങളിലെ തടിയലമാരയിലിരുന്ന് പുസ്തകങ്ങൾ അവനെനോക്കി പുഞ്ചിരിച്ചു. കാര്യങ്ങൾ അറിഞ്ഞ ടീച്ചറവനെ സമാധാനിപ്പിച്ചു. വൈകുന്നേരം സ്കൂൾ വിട്ടപ്പോൾ സ്കൂളിനടുത്തുള്ള സൂപ്പർ മാർക്കറ്റിൽ നിന്നുമൊരു ക്രിക്കറ്റ്കിറ്റ് വാങ്ങി കൊടുത്തു. പിന്നെ റെഡിമേഡ്സിൽ പോയി ഒരു ജോഡി യൂണിഫോമും.

“ഇപ്പോ സന്തോഷമായോ “

ടീച്ചറവനെ ചേർത്തുപിടിച്ചു. മുഖത്തെ കാർമേഘം എങ്ങോ പോയിമറഞ്ഞു. സൂര്യനുദിച്ചു. ചിരിച്ചുകൊണ്ടവൻ ഗ്രൗണ്ടിലേക്കോടി. അവിടെ കൂട്ടുകാർ പ്രാക്ടീസ് ചെയ്യുന്നുണ്ട്. അവരവനെ കൂടെകൂട്ടി. പിഞ്ചുമനസ്സിൽ കള്ളമില്ല.

ദിവസങ്ങൾ കൊഴിഞ്ഞുപോയി. നാളെയാണ് ഫൈനൽ മത്സരം. അവസാനവട്ട പ്രാക്ടീസുമായി കൂട്ടുകാർക്കൊപ്പം ഗ്രൗണ്ടിൽ നിൽക്കുമ്പോൾ സ്കൂൾ ഗേറ്റിനടുത്തൊരു ബഹളം കേട്ടു. കുട്ടികളുടെയടുത്ത് നിന്നും ജോൺസൺ മാഷും ശാരദ ടീച്ചറുമൊക്കെ അങ്ങോട്ട് ഓടിപോവുന്ന കണ്ടു. ആകാംഷയോടെ കുട്ടികളും അങ്ങോട്ടോടി. അവനെത്തി നോക്കി. അവിടെ കമഴ്ന്നു വീണുകിടക്കുന്ന ഒരു മനുഷ്യൻ.

”കള്ളു കുടിച്ച് ബോധമില്ലാതെ റോഡീ കേറി നിന്നതാ… വണ്ടി തട്ടീട്ട് പോയി”

‘ഇവനൊക്കെ ചാവുക തന്നെ വേണം. കുറച്ചു മുൻപ് ഷാപ്പിന്റെ മുന്നീന്ന് പൊലയാട്ട് നടത്തുന്ന കേട്ടാരുന്നു. “

ആരോ കാലുകൊണ്ടയാളെ തട്ടിമറിച്ചിട്ടു. അയാളൊന്നു ഞരങ്ങി. നേർത്തു പെയ്ത മഴയിൽ അവനുമാ മുഖം കണ്ടു. കൂട്ടുകാരുടെ കൂട്ടചിരികൾക്കിടയിലൂടെ മഴ നനഞ്ഞവൻ വീട്ടിലേക്ക് നടന്നു. അനാഥമായ ക്രിക്കറ്റ്കിറ്റ് ഗ്രൗണ്ടിൽ  നനഞ്ഞുകിടന്നു